
Tuesday, April 13, 2010
കളങ്ങള്‍

Tuesday, February 16, 2010
ഒട്ടുചെടി

മീനമാസത്തിലെ കത്തുന്ന ചൂടിൽ മേലാകെ വിയർത്തു നനഞ്ഞു. ഘാനായിലെ വരണ്ടു കത്തുന്ന വേനൽക്കും ഇത്ര വിയർക്കാറില്ല, സാറോർത്തു.
“ഇതാ വരുന്നു.” അകത്തുനിന്നു റ്റീച്ചർ ഒരു ഗ്ളാസ് വെള്ളവുമായി പുറത്തെക്കു വന്നു.
“എന്താ ചൂട്” ജേക്കബ്സാർ ആരൊടെന്നിലാതെ പറഞ്ഞു.
“ഇത്രനേരം കാണാതായപ്പം ഞാൻ കരുതി ടൗണിൽ വഴി തെറ്റികാണൂന്ന്”.
“ഈ ടൗണിലോ?” സാർ പുഞ്ചിരിയോടെ റ്റീച്ചറുടെ നേരെ നോക്കി. “ഈ അങ്ങാടി ജങ്ക്ഷനിലും ബസ്സ് സ്റ്റാൻഡിലുമൊക്കെ പഠിക്കുന്ന കാലത്ത് ഞാൻ എത്ര കറങ്ങിയതാണെന്നറിയാമൊ?”
“എന്നാലും സ്ഥലങ്ങളൊക്കെ ആകെ മാറിപ്പോയി. എയർപോർട്ടീന്ന് വരുമ്പോ എനിക്കൊരു പിടീം കിട്ടീല. വീടെത്തിപ്പഴാ അറിയണേ”
“അതിപ്പൊ വർഷമെത്രയായി റ്റീച്ചറ് വന്നിട്ട്” സാറ് ദൂരെക്ക് കണ്ണുനാട്ടി പറഞ്ഞു.
“ശരി പോയ കാര്യം എന്തായി?”
“സ്ഥലത്തിന്റെ കാര്യത്തിനു ഇനിയും കുറെ നടപ്പു നടക്കണ്ട വരൂന്നാ തോന്നണെ .. സർക്കാര് കാര്യല്ലെ”.
“ഞാൻ എത്രാന്നുവച്ച പറയണെ അതങ്ങ്ട് വിറ്റുകളയാൻ... അതെങ്ങനാ, പറഞ്ഞാ കേക്കണ്ടെ” റ്റീച്ചർ പരിഭവം പറഞ്ഞു.
“അങ്ങനങ്ങ് വിറ്റുകളയാൻ പറ്റൊ.. എത്ര കാലങ്ങളായ് കയ്യിലുള്ള ഭൂമിയാ? അതിന്റെ ഒക്കെ ചുറ്റുവട്ടത്തു കിടക്കാനല്ലെ ഇപ്പൊ ഇങ്ങൊട്ടു പോന്നതു തന്നെ റ്റീച്ചറെ .. നമ്മുടെ കാലശേഷം അവൻ എന്താന്ന്‌ച്ചാ ചെയ്തോട്ടെ“.
”അവൻ ഇവിടെ വന്ന് ഇതൊക്കെ നോക്കൂന്ന് തോന്നുണൂണ്ടോ?. ഇപ്പൊ തന്നെ കൊല്ലത്തിലൊരിക്കലെങ്കിലും ഒന്നു വന്നാ മതി. നമുടെ ശേഷം അവൻ ഇങ്ങൊട്ടു വരുന്നു എനിക്ക് വിശ്വാസല്ല്യ“ റ്റീച്ചർ പറഞ്ഞു നിർത്തി.
”എന്നാലും സ്വന്തഭൂമിന്നൊന്നില്ലേ റ്റീച്ചറെ?“
”അതൊക്കെ നമുക്കല്ലെ. അല്ലാ..പരിചയമുള്ള സ്ഥലത്തു കിടക്കണ സുഖമൊന്നു വേറേയാണെന്നു പറഞ്ഞു വന്നിട്ടിപ്പോ?“
റ്റീച്ചറിന്റെ വാക്കിൽ പരിഭവം. മൂന്നു മാസങ്ങൾക്കു മുൻപു വന്നതിൽ പിന്നെ, ഓരോരോ കാര്യങ്ങൾക്കു സാറ് പുറത്തേക്കു പോയാൽ പിന്നെ റ്റീച്ചർ തനിച്ചാണ്. ഒന്നു മിണ്ടാൻ ആരുമില്ലാത്ത അവസ്ഥ.
വർഷങ്ങൾ കൊണ്ടാണ് ജേക്കബ് സാറ് തിരിച്ചുവരാനുള്ള തീരുമാനമെടുത്തത്. റ്റീച്ചറിനെ സമ്മതിപ്പിക്കാൻ അതിലേറേ പാടുപെട്ടു. മോനെ വിട്ടുപോരാനുള്ള മടി. *ആക്രായിലായിരുന്നെങ്കിൽ അവൻ വല്ലപ്പോഴുമൊന്ന് ഓടിയെത്തി കണ്ടെനെ. ഈ ഏകാന്തതയാണ് റ്റീച്ചറിനെ മടുപ്പിക്കുന്നത്.
ഈസ്റ്റ് ലെയ്ക്കോണിലെ പൊക്കം കുറഞ്ഞ കല്മതിലുകളുള്ള ചെറിയ വീട്ടിൽ സന്ദർശകര്ർക്കു മാത്രം കുറവില്ലായിരുന്നു.
രാവിലെ ഭംഗിയുള്ള യൂണിഫൊർമുമിട്ട് കൂട്ടം കൂടി കലപില മിണ്ടി പോകുന്ന കാപ്പിരി കുട്ടികൾ ഗേറ്റിൽ എത്തുമ്പോൾ വിളിച്ചു കൂവും.. “ഗുഡ് മോർണിംഗ് സാർ.. ഗൂഡ് മോർണിംഗ് മിസ്സ്”. പിന്നെ ഒറ്റയും തെറ്റയുമായി ഓരോരോ കാര്യത്തിനു വന്നെത്തുന്ന നാട്ടുകാർ. മിക്കവരും സാറിന്റെയോ റ്റീച്ചറിന്റെയോ ശിഷ്യഗണങ്ങൾ.
ഇവിടെയിപ്പൊ വന്നിട്ട് മൂന്നു മാസമായി. ഒരിക്കൽ റ്റീച്ചറിന്റെ ചേച്ചിയും മോനും വന്നതും, പിന്നെ ഒന്നൊ രണ്ടൊ വട്ടം വടക്കു ഭാഗത്തെ അയൽവക്കക്കാർ വന്നതുമൊഴിച്ചൽ മിക്കവാറും റ്റീച്ചറും സാറും മാത്രം.
പതതു മുപ്പത്തഞ്ചു വർഷങ്ങൾക്കുശേഷം ഒരു പരിചയമില്ലാത്ത സ്ഥലത്തെക്കു പറിച്ചു നട്ട പോലെയായി സാറിന്.
എത്ര മാറിപ്പൊയി! പടിഞ്ഞാറു വശ്ശത്തു പരന്നു കിടന്നിരുന്ന പടം മുഴുവൻ നിരത്തി റബ്ബറാക്കി. തെക്കു ഭാഗത്താകട്ടെ കാണാൻ കൌതുകമുണ്ടായിരുന്ന മഞ്ഞ പൂക്കളുടെ വേലിക്കു പകരം മുകളിൽ മുള്ളു കംബികൾ നാട്ടിയ കൂറ്റൻ മതിൽ. മതിലിനപ്പുറത്തെ വീട്ടിൽ പട്ടണത്തിലെ എൻജിനീയറാണ്. ഒരിക്കൽ രാവിലെ പള്ളിയിൽ നിന്നും മടങ്ങുമ്പോൾ കാറിൽ പോകുന്ന കണ്ടു. പതുക്കെ സൌഹ്രുദ ഭാവത്തിൽ തല ചെരിച്ചൊന്നു ചിരിച്ചു. അറിയാമെന്ന മട്ടിൽ.
ജേക്കബ് സാറിന്റെ പഴയ കൂട്ടുകാർ പലരും ഇന്നില്ല. അവശേഷിച്ചവരിൽ പലരും സാറിനെപ്പോലെ തന്നെ ലോകത്തിന്റെ പല കോണിലും ആയിപ്പൊയി. വർഷങ്ങൾക്കുശേഷം തിരിച്ചുവരാൻ തീരുമാനിക്കുമ്പോൾ ഇത്രയുമൊരൊറ്റപ്പെടൽ സാറ് പ്രതീക്ഷിച്ചില്ല.
ഏകദേശം മുപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപാണ്, ഒരു ചെറിയ ജോലിയുമായി ജീവിതം ഉന്തിനീക്കുമ്പോൾ , കടലു കടന്നു പോകാൻ ഒരവസരം ഒത്തു വന്നത്. ആഫ്രിക്കയുമായുണ്ടായിരുന്ന ആകെ പരിചയം ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ച പൊറ്റെകാടിന്റെ പുസ്തകമായിരുന്നു. എങ്കിലും മുന്നും പിന്നും ആലോചിച്ചില്ല. കൂടെ പോന്ന പെൺകുട്ടിക്കു ഒരു നല്ല ജീവിതം കൊടുക്കണം എന്ന വാശിയായിരുന്നു, ലോകത്തിന്റെ ഏതു കോണിലായാലും!
ചെന്നെത്തി അഞ്ചാറു വർഷങ്ങൾ പിടിച്ചു നില്ക്കാനുള്ള തത്രപ്പാടായിരുന്നു. പരിചയമില്ലാത്ത ആളുകൾ, പരിചയമില്ലാത്ത ഭാഷ.
