Sunday, June 28, 2015

ഇടവഴികൾ



ആൽബനി  റോഡിലേക്ക്‌ തിരിഞ്ഞപ്പോഴാണ്‌ ഇടതുവശത്തെ സൈഡ്‌ വ്യൂ മിററിൽ ആന്റണി ആ വെളുത്ത കാറിനെ ആദ്യം കണ്ടത്‌, ഏകദേശം ഒരമ്പതടി പിറകിൽ. സന്ധ്യയാകുന്നേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും ആ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ കത്തികിടന്നിരുന്നു. കണ്ണാടിയിൽ അതിന്റെ പ്രതിഫലനം ആന്റണിക്ക്‌ അരോചകമായി തോന്നി. അൽപസമയം കൂടി കഴിഞ്ഞ്‌ കാറ്‌ ഹിൽ വ്യൂ റോഡിലേക്ക്‌ കയറിയപ്പൊഴാണ്‌ ആന്റണിക്ക്‌ ആ കാറ്‌ തന്നെ പിന്തുടരുകയാണോ എന്ന സംശയം ഉള്ളിലുദിച്ചത്‌്. സന്ദേഹിച്ച പോലെ തന്നെ പിന്നിലെ കാറും ഹിൽ വ്യൂ റോഡിലേക്ക്‌ കയറി. കണ്ടിട്ട്‌ പോലീസ്‌ കാറിന്റെ മട്ടും ഭാവവുമൊന്ന്നുമില്ല. പിന്നെ ആരായിരിക്കും തന്നെ പിന്തുടരുന്നത്‌?


വൈകിട്ടത്തെ ജോലിക്കാരുടെ തിരക്ക്‌ ഏകദേശം കഴിഞ്ഞ്‌ ട്രാഫ്ഫിക്‌ ഒഴുകികൊണ്ടിരുന്നു. ആന്റണി മനപൂർവം വണ്ടിയുടെ വേഗത കുറച്ച്‌ കാറ്‌ വലത്തെ ലയിനിലേക്ക്‌ എടുത്തു, തന്റെ വെറും സംശയമാണെങ്കിൽ പുറകെ വരുന്നത്‌ ആരായാലും കയറി പൊയ്ക്കോട്ടെ. തലയുയർത്തി റിയർ വ്യൂ മിററിൽ നോക്കുമ്പോൾ, പുറകിലെ കാറും, ഇൻഡികേറ്റർ ഇട്ടു, വലതു വശത്തെ ലയിനിലേക്കു കയറുന്നു. അപ്പോൾ ആരോ പിന്തുടരുന്നതു തന്നെ. തീർച്ച. ആരായിരിക്കും? അൽപം അകലെയായതുകൊണ്ട്‌ ഡ്രൈവറെ തിരിച്ചറിയാനോക്കുന്നുമില്ല. ആന്റണി ആലോചിച്ചുനോക്കിയിട്ട്‌ പരിചയക്കാർക്കർക്കും അത്തരത്തിലൊരു കാറുള്ളതായി ഓർമ വന്നില്ല. അയാൾ ഒരു പരീക്ഷണം കൂടി നടത്താൻ തീരുമാനിച്ചു. ഹിൽ വ്യൂ റോഡിൽ നേരേ പോകുന്നതിനു പകരം അയാൾ അടുത്തു കണ്ട ചെറിയ റോഡിലേക്കു വണ്ടി തിരിച്ചു. പിന്നാലെ പുറകിലത്തെ കാറും തിരിഞ്ഞു.


"എന്താ എന്തു പറ്റി? നമുക്കു നേരേയല്ലേ പോകേണ്ടത്‌?്" ഗീത  സംശയത്തോടെ ചോദിച്ചു.


ആന്റണി ഒരു നിമിഷം ശങ്കിച്ചു. ഗീതയോട്‌ പറയണോ വേണ്ടയോ?


പാസഞ്ചർ സീറ്റിൽ ആകാംക്ഷയോടെ അവളുടെ വിടർന്ന കണ്ണുകൾ. മിനുസ്സമാർന്ന മുടീയിഴകളിൽ അന്തിവെയിലിന്റെ തിളക്കം. ഗീതയെ കാണുമ്പോഴൊക്കെ പൂത്തുലഞ്ഞ കണികൊന്ന കാണുന്ന കുളിർമയായിരുന്നു അയാളുടെ മനസ്സു മുഴുവൻ.


"അത്‌ .. പുറകിലേതൊ ഒരു കാർ പിന്തുടരുന്നുണ്ടൊ എന്നൊരു സംശയം"


ഗീത  തിരിഞ്ഞു നോക്കി.


"ആ വെളുത്ത കാറോ? എന്തിനു നമ്മളെ പിന്തുടരണം?" അവളുടെ സ്വരത്തിൽ ചെറിയ പരിഭ്രമം കലർന്നിരുന്നു.


"അറിയില്ല.. കുറച്ചു നേരമായി നമ്മുടെ പുറകിലുണ്ട്‌. ഗീതയുടെ പരിചയത്തിലുള്ള ആരുടെയെങ്കിലും കാറാണോ?"


"എന്റെയോ? എനിക്കിവിടെ കുറച്ചു പരിചയക്കാരേയുള്ളു എന്നറിയില്ലേ".


പറഞ്ഞത്‌ ശരിയായിരുന്നു. ഗീത  നഗരത്തിൽ പുതിയതാണ്‌. ഓഫീസിൽ ചേർന്നിട്ട്‌ ഏറിയാൽ രണ്ടോ മൂന്നോ മാസമായിക്കാണും.


ഗീത  ജോയിൻ ചെയ്തു മൂന്നോ നാലോ ദിവസം കഴിഞ്ഞൊരു ദിവസം; ജോലിതിരക്ക്‌ കാരണം ആന്റണി അന്ന്‌ അൽപം വൈകിയാണിറങ്ങിയത്‌. പുറത്ത്‌ ഇരുളു വീണു തുടങ്ങിയിരുന്നു. ഓഫീസിൽ മിക്കവാറും ആളുകളെല്ലാം പോയിക്കഴിഞ്ഞു. ലോബ്ബിയിൽ ഒറ്റക്കിരിക്കുന്ന ഒരു പെൺകുട്ടി.


"എന്താ ഇവിടെ ഇരിക്കുന്നത്‌" ആന്റണി ചോദിച്ചു.


"ഞാൻ..എന്റെ ബസ്‌ പോയി.. ഒരു ടാക്സി വിളിച്ചിട്ട്‌ കാത്തിരിക്കുകയാണ്‌. അര മണിക്കൂറായി വിളിച്ചിട്ട്‌." വാക്കുകളിൽ നേരിയ വേവലാതി.


"ഈ നേരത്ത്‌ ടാക്സി വരാൻ പാടാണ്‌.കാറിനെന്തുപറ്റി?".


"ഞാൻ പുതിയതായി ജോയിൻ ചെയ്തേ ഉള്ളൂ. കാറൊന്നും ആയില്ല ഇതുവരെ."


"എവിടെയാണ്‌ താമസിക്കുന്നത്‌?" ആന്റണി ചോദിച്ചു.


ഗീത  സ്ഥലം പറഞ്ഞു; പോകുന്ന വഴിയിലുള്ള ഒരു ലേഡീസ്‌ ഹോസ്റ്റൽ.


"ഞാൻ വേണേൽ കൊണ്ടുവിടാം." ആന്റണി പറഞ്ഞു.


"അത്‌.. വേണ്ട.. ബുദ്ധിമുട്ടാവുല്ലേ"


"സാരല്ല്യ.. ഞാൻ പോകുന്ന വഴിക്കാണ്‌ ഹോസ്റ്റൽ. ടാക്സിക്കാരൻ ഇനി വരുമോ എന്നു പോലും പറയാൻ പറ്റില്ല"


ഗീത  ഒരു നിമിഷം ചിന്തിച്ചു. പിന്നെ കസേരയിൽ നിന്നും എണീറ്റു പതുക്കെ ആന്റണിയുടെ കൂടെ നടന്നു.


"കാറെല്ലാം ഡർട്ടിയാണ്‌". പാസഞ്ചർ സീറ്റിലെ മാഗസിൻസും പുസ്തകങ്ങളും പുറകിലെ സീറ്റിലേക്കെടുത്തു വച്ചു ആന്റണി ഗീതക്ക്‌ സ്ഥലം ആക്കി കൊടുത്തു.


"വലിയ വായനക്കാരനാണെന്നു തോന്നുന്നല്ലോ". കാറൽപം ഓടികഴിഞ്ഞപ്പൊൾ ഗീത  പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു. കാറിൽ വളർന്നുകൊണ്ടിരുന്ന അസുഖകരമായ മൗനം മുറിഞ്ഞു.


"പുസ്തകങ്ങൾ വാങ്ങുകയേയുള്ളൂ.. വായിക്കാനൊന്നും ഇപ്പൊ തീരെ സമയം കിട്ടാറില്ല. ഗീത  വായിക്കുന്ന കൂട്ടത്തിലാണോ?" പാട്ടിന്റെ ശബ്ദം കുറച്ചുകൊണ്ട്‌ ആന്റണി ചോദിച്ചു.


"ഹോസ്റ്റലിൽ എത്തിയാ പിന്നെ എന്താ പണി"?


"പുസ്തകം ഏതെങ്കിലും വേണമെങ്കിൽ എടുത്തൊളൂ .. വായിച്ചിട്ട്‌ തിരികെ തന്നാൽ മതി "  ഗീതയുടെ ഹോസ്റ്റലിന്റെ മുൻപിൽ കാർ നിർത്തുമ്പൊൾ ആന്റണി പറഞ്ഞു.