അദ്യതവണ സാറും കുടുംബവും അവധിക്ക് വരുമ്പോഴേക്കും, നാട് സാറിനെ കൂടാതെ ഏറെ മാറിപ്പോയിരുന്നു.കൂട്ടുകാരിൽ പലരും പല നാടുകളിലേക്ക് ചേക്കേറി. സാറിന്റെ ഓർമയിലുണ്ടായിരുന്ന കുട്ടികൾ പലരും ചുണ്ടുകൾ മേലെ പൊടിമീശയും വച്ചു യുവാക്കളായി കവലകൾ ഏറ്റെടുത്തു. ഓർമയിലുണ്ടായിരുന്ന യുവാക്കൾ ആകട്ടെ, തലമുടിയിലും, മേൽമീശയിലും അല്പാല്പമായി വെള്ളിഴകൾ വന്നു, വീടുകളിലേക്ക് ഒതുങ്ങികൂടി. വ്രുദ്ധന്മാരെ പലരേയും കണ്ടതുമില്ല. കവലയിൽ ചെന്ന് ഒരപരിചിതനെപ്പൊലെ സാറ് അടുത്തുകണ്ട കുട്ടിയോട് ബസിന്റെ സമയം ചോദിച്ചു.
പിന്നെ ഓരോ മൂന്നു നാലു വർഷങ്ങൾക്കു ശേഷമുള്ള വരവുകൾക്കും ഇടയിൽ അകലം കൂടി കൂടി വന്നതേയുള്ളു. എങ്കിലും കാപ്പിരികളുടെ നാട്ടിൽ, വൈകുന്നേരങ്ങളിൽ, റ്റേപ് റെക്കോർഡറിലൂടെ യേശുദാസും, ജയചന്ദ്രനും പാടുംബ്ബോൾ സാറിന്റെ കണ്ണുക്കൾ സജലങ്ങളാകും.
മോന് ജോലിയായി, റിട്ടയറായതിനുശേഷമാണ് സാറ് വീണ്ടും തിരിച്ചുപോരുന്നതിനേപറ്റി ആലോചിച്ചു തുടങ്ങിയത്. പരിചയമുള്ളവരുടെ കൂടത്തിൽ ആത്മാവെങ്കിലും അന്ത്യവിശ്രമം കൊള്ളണമെന്ന ഒരാഗ്രഹം! തന്റെ കാലശേഷം എലെക്റ്റ്രിക്ക് സെമിത്തേരിക്കു പകരം, തലക്കു മീതെ ഒരു കുരിശു വേണമെന്നും, വല്ലപ്പൊഴുമൊരിക്കലെങ്കിലും, ആരെങ്കിലും വന്നു് കുഴിക്കൽ ഒരു ഒപ്പീസു* ചൊല്ലണമെന്നുള്ള ഒരു ചിന്ത! എന്നിട്ടിപ്പൊ, വന്ന് മൂന്നു മാസങ്ങൾക്കുശേഷം, മനസ്സിന് ഒരാശങ്ക. വർഷങ്ങൾക്കു മുൻപ് ആദ്യമായി ആഫ്രിക്കൻ മണ്ണിൽ കാലു കുത്തിയ പോലത്തെ ഒരമ്പരപ്പ്.
“എന്താ ഇത്ര ആലോചന?” റ്റീച്ചറിന്റെ ചോദ്യം.
സാറ് റ്റീച്ചറിന്റെ മുഖത്തേക്ക് നോക്കി.
“റ്റീച്ചറെ, ഞാൻ ഓര്ർക്കുകയായിരുന്നു.. റ്റീച്ചർ പറഞ്ഞതാ ശരി”.
“ഊം?” റ്റീച്ചർ ചോദ്യഭാവത്തിൽ നിന്നു.
“റ്റീച്ചർ പറയാറില്ലെ ...ഒട്ടുചെടിയുടെ സ്ഥാനം ഒട്ടിച്ചിടത്താണ്‌്. വെട്ടി മാറ്റിയിടത്തല്ല”.
“ഓ.. അതോ? സാറിന് അത് ഇപ്പൊഴാണോ മനസ്സിലാകുന്നത്?” റ്റീച്ചർ വെള്ളത്തിന്റെ ഗ്ലാസ് ഒരു മന്ദഹാസത്തോടെ സാറിന്റെ കയ്യിൽ നിന്നും വാങ്ങി അകത്തേക്ക് കയറിപ്പൊയി.
റ്റീച്ചറിന്റെ മന്ദഹാസത്തിൽ, സാറ്, പല പതിറ്റാണ്ടുകൾക്കും പല വൻകരകൾക്കും മുൻപ് , ഒരു മഴ പെയ്യുന്ന സന്ധ്യയിൽ, വീട്ടുകാരെ ഉപേക്ഷിച്ച്, തന്റെ നാട്ടിലേക്കുള്ള ബസ് കാത്ത് ഒരു വേവലാതിയോടെ തന്നൊട് ഒട്ടിചേര്ർന്നു നിന്നിരുന്ന മാന്തളിരു പോലെയുള്ള ഒരു പെൺകുട്ടിയെ ഓർത്തുപോയി!
-----
*ആക്ര - ഘാനായുടെ തലസ്ഥാനം
Wednesday, October 7, 2009
ഏറ്റങ്ങൾ

"പെട്ടിയെല്ലാം ഇവിടെ വച്ചോളൂ. ഇതാണ് മുറി".
അവതാറിന്റെ അമ്മ അടുക്കളയൊടു ചേർന്നുള്ള വാതിൽ തുറന്നു കൊടുത്തുകൊണ്ടു പറഞ്ഞു."വല്ലതും പാകം ചെയ്യണേ ഇതാ അടുക്കള. ഞങ്ങൾക്ക് അടുക്കള ഉപയോഗം കുറവാ. മിക്കവാറും അവതാറ് ജോലി കഴിഞ്ഞു വരുമ്പം കഴിക്കാനുള്ളത് കൊണ്ടുവരും"
ഒന്നു രണ്ടു ദിവസങ്ങൾക്കുശേഷമാണ് സുധാകരൻ വീട്ടുടമസ്ഥ അവതാർ കൗറിനെ കാണുന്നത്. അവതാറിന് എന്നും രാത്രി ജോലിയാണ്, അതുകൊണ്ട് പകൽ മുഴുവനും ഉറക്കവും. വീണ്ടും ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് അവരുടെ ഭർത്താവിനെ പറ്റി സുധാകരൻ അറിയുന്നത്.
നാട്ടിൽ നിന്നും വിട്ട് ഒരു പുതിയ സ്ഥലത്ത്, അതും ഒരു പുതിയ രാജ്യത്ത് ആദ്യമായാണ്. വന്നിറങ്ങിയ അന്ന് വൈകിട്ട്, കട്ടിലിലിരുന്നു,തൊണ്ടയോളം തികട്ടിയെത്തുന്ന കരച്ചിലിനെ നിയന്ത്രിക്കാൻ പാടു പെടുകയായിരുന്നു അയാൾ. മനസ്സു ദൂരെക്ക് ദൂരെക്ക് അലഞ്ഞുകൊണ്ടിരുന്നു. നാട്ടിൽ വായനശാലയോട് ചേർന്നുള്ള മുറിയിൽ ഇപ്പൊ കളികൾ തകർക്കുകയായിരിക്കും. ചീട്ടുകളി, കാരംസ്, ചെസ്സ്. തൊട്ടു ചേർന്നുള്ള മൈതാനത്ത് ക്രിക്കറ്റും പന്തുകളിയും നടക്കുന്നുണ്ടാകും. ആരായിരിക്കും തന്റെ പകരക്കാരൻ?
ഇടവഴിയിൽ വഴിവിളക്കുകളും കത്തിതുടങ്ങികാണും. അച്ചനും അമ്മയും എന്തുചെയ്യുകയായിരിക്കും വീട്ടിൽ? അച്ചൻ ഉമ്മറത്തിരുന്നു ഇരുട്ടിലേക്ക് ഇടക്കിടെ നോക്കുന്നുണ്ടാവും. വൈകിട്ട് കളിയെല്ലാം കഴിഞ്ഞ് പാടവരമ്പത്ത് തലവെട്ടം കണ്ടാലേ ടോർച്ചുമായി പുറത്തേക്കുപോകാനെന്ന മട്ടിൽ മുറ്റത്തേക്കിറങ്ങിനിൽക്കും. ഇപ്പൊഴും സുധാകരൻ കൊച്ചുകുട്ടിയാണെന്നാണ് അച്ചന്റെ വിചാരം.
"ഇരുട്ടു വീണ കണ്ടൂടെ മോനേ നിനക്ക്" അമ്മ ചോദിക്കും. അച്ചൻ ഒന്നും മിണ്ടാതെ നിൽക്കുകയെയുള്ളൂ. പറയാത്ത വാക്കുകളിലെ കുറ്റപെടുത്തലും വാങ്ങി സുധാകരൻ തല കുനിച്ച് അകത്തെക്കു കയറും.
"എങ്ങനെയുണ്ട് മോനേ?" അച്ചൻ ചോദിച്ചു. അച്ചൻ സാധാരണ മോനെ എന്നു വിളിക്കാറില്ല. സുധാകരാ എന്നു തികച്ചു തന്നെയാണ് വിളിക്കാറ്.
"ഇപ്പൊ വന്നതല്ലെയുള്ളൂ അച്ചാ. രണ്ടു ദിവസം കഴിഞ്ഞു ജോലിക്ക് കയറാം എന്നാണ് കൊണ്ടു വന്ന കമ്പനിക്കാർ പറഞ്ഞത്. തൽക്കാലം ഒരു ഇന്ത്യൻ വീട്ടുകാരുടെ കൂടെ പേയിംഗ് ഗെസ്റ്റായി താമസം ആക്കിയിരിക്കുകയാണ്; നാലഞ്ചുമാസത്തേക്ക്. പിന്നെ കൂടെ ജോലിയിലുള്ള ആരുടെയെങ്കിലും കൂടെ നോക്കാം എന്നാണ് പറഞ്ഞു വച്ചിരിക്കുന്നത്"
"ഉം." അച്ചൻ ഒന്നു മൂളി. "എല്ല കാര്യത്തിനും വിശദമായി എഴുത്തയച്ചാൽ മതി. ഇങ്ങോട്ട് വിളിച്ചു ഇവർക്ക് ബുദ്തിമുട്ടാക്കെണ്ട"
"ഞങ്ങൾക്കൊരു ബുദ്തിമുട്ടൂല്ല കുട്ടിയേ.മോനെപ്പം വേണേ വിളീച്ചൊ." അകത്തുനിന്നു ഭവാനിയമ്മ വിളിച്ചു പറയുന്നത് നേർത്തു കേൾക്കാം.
ചാരിയിട്ട വാതിലിന് വെളിയിൽ ഒരു ആൾപെരുമാറ്റം. വീട്ടിലെ കുട്ടി വാതിലിന്റെ വിടവിലൂടെ എത്തിനോക്കുന്നു.
"പാഞ്ചിയോ"?"പരംജീത് സിംഗ്. ഗ്രാന്മാ വിളിക്കുന്നതാ പാഞ്ചീന്ന്"
"എനിക്കീ മുറിയിൽ വരാമോ?" പാഞ്ചി ചോദിച്ചു.
"ഗ്രാന്മ പറഞ്ഞു.. പെർമിഷൻ മേടിച്ചിട്ടേ ഇവിടെ വരാവൂന്ന്". മുറിയിലാകമാനം ഒന്നു കണ്ണോടിച്ചുകൊണ്ട് പാഞ്ചി പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു സുധാകരൻ ജോലിക്ക് കയറി. വൈകിട്ട് ജോലി കഴിഞ്ഞ് ബസ് പിടീച്ച് തിരിച്ചെത്തിയപ്പൊൾ പാഞ്ചി സ്വീകരണമുറിയിലിരുന്നു് ഹോംവർക്കിലാണ്.
സുധാകരൻ ഡ്രെസ്സെല്ലാം മാറി, ഒരു കാപ്പി കുടിച്ചപ്പൊഴേക്കും പാഞ്ചി മുറിയിലേക്കെത്തി.
"പാഞ്ചീ .. അങ്കിളിനെ ശല്യപ്പെടുത്താതെ". പുറത്തുനിന്നും അവതാറിന്റെ അമ്മ വിളീച്ചു പറഞ്ഞു.
"സാരമില്ല ആന്റീ .. അവൻ എപ്പൊ വേണെലും വന്നോട്ടെ. എനിക്കു കുഴപ്പമില്ല". സുധാകരൻ പറഞ്ഞു.
പിന്നെ അതൊരു പതിവായി. ജോലി കഴിഞ്ഞു വരുമ്പോഴേക്കും പാഞ്ചി മുറിയിൽ ഹാജരായിരിക്കും. ശനിയും ഞായറും സുധാകരന്റെ റൂമിലായിരിക്കും മിക്കവാറും പാഞ്ചി.
ഇടക്ക് ഒന്നു രണ്ടു തവണ കണ്ടപ്പോൾ അവതാർ ക്ഷമാപണ രൂപത്തിൽ പറഞ്ഞു, കുട്ടിയുടെ ശല്യം കൂടുതലാണേ പറയണെ എന്നു. സുധാകരൻ ചിരിച്ചു കൊണ്ടു തലയാട്ടി. അവതാറിനെ കൊത്തി വച്ച രൂപമായിരുന്നു, പാഞ്ചിക്ക്. അതെ ചിരി. അതെ നുണക്കുഴികൾ. അതെ നിറം.
"അങ്കിൾ എത്ര നാളായി പറയുന്നു. നടയിറങ്ങി താഴെ കൊണ്ടുപോവാന്ന്. ഇന്നു പോവാം". ഒരു വൈകിട്ട് ജോലി കഴിഞ്ഞു വന്നുകയറിയപ്പൊ പാഞ്ചി ചോദിച്ചു.
സംഗതി ശരിയായിരുന്നു. കുറച്ചു നാളായി പാഞ്ചി പറയുന്നു. ലിഫ്റ്റിൽ പോകുന്നതിനുപകരം നടകളിറങ്ങി താഴെവരെ പോണമെന്നു. ഒരിക്കൽ കൊണ്ടുപൊവ്വാമെന്നു സമ്മതിക്കുകയും ചെയ്തതാണ്.
ഏതായാലും താഴെ വരെ ഒന്നു പോണം.വീട്ടിൽ നിന്നും കത്തു വന്നിട്ടുണ്ടൊ എന്നു നോക്കണം. കഴിഞ്ഞ കത്തിൽ അച്ചന് നല്ല സുഖമില്ല എന്നു എഴുതിയിരുന്നു. സ്ഥിരം പ്രശ്നങ്ങൾ തന്നെ. വാതത്തിന്റെ അസുഖമുണ്ട്.വലിവും ഇച്ചിരെ കൂടുതലായിരുന്നത്രെ. അച്ചൻ ബുദ്തിമുട്ടി ശ്വാസം വലിക്കുന്നത് പലപ്പോഴും കണ്ടു നിൽക്കേണ്ടി വന്നിട്ടുണ്ട്. എഴുത്തിന് താഴെ പതിവില്ലാത്ത തരത്തിൽ അച്ചന്റെ ഒന്നു രണ്ടു വരികൾ.
"ആരോഗ്യം നോക്കണേ മോനേ. താഴ്ത്തുങ്ങൾക്ക് നീ മാത്രമുള്ളൂന്ന് ഓർമ വേണം."
ഇങ്ങോട്ടു പോരാൻ വിമാനത്താവളത്തിൽ വന്നപ്പൊൾ കണ്ണാടി മറക്കപ്പുറത്തുനിന്നു കൈ വീശി, അച്ചൻ പറയാതെ അടക്കിപിടിച്ച വാക്കുകളായിരുന്നു ഇവ എന്നു തോന്നി സുധാകരന്. അച്ചൻ എന്നും വാക്കുകൾ കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ. പറയാത്ത വാക്കുകളിലൂടെയായിരുന്നു എന്നും സുധാകരൻ അച്ചനെ മനസ്സിലാക്കിയിട്ടുള്ളത്. ഇപ്പൊ ദൂരത്ത് നിൽക്കുമ്പോൾ അച്ചന്റെ വാൽസല്യത്തിന്റെ മറ അൽപം ഒന്നു നീങ്ങുന്നത് കാണായി സുധാകരന്.
നാട്ടിലേക്ക് ഒന്നു വിളിച്ചു നോക്കിയാലോ? വേണ്ട.. എഴുത്ത് വന്നിട്ടില്ലെങ്കിൽ പോയി വിളിക്കാം. കുഴപ്പമൊന്നുമില്ലെങ്കിൽ പിന്നെ ആവശ്യമില്ലാതെ അയൽവക്കത്തേക്ക് വിളിച്ചതിന് അച്ചൻ എന്തെങ്കിലും പറയും.
"അങ്കിൾ ഇന്നു പോവാം.." പാഞ്ചിയുടെ ചോദ്യം പിന്നെയും.
"എനിക്കു എല്ലാ നിലയിലും പോയി കാണണം. ലിഫ്റ്റിൽ പോയാൽ അതു പറ്റുമോ?"
എല്ലാ നിലകളും ഒരു പോലെയാണ് എന്നു പറയണം എന്നു തോന്നി. ഫ്ലാറ്റിന്റെ പ്രത്യേകത തന്നെ അതാണ്. ഒരേ പോലേ സ്വീകരണമുറി. ഒരു പോലത്തെ അടുക്കള. ഒരു പോലേ ഉള്ളിലൊളിപ്പിച്ച സ്വകാര്യദുഃഖങ്ങളും.
"പാഞ്ചി വീഴും നടയിറങ്ങി പോയാൽ". സുധാകരൻ വീണ്ടും പറഞ്ഞു നോക്കി.
"അതിന് അങ്കിൾ എന്റെ കൈ പിടിച്ചാൽ മതി."
നാലഞ്ചു നിലകളിറങ്ങി കഴിഞ്ഞപ്പോഴേക്കും പാഞ്ചി ക്ഷീണിച്ചു ഇരിപ്പായി. ഒരു ചെറുചിരിയോടെ പാഞ്ചി കയ്യുയർത്തി. സുധാകരൻ കുട്ടിയെ എടുത്ത് തോളത്തേക്കിട്ടു. അച്ചനമ്മമാരുടെ പിണക്കങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾക്ക് നഷ്ടമാവുന്ന സുരക്ഷകൾ. സുധാകരൻ മനസ്സിലോർത്തു.
"അങ്കിൾ നമുക്ക് നട കയറി പോവാം. ഇങ്ങോട്ടിറങ്ങിയത് നല്ല രസമായിരുന്നു".
"പാഞ്ചിക്ക് ക്ഷീണമല്ലേ. നമുക്ക് ലിഫ്റ്റിൽ പോവാം."
"എനിക്ക് കുഴപ്പമില്ല. ക്ഷീണം വരുമ്പോ അങ്കിൾ എന്നെ എടുത്താ മതി". വളരെ എളുപ്പത്തിൽ പാഞ്ചി പ്രശ്നം പരിഹരിച്ചു.
മേലേക്കുള്ള നടകളിൽ നേരിയ ഇരുളു പരക്കുന്നു. സുധാകരൻ പാടവരമ്പത്ത് വേഗത്തിൽ നടക്കുന്ന കുട്ടിയായി. കയറിചെല്ലുമ്പോൾ ടോർച്ചുമായി ആരെങ്കിലും കാത്തുനിൽക്കുമെന്ന് അയാൾ വെറുതെ ആശിച്ചു!
Monday, September 14, 2009
മടിവാളയിലെ ചില പകലുകൾ
മാർക്കെറ്റിൽ നിന്നും വരുന്ന ബി. ടി. എസ്. ബസിന്റെ അവസാന സ്റ്റൊപ്പിൽ ഇറങ്ങി, വലതു വശത്തുള്ള കൊച്ചു കടകൾക്കിടയിലൂടെ ഒരിടവഴിയുണ്ട്. അതിലൂടെ പഴയ തമിഴ് പടങ്ങൾ കളിക്കുന്ന പൊട്ടിപൊളിഞ്ഞ ടാക്കീസും കടന്ന്, തുറസ്സായ ചതുപ്പു നിലങ്ങളും കടന്ന്, കയറിചെല്ലുന്നിടത്താണ് താമസസ്ഥലം. ആ പരിസരത്തെ സാമാന്യം വലിപ്പമുള്ള ഒരു കൊച്ചു വാർക്കവീടിന്റെ മേലേ തകരം മേഞ്ഞ രണ്ടു ഒറ്റ മുറികളിലൊന്നാണ് ജോണി വാടകക്കെടുത്തിരിക്കുന്നത്. പച്ച ചായം തേച്ച വീടിന്റെ താഴെ വീട്ടുടമസ്ഥനും കുട്ടികളും, വയസ്സായ അമ്മയും. പഠിപ്പെല്ലാം കഴിഞ്ഞ് ജോലി അന്വേഷണമാണ് ഇപ്പോഴ്ത്തെ സ്ഥിരജോലിയെന്നുള്ളതുകൊണ്ട് ജോണിയുടെ വലിയ സൗമനസ്യം മുതലാക്കിയാണ് ഞാനും കൂടെ കൂട്‌ഇയിരിക്കുന്നത്.