ഗീത  പുറകിലെ സീറ്റിൽ തിരിഞ്ഞു നോക്കി, ഒരു പുസ്തകം കയ്യിലെടുത്തു.


"പണ്ട്‌ വായിച്ചതാണ്‌. ഒന്നു കൂടി വായിക്കാം".


ആന്റണി കൗതുകത്തൊടെ   ഗീതയുടെ കയ്യിലേക്കു നോക്കി. ഭംഗിയുള്ള നീണ്ട വിരലുകൾകൊണ്ട്‌ ഗീത  പുസ്തകം നീട്ടികാട്ടി.


"കാഫ്ക വായിക്കുന്ന പെൺകുട്ടി?" ആന്റണി ഒരു കുസ്രുതിയോടെ ചോദിച്ചു.


"ദാറ്റ്‌ ഈസ്‌ സോ ഷൊവേണിസ്റ്റിക്‌ .. ആട്ടെ കാഫ്ക വായിക്കുന്ന എത്ര ആൺസുഹ്രുത്തുക്കളുണ്ട്‌ ആന്റണിക്ക്‌?"


"ഞാൻ ഒരു കണക്കെടുത്തിട്ട്‌ പിന്നെ അറിയിക്കാം" ആന്റണി ഒരു ചെറുചിരിയോടെ കൈ വീശികാട്ടി കാറ്‌ മുന്നൊട്ടെടുത്തു.


രണ്ട്‌ മൂന്ന്‌ ദിവസം കഴിഞ്ഞു ഗീത  പുസ്തകം തിരികെ കൊണ്ടു വന്നു. കൂട്ടത്തിൽ വർണകടലാസുകൾ കൊണ്ടു പൊതിഞ്ഞ ഒരു ചെറിയൊരു പാക്കറ്റും.


"ഇതെന്താ ഇത്‌" ആന്റണി ചോദിച്ചു.


"തുറന്നു നോക്കൂ .. എന്നെ സഹായിച്ചതിനുള്ള ഒരു ചെറിയ പ്രത്യുപകാരമാണ്‌"


ആന്റണി പാക്കറ്റ്‌ തുറന്നു നോക്കി. രണ്ടു ഗസ്സൽ സ്മാഹാരങ്ങൾ.


"ഇതെനിക്കാണോ? എങ്ങനെ മനസ്സിലായി ഞാൻ ഗസ്സൽ കേൾക്കുമെന്ന്?"


"അതിനാണോ പ്രയാസം? അന്നു കാറിൽ വലിയ ഉച്ചത്തിൽ ഗുലാം അലി പാടുന്നത്‌ ഞാൻ കേട്ടതല്ലേ"


"ഓ .അപ്പൊ ഡിറ്റെക്റ്റീവ്‌ വർക്കുമുണ്ടല്ലേ?" ആന്റണി ചോദിച്ചു. ഒപ്പം മനസ്സിലോർത്തു, എത്ര ചിരപരിചിതരേപോലെയാണ്‌ ഈ പെൺകുട്ടിയുമായി സംസാരിക്കാൻ സാധിക്കുന്ന്നത്‌.


ഗീത  അതെ എന്ന അർഥത്തിൽ തലയാട്ടി ഒന്നു ചിരിച്ചു. ചിരിക്കുമ്പോൾ വിടർന്നുവരുന്ന ചന്തമുള്ള നുണക്കുഴികൾ. അയാൾ അവളുടെ കണ്ണുകളിലേക്ക്‌ നോക്കി. നിറഞ്ഞു കവിയുന്ന ഉത്സാഹവും കുസ്രുതിത്തരവും കണ്ണുകൾ നിറയെ.


"എന്നാൽ പിന്നെ കാണാം." തിടുക്കത്തിൽ മുഖം വെട്ടിച്ചു അവൾ പറഞ്ഞു.


പിന്നെ ദിവസേന എപ്പൊഴെങ്കിലും ആന്റണി ഗീതയുടെ ക്യുബിലേക്കെത്തും. ഒന്ന്നു കാണാൻ, അൽപനേരം എന്തെങ്കിലും ഒന്നു മിണ്ടാൻ. എത്ര സംസാരിച്ചാലും വിഷയങ്ങൾക്ക്‌ യാതൊരു പഞ്ഞവുമില്ലായിരുന്നു. എത്ര പെട്ടെന്ന്‌ വളരെക്കാലം ഒരുമിച്ചു നടന്ന ബാല്യകാല സുഹ്രുത്തുക്കളെപോലെയായിരുന്നു രണ്ടുപേരും. ഒരു പക്ഷെ ഒരു പഴയ ജന്മത്തിലെ ആത്മസുഹ്രുത്തുക്കളായിരുന്നിരിക്കണം തങ്ങൾ രണ്ടുപേരും, ആന്റണി ഇടക്കോർക്കും.


ഗീതയുടെ ബർത്ത്ഡേക്ക്‌ ഡിന്നറിനു പോകാം എന്നു ആദ്യം പറഞ്ഞത്‌ ആന്റണിയാണ്‌. ആദ്യം ഗീത  എതിർത്ത്‌ ഓരോ ഒഴിവുകഴിവു പറഞ്ഞെങ്കിലും, അവസാനം ആന്റണിയുടെ നിരന്തരമായ സമ്മർദ്ദത്തിനുമുൻപിൽ അവൾ സമ്മതിക്കുകയായിരുന്നു. എട്ടുമണിക്കു മുൻപ്‌ ഹോസ്റ്റലിൽ എത്തിക്കാം എന്ന ഉറപ്പോടെ.


നഗരത്തിന്റെ മറുവശത്തുള്ള ഒരു റെസ്റ്റൊറെന്റ്‌ കണ്ടുപിടിച്ചതും ആന്റണിയാണ്‌. അവിടെയാകുമ്പം പിന്നെ പരിചയക്കാരാരും കാണാൻ വഴിയില്ല. തലേന്നെ പോയി ഗീതക്കുള്ള ഒരു സമ്മാനവും അയാൾ കരുതിയിരുന്നു. ഒരു ചുവന്ന പൂക്കളുള്ള നീളൻ ഡ്രസ്സ്‌.


വൈകിട്ട്‌ ജോലി കഴിഞ്ഞു് അൽപം വൈകി ഓഫീസിൽ നിന്നിറങ്ങി റെസ്റ്റോറെന്റിലേക്കുള്ള വഴിക്കാണ്‌ ഇപ്പൊ ആരോ ഒരാൾ പുറകെ പിന്തുടരുന്നത്‌.


"ഇനിയെന്തു ചെയ്യും?" ഗീത  പരിഭ്രമത്തോടെ ചോദിച്ചു." ഇവിടെ അടുത്തു കൂടി വേറെ ഒരു വഴിയുണ്ടല്ലോ. നമുക്കാ വഴിക്ക്‌ പോയാലോ?"


"അതു വെണ്ട" ആന്റണി പറഞ്ഞു. ആ വഴി കൂടുതലും റെസിഡെൻഷ്യൽ സ്ഥലങ്ങളാണ്‌. പരിചയമുള്ള പലരും താമസ്സിക്കുന്ന സ്ഥലം, ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി. ആന്റണി മനസ്സിലോർത്തു.


"ഞാൻ അടുത്ത സിഗ്നലിൽ വണ്ടി U-ടേൺ തിരിക്കാൻ പോകുകയാണ്‌. ഗീത  ഹോസ്റ്റലിലേക്ക്‌ തിരിച്ചു പൊയ്ക്കോളൂ. ഡിന്നർ പിന്നെ എപ്പൊഴെങ്കിലും ആകാം. പുറകേയുള്ളത്‌ ആരാ എന്താ എന്നറിയാതെ" ആന്റണി പറഞ്ഞു.


"ഞാൻ അതു തന്നെ പറയാൻ തുടങ്ങുകയായിരുന്നു" ആശ്വാസത്തൊടെ ഗീത പറഞ്ഞു.


ആന്റണി അടുത്ത സിഗ്നലിൽ വണ്ടി ഇടത്തെ ലെയിനിലേക്കെടുത്തു. സിഗ്നൽ പച്ചയായതും അയാൾ വണ്ടി U-ടേൺ എടുത്ത്‌ എതിർവ്വശത്തെക്കു തിരിച്ചു. തിരിച്ചുള്ള വഴിയിൽ കാറ്‌ പറക്കുകയായിരുന്നു.
ഗീതയെ ഹോസ്റ്റലിൽ ഇറക്കി, യാത്ര പോലും പറയാതെ ആന്റണി അതിവേഗം വണ്ടി വിട്ടു. ഒരു ചെറിയ വിറയലോടെയാണ്‌ അയാൾ റിയർവ്യ്യൂ മിററിൽ നോക്കികൊണ്ടിരുന്നത്‌.


വല്ല വിധേനേയും വീട്ടിലെത്തി, കാറ്‌ ഡ്രൈവ്‌വേയിലിട്ട്‌ വാതീൽ തള്ളിതുറന്നു അകത്തു കടന്നപ്പോഴാണ്‌ ശ്വാസം നേരേ വേണത്‌.


"നല്ല ആളാ.. മോന്‌ ചെറിയ ചൂട്‌. ഞാൻ എത്രവട്ടം വിളിച്ചു. എവിടെയായിരുന്നു ഇതുവരെ?" ഡോർ വലിച്ചടച്ച ശബ്ദം കേട്ട്‌ റോസ്‌ അടുക്കളയിൽ നിന്നും പുറത്തു വന്നു.


"അത്‌ ..അത്‌ .. ഓഫീസിൽ ഇച്ചിരെ തിരക്കായിരുന്നു" ആന്റണി വിക്കി വിക്കി പറഞ്ഞു.


"ഇതാ.." അയാൾ കയ്യിലുള്ള പൊതി, ഭാര്യയുടെ നേരേ നീട്ടി.


"എന്താ ഇതു?".


"തുറന്നു നോക്ക്‌"


"ഹായ്‌ .. അപ്പൊ ഇതായിരുന്നു തിരക്കല്ലേ? അതാ ഓഫീസിൽ വിളിച്ചിട്ട്‌ എടുക്കാതിരുന്നത്‌. എന്തായാലും സെലെക്ഷൻ ഒക്കെ പഠിച്ചു വരുന്നുണ്ട്‌"


ആന്റണി ജനൽകർട്ടൻ മാറ്റി പുറത്തേക്കു നോക്കി. വഴിവിളക്കുകൾ കത്തിതുടങ്ങുന്നു. മേലേ കൂടണയാൻ കൂട്ടം കൂടി പറന്നു മറയുന്ന ഒരു പറ്റം പക്ഷികൾ.


"എനിക്കിതു നല്ല പോലെ ചേരും. ദേ നോക്കിയേ.."


ആന്റണി അവൾ പറഞ്ഞത്‌` കേട്ടില്ല. അയാൾ ആലോചിക്കുകയായിരുന്നു, ആരായിരിക്കും, തന്നെ പിന്തുടർന്നത്‌?






Monday, November 28, 2011

ചെറിയ ചോർച്ചകൾ

പതിവുപോലെ അലാറം അടിച്ചു. അയാൾ കയ്യെത്തിച്ചു അലാറം ഓഫ്‌ ചെയ്തു കിടക്കയിൽ തന്നെ അല്പനേരം കൂടി ഇരുന്നു. ഇന്നിപ്പൊ അലാറം വെക്കേണ്ട കാര്യമില്ലായിരുന്നു. ചിട്ടകൾ തെറ്റിക്കേണ്ടെന്നു കരുതിയാണു തലേന്നു അലാറം വച്ചതു. എങ്കിലും എഴുന്നേല്ക്കാൻ ഒരു മടി.


അയാൾ കിടക്കയോടു ചേര്ർന്നുള്ള ജനലു തുറന്നു പുറത്തേക്കു നോക്കി. പാടത്തു നിന്നു് ഒരു തണുത്ത കാറ്റു മുറിയിലേക്കു കയറി വന്നു. മഞ്ഞിന്റെ നേരിയ ആവരണം പതുക്കെ മാറി തുടങ്ങുന്നതേയുള്ളൂ.


അന്ന്‌ ഈ ജനലിലൂടെ നേരേ നോക്കിയാൽ കാണുന്നത്‌ വടക്കെ മുറ്റത്തെ ചെമ്പക മരമായിരുന്നു. ഇന്നലത്തേതു പോലെയോര്ർക്കുന്നു. എസ്. എസ്. എൽ. സി പരീക്ഷാഫലം അറിഞ്ഞു പാടം കയറി വരുമ്പോൾ പതിവില്ലാത്തതു പോലെ അതു പൂത്തുലഞ്ഞു നിന്നിരുന്നത്. ചെറു ചില്ലകളിൽ ഇളകിയാടുന്ന ഇളം മഞ്ഞ പൂക്കൾ. നാലു പാടും ചെമ്പക പൂവിന്റെ വശ്യമായ നറുമണം. അമ്മയുടെയും അച്ചന്റേയും മുഖങ്ങൾ അന്നു അഭിമാനം കൊണ്ടു തുടുത്തു നിന്നിരുന്നു. അയാളുടെ ഓർമയിൽ പിന്നീടുള്ള വർഷങ്ങളിലൊന്നും ആ മരത്തിൽ അത്രയൊന്നും പൂക്കളുണ്ടായിട്ടില്ല, വർഷങ്ങൾക്കുമുൻപു വെട്ടി കളയുന്നതു വരെ. ചെമ്പകമരം നിന്നിടത്ത്‌ ഇപ്പൊ നിറയെ കമ്മുണിസ്റ്റ് പച്ചയാണ്‌. അവിടെയെല്ലാം ഒന്നു വെട്ടി മോടി പിടിപ്പിച്ചു കുറച്ചു ചെടികളെന്തെങ്കിലും വയ്ക്കണം. അയാൾ മനസ്സിൽ വിചാരിച്ചു.

“നീ ഇന്നു പോണില്ലേ” അകത്തു നിന്നും അമ്മയുടെ ചോദ്യം. അമ്മ ഇന്നു നേരത്തെ എണീറ്റെന്ന്‌ തോന്നുന്നു. അയാളുടെ അനക്കമൊന്നും കേൾക്കാത്തതു കൊണ്ട്‌ അമ്മ ചോദിച്ചതായിരിക്കും. അല്ലെങ്കിൽ അയാളുടെ പ്രഭാതത്തിലെ കാര്യങ്ങളെല്ലാം ഒരു ക്ലോക്കിന്റെ സൂചി പോലെ കിറുക്രുത്യമായിരുന്നു. ആറരക്കെഴുന്നേല്ക്കുന്നു. ഏഴു വരെ പ്രഭാത പരിപാടികൾ. ഏഴു മുതൽ എട്ടു വരെ പാടത്തേക്കൊരു പോക്കു്. എട്ടു മുതൽ അര മണിക്കൂർ പത്ര വായന. എട്ടരക്കു സ്കൂളിലേക്കിറങ്ങും. ഇടക്കു ഒരു പതിനഞ്ജു മിനിറ്റ്‌ കവലയിൽ ഒരു ചായകുടി. പാടം കയറിയിറങ്ങിയാൽ സ്കൂളിലേക്ക്‌ പത്തു മിനിറ്റ് നടത്തം മതി. ഒൻപതു മണിക്കെ സ്കൂളിൽ ഹാജരായിരിക്കും അയാൾ. എത്ര വർഷങ്ങളായുള്ള ചിട്ടയാണ്‌. അവധി ദിവസങ്ങളിൽ പോലും അയാൾ രാവിലത്തെ കാര്യങ്ങൾ തെറ്റിക്കാറില്ല. തനിക്കു ചിട്ടയുണ്ടെങ്കിൽ മാത്രമെ കുട്ടികളെ അതു പഠിപ്പിക്കാൻ പറ്റൂ എന്നതായിരുന്നു അയാളുടെ വിശ്വാസം. അടുക്കും ചിട്ടയുമുള്ള ജീവിതത്തിനേ ഉയർച്ചയുണ്ടാകൂ എന്നു കുട്ടികളെ വീണ്ടും വീണ്ടും അയാൾ ഓർമിപ്പിക്കാറുണ്ടായിരുന്നു.


“നീ എണീറ്റോ?” അമ്മയുടെ ചോദ്യം വീണ്ടും.

“ആ..” അയാൾ ഒന്നു മൂളി. ഇന്നു സ്കൂളിൽ ആർട്സ് ഫെസ്റ്റിവലാണ്‌, അതുകൊണ്ട്‌ ഇത്തിരി വൈകി ചെന്നാലും കുഴപ്പമില്ല. ഹെഡ്‌ മാസ്റ്ററോട്‌ ഇന്നലെയേ സൂചിപ്പിച്ചിട്ടൂണ്ട്‌. ഇതിപ്പൊ എത്ത്രാമത്തെ ഫെസ്റ്റിവലാ? ഇപ്പൊ അയാൾക്കിതിലൊന്നും ഒരു പുതുമയും തോന്നാറില്ല. കുട്ടികളൂടെ സ്ഥിരം പ്രച്ചന്ന വേഷങ്ങളും സ്ഥിരം ഡൻസ് നംബറുകളും. ഇനി ഒരു പതിനാലു വർഷം കൂടി. അയാൾ മനസ്സിൽ കണക്കു കൂട്ടി.

“മോനേ .. നീ ആ തോമാച്ചനോട്‌ പറഞ്ഞൊ, ഒന്നു വരാൻ? ഇപ്പൊ ലീക്ക്‌ കൂടി കൂടി വരായി. എപ്പഴും എപ്പഴും ആ ബക്കറ്റ്‌ മാറ്റണം.” അമ്മ പറഞ്ഞു.

അടുക്കളയോടു ചേര്ർന്നുള്ള വാഷ് ബേസിനിൽ മൂന്നു നാലു ദിവസമായി ചെറിയ ചോർച്ച. ആദ്യം വല്ലപ്പൊഴും ഓരോ തുള്ളികളായിരുന്നു. അമ്മ ആദ്യം അയാളുടെ പഴയ ടിഫിൻ കാര്യർ കൊണ്ട്‌ താഴെ വച്ചു. ഇപ്പൊ അതിലൊന്നും നിക്കാത്തതു കൊണ്ട്‌ ഇന്നലെ മുതൽ ഒരു ബക്കറ്റിലേക്കാണ്‌ വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്‌. ഇപ്പൊ ഇടക്കിടെ അതും നിറയും.

“അവനിന്നു വരും അമ്മേ.. അവൻ വന്നിട്ടേ ഞാനിന്നു പോകുന്നുള്ളൂ.” അയാൾ വിളിച്ചു പറഞ്ഞു.