ജോണി രാവിലേ വർക്ക്ഷാപ്പിൽ പോയിക്കഴിഞ്ഞാൽ, വിശദമായി പത്രം അരിച്ചു പെറുക്കലാണ് ആദ്യത്തെ പണി. പിന്നെ ബയോഡാറ്റായുമായി പട്ടണത്തിലേക്ക്. മൂന്നോ നാലോ ഇടങ്ങളിൽ കയറിയിറങ്ങി ഉച്ചയുറക്കത്തിന്റെ നേരത്തെക്ക് മടങ്ങിയെത്തുക. ഇതായിരുന്നു മടിവാളയിലെ സ്ഥിരം ദിനചര്യ. രണ്ടാൾക്ക് കഷ്ടിച്ചു മരുങ്ങു തിരിയാൻ മാത്രം നീളമുള്ള മുറിയിൽ തന്നെ കിടപ്പും, ചോറു വയ്പും, ഭക്ഷണം കഴിപ്പും, മൂലയിൽ തന്നെ കുളിയും എല്ലാം കഴിയും എന്നുള്ളതിൂകൊണ്ട് മുറിക്കകത്തെക്കു കയറിയാൽ പിന്നെ പുറത്തിറങ്ങേണ്ട കാര്യമേയില്ല.
പുറത്തേക്കിറങ്ങിയാൽ, മുകളിൽ തന്നെയുള്ള ചെറിയ വരാന്തയിൽനിന്നു നോക്കുമ്പോൾ, നേരെ താഴെ, ഞങ്ങളുടെ വീട്ടുടമ തന്നെ വാടകക്ക് കൊടുത്തിരിക്കുന്ന രണ്ടു കൊച്ചു കൂരകൾ കൂടി കാണാം. ചെന്നെത്തിയ ആദ്യദിവസം തന്നെ ജോണി എല്ലാത്തിനും ഒരാമുഖം തന്നു വച്ചു. ഇടതു വശത്തുള്ള വീട്ടിൽ താമസിക്കുന്നത് ഭർത്താവും ഭാര്യയും മാത്രമുള്ള ഒരു കന്നട കുടുംബം. തൊട്ടടുത്തുള്ള വീട്ടിൽ സ്ഥിരതാമസക്കാരായി അവിടത്തെ പെണ്ണും രണ്ടു പൊടികുഞ്ഞുങ്ങളും മാത്രം. അയാൾ മാസം രണ്ടോ മൂന്നോ തവണ മാത്രമേ വരൂ. വന്നാൽ നേരം വെളുക്കുന്നതിനു മുൻപേ പോവുകയും ചെയ്യും. എവിടെയോ തരക്കേടില്ലാത്ത ഉദ്യോഗസ്ഥൻ. പെണ്ണിനെ എവിടുന്നോ അടിച്ചുകൊണ്ടുവന്ന്, സ്വന്തം ഭാര്യ അറിയാതെയുള്ള "ചിന്നവീട്" സെറ്റപ്പാണ്.
പിറ്റേന്ന് വെള്ളമെടുക്കാൻ പ്ലാസ്റ്റിക് കുടവുമായി താഴെ പൈപ്പിന്റെ അടുത്ത് ചെന്നപ്പൊഴാണ് അവളെ ആദ്യമായി കണ്ട് അത്ഭുതപ്പെട്ടത്. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സെങ്കിലും പ്രായക്കുറവുള്ള ഒരു കൊച്ചു പെൺകുട്ടി. ഇവളാണോ "ചിന്നവീട്?". എതോ ഗ്രാമത്തിൽ നിന്നുള്ള പെൺകൊച്ചാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. മുഖത്ത് വാരിതേച്ചിരിക്കുന്ന മഞ്ഞളിനും, നിറുകയിലെ നിറം മങ്ങിയ സിന്ധൂരത്തിനും മറയ്ക്കാൻ കഴിയാത്ത ദൈന്യത അവളുടെ കണ്ണുകളിൽ! ചേല വാരിച്ചുറ്റി വലുതാകാൻ ശ്രമിച്ചിട്ടും ഒളിപ്പിക്കാൻ കഴിയാത്ത അവളുടെ വിഷാദം നിറഞ്ഞ കൗമാരം. ഇവളെങ്ങനെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് തന്നെ ഇവിടെ ജീവിക്കുന്നു? വെള്ളവും കൊണ്ടു മടങ്ങുമ്പോൾ മനസ്സിലോർത്തു, അറിയാതെ തിരിഞ്ഞു നോക്കി.
മടിവാളയിലെ രാത്രികൾ കഷ്ടമായിരുന്നു. മഴ പെയ്താൽ മുഴുൻ ചോർന്നൊലിക്കുന്ന തകരത്തിനു താഴെ, നനയാത്ത മൂല നോക്കി രാവു മുഴുവൻ വെളുപ്പിക്കേണ്ട ഗതികേട് ചിലപ്പോഴൊക്കെ. മഴയെന്നോ വെയിലെന്നോ നോക്കാതെ കൂറ്റൻ കൊതുകുകളുടെ നിരന്തര ശല്യങ്ങളും.
പ്രഭാതങ്ങളായിരുന്നു അതിലേറെ വെല്ലുവിളികൾ. രാവിലത്തെ കർമങ്ങൾക്കുള്ള ഇടമില്ലെന്നതായിരുന്നു ഏറ്റവും വലിയ കഷ്ടപാട്. ഒന്നുകിൽ ചുറ്റുവട്ടത്തുള്ള എല്ല തമിഴരേയും കന്നഡക്കാരേയും പോലെ കിഴ്ക്ക് വെള്ള കീറുന്നതിനു മുൻപ് ഒരു കട്ടനുമടിച്ചു് അടുത്തുള്ള റെയിൽവെയ്ട്രാക്കിന്റെ അടുത്തേക്കോടണം. അല്ലെങ്കിൽ പിന്നെ നേരം വെളുത്ത് വണ്ടിയോടി തുടങ്ങുമ്പോൾ ബി.ടി.എസ് ബസ് കയറി നഗരത്തിലെ ഏതെങ്കിലും 'സുലഭ്' ശൗചാലയങ്ങളിലേക്കോടണം. ജോണിക്ക് വർക്ക്ഷോപ്പിൽ കാര്യങ്ങളെല്ലാം സാധിക്കാമെന്നതുകൊണ്ട്, ട്രാക്കിലേക്കുള്ള ഈ പ്രഭാതസവാരിക്ക് കൂട്ട് തമിഴന്മാർ മാത്രം.
മധ്യാഹ്നങ്ങൾ പറയത്തക്ക അല്ലലില്ലായിരുന്ന്നു. ജോലിയന്വേഷണം കഴിഞ്ഞു വന്നാൽ, എല്ലാരും പണിക്ക് പോയിരിക്കുന്നതുകൊണ്ട് പരിസരത്തെങ്ങും ആരും ഇല്ല. ജോണി ജോലി കഴിഞ്ഞ് എത്തുന്നതുവരെ സുഖമായി കിടക്കാം. ജോലിയെക്കുറിച്ചുള്ള വേവലാതിയിൽ ഉറക്കം വല്ലപ്പൊഴുമേ കടന്നുവരൂ എന്ന അസൗകര്യം മാത്രം.
അങ്ങനെ ഒരുയുച്ചമയക്കത്തിലാണ്, പിള്ളേരുടെ നിർത്താതെയുള്ള കരച്ചിലും, പെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള ശകാരങ്ങളും , ബഹളങ്ങളും കേട്ട് ഞെട്ടിയുണർന്നത്. മുറിയുടെ പുറത്ത് വരാന്തയിൽ പോയി എന്താണെന്നറിയാൻ എത്തിനോക്കി. താഴെ "ചിന്നവീടിന്റെ" മുറ്റത്താണ്. ആ പെൺകുട്ടി, വീട്ടുടമസ്ഥയുടെയും അവരുടെ പ്രായമെത്തിയ മൂത്ത മോളുടേയും കയ്യിൽ കിടന്ന് കുതറുകയാണ്. ഒരാൾ മുടി ചുറ്റിപിടിച്ചിരിക്കുന്നു. മറ്റെയാൾ കയ്യിൽ കിട്ടിയതെല്ലാം എടുത് തലങ്ങും വിലങ്ങും അടിക്കുന്നു. കൂട്ടിനു് വീട്ടുടമയുടെ വയസ്സായ തള്ളയും. അൽപദൂരം മാറി എല്ലാം നിരീക്ഷിച്ചുകൊണ്ട് അടുത്ത വീട്ടിലെ വാടകക്കാരിയും വേറെ ഒന്നു രണ്ടു പെണ്ണുങ്ങളും. അലമുറയിട്ടു കരയുന്ന രണ്ടു കുഞ്ഞുങ്ങൾ.
എന്തു ചെയ്യും? ചെന്നു ഇടപെടാൻ ഭാഷയും വശമില്ല, പുതിയ ഇടവും. ഈ പെണ്ണുങ്ങൾക്കൊന്നു പിടിച്ചു മാറ്റിയേലെന്താ? എന്തു ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്ന്നു. ഒന്നു രണ്ടു മിനുറ്റു കൊണ്ടു കയ്യാംകളിയെല്ലം കഴിഞ്ഞ്, കലിയടങ്ങി, ഉച്ചത്തിൽ ചീത്ത വിളിച്ചു കൊണ്ട് വീട്ടുടമസ്ഥയും മക്കളും തിരിച്ചു പോന്നു. കരഞ്ഞു വീത്തു കലങ്ങിയ കണ്ണുകളുമായി ആ പെൺകുട്ടി, കുഞ്ഞുങ്ങളെയും കൂട്ടി അകത്തെക്കും. പോകുന്ന പോക്കിൽ അവളൊന്നു മുഖമുയർത്തി മുകളിൽ എല്ലാം കണ്ട് അന്തിച്ചു നിന്ന എന്നെ ദയനീയമായി ഒന്നു നോക്കി.
വൈകിട്ട് സൈക്കിളുന്തി കന്നഡപോലീസെത്തി. തഴെ മുറ്റത്തു നിന്നും, ഞങ്ങളുടെ മുറിയിലേക്ക് കൈചൂണ്ടി ആ പെൺകുട്ടി നിറമിഴികളോടെ എന്തൊക്കെയോ പറയുന്നു.
"നീ വാ തുറക്കണ്ട. എല്ലാം ഞാൻ പറഞ്ഞോളാം" ജോണി പോലീസു വരുന്നകണ്ട് മുൻപേ പറഞ്ഞു വച്ചു.
വാതിലിൽ വന്നു മുട്ടിയ പോലീസിനോട് ജോണി കന്നടയിൽ അൽപനേരം എന്തൊ പറഞ്ഞു. എനിക്ക് ഭാഷയറിയില്ലെന്നും ഞാൻ ഒന്നും കണ്ടിട്ടില്ലെന്നുമാണ് പറഞ്ഞതെന്ന് പിന്നെയറിഞ്ഞു. കുഞ്ഞുങ്ങൾ തമ്മീലുള്ള കുട്ടിവഴക്കാണ് എല്ലാത്തിനു തുടക്കം എന്നും പോലിസു പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ ഒരു രാത്രി, രായ്ക്കു രാമാനം അവർ വീടു വിട്ടു പെട്ടിയും കിടക്കയുമെല്ലാമായി സ്ഥലം കാലിയാക്കി. ആ രാത്രി വെളുക്കുവോളം ഉച്ചത്തിലുള്ള ശകാരങ്ങളും അടക്കിപിടിച്ച കരച്ചിലുകളുമായിരുന്നു ആ കൊച്ചു വീട്ടിൽ.
ഇടക്കൊരു കുറ്റബോധം വരും.. അന്ന് ഒരു സഹജീവിക്കുവേണ്ടി ഒരു ചെറുവിരലുപോലും ഉയർത്താതിരുന്നതിന്റെ!
അല്ലെങ്കിലും അവൾക്കുവേണ്ടി നിവർന്നുനിന്നു ചോദിക്കാൻ ആരെങ്കിലും എന്നെങ്കിലും ഉണ്ടാകുമോ?
അഗ്നിസാക്ഷിയായി കൈ പിടിച്ചിറക്കിയ ഒരു പുരുഷൻ?കമനീയമായി ഒരുക്കിയ കല്യാണമണ്ടപത്തിൽ മകളെ നിറകണ്ണുകളോടെ കൈ പിടിച്ചു കൊടുത്ത അച്ചനും അമ്മയും?അതുമല്ലെങ്കിൽ ഒരേ സമയം സന്തോഷവും ദുഃഖവും ഉള്ളിലൊതുക്കി കൂടപിറപ്പിനെ യാത്രയാക്കിയ ഒരു വല്യേട്ടൻ?
തൽക്കാലം, രാത്രി മാത്രം തലയിൽ മുണ്ടു മൂടി വല്ലപ്പോഴുമെത്തുന്ന ഒരു കണവന്റെ കനിവിലാണവളുടെ ജീവിതം!
ഇങ്ങനെയും ചില ജീവിതങ്ങൾ!
Thursday, September 10, 2009
ഹ്രുദയം ഓർമിപ്പിക്കുന്നത്

"ഈ അച്ചനോക്കെ ഇത്ര പഠിപ്പുണ്ടെന്നു പറഞ്ഞിട്ടെന്താ? ഒരു പുറംരാജ്യത്തേക്ക് വരുമ്പോ ശരിയായ മേൽവിലാസം പൊലും ഇല്ലാതെയാണോ വരുക?. ഈ പാതിരാത്രി ഇനി എവിടെ കൊണ്ടു പോയി ആക്കാനാണ്?" നിമിഷം ചെല്ലുംതോറും ദേഷ്യം കൂടി കൂടി വരുകയാണ്.
നാട്ടിൽ നിന്നും സുഹ്രുത്ത് മറ്റൊരച്ചൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും ഉത്തരേന്ത്യയിൽനിന്നുമുള്ള ഈ അച്ചനെ സ്വീകരിക്കാൻ എയർപ്പോർട്ടിൽ പോയത്. അച്ചൻ ഇവിടെ അടുത്ത് രണ്ടൂ മണിക്കൂർ ദൂരെ യൂണിവേർസിറ്റിയിൽ പഠിക്കാൻ വരികയാണ്.
ജോലി കഴിഞ്ഞു ഓഫീസിൽ നിന്നും നേരേ പോകുകയായിരുന്നു. ചായ കുടിക്കാൻ പൊലും സമയം കിട്ടിയില്ല.തലേന്നത്തെ ഉറക്കം ശരിയാവാഞ്ഞതുകൊണ്ട് ക്ഷീണവും കലശലായുണ്ട്. എയർപോർട്ടിൽ നിന്നും പിക്ക് ചെയ്ത് നേരേ ഒരു സുഹ്രുത്തിന്റെ വീട്ടിലേക്കാണ് പോയത്. അച്ചൻ ഒരു കുളിയെല്ലം പാസ്സാക്കി വൈകിട്ടത്തെ ഭക്ഷണം എല്ലാം കഴിച്ചു വന്നപ്പൊഴേക്കും സമയം പത്ത്. ഇനിയും അധികം താമസിച്ചാൽ ഇന്നത്തെ ഉറക്കാവും കമ്മി. തന്നെയുമല്ല അച്ചന് പോകേണ്ട യൂണിവേർസിറ്റിയിലേക്ക് നഗരത്തിന്റെ അത്ര പന്തിയല്ലാത്ത ഭാഗത്തുകൂടെ പോകണം താനും. അതുകൊണ്ട് എത്രയും വേഗം പോകുന്നതാണ് നല്ലത്.
"അച്ചന് പോകേണ്ട അഡ്രസ്സെടുക്കൂ. G.P.S-ൽ അഡ്രസ്സ് കൊടുത്താൽ കറക്റ്റ് സ്ഥലത്ത് കൊണ്ടുപൊയാക്കും".
അച്ചൻ സൂട്ട്കേസ്സ് തുറന്ന് ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു വെള്ള കടലാസ്സ് എടുത്തു നീട്ടി. അച്ചനെ യൂണിവേർസിറ്റിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഡീനിന്റെ കത്ത്.
"അതിന്റെ മേലെയുണ്ട് അഡ്രസ്സ്". അച്ചൻ പറഞ്ഞു.
"അയ്യോ അച്ചാ.. ഇത് പോസ്റ്റ് ബോക്സ് അഡ്രസ്സാണല്ലോ. ഇതു വച്ച് പോകാൻ പറ്റില്ല." അഡ്രസ്സ് നോക്കി പറഞ്ഞു.
"അത് മാത്രമേയുള്ളൂ എന്റെ കയ്യിൽ". അച്ചൻ.
പുലിവാലു പിടിച്ചൊ? ഈ പുള്ളി ഈ അഡ്രസ്സും വച്ചു പോസ്റ്റ് ബോക്സിന്റെ ഉള്ളിൽ പോയി താമസിക്കാൻ പോകുന്നോ? പതുക്കെ നീരസം വന്നു.
"ശരി. അച്ചന്റെ കയ്യിൽ ഫോൺ നംബറില്ലേ. നമുക്ക് ആരെയെങ്കിലും ഒന്നു വിളിച്ച് ചോദിക്കം."
"ആ ലെറ്റെറിന്റെ അടിയിൽ ഫോൺ നംബറുണ്ട്".
"ഈ നംബർ.." ഒരു സംശയം. ഡയൽ ചെയ്തു നോക്കി. വിചാരിച്ചപോലെ തന്നെ ആരും എടുതില്ല. ഓഫ്ഫീസ് നംബറാണ്. ഈ രാത്രിക്ക് ആരെടുക്കാൻ?
അച്ചന്റെ കയ്യിൽ വേറെ പോകേണ്ട വിവരം ഒന്നും തന്നെയില്ല. നല്ല പാർട്ടി തന്നെ. മനസ്സിൽ ഓർത്തു. ഇന്ത്യയിൽ നിന്നും പോരുന്നതിനു മുൻപ് വിളിച്ചു ചോദിച്ചപ്പൊൾ ഇവിടെ കൊളേജിന്റെ അടുത്തു തന്നെ താമസം ഒരുക്കിയിട്ടുണ്ട് എന്നുള്ള അറിവുണ്ട്. ഇന്നവിടെ അവർ കാത്തിരിക്കുകയും ചെയ്യും. അതുകൊണ്ട് പോയി എത്തി ചേർന്നെ പറ്റൂ.
"നമുക്ക് യൂണിവേർസിറ്റിയുടെ അടുത്ത് പോയി ആരോടെങ്കിലും ചോദിച്ചാലോ" അച്ചൻ.
അച്ചൻ എന്താ വിചാരിച്ചിരിക്കുന്നത്? ഇതു ഇന്ത്യയിലെ നാട്ടിൻപുറമാണെന്നോ? ഒന്നാമത് ഈ രാത്രി ആരു കാണാനാ അവിടെ? ഇനി ഏതെങ്കിലും കതകിന് തട്ടി വിളിച്ചാൽ അടി കിട്ടാതെ പോന്നാൽ ഭാഗ്യം. നിമിഷം ചെല്ലുംതോറൂം നീരസം കൂടി കൂടി വരികയാണ്. ഇന്ന് നേരത്തെ കിടന്ന്നുറങ്ങണം എന്നു കരുത്തിയതാണ്. അത് പോയിക്കിട്ടി.
ഇന്റർനെറ്റിൽ വളരെ നേരം തപ്പി യൂണിവേഴ്സിറ്റിയിൽ തന്നെ അച്ചന്മാർ താമസിക്കുന്ന ഒരിടത്തിന്റെ അഡ്രസ്സ് കിട്ടി.
പോകുമ്പൊൾ ഒരു മൂന്നു വട്ടമെങ്കിലും വഴി തെറ്റി. ഓരോയിടത്തും U ടേൺ എടുക്കുമ്പോഴും മനസ്സിൽ അരിശം പതഞ്ഞു പൊങ്ങി. അച്ചന് മലയാളം അറിയാത്തതുകൊണ്ട് പറഞ്ഞ ചീത്തയൊന്നും മനസ്സിലാകാതെ പുള്ളി വന്ന ക്ഷീണത്തിൽ പുറകിലെ സീറ്റിൽ നല്ല മയക്കമാണ്.