തോമാച്ചൻ അയാളുടെ പഴയ ചങ്ങാതിയാണ്‌. അധികം പഠിച്ചിട്ടൊന്നുമില്ല. പക്ഷെ നാട്ടിൽ എല്ലാ തട്ടു മുട്ടു പണികൾക്കും അവൻ വേണം. പ്ലംബിങ്ങ്,എലെക്റ്റ്രിക്, വയറിങ്ങ്, മോട്ടോർ മെക്കാനിക് എന്നു വേണ്ട അവനു പരിചയമില്ലാത്ത പണിയില്ല. അതു കൊണ്ടു തന്നെ എപ്പോഴും തിരക്കാണ്‌. എന്നാലും തന്നൊട്‌ ചെറിയ ഒരു മമതയുണ്ട്‌. വിളിച്ചാൽ എങ്ങനെയെങ്കിലും ഓടിയെത്തും. എപ്പൊ വന്നാലും അവന്റെ കുറെ ഉപദേശം കേൾക്കണം. അതു മാത്രമാണ്‌ കുഴപ്പം. ഒരു കണക്കിന്‌ തന്നോട്‌ അല്പം അടുത്തിടപെടുന്ന ചുരുക്കം പേരിൽ ഒരാളാണ്‌ തോമാച്ചൻ. ഇന്നിപ്പൊ എന്താണാവോ പുതിയ ഉപദേശങ്ങൾ?

കഴിഞ്ഞ വട്ടം കിണറ്റിങ്കരയ്‌ലെ പമ്പു നോക്കാൻ വന്നപ്പൊ കുറ്റം മുഴുവൻ പെണ്ണു കെട്ടാത്തതിനേയും പുറത്തോട്ടൊന്നും പോകാത്തതിനെയും പറ്റിയായിരുന്നു.

മോട്ടോർ അഴിച്ചെടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

“എടാ നീ എത്ര കാലം എന്നു വച്ചാ സ്കൂൾ, വീട്‌, വീട്‌ സ്കൂൾ ഇങ്ങനെ നടക്കാ? നീ നടന്ന്‌ നടന്ന്‌ ആ പാട വരമ്പു മുഴുവൻ തേഞ്ഞു പോവും. ജീവിതായാല്‌ എന്തേലും ഒരു മറ്റോം അനക്കോം ഒക്കെ വേണ്ടേ?”

“എന്തു മാറ്റാ വെണ്ടത്‌” അയാൾ ചോദിച്ചു.

“ഞാൻ നിന്റെ അത്രം പഠിച്ചിട്ടുണ്ടായിരുന്നേ എന്നേ എവിടെയോ എത്തിപോയേനെ? അല്ല ഇത്ര കാലം ഇവിടെ ഇങ്ങനെ കിടന്നിട്ട്‌ നീ എന്തു നേടി?”

“മനസുഖം!” അയാൾ പറഞ്ഞു.

“മണ്ണാങ്കട്ട..”.

“എവിടെ പോയാലും ഇവിടെ കിടക്കുന്ന അത്ര സുഖം കിട്ടോ തോമാസേ?” അയാൾ ഒരു മറുചൊദ്യം ചോദിച്ചു.

“സുഖൊ.. കാശ് എവിടെയുണ്ടൊ അവിടെയാണ്‌ സുഖം. നീ ആ സുകുവിനെ കാണ്ടൊ കഴിഞ്ഞ മാസം വന്നെക്ക്ണേ. കാശെത്ത്രാ ചെക്കൻ കൊണ്ടന്നേക്കണേ. വിസേടേ പരിപാടീണ്ട്‌ അവനു. നീ ഒരു വാക്ക്‌ പറഞ്ഞാ മതി. നീ പഠിപ്പിച്ചു വിട്ട ചെക്കനല്ലേ ... ഇനിയിപ്പൊ നിനക്ക്‌ വയ്യേ വേണേ ഞാൻ പറയാം”.

തോമാച്ചൻ പറഞ്ഞത്‌ നേരാ. പണ്ടു അവനെ പഠിപ്പിച്ചിട്ടുള്ളതാ. ഒരു വകയും പഠിക്കില്ലായിരുന്നു. എങ്ങനെയോ പുറത്തു കടന്നു. ഇപ്പൊ നല്ല കാശാണെന്നാ പറയണേ. സുകു കാണാൻ വന്നപ്പൊ പറഞ്ഞ കാര്യം അയാൾ മനസ്സിലോർത്തു.

“എന്റെ മാഷേ.. മാഷിന്റെയൊക്കെ ഒരു ഭാഗ്യം. ഒന്നും അല്ലെലും സ്വന്തം നാട്ടിൽ കിടക്കാലോ.. ഇതു അറബീടെ ആട്ടും കേക്കണം.. തല പൊളിക്കണ വെയിലേ പണിയേം വേണം. രണ്ടു മൂന്നു കൊല്ലം കൂടുമ്മെ ഇവിടെയൊന്നു വരുമ്പഴാ മനസ്സിനൊരു സുഖം കിട്ടണേ”

“ഞാൻ പോയാ പിന്നെ അമ്മയെ ആരു നോക്കും.. നീ പറഞ്ഞെ”. സുകു പറഞ്ഞത് പറഞ്ഞ്‌ തോമാച്ചനെ മുഷിപ്പിക്കണ്ട എന്നു കരുതി അയാൾ ചോദിച്ചു.

“ആ അതല്ലെ ഞാൻ നിന്നൊട്‌ എത്രാ നാളായി ഒരു പേണ്ണു കെട്ടാൻ പറയണേ.. നീ അടുക്കാഞ്ഞിട്ടില്ലെ.. അല്ലേ പൊന്നുകുടം പോലെയുള്ള പിള്ളേരെ ഞാൻ കൊണ്ടു വന്നേനെ. ഇനി അതു വയ്യെ അമ്മ കുറച്ചു നാള്‌ പെങ്ങന്മാരുടെ അടുത്തു നില്ക്കട്ടെ”

“നിനക്കീ പണീണ്ടൊ?... ഏതായാലും നിന്റെ പോന്നുകുടം അവിടെ തന്നെ ഇരുന്നോട്ടേ.. എന്നെ വെറുതെ വിട്ടേരേ”.

“എടാ.. എല്ലാത്തിനും ഓരോ നേരൊം കാലോം ഉണ്ട്‌. അതു കഴിഞ്ഞാ പിന്നെ ഒന്നും നടക്കില്ല.” തോമാച്ചന്റെ സ്വരം സീരിയസായി.

“ഊം...” അയാളൊന്നു മൂളി. എന്തേ ഇങ്ങനെയായി പോയി?.കല്യാണം കഴിക്കരുതൊന്നും ഒരിക്കലും വാശി പിടിച്ചിരുന്നില്ല. അച്ചന്റെ അകാലത്തിലുള്ള മരണവും, പെങ്ങന്മാരെ കെട്ടിച്ചയക്കാനുള്ള ഓട്ടവും എല്ലാം കൂടി സമയം എങ്ങനെയോ പോയി. ഇനിയിപ്പൊ ഒത്തിരി വൈകിയ മട്ടായി. ഈ പ്രായത്തിലൊരു കല്ല്യാണം.... ആളുകൾ എന്തു പറയും.

“ഈ പാടോം വരമ്പും സ്കൂളും എല്ലം വിട്ട്‌ അതിന്റപ്രോം ഉണ്ടൊരു ലോകം. ഇപ്പൊ ആണേ അമ്മക്ക്‌ വല്ല്യ കുഴപ്പോന്നുല്ല. നിനക്കൊരു രണ്ട്‌ വർഷം ലീവെടുത്ത് പോയി കുറച്ച്‌ കാശാക്കീട്ടു വരാം”.

“ഞാനൊന്ന്‌ ആലോചിക്കട്ടേ...” അയാൾ പറഞ്ഞു.

“ഇതു നിന്റെ സ്ഥിരം ഡയലോഗല്ലേ..ആലോചിച്ചൊ.. ആലോചിച്ചൊ... സമയം അങ്ങട്‌ പോവൂട്ടൊ”. തോമാച്ചൻ പറഞ്ഞു നിർത്തി.

ഇന്നിനിയിപ്പൊ അവന്റെ ഡയലോഗുകളുടെ ബാക്കി കേൾക്കേണ്ടി വരും അയാൾ മനസ്സിലോർത്തു.സുകുവിനോട്‌ പറയേണ്ട കാര്യത്തേക്കുറിച്ചു് ഒരു മറുപടിയും കൊടുക്കേണ്ടി വരും.

അയാൾ അടുക്കളയിലേക്കു നടന്നു, വാഷ് ബാസിനിലെ റ്റാപ് തുറന്നു. തണുത്ത വെള്ളം രണ്ടു കൈ കൊണ്ടും പിടിച്ചു മുഖത്തേക്കൊഴിച്ചു. പടിഞ്ഞാറെ മുറ്റത്തെ കിണറിന്റെ, കാലങ്ങളുടെ പഴക്കമുള്ള, പരിചിതമായ നീരുറവ അയാളിൽ ഒരു കുളിരു കോരിയിട്ടു.

അടിയിൽ വാഷ് ബേസിനു കീഴെ സെക്കന്റിലൊന്നെന്ന കണക്ക്‌ വെള്ളതുള്ളികൾ താഴേക്കു വീണുകൊണ്ടിരുന്നു.