ഒടുവിൽ ചെന്നെത്തുമ്പോൾ ഭാഗ്യത്തിന് അതു തന്നെയായിരുന്നു പറഞ്ഞു വച്ചിരൂന്ന സ്ഥലം. സമയം പാതിര കഴിഞ്ഞിരിക്കുന്നു. ലഗേജെല്ലാം ഇറക്കി, അച്ചനെ സെറ്റപ്പെല്ലാം ആക്കി തിരിച്ചു വീട്ടിലെത്തി ബെഡിലേക്ക് വീണത് മാത്രം ഒരു നേരിയ ഓർമ.
കണ്ണ് ഒന്നു കൂടി തിരുമ്മി നോക്കി.
മുഖവും പേരും മങ്ങിയെങ്കിലും ആകാരം നല്ല ഓർമ. അല്ലെങ്കിലും വർഷമെത്ര കഴിഞ്ഞാലും മറക്കാനാകുമോ? ഖദറിന്റെ വെളുത്ത മുണ്ടും വെളുത്ത ഷർട്ടും. കയ്യിൽ L G പെരുങ്കായത്തിന്റെ മഞ്ഞ സഞ്ചി.
"നല്ലാര്‌ക്കാ?" ആഗതന്റെ ചോദ്യം.
"ആ ജീവിച്ചു പോകുന്നു".
"ഇൻകെ സെറ്റപ്പെല്ലാം ആച്ചാ?"
"ആ കുഴപ്പമില്ല" ഞാൻ മറുപടി നൽകി.
"റോമ്പ വർഷമാച്ചേ അല്ലിയാ?".
"ആമാ.."
അതെ വർഷമൊത്തിരിയായി.
അന്ന് ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ പരിഭ്രമമായിരുന്നു മനസ്സു മുഴുവൻ. ചുറ്റും നോക്കി. മിക്കവരും ധാരാളം യാത്ര ചെയ്തു പരിചയമുള്ളവരാണെന്ന് നോക്കിയാലറിയാം. അവിടെയിവിടെയായി നാലഞ്ചു പേർ മുണ്ടും ഷർട്ടുമെല്ലാം ധരിച്ചു കയറിയിട്ടുണ്ട്. തമിഴരാണെന്നു തോന്നുന്നു. ഇവന്മാർക്കെല്ലാം ഒന്നു ഭംഗിയായി വസ്ത്രം ധരിച്ചു വിമാനത്തിൽ കയറരുതൊ? മനസ്സിലോർത്തു.
നാലു മണിക്കൂർ മുള്ളിൽ ഇരിക്കുന്ന പോലെയാണ് കഴിഞ്ഞു പോയത്. ഏഴു മണിയോടെ ചാംഗി എയർപോർട്ടിൽ ഇറങ്ങി. കസ്റ്റംസ് എല്ലാം കഴിഞ്ഞു ലഗ്ഗേജും എടുത്തു അടുത്ത് കണ്ട ഫോൺ ബൂത്തിൽ ചെന്നു. വിമാനമിറങ്ങി കഴിഞ്ഞ് ഫോൺ ചെയ്യാനാണ് അപ്പോയിന്റ്‌മന്റ് ലെറ്ററിന്റെ കൂടെ വന്ന എഴുത്തിൽ പറഞ്ഞിരിക്കുന്നത്.
ഫോൺ നംബർ കറക്കി. റിംഗ് ചെയ്യുന്നുണ്ട്. അൽപനേരം മണിയടിച്ചിട്ടും ആരും എടുത്തില്ല. മൂന്നു നാലു മിനിട്ട് കഴിഞ്ഞു ഒന്നു കൂടി കറക്കി നോക്കി. ഫലം മുൻപിലത്തേതു തന്നെ. മനസ്സിൽ ചെറിയൊരു വിഭ്രാന്തിയായി. ആദ്യമായാണ് ബാംഗളൂരിന് അപ്പുറത്തെക്കു യാത്ര ചെയ്യുന്നത്. അതും പോരാഞ്ഞിട്ട് പുറം രാജ്യത്തേക്ക്. ആകെയുള്ളത് ഈ നംബറാണ്. കൂട്ടികൊണ്ടുപോകാൻ ആള് വരുമെന്നാണ് പറഞ്ഞത്. പക്ഷെ ഫോൺ ചെയ്തിട്ടു ആരും എടുക്കുന്നില്ലല്ലോ. എകദേശം ഒരു മണികൂറിലേറേ ഫോൺ ശ്രമിച്ചു നോക്കി. മനസ്സിൽ വിഭ്രാന്തി കൂടി കൂടി വന്നു. ഇനി എന്തു ചെയ്യും? ഒരു പിടിയുമില്ല. കൂടെ വിമാനം ഇറങ്ങിയവരെല്ലാം പോയിക്കഴിഞ്ഞു.അപ്പൊഴാണ് ദൂരെ മാറി ആരെയോ പ്രതീക്ഷിച്ചു നിന്ന മധ്യവയസ്സനെ കണ്ടത്. വിമാനത്തിൽ വച്ചു ഒരു മിന്നായം പോലെ കണ്ടായിരുന്നു. തമിഴനാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.
അറിയാവുന്ന തമിഴിൽ പ്രശ്നം അവതരിപ്പിച്ചു.
"പോക വേണ്ടിയ അഡ്രസ്സിരുക്കാ തമ്പീ"
"എന്നുടെ മരുമകൻ കൂട്ടിയിട്ടു പോരതുക്ക് വരുവാര്. ഉങ്ങളേ കമ്പനിയിലേ ഡ്രൊപ് പണ്ട്രേ"
മനസ്സിൽ സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞു.
അൽപസമയത്തിനുള്ളിൽ പറഞ്ഞ പോലേ ഒരു ചെറുപ്പക്കാരൻ കാറുമായെത്തി. വർഷങ്ങളായി സിംഗപൂരിൽ സ്ഥിരതാമസക്കാരാണവർ. ലഗ്ഗേജെല്ലം കയറ്റി, പറഞ്ഞിരുന്ന കമ്പനിയിൽ കൊണ്ടുപോയാക്കി, റിസെപ്ഷനിൽ ആളെത്തി പറഞ്ഞിട്ടാണ് അന്ന് അവർ മടങ്ങിയത്.
വർഷങ്ങൾക്കു ശേഷമാണ് ആ പഴയ തമിഴ് മുഖം ഓർമയിൽ വരുന്നത്.
"തമ്പീ .. വർഷങ്ങൾക്കു മുന്നാടി ഒന്നുമേ കേക്കാതേ നാൻ വന്ത് ഉങ്ങൾക്കൊരു ഉതവി ചെയ്യറേ. നീങ്ങ സന്തോഷമാ അപ്പടി താൻ ചെയ്യ വേണ്ടിയ താനേ".
ഒരു ദുസ്വപ്നം കണ്ട പോലെ ഞെട്ടിയൂണർന്നു. ചുമരിലെ ക്ലോക്കിൽ മണി നാലര. മുറിയിൽ ആരുമില്ല. കൈപറ്റിയ നന്മ ഓർമിപ്പിക്കാൻ വന്ന തമിഴനെവിടെ? പറഞ്ഞ വാക്കുകൾ മാത്രം മുഴങ്ങുന്നുണ്ട്.
നാഴികമണി ഒന്നു തിരിച്ചുവിടാൻ കഴിഞ്ഞിരുന്നെങ്കിൽ.. തലേന്ന് പറഞ്ഞ നീരസവും പാഴ്‌വാക്കുകളും തിരിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ..
എങ്കിൽ.. എങ്കിൽ.. വർഷങ്ങൾക്കു മുൻപു കൈപറ്റിയ ഒരു സൗമനസ്യത്തിന്റെ കടം സന്തോഷമായി വീട്ടാമായിരുന്നു.
Tuesday, August 25, 2009
ചില ചെറിയ പരീക്ഷണങ്ങൾ
"നാളെ മധുസൂദനൻനായരുടെ കവിത കേൾക്കാൻ പോകുന്നില്ലേ?" വൈകുന്നേരം ഹോസ്റ്റലിനടുത്ത ചെമ്മൺ പാതയിലൂടെ നടക്കാൻ ഇറങ്ങിയപ്പൊൾ സുഹ്രുത്ത് ചോദിച്ചു.
"നാളെയോ?.. മധുസൂദനൻനായരോ? ഞാനറിഞ്ഞില്ലല്ലോ."
"നല്ല കൂത്ത്. രാപകൽ നാറണത്തു ഭ്രാന്തനും പാടി ഹോസ്റ്റലിൽ മനുഷ്യനെ കെടക്കാൻ സമ്മതിക്കാത്ത നീ അറിഞ്ഞില്ലെന്നോ?" സുഹ്രുത്തിനു അതിശയം.
'നാളെ? ശെടാ.. ഇതൊരു പരീക്ഷണമായിപ്പോയല്ലോ." ഞാൻ സ്വയം പറഞ്ഞു.
"ഊം ..എന്തു പറ്റി.. എന്തു പരീക്ഷണം?"
"അല്ല..നാളെ വേറോരു പ്രോഗ്രാമുണ്ടായിരുന്നു".
"എന്തു പ്രോഗ്രാം?'
'ഒ.. ഒന്നുമില്ല. ഒരിടം വരെ പോകാണുണ്ട്' അവനോടു പറഞ്ഞൊഴിഞ്ഞു. അല്ലെങ്കിലും അവനറിയാതിരിക്കുന്നതാണു നല്ലത്. അറിഞ്ഞാൽ പിന്നെ ഹോസ്റ്റലിൽ കിടക്കപ്പൊറുതി കിട്ടില്ല!
--
ഓണാവധി കഴിഞ്ഞു വീട്ടിൽ നിന്നും കോളേജിലേക്കു മടങ്ങുകയായിരുന്നു. പതിവിനു വിപരീതമായി ചാലക്കുടിയിൽ നിന്നും കയറുമ്പോൾ ട്രെയിനിൽ ആളു നന്നെ കുറവ്. ഇരിക്കാൻ വേണ്ട സ്ഥലം. ബാഗ്ഗെല്ലാം ഒതുക്കി വച്ചു സ്വസ്ഥമായിട്ടൊരിടത്തു ഇരുന്നു കഴിഞ്ഞപ്പൊഴാണു അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നവരെ ശ്രദ്തിച്ചത്. രണ്ടു പെൺകുട്ടികൾ. കോളേജിൽ പഠിക്കുന്നതായിരിക്കണം. സാധനങ്ങൾ കുത്തി നിറച്ച ബാഗ്ഗെല്ലം അടുത്തു തന്നെയുണ്ട്. കൂടെ ആരും ഉള്ള മട്ടില്ല. ഏതായാലും ഒന്നു പരിചയപ്പെട്ടിരിക്കാമെന്നു കരുതി ഉള്ള ധൈര്യമെല്ലാം എടുത്തു ചോദിച്ചു.