Friday, January 28, 2011

ആത്മാക്കളുടെ യാത്ര

പാലക്കാട്ട്ന്നും ഇറങ്ങുമ്പോഴേക്കും നേരം ഒത്തിരി വൈകിയിരുന്നു. ഇനി ബസ്‌ കാത്തു നിന്നാല്‍ വൈകും എന്നു കരുതി അയാള്‍ ത്രിശൂറ്‍ സ്റ്റാന്‍ഡിലിറങ്ങി ഒരോട്ടൊ പിടിച്ചു. എന്നിട്ടു തന്നെ എത്തുമ്പോഴേക്കും സന്ദര്‍ശകസമയം കഴിയാറായിരുന്നു. റിസപ്ഷനിലെ കന്യാസ്ത്രീ തറപ്പിച്ചൊന്നു നോക്കി, ഇപ്പോഴാണോ വരാറായത്‌ എന്നറ്‍ഥത്തില്‍. അവറ്‍ക്കു മുന്നിലെ പൂപാത്രത്തില്‍ രാവിലെ വച്ച റോസാപൂക്കള്‍ വാടിയിരുന്നു. ഡെറ്റോളിണ്റ്റേയും, മരുന്നുകളുടേയും ഗന്ധം മൂക്കിലേക്കടിച്ചുവന്നു. സന്ദര്‍ശകരൊഴിഞ്ഞ നീണ്ട ഇടനാഴിയിലൂടെ നടന്ന്‌ എത്തുമ്പോഴെക്കും അയാള്‍ കിതച്ചുപോയി. ചാരിയിട്ടിരിക്കുന്ന വാതില്‍ക്കല്‍ ഒരു നിമിഷം നിന്നു, എന്തു പറയണം എന്നു ഒരാവറ്‍ത്തി കൂടി ചിന്തിച്ചു, എന്നിട്ടു വാതിലില്‍ പതിയെ മുട്ടി.

"എന്താ ഇത്ര വൈകിയത്‌? ഇത്ര നേരം കാണാതായപ്പം ഞാന്‍ കരുതി ഇന്നിനി വരില്ലെന്ന്" വാതില്‍ തുറന്നുകൊണ്ട്‌ ചേട്ടത്തി പറഞ്ഞു.

"വൈകിപ്പോയി" പ്രത്യേകിച്ചു കാരണം ഒന്നുമില്ലാത്തതുകൊണ്ട്‌ അയാള്‍ വെറുതെ പറഞ്ഞു.

ചേട്ടന്‍ തല ചെരിച്ചൊന്നു നോക്കി. തലക്കുമീതെ തൂങ്ങിയിരുന്ന റ്റുബുകള്‍ പതുക്കെ ഒന്നിളകി.

"ഇപ്പൊ എങ്ങനെയുണ്ട്‌" എന്തു പറയണം എന്നോറ്‍ത്തിരുന്നതെല്ലാം മറന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു.

ചേട്ടന്‍ ഒന്നു കണ്ണടച്ചു കാണിച്ചു. അതിണ്റ്റെ അറ്‍ഥം അയാള്‍ക്കു മനസ്സിലായതുമില്ല.

അയാളുടെ പ്രശ്നം ഇതായിരുന്നു. രോഗികളുമായി സംസാരിക്കാന്‍ അയാള്‍ക്കറിയില്ല. കഴിഞ്ഞ വട്ടം ഭാര്യയോടൊത്തു വരുമ്പോഴും അവളാണ്‌ സംസാരിച്ചതു മുഴുവന്‍. ചെട്ടനോട്‌ അയാള്‍ എന്തൊ ഒന്നു മാത്രം മിണ്ടി. പിന്നെ അടുത്ത ബെഡിലെ രോഗിയെ കാണാന്‍ വന്ന ബന്ധുവിനോടായിരുന്നു അയാളുടെ സംസാരം മുഴുവന്‍.

"അവര്‌ ഇന്നലെ പോയി" അയാള്‍ അടുത്ത കട്ടിലിലേക്ക്‌ നോക്കുന്ന കണ്ട്‌ ചേട്ടത്തി പറഞ്ഞു.

ഈ വാറ്‍ഡുകളില്‍ നിന്നും പേരു വെട്ടി പോകുന്നത്‌ എങ്ങോട്ടാണെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല.

"ഞാന്‍ എന്തെങ്കിലും വാങ്ങികൊണ്ടു വരണോ? ബസ്‌ സ്റ്റാന്‍ഡില്‍ ഒന്നിനും നേരം കിട്ടിയില്ല" അയാള്‍ ചേട്ടത്തിയോടു ചോദിച്ചു.

"ഒന്നും വേണ്ട. ഇന്നലെ മുതല്‍ കഞ്ഞിവെള്ളം മാത്രമെ കഴിക്കുന്നുള്ളൂ. അതും ഇറക്കാന്‍ വല്യ പാടായിത്തുടങ്ങി. അതാ ഞാന്‍ വിളിച്ചു പറഞ്ഞത്‌"

"ഞാന്‍ നേരത്തെ എത്തിയേനേ. അവള്‍ക്കു ഹോസ്റ്റലിലേക്ക്‌ അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ റ്റൌണ്‍ വരെ പോയി"

അവസാന ഭാഗം അയാള്‍ ചേട്ടണ്റ്റെ നേരെ നോക്കിയാണ്‌ പറഞ്ഞത്‌. ഈ ബുദ്തിമുട്ടുകളൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ തന്നെ എപ്പോഴും ഉണ്ടായേനെ എന്ന മട്ടില്‍.

ചേട്ടന്‍ വിധി ഏറ്റുവാങ്ങുന്ന നിറ്‍വികാരതയോടെ മുകളിലേക്കു നോക്കികിടന്നു. ഒരു നിമിഷം അയാള്‍ക്ക്‌ ചേട്ടണ്റ്റെ കൈ പിടിച്ചു്‌ ആശ്വസിപ്പിക്കണം എന്നു തോന്നി.

വറ്‍ഷങ്ങള്‍ക്കു മുന്‍പു ചേട്ടനായിരുന്നു എന്നും അയാളുടെ താങ്ങ്‌. ഒന്നം ക്ളാസ്സില്‍ പോകാന്‍ നേരത്ത്‌ പേടിച്ചു വാവിട്ട്‌ കരഞ്ഞ അയാളെ ആശ്വസിപ്പിക്കാനായി രണ്ടാം ക്ലാസ്സിലേക്ക്‌ ജയിച്ചു പോയ ചെട്ടനെ ഒരു വറ്‍ഷം കൂടി ഒന്നാം ക്ളാസില്‍ തന്നെ ഇരുത്തി. ചെട്ടന്‍ മറുത്തൊന്നും പറയാതെ ഒരു വറ്‍ഷം കൂടി ഒന്നില്‍ തന്നെ ഇരുന്നു. സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ കൈതയോലകള്‍ വകഞ്ഞു മാറ്റി തന്നു മുന്‍പേ നടന്നത്‌ എന്നു ചേട്ടനായിരുന്നു. ചേട്ടണ്റ്റെ കൈ പിടിച്ചു നടന്നാല്‍ ഒരു സുരക്ഷയായിരുന്നു അന്ന്‌.

കാലങ്ങള്‍ക്കു ശേഷവും ചേട്ടനൊടുള്ള അടുപ്പത്തിനു കുറവൊന്നും വന്നിട്ടില്ല. പക്ഷെ എന്നും ഒരകലത്തു നിന്നുതന്നെ അയാള്‍ ചേട്ടനെ നോക്കികണ്ടു. പ്റായത്തില്‍ ഒന്നൊന്നര വറ്‍ഷത്തെ വ്യത്യാസമെയുള്ളെങ്കിലും അതില്‍ കവിഞ്ഞ ബഹുമാനത്തൊടെയേ അയാള്‍ ചേട്ടനുമായി ഇടപഴകിയിട്ടുള്ളൂ.

നിറ്‍ജീവമായികിടക്കുന്ന ഈ കൈകള്‍ പിടിച്ചു അവസാനമായി ഒരു വട്ടം പഴയ കാലത്തിണ്റ്റെ ഓറ്‍മകള്‍ക്ക്‌ നന്ദി പറയണം എന്നുണ്ടായിരുന്നു അയാള്‍ക്ക്‌. ഇനി ഒരു പക്ഷെ അതിനവസരം കിട്ടില്ലെന്നും അയാള്‍ക്കു തോന്നി. ഒരു പക്ഷെ ചേട്ടത്തി ഇല്ലായിരുന്നെങ്കില്‍ അയാള്‍ അതു ചെയ്തേനേ.

പക്ഷെ ഒടുവില്‍ എന്തു ചെയ്യണം എന്നറിയാതെ അയാള്‍ ഒരു ഓറഞ്ജ്‌ എടുത്തെ തൊലി കളയാന്‍ തുടങ്ങി.

****

ഒരു പാണ്ടി ലോറി കയറി നഷണല്‍ ഹൈവെ ജങ്ക്ഷനില്‍ വന്നിറങ്ങുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഓട്ടൊ സ്റ്റാണ്റ്റ്‌ ശൂന്യമായി കിടന്നു. ഏകദേശം ഒരു മൂന്നു മൈലോളം നടക്കണം, അയാള്‍ ഓട്ടൊ കാത്തു നില്‍ക്കാതെ നടക്കാന്‍ തീരുമാനിച്ചു.

പാതി ചന്ദ്രന്‍ വഴിയില്‍ മുഴുവന്‍ നിഴലു വീഴ്ത്തി കിടന്നു. നേരിയ കോടമഞ്ഞു ഒരു പുകമറ പോലെയും. ഇടവഴിത്തോട്‌ കടന്നപ്പൊഴാണ്‌ അയാള്‍ക്ക്‌ മനസ്സിലായത്‌ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന്‌. മനസ്സു മുഴുവന്‍ വൈകിട്ടത്തെയും രാത്രിയിലേയും സംഭവങ്ങള്‍ നിറഞ്ഞു നിന്നു. രാത്രി അവിടെ കിടന്നു പിറ്റേന്ന്‌ പോയാല്‍ മതി എന്നു ചേട്ടത്തി നിറ്‍ബന്ധിച്ചതാണ്‌. ഒരോട്ടൊയൊ അല്ലെങ്കില്‍ ആരെങ്കിലും കൂട്ടിനെങ്കിലും കിട്ടുമെന്നാണ്‌ കരുതിയത്‌. ഇതിപ്പൊ ഒറ്റക്ക്‌; ചിതറിവീണൂ കിടക്കുന്ന നിലാവിണ്റ്റെ നിഴലുകള്‍ അയാളില്‍ ചെറിയ ഭയം തോന്നിപ്പിച്ചു.

പണ്ടു കുഞ്ഞുന്നാളില്‍ കേട്ട കഥയായിരുന്നു. അയാളുടെ മുത്തച്ചണ്റ്റെ അനിയനെ പറ്റി. നാടൂ മുഴുവന്‍ വിറപ്പിച്ചിരുന്ന ചട്ടമ്പിയായിരുന്നു പുള്ളി. അസാമാന്യ ധൈര്യശാലി. ഇതുപോലൊരു രാത്രി എവിടെയോപോയി വരികയായിരുന്നു ഒറ്റക്ക്‌. കുറ്റാകുട്ടിരുട്ട്‌. അല്‍പനേരം കഴിഞ്ഞപ്പൊഴേക്കും കയ്യിലിരുന്ന ചൂട്ട്‌ കെട്ടുപോയി.പിന്നെ തപ്പി തപ്പിയായി നടത്തം. അപ്പോഴുണ്ടതാ കുറച്ചു മുന്നിലായി പോവുന്നു ആരോ. മുത്തചന്‍ ഒരു കൂട്ടു കിട്ടിയ സന്തോഷത്തില്‍ ഒന്നു കൂക്കി വിളിച്ചു. പൂൊയ്‌.

മുന്‍പിലുള്ള ആള്‍ കേള്‍ക്കാത്ത മട്ടില്‍ ഒരേ നടത്തം. മുത്തച്ചന്‍ നടത്തിനു അല്‍പം വേഗം കൂട്ടി. അപ്പോഴുണ്ട്‌ മുന്നിലൂള്ള ആളും വേഗം കൂട്ടി. മുത്തച്ചന്‍ പിന്നാലെ വിളിച്ചുകൊണ്ട്‌ വീണ്ടും. അല്‍പനേരം രണ്ടൂപേരും ഒരേ ദൂരത്തില്‍ ഒരേ നടത്തം തുടറ്‍ന്നു. മുന്‍പിലെ ആള്‍ തിരിഞ്ഞു പോലും നൊക്കാതെ പോവുകയാണ്‌. മുത്തച്ചന്‌ അരിശം കൂടി വന്നു.

ഇരുണ്ടു കിടക്കുന്ന റബ്ബറ്‍ മരങ്ങളുടെ ഇടയിലൂടെ പള്ളിയിലേക്കുള്ള വഴിയും കഴിഞ്ഞു സഹയാത്രികന്‍ സെമിതേരിമുക്കിലേക്കുള്ള വഴിയിലേക്ക്‌ തിരിഞ്ഞപ്പൊഴാണ്‌ മുത്തച്ചന്‌ കാര്യങ്ങളുടെ ഗൌരവം മനസ്സിലായത്‌; കൂടെ നടക്കുന്ന ആള്‍ സാധാരണ ആളല്ലെന്ന കാര്യവും! വായില്‍ വന്ന അഞ്ചാറു മുട്ടന്‍ തെറി ഉറക്കെ വിളിച്ചു പറഞ്ഞു മുത്തച്ചന്‍ വടക്കോട്ട്‌ നടന്നു; ഒരു പുകചുരുള്‍ അലിയുന്നതുപോലെ കൂടെ വന്ന ആള്‍ കിഴക്കോട്ടും.

പിറ്റേന്ന്‌ ചായക്കടയിലിരുന്ന്‌ സാധാരണ മട്ടില്‍, തലേന്നത്തെ സംഭവം വിവരിക്കുമ്പോള്‍ എല്ലാരും അതിശയത്തോടെ മൂക്കത്ത്‌ വിരല്‍ വച്ചു. പലരും മുത്തച്ചണ്റ്റെ അടുത്തു വന്നു തൊട്ടു നോക്കി, പനിയുണ്ടൊ എന്നറിയാന്‍. പ്റേതങ്ങളെ കണ്ടു പനിച്ചാല്‍ മരണം ഉറപ്പാണത്രെ. മുത്തച്ചന്‍ പനിച്ചില്ലെന്നു മാത്രമല്ല, പിറ്റേന്ന്‌ അതെ നേരത്ത്‌ ചൂട്ടും കത്തിച്ചു സെമിതേരിമുക്കു വരെ പോയിനോക്കി. അവനെ വീണ്ടും കണ്ടാല്‍ രണ്ടൂ കൊടുക്കാന്‍!

ഇപ്പൊ ഈ കഥ ഓറ്‍ത്തതില്‍ അയാള്‍ക്കരിശം തോന്നി. കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നറിയാതെ മൂത്തവറ്‍ എന്തെങ്കിലും പറയും, കുട്ടികളാവട്ടെ ജീവിതകാലം മുഴുവന്‍ അതൊരു ഭാരമായി കൊണ്ടുനടക്കും, പ്റത്യേകിച്‌ ആത്മാക്കളുടെ കഥകള്‍.


മുത്തച്ചണ്റ്റെ കഥയില്‍ എന്തു മാത്രം സത്യമുണ്ട്‌, ആറ്‍ക്കറിയം?

പക്ഷെ അമ്മ എപ്പൊഴും പറയാറുണ്ടായിരുന്നു. 'അവരെപ്പോഴും നമ്മുടെ ഇടയില്‍ തന്നെ കാണും, പോയാലും.നമുക്കവരെ കാണാനാവില്ലെന്നു മാത്രം'.

ഈ രാത്രി ചേട്ടന്‍ പോയാലും, ഇനി എന്നെങ്കിലും കാണുമോ, ഏതെങ്കിലും ഇരുണ്ട രാത്രികളില്‍ അയാള്‍ക്കു കൂട്ടായി വഴിനടക്കാന്‍?

അയാളുടെ ഭയം മാറിതുടങ്ങിയിരുന്നു.

നിലാവും ഇരുളും വീണ റബ്ബറ്‍ മരങ്ങളുടെ ഇടവഴിത്താരയിലേക്കു മുഖമുയറ്‍ത്തി നോക്കുമ്പോഴെക്കും മുന്‍പേ പോകുന്ന ആത്മാക്കളുടെ ഘോഷയാത്ര കാണാറായി, അയാള്‍ക്ക്‌. മഷിത്തണ്ടൂം മയില്‍പീലിയുമായി നടന്ന കുഞ്ഞുന്നാളിണ്റ്റെ കൌതുകത്തോടെ അയാള്‍ അവറ്‍ക്കു പിന്‍പേ നടന്നു.

Sunday, November 7, 2010

തണല്‍ മരങ്ങള്‍

വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കവധിക്കു വന്നതായിരുന്നു അയാള്‍. അതില്‍ തട്ടി കൂട്ടി ഒരു ദിവസം ഒപ്പിച്ചു പഴയൊരു സുഹ്രുത്തുമായി ഒരു നൂണ്‍ഷോക്ക്‌ മേനകയിലേക്ക്‌ ഓടുമ്പോഴാണ്‌ ആ കാഴ്ച കണ്ട്‌ അയാളുടെ മനസ്സൊന്നു കൊളുത്തി വലിച്ചത്‌.

മാറ്‍ക്കറ്റ്‌ റോഡിലേക്ക്‌ തിരിയുന്നതിണ്റ്റെ അപ്പുറത്ത്‌ കോണ്‍ക്രീറ്റ്‌ തറയില്‍ തണലില്ലാത്ത വിളക്കു മരത്തിണ്റ്റെ കീഴില്‍ കൈ നീട്ടി ദൈന്യതയോടെ ഇരിക്കുന്ന പേണ്‍കുട്ടി. കയ്യില്‍, മേലെ കത്തി നില്‍ക്കുന്ന സൂര്യണ്റ്റെ ചൂടുകൊണ്ടു തളറ്‍ന്നുറങ്ങുന്ന ഒരു കൊച്ചാണ്‍കുട്ടിയും. എരിവെയില്‍ കൊണ്ടു കൊണ്ടു കരുവാളിച്ച മുഖങ്ങള്‍. മുന്‍പില്‍ വിരിച്ചിട്ടിരിക്കുന്ന പഴയ കീറതുണിയില്‍ ഒറ്റയും തെറ്റയുമായി തിളങ്ങുന്ന കുറെ നാണയങ്ങള്‍.

നിറ്‍ത്താതെ ഒഴുകികൊണ്ടിരിക്കുന്ന ജനക്കൂട്ടങ്ങള്‍ക്കു നടുവില്‍ അയാല്‍ ഒരു നിമിഷം ഒന്നു നിന്നു. പെണ്‍കുട്ടി പ്രതീക്ഷയോടെ അയാളെ നോക്കി.