"എവിടേക്കാ"
കൂട്ടത്തിൽ അൽപം മുതിർന്നത്തെന്നു തോന്നുന്ന കുട്ടി അൽപം സങ്കോചത്തൊടെ സ്ഥലം പറഞ്ഞു. മധ്യ തിരുവിതാംകൂറിലെ ഒരിടം.
"അവിടെ?"
"അവിടെ കോളേജിൽ സെക്കന്റ് ഇയർ ഡിഗ്രീക്ക് പഠിക്കുന്നു." .
"ഞാനും കോളേജിലേക്കാണ് . കൊല്ലത്ത്" ഞാൻ പറഞ്ഞു.
അവരുടെ സങ്കോചം തെല്ലൊന്നയഞ്ഞു. മലബാറുകാരാണ്. അടുത്തൊന്നും കോളേജില്ലാത്തതു കൊണ്ട് പപ്പയുടെ സ്വന്തം സ്ഥലത്ത് കോളേജിൽ ആക്കിയിരിക്കുകയാണ്. കൂടെയുള്ളത് കസിൻ. അതേ കോളെജിൽ പ്രീ-ഡിഗ്രീക്ക് പഠിക്കുന്നു. സാധാരണ ഗതിയിൽ കൊണ്ടുവിടാൻ ആരെങ്കിലും കൂടെ കാണാറുണ്ട്. ഇതാദ്യമായാണ് രണ്ടു പേരും മാത്രമായി യാത്ര ചെയ്യുന്നത്. അതിന്റെ ചെറിയൊരു പരിഭ്രമവും.
മിണ്ടാൻ തുടങ്ങിയ വിമുഖത മിണ്ടിതുടങ്ങികഴിഞ്ഞപ്പോൾ പാടെ നീങ്ങി. മൂന്നോ നാലോ മണിക്കൂറിനിടയിൽ കോളേജ്, നാട്, നാട്ടുകാർ, ടീച്ചർമാർ അങ്ങനെ അങ്ങനെ ചെറിയ മലബാർ ചുവയിൽ പറഞ്ഞു തീരാത്ത വിശേഷങ്ങളുണ്ടായിരുന്നില്ല.
ഒടുവിൽ അവർക്കിറങ്ങേണ്ട സ്റ്റേഷനെത്തി.
"ഇനിയെവിടെ വച്ചെങ്കിലും കാണാം". അവൾ മെല്ലെ പറഞ്ഞു, ഇനി ഒരു പക്ഷെ ഒരിക്കലും കാണില്ലെന്നറിഞ്ഞിട്ടും.
വണ്ടിയിൽനിന്നും ഇറങ്ങി, പ്ലാറ്റ്ഫോമിൽ നിന്നും തിളങ്ങുന്ന കണ്ണുകളുമായി അവൾ കൈ വീശി. വണ്ടി മറയുന്നതുവരെ.
--
കോളേജിൽ ചെന്നു രണ്ടാം ദിവസം പറഞ്ഞ ഹോസ്റ്റലിന്റെ പേരു വച്ചു ഒരുദ്ധേശം മേല്‌വിലാസത്തിൽ ഒരു കത്തു വിട്ടു. ഹോസ്റ്റലിൽ വാർഡൻ വളരെ സ്റ്റ്രിക്റ്റ് ആണെന്നു പറഞ്ഞതു കൊണ്ടു മറുപടി പ്രതീക്ഷിച്ചല്ല വിട്ടത്. പക്ഷെ എന്നെ അൽഭുതപെടുത്തികൊണ്ട് ഒരാഴ്ച കഴിഞ്ഞപ്പൊൾ വടിവൊത്ത കയ്യക്ഷരത്തിൽ മറുപടി വന്നു. ഏതാനും വരികളിൽ ക്ലാസ്സുകൾ തുടങ്ങിയെന്നും അവിടെ സുഖമെന്നും മാത്രം എഴുതിയിരുന്നു.
പിന്നെ രണ്ടൊ മൂന്നോ കത്തുകളിൽ ഞാൻ എന്റെ സെമെസ്റ്റർ വിശേഷങ്ങളും ഹോസ്റ്റലിലെ അടിപൊളികളും രാത്രിയിലെ സെക്കന്റ് ഷൊ സഞ്ചാരങ്ങളും എല്ലം വിശദമായി എഴുതി. മറുപടി എപ്പൊഴും ഏതാനും വരികളിൽ ഒതുങ്ങി. ഒരു പക്ഷെ ഹോസ്റ്റലിലെ കർശനനിയന്ത്രണമായിരിക്കണം കാരണം.
എങ്കിലും രണ്ടാഴ്ച മുൻപു വന്ന അവസാനത്തെ കത്ത് പതിവിലും അൽപം ദൈർഘ്യമേറിയതായിരുന്നു. എന്തൊ കാര്യത്തിന് യൂണിവേർസിറ്റിയിൽ പോകെണ്ട കാര്യമുണ്ട്. അവളും ഒന്നു രണ്ടു കൂട്ടുകാരികളും ഒരുമിച്ചു രാവിലെ തന്നെ പോകാനാണ് പരിപാടി. തിരിച്ചു അന്നു തന്നെ വൈകിട്ടത്തെ ട്രൈയിനിന് മടങ്ങാനും. എഴുത്തിന്റെ അവസാനം NB യിട്ടു ഒരു വരി.
"കൊല്ലത്തു പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കും!".
ഹ്രുദയത്തിൽ ഒരു പെരുമ്പറ കൊട്ടി. ആദ്യമായാണ് ഇങ്ങനെ ഒരാൾ എഴുതുന്നത്
ട്രെയിനിന്റെ പേരും സമയവും എല്ലാം എഴുത്തിലുണ്ടായിരുന്നതുകൊണ്ട് വന്ന ഉടനെ മറുപടിയിട്ടു.
"വണ്ടി കൊല്ലത്തെത്തുമ്പൊൾ ഞാൻ ഉണ്ടാകും. സാധിക്കുമെങ്കിൽ വാതിൽക്കൽ നിൽക്കുക. ഞാൻ കണ്ടുപിടിച്ചുകൊള്ളാം".
അങ്ങനെ കാത്തിരുന്ന ആ ദിവസമായിരുന്നു നാളെ.വൈകിട്ട് ട്രെയിൻ സ്റ്റേഷനിൽ പോകുക എന്നുള്ളതായിരുന്നു പരിപാടി. അതിനിടയിലാണ് മധുസൂദൻനായരുടെ കവിതാലാപനം ഒരു പരീക്ഷണമായി വന്നിരിക്കുന്നത്.
--
രാവിലെ മുതൽ ചിണുങ്ങണെ പെയ്യണ മഴ. ഉച്ചയായിട്ടും തോരുന്ന ലക്ഷണമില്ല. ഇതുവരെ തീരുമാനിച്ചില്ല. കവിത കേൾക്കാൻ പോണോ അതൊ റെയിൽവേ സ്റ്റേഷനിൽപോണൊ? ഏതായാലും രണ്ടും കൂടി നടക്കില്ല. മൂന്നു മണിയായപ്പോൾ ഒരു പറ്റം ചങ്ങാതിമാർ റെഡിയായി മുറിയിലെത്തി.
"ഡേയ് .. നീ ഇതു വരെ റെഡിയായില്ലെഡെയ്".
"അല്ല .. എനിക്കു വേറെ പരിപാടിയുണ്ട്".
"എന്തു പരിപാടി? ഈ മഴയത്ത്? നീ വാ.. അല്ലേ ഇനി മേലാ ഈ ഹോസ്റ്റലിൽ നിന്റെ കവിതയോ പാട്ടൊ കേൾക്കാൻ പാടില്ല"
"അല്ല .. ഞാൻ.."
"ച്ചേ .. എണീറ്റു വാഡെയ്".
പിന്നെ തീരുമാനത്തിന് അധികം താമസമുണ്ടായില്ല.
--
കവിത കഴിഞ്ഞു വന്ന പാടെ പ്ലാറ്റ്ഫോമിൽ വരാൻ കഴിയാത്തതിനു ഒരു നൂറു വട്ടം ക്ഷമ ചോദിച്ചു ഒരു കത്തെഴുതി. സെമെസ്റ്റെറിന്റെ തിരക്കും അസ്സൈൻമന്റും എല്ലാമാണു കാരണം വച്ചതു.
രണ്ടാഴ്ച കാത്തെങ്കിലും ഒരു മറുപടിയുമില്ല. തുടരെ തുടരെ മൂന്നോ നാലോ കത്തെഴുതി. പക്ഷെ പിന്നീടൊരിക്കലും വടിവൊത്ത കയ്യക്ഷരങ്ങളുള്ള മറുപടി മാത്രം വന്നില്ല!
--
ഇന്നു വർഷങ്ങൾക്കുശേഷവും, കണ്ണടച്ചാലും, കോളേജിലെ ക്ലാസ്സുമുറിയിൽ, പത്തമ്പതു പേർക്കു മുമ്പിൽ നിന്നും കൊണ്ട് തെളിമയാർന്ന സ്വരത്തിൽ മധുസൂദനൻനായർ നാറാണത്തു ഭ്രാന്തൻ പാടുന്നതു കാണാം. പക്ഷെ അതോടൊപ്പം, കൊല്ലം റെയിൽവെ സ്റ്റേഷനിൽ ചിന്നി പെയ്യുന്ന മഴയത്ത് നാലുപാടും പരതുന്ന ഒരു മങ്ങിപ്പോയ മുഖം!
ചില പരീക്ഷണങ്ങൾ അങ്ങനെയാണ്. ഓർമകളിൽ ഒരു നീറ്റലായി പിന്നെയും പിന്നെയും പരാജയപ്പെടുത്തികൊണ്ടിരിക്കും!