കടലുകള്‍ക്കപ്പുറത്ത്‌ സ്വന്തം കുഞ്ഞുങ്ങളെ പറ്റിയാണ്‌ അയാളോറ്‍ത്തത്‌. മോളുസ്കൂളിലായിരിക്കും ഈ സമയത്ത്‌. സ്കൂളവധിയായിട്ടില്ലത്തതിനാല്‍ ഇപ്പ്രാവശ്യം കൂടെ പോരാന്‍ കഴിഞ്ഞില്ല.കുഞ്ഞുമോന്‍ എന്തു ചെയ്യുകയായിരിക്കു? ഒരു പക്ഷെ ആയയുടെ അരികില്‍ ഉറക്കത്തിലായിരിക്കും.

എന്തു പ്രായം കാണും ഈ കുട്ടിക്ക്‌? ഏറിയാല്‍ മോളേക്കാളും ഒന്നൊ രണ്ടൊ വയസ്സു കുറവായിരിക്കും. അയാളുടെ മനസ്സു പിടഞ്ഞു. ഈ പൊരിവെയിലത്തിരിക്കാന്‍ ഈ കുട്ടി എന്തു തെറ്റു ചെയ്തു? അതേ സമയം മോള്‌ കരകാണാകടലിനക്കരെ ഈ നേരത്ത്‌ എ സി യുള്ള ക്ളാസ്സ്‌റൂമിലിരുന്ന്‌ വെള്ളാരം കണ്ണുകളുള്ള കുട്ടികളുമൊത്ത്‌ പഠിക്കാന്‍ എന്തു പുണ്യവും? ആറ്‍ക്കറിയാം കറ്‍മഫലങ്ങളുടെ നൂലാമാലകളും ജന്‍മദോഷങ്ങളുടെ ഊരാകുടുക്കുകളും?

അയാള്‍ പോക്കറ്റില്‍ കയ്യിട്ടു ഒരു നൂറുരൂപ നൊട്ടെടുത്തു.

"നീ എന്തുട്ടാ കാട്ടെണേ? " സുഹ്രുത്ത്‌ ചോദിച്ചു? "നൂറു രൂപ കൊട്ക്കേ? ദേ അതിണ്റ്റെ തന്ത ഇവിടെ എവിടെങ്കിലും കാണും. ഈ കാശു കണ്ടാ ഇപ്പൊ തന്നെ അത്‌ ബാറിലെത്തും"

സുഹ്രുത്ത്‌ നിനക്കിതെന്താ പറ്റിയേ എന്നറ്‍ഥത്തില്‍ അയാളേ നോക്കി. അവനു അയാളേ നല്ല പോലെ അറിയാം. വറ്‍ഷങ്ങള്‍ക്കു മുന്‍പു കോളേജില്‍ കണക്കു ക്ളാസ്സു കട്ട്‌ ചെയ്തു ഇതുപോലെ നൂണ്‍ഷോക്ക്‌ ഓടുമ്പോഴും ഇവനായിരുന്നു കൂട്ട്‌. അന്നും ഒരു പക്ഷെ ഇതുപോലെ ഏതെങ്കിലും കുഞ്ഞുങ്ങള്‍ ഈ വിളക്കുമരത്തിണ്റ്റെ കീഴില്‍ തന്നെ കൈ നീട്ടി ഇരുന്നുകാണും.

"നീ ആ കാശ്‌ ഇങ്ങട്‌ തന്നേ" അവന്‍ ആ നോട്ട്‌ അയാളില്‍ നിന്നു പിടിച്ചു വാങ്ങി.പിന്നെ പോക്കറ്റില്‍ തപ്പി ഒരു പിടി നാണയങ്ങള്‍ ആ പഴയ തുണിയിലേക്ക്‌ വീക്കി.

"നിനക്കേ പോറത്തുപോയപ്പൊ കരളുറപ്പിത്തിരി കൊറഞ്ഞുപോയി. എടാ പിള്ളാരെ ജനിപ്പിച്ചോരാണ്‌ അവിറ്റങ്ങള്‍ക്കു തണലാവണ്ടത്‌ അല്ലാതെ തെണ്ടാന്‍ വിടാല്ല"

മാസങ്ങള്‍ക്കു ശേഷം ആഴ്ചവട്ടത്തിലൊന്നിച്ചു ചേരുന്ന ബീയറ്‍ സംഗമങ്ങളില്‍ വച്ചു, തോമസ്സിനോട്‌ വിളക്കുകാലിനടിയിലെ പേണ്‍കുട്ടിയുടെ ചിത്രം വിവരിക്കുമ്പോള്‍ അവന്‍ ഇതു തന്നെയാണ്‌ പറഞ്ഞത്‌.

അയാളുടെ കണ്ണുകള്‍ കലങ്ങുന്നതും തൊണ്ട ഇടറുന്നതും കണ്ടു അവന്‍ പറഞ്ഞു.

"നീ ഇങ്ങനെ സെണ്റ്റിയാകാതെ.. പിള്ളാരുടെ തള്ള തന്തമാരാണ്‌ അവരു പറക്കമുറ്റുന്ന വരെ തണലാകേണ്ടത്‌. നമുക്കു ലോകം മുഴോന്‍ നന്നാക്കാ പറ്റോ? നീ ഒരെണ്ണം അങ്ങു പിടി. "

**

കോളിങ്ങ്‌ ബെല്ലടിക്കുന്ന കേട്ടാണ്‌ അയാള്‍ ലാപ്‌ടോപ്പിണ്റ്റെ മുന്‍പില്‍ നിന്നും എണീറ്റത്ത്‌. മുകളിലെ ജനാലയുടെ വിരി മാറ്റിനോക്കി. മോള്‌ സ്കൂള്‍ കഴിഞ്ഞു സ്കൂള്‍ ബസ്സിറങ്ങി വന്നതാണ്‌. അവള്‍ താഴെ ഡ്രൈവ്‌ വേയില്‍ നിന്നും കൈ വീശി കാണിക്കുന്നു, വളവുതിരിഞ്ഞു പോകുന്ന കൂട്ടുകാരിക്ക്‌. ഒരു നിമിഷം മനസ്സില്‍ അരിശം വന്നു. കുറച്ചപ്പുറത്ത്‌ താമസിക്കുന്ന കറമ്പി പെണ്‍കൊച്ചാണ്‌ കൈ വീശി കാണിക്കുന്ന കൂട്ടുകാരി്‌. ഭാര്യ കുറച്ചു നാളായി പറയുന്നു, ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത കൂട്ടരാണ്‌, അവരുമായിട്ടാണ്‌ പെണ്ണിണ്റ്റെ കൂട്ട്‌.

ഇന്നിങ്ങട്‌ കയറിവരട്ടെ. ഇതിനെ പറഞ്ഞു മനസ്സിലാക്കിയിട്ട്‌ ബാക്കി കാര്യം. കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോ സ്വന്തം നിലയെങ്കിലും നോക്കേണ്ടേ?

ഇതെല്ലാം പറഞ്ഞു മനസ്സിലാക്കിയില്ലേ പിന്നെ തണലാണെന്ന്‌ പറഞ്ഞിട്ടെന്താ?

Sunday, September 12, 2010

ഓര്‍മയില്‍ ഒരു മഴത്തുള്ളി

നാലും കൂടിയ കവലയില്‍ ബസ്‌ ഒരു ഞരക്കത്തോടെ നില്‍ക്കുമ്പോഴേക്കും വെയിലാറിതുടങ്ങിയിരുന്നു. വിജയന്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു നോക്കിയെങ്കിലും മുന്‍പു വന്നതായി ഒരു പരിചയവും തോന്നിയില്ല.

"സാറെ ഇവിടെയിറങ്ങി ആരോടെങ്കിലും ചോദിച്ചാല്‍ മതി" തോളത്തുതട്ടികൊണ്ടു കണ്ടക്റ്റര്‍ പറഞ്ഞു.

വിജയന്‍ ബസില്‍നിന്നിറങ്ങി ഒരരുകിലേക്ക്‌ മാറിനിന്നപ്പോഴേക്കും, പൊടി പറത്തിക്കൊണ്ടു ബസ്‌ നീങ്ങിതുടങ്ങിയിരുന്നു. ഇവിടെ നിന്നും അഞ്ചു മിനിറ്റ്‌ നടക്കണം എന്നാണു പറഞ്ഞത്‌. എന്തെങ്കിലും കുടിച്ചിട്ടാകം നടത്തം. വിജയന്‍ അടുത്തു കണ്ട കടയില്‍ കയറി ഒരു നാരങ്ങാ വെള്ളം പറഞ്ഞു.

രാവിലെ തുടങ്ങിയ യാത്രയാണ്‌, അവിചാരിതമായി വന്ന ഒരു ഫോണ്‍ വിളിയോടെ!