Sunday, August 16, 2009
മുഴക്കോൽ
ട്ര്ണ്ണീീങ്ങ് ട്ര്ണ്ണീങ്ങ് ...കോളിംഗ് ബെല്ലിൽ വിരൽ അമർത്തിയപ്പോൾ അകത്ത് പതിയ സ്വരത്തിൽ മണി മുഴങ്ങി. രണ്ടാഴ്ച മുൻപു മരപ്പണിയെല്ലാം അവസാനിപ്പിച്ചു പോകുമ്പോൾ കോളിംഗ് ബെല്ല് ഉണ്ടായിരുന്നില്ല. മണിച്ചിത്ത്രത്താഴ് പിടിപ്പിച്ച വാതിൽ പാളിയിൽ പതുക്കെ കൈയ്യോടിച്ചു നോക്കി. പോളീഷെല്ലാം ഭംഗിയായിരിക്കുന്നു. എങ്ങനെയുള്ളവരായിരിക്കും താമസക്കാർ? വിദേശത്തുനിന്നും വന്നതാണ്. ഇതു വരെ കാണാൻ ഒത്തില്ല. ഏതു തരക്കാരായാലെന്താ, മറന്നുവച്ചു പോയ മുഴക്കൊലും മറ്റു പണിയായുധങ്ങളും എടുത്തു കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ വരേണ്ട കാര്യമേ വരുന്നില്ല.
എന്തായിരിക്കും ആരും വാതിൽ തുറന്നു വരാത്തത്? നേർത്ത ജനൽകർട്ടന്മറവിലൂടെ അകത്ത് ആൾപെരുമാറ്റമറിയാം. ഒരാൾ പുറത്തുവന്നു ബെല്ലടിച്ചാൽ ഇങ്ങനെയാണൊ പെരുമാറേണ്ടത്? സാമാന്യ മര്യാദയില്ലാത്ത കൂട്ടമായിരിക്കും. ഇവിടെ നിന്നും സാധനങ്ങൾ എടുത്തിട്ടു വേണം അടുത്ത സ്ഥലത്തേക്കു രാവിലെ തന്നെ പണിക്കെത്താൻ. അതൊന്നും ഇവർക്കറിയേണ്ട കാര്യമുണ്ടൊ? വിദേശത്തുനിന്നും വേണ്ട കാശുമായിട്ടായിരിക്കും വന്നിരിക്കുക. അധ്വാനത്തിന്റെ വിലയറിയാത്ത മനുഷ്യർ.
കഴിഞ്ഞ ആഴ്ച ആയിരുന്നെങ്കിൽ ആരോടും ചോദിക്കാതെ നേരേ അകത്ത് പോയി പണിയായുധങ്ങളുമെടുത്ത് വരാമായിരുന്നു. അന്നു അകത്തു കയറാൻ ഇവർ നമ്മളോട് അനുവാദം ചോദിച്ചേനെ! ഇന്നിപ്പം ആരെങ്കിലും വന്നു വാതിൽ തുറക്കുന്നതുവരെ ഇവിടെ നിൽക്കുക തന്നെ..
---
ആരോ ബെല്ലടിക്കുന്നു. ആരായിരിക്കും ഈ വെളുപ്പിനേ ..ഇവിടത്തുകാർക്കു വിളിച്ചു പറഞ്ഞിട്ടു വരുക എന്ന സ്വഭാവമേയില്ല. അവിടെയായിരുന്നെങ്കിൽ വരുന്നതിന്റെ രണ്ടു ദിവസം മുൻപെങ്കിലും ഫോൺ ചെയ്തു പറയും. വന്നു താമസമാക്കിയതിൽ പിന്നെ ഒരു നൂറായിരം ആളു വന്നിട്ടുണ്ടു വീട്ടിൽ. സ്വസ്ഥമായ നേരമേ ഉണ്ടായിട്ടില്ല. അപ്പഴേ പറഞ്ഞതാ നമുക്കിവിടം പറ്റില്ലെന്ന്. പപ്പയും മമ്മിയും കേൾക്കണ്ടേ. ജനിച്ച മണ്ണിൽ കിടക്കണമത്രെ. അപ്പൊ ഞാൻ ജനിച്ച മണ്ണ് അവിടെയല്ലേ?
നേർത്ത ജനൽ വിരിയിലൂടെ നോക്കി. മുൻപു പരിചയമില്ലാത്ത ആളാണ്. മുഷിഞ്ഞ മുണ്ടും ഷർട്ടും. കയ്യിൽ ഒരു പഴയ സഞ്ചിയും ഉണ്ട്. വല്ല കുട്ടികളെ പിടുത്തക്കാരുമായിരിക്കുമോ? മമ്മിയും പപ്പയും പറഞ്ഞിട്ടുണ്ട്. അവിടുത്തെപോലെയല്ല ഇവിടെ. കുട്ടികളെ തട്ടികൊണ്ടുപോയി കണ്ണു കുത്തിപൊട്ടിച്ചു പിച്ച തെണ്ടിക്കുമത്രെ.ഏതായാലും വാതിൽ തുറക്കണ്ട. കണ്ടിട്ടു അത്ര നല്ല
പുള്ളിയാണെന്നു തോന്നുന്നില്ല. നേരെ കയറിനിൽക്കുന്നത് വരാന്തയിലാണ്. വാതിലിൽ തൊട്ടു നോക്കുന്നുമുണ്ട്. വാതിൽ തുറക്കാൻ ശ്രമിക്കുകയാണോ? ഇന്നലെ കൂടി പപ്പയും മമ്മിയും പറയുന്നുണ്ടായിരുന്നു. കള്ളന്മാർ പകൽ വീടു നോക്കി വച്ചിട്ട് രാത്രി വന്നു കുത്തി തുറക്കുമത്രെ. ഏതായാലും മമ്മിയേ വിളിക്കാം. മമ്മീ..മമ്മീ..
---
ഹോ.. ഒന്നുറങ്ങാനും സമ്മതിക്കില്ലല്ലോ? നശിച്ച കോളിംഗ് ബെല്ല്. രാത്രി ഉറങ്ങിയപ്പൊഴേ ഒരു നേരം കഴിഞ്ഞിരുന്നു..വല്ല പിരിവുകാരുമായിരിക്കും. സ്വീകരണമുറിയിൽ ടീ വീയുടെ ഒച്ച കേൽക്കുന്നുണ്ട്. മൊള് എഴുന്നേറ്റ് രാവിലേ ടീ വീയിൽ കയറിയെന്നു തോന്നുന്നു? ആ പെണ്ണിനു വാതിൽ തുറന്നൊന്ന് നോക്കിയാലെന്താ ആരാണെന്ന്? പത്തു വയസ്സായെന്നു പറഞ്ഞിട്ടെന്താ. ഒരു കൊച്ചു പണി പോലും വീട്ടിൽ ചെയ്യില്ല. എല്ലാത്തിനും മമ്മി വേണം പുറകേ. മമ്മീ ..മമ്മീ.. ഇതിനെ എങ്ങനെ നേരേയാക്കും ഈശ്വരാ. എത്ര വട്ടം പറഞ്ഞിരിക്കുന്നു. "മോളേ .നിന്റെ പ്രായത്തിൽ മമ്മി ഒരു വീട്ടിലെ മുഴുവൻ അടുക്കളപ്പണിയും ഏടുതിട്ടാണ് പള്ളിക്കൂടത്തിൽ പോയിരുന്നതെന്നു". കൊച്ചാണെങ്കിലും മറുപടി റെഡിയാണ്. "മമ്മീ ..മമ്മിയുടെ കാലത്ത് ഫ്രിഡ്ജില്ല, മിക്സെറില്ല,വാക്കുവം ക്ലീനറില്ല. ഇന്നിപ്പൊ മമ്മി ചെയ്ത പണിയെല്ലാം ഈ മേഷീൻ ചെയ്തോളും മമ്മീ." ദൈവമെ ..ഇവിടെ വന്നാലെങ്കിലും കൊച്ചിന്റെ സ്വഭാവത്തിന് ഒരു മാറ്റം കണ്ടെങ്കിൽ മതിയായിരുന്നു. അല്ലെങ്കിൽ പിന്നെ വലുതാവുമ്പം കഷ്ടപെട്ടതു തന്നെ.
ഏതായാലും പിന്നെ മണിയടിയൊന്ന്നും കേൾക്കാനില്ല.ഒരു പക്ഷെ അയല്‌വക്കത്തു നിന്നും ആരെങ്കിയം എന്തെങ്കിലും കടം വാങ്ങാൻ വന്നതായിരിക്കും. ഈ നാട്ടിൻ പുറത്തുകാരുടെ ഒരു കാര്യം. ഉപ്പു തൊട്ടു കർപ്പൂരം വരെ കടം വാങ്ങാൻ വരും. ഒരു നൂറു വട്ടം പറഞ്ഞതാണ് ടൗണിൽ ഒരു ഫ്ലാറ്റ് വാങ്ങിയാൽ മതിയെന്നു. പറഞ്ഞാ കേൾക്കണ്ടേ.
ആരായാലും ഒരു പക്ഷെ പോയിക്കാണും.
---
പുതിയ വീട്ടിൽ താമസം മാറ്റിയതിൽ പിന്നെ ആദ്യമായി കഥയെഴുതാൻ ഇരുന്നതാണ്. വീടുമാറ്റത്തെക്കുറിച്ച്! പുതിയ വീട്ടിൽ മറന്നുവച്ച പണിയായുധങ്ങളെടുക്കാൻ വരുന്ന ഒരു വയസ്സൻ ആശാരിയെപറ്റി, വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർറ്റ്‌ഹ്തുന്ന നല്ല ഒരു കഥാ സന്ദർഭം എഴുതി തുടങ്ങിയതാണ്. അപ്പോഴാണ് ഈ ബെല്ലടി. വീട്ടിൽ താഴെ രണ്ടെണ്ണം ഉണ്ട്. ഇവർക്കൊന്നു പോയി നോക്കിയാലെന്താ ആരാണെന്ന്. എല്ലാത്തിനും ഞാൻ തന്നെ വേണം മുകളിൽ നിന്നും ഇറങ്ങി ചെല്ലാൻ..ഏതായാലും കഥയവിടെ നിൽക്കട്ടെ.. പോയി ആരാണെന്നു നോക്കിയിട്ടുവരാം.