നിര്‍ത്താതെ ഫോണ്‍ അടിക്കുന്നതു കേട്ടിട്ടാണ്‌ വിജയന്‍ കണ്ണു തുറന്നത്‌. സൈഡ്‌ റ്റേബിളില്‍ റ്റൈമ്പീസ്‌ സമയം രണ്ടു മണി കാണിച്ചു. വിജയന്‍ സുനിതയെ നോക്കി. മുറിയിലെ അരണ്ട വെട്ടത്തില്‍ മുഖത്തേക്കു ചിതറിവീണു കിടക്കുന്ന ഹെന്ന പുരട്ടി ചുവന്ന മുടിയിഴകള്‍. എത്ര വട്ടം പറഞ്ഞിരിക്കുന്നു ഈ ഹെന്നക്കും ഷാമ്പൂവിനും പകരം ഒരുവട്ടം ഒന്നു കാച്ചിയ എണ്ണ ഇട്ടു കുളിച്ചുവരാന്‍. അപ്പോഴെല്ലാം ഒരേ മറുപടിയാണ്‌. "ഒട്ടിപിടിക്കണ മുടിയുമായി ഓഫീസില്‍ പോയി നാണം കെടാന്‍ എന്നെ കിട്ടില്ല". അല്ലെങ്കില്‍ തന്നെ വിജയന്‌ അല്‍പം പഴഞ്ഞന്‍ രീതികളാണെന്ന പരാതിയില്ലാതില്ല. ഫോണ്‍ അടിക്കുന്നത്‌ അറിയാതെ നല്ല ഉറക്കത്തിലാണ്‌. സുനിതയുടെ കൈ ദേഹത്തുനിന്നും മാറ്റി വിജയന്‍ സ്വീകരണമുറിയിലേക്കു ചെന്നു ഫോണ്‍ എടുത്തു.

പുറത്തു തകര്‍ത്തുപെയ്യുന്ന മഴ. സ്വീകരണമുറിയിലെ തുറന്നിട്ട ഒരു പാളി കതകിലൂടെ മഴയുടെ ഹുങ്കാര ശബ്ദത്തില്‍ അങ്ങേത്തലക്കലെ നേര്‍ത്ത സ്ത്രീശബ്ദം മുങ്ങിപോയി.

"വിജയേട്ടനല്ലെ?""അതെ.. ആരാ?" വിജയന്‍ ഉറക്കച്ചടവോടെ ചോദിച്ചു.

"പാതിരാക്കു വിളിച്ചതില്‍ ക്ഷമിക്കണം..ഈ നേരത്തേ വിളിക്കാന്‍ പറ്റൂ". ഒരു പരിചയവുമില്ലാത്ത ശബ്ദം.

"ആരാ എന്നു പറഞ്ഞില്ല" വിജയന്‍ ചോദിച്ചു.

"പേരു പറഞ്ഞാ ഓര്‍മയുണ്ടാവോ .. ഞാന്‍ മാലതിയാണ്‌". അങ്ങേതലക്കല്‍ പറഞ്ഞുനിര്‍ത്തി.

വിജയന്‍ ഓര്‍മച്ചെപ്പു പരതി. പരിചയത്തില്‍ ഒരേ ഒരു മാലതിയെയുള്ളൂ. അതു പക്ഷെ കാലങ്ങള്‍ക്കു മുമ്പാണ്‌.

"അമ്പലവയല്‍ക്കലെ സുരേന്ദ്രണ്റ്റെ..." വിജയന്‍ ചൊദ്യഭാവത്തില്‍ നിര്‍ത്തി.

"ആ അപ്പൊ ഓര്‍മയുണ്ട്‌. വിജയേട്ടന്‍ ഇത്ര പെട്ടെന്ന്‌ തിരിച്ചറിയൂന്ന്‌ ഞാന്‍ കരുതിയില്ല. ഇത്രെം വര്‍ഷങ്ങള്‍ക്കുശേഷം"

"എന്താ മാലതീ ഒരു മുന്നറിയിപ്പുമില്ലാതെ ഈ പാതിരാക്കു വിളിക്കാന്‍"

"ഈയടുത്ത്‌ ഒരു പഴയ പത്ര വാര്‍ത്തേന്നാണ്‌ വിജയേട്ടണ്റ്റെ നംബര്‍ കിട്ടിയത്‌. പലപ്പൊഴും കരുതീട്ട്ണ്ട്‌ വിജയേട്ടന്‌ എന്തായീന്ന്‌. വല്യ ആളൊക്കെ ആയീന്ന്‌ അറിഞ്ഞപ്പൊ നല്ല സന്തോഷായി. എനിക്ക്‌.. എനിക്ക്‌ വിജയേട്ടനെ ഒന്നു കാണണായിരുന്നു." മാലതി മടിച്ചു മടിച്ചു പറഞ്ഞു.

വിജയന്‍ ഒരു നിമിഷം ശങ്കിച്ചു. "മാലതി.. അത്‌"

"തിരക്കോള്ള ആളാണെന്നറിയാം. എന്നാലും.. "

പെട്ടെന്നുള്ള ഷോക്കില്‍ മാലതിയുടെ കാര്യങ്ങളൊന്നും ചൊദിച്ചില്ലല്ലൊ. വിജയന്‍ ഓര്‍ത്തു. "മാലതി ഇപ്പൊ എന്തു ചെയ്യുന്നു?"

"അതെല്ലാം നേരില്‍ കാണുമ്പൊ. കഥ എഴുതണ ആളല്ലെ.. ഒരു നല്ല കഥ കിട്ടൂന്ന്‌ കരുതിക്കൊ. "

"മാലതി എവിടെയാണ്‌?"

"ഞാന്‍ പഴയയിടത്തുതന്നെയാണ്‌, വിജയേട്ടന്‌ പരിചയമുള്ള സ്ഥലം. കവലയില്‍ ബസിറങ്ങി റ്റൈലര്‍ രവിയുടെ വീടു ചോദിച്ചാല്‍ മതി, ആരും പറഞ്ഞു തരും. വരാതിരിക്കരുത്‌. ഞാന്‍ പ്രതീക്ഷിക്കും" അങ്ങേതലക്കല്‍ ഫോണ്‍ വയ്ക്കുന്ന സ്വരം.

"ഹലൊ.. ഹലൊ" ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഫോണ്‍ കയ്യില്‍ പിടിച്ചു അയാള്‍ നിന്നു.

പുറത്തു മഴ പിന്നെയും തകര്‍ക്കുന്നു. വിജയന്‍ തുറന്നു കിടന്ന കതകു പാളിയടച്ചു. പിന്നെ സോഫായിലിരുന്നാലോചിച്ചു, എന്താണീ ഫോണ്‍ വിളിയുടെ അര്‍ഥം?

ഓര്‍മകളുടെ ഇടവഴികളിലൂടെ .. കാലം പുറകൊട്ട്‌ പുറകൊട്ട്‌ നീങ്ങി. അവിടെ മാലതി പുള്ളി പാവാടയും, ദാവണിയുമണിഞ്ഞു അമ്പലത്തിലേക്ക്‌ അടിവച്ചടി വച്ചു നീങ്ങി. അവള്‍ പോയ വഴിയേ കാച്ചിയ എണ്ണയുടെ സുഗന്ധം. വിജയന്‍ വാടക സൈക്കിളുമായി ദേവീ ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്ന ഭക്ത്തനായി. മന്ദഹാസങ്ങളിലൂടെയും, തിരിഞ്ഞുനോട്ടങ്ങളിലൂടെയും ഒരു നിശബ്ദപ്രണയം! സുഹ്രുത്ത്‌ സുരേന്ദ്രണ്റ്റെ അമ്മാവണ്റ്റെ മകളായിരുന്നു മാലതി. സ്കൂളവധികളിലും ചില വാരാന്ത്യങ്ങളിലും പിന്നെ ഇടക്കിടക്കുള്ള വിജയണ്റ്റെ സൈക്കിള്‍ സന്ദര്‍ശനങ്ങളിലൂടെയും വളര്‍ന്ന പരിശുദ്‌ത പ്രണയം, സുരേന്ദ്രന്‍ പോലുമറിയാതെ.

മദ്രാസിലേക്ക്‌ പഠിക്കാന്‍ തിരിക്കുന്ന നേരത്ത്‌ അവള്‍ ചൊദിച്ചു.
ഇനി എന്നാ കാണുക?

"ഞാന്‍ വരും" അവസാനമായി മാലതിയൊട്‌ പറഞ്ഞ വാക്കുകള്‍. പിന്നെ വിരലിലെണ്ണാവുന്ന അവധികള്‍ക്കു വന്നപ്പോഴൊന്നും അവളെ കണ്ടില്ല. ഇടക്കെപ്പോഴൊ അവര്‍ സ്ഥലം മാറിപോയെന്നറിഞ്ഞു. അവസാനമായി കേട്ടത്‌ അതായിരുന്നു.

വര്‍ഷങ്ങളെത്രയായി.. വിജയന്‍ വീണ്ടും മനസ്സിലോര്‍ത്തു.

സുനിതയോട്‌ ജോലിക്കാര്യത്തിനാണെന്നു പറഞ്ഞാണിറങ്ങിയത്‌. അവള്‍ക്കത്ഭുതമായിരുന്നു, ഈ കുഗ്രാമത്തില്‍ എന്തു ജോലിക്കാര്യം?

**

മുളങ്കാടുകള്‍ ഇരുവശങ്ങളിലും വളര്‍ന്നു നിന്ന ഇടവഴി. ഇടക്കു മഞ്ഞ കോളാംബി പൂവുകള്‍. വലതുവശത്തെ നാലാമത്തെ വീട്ടില്‍ ഒരു പരുങ്ങലോടെ വിജയന്‍ നിന്നു. പറഞ്ഞ അടയാളം വച്ചു വീട്‌ ഇതു തന്നെയായിരിക്കണം. ഇടവഴിയില്‍ നിന്നും മുറ്റത്തേക്കുള്ള നടപ്പാതയില്‍ വീണുകിടക്കുന്ന കരിയിലക്കൂട്ടം. വരാന്തക്കുതാഴെ തഴച്ചു നില്‍ക്കുന്ന നാലുമണിപൂവുകള്‍. വെളുത്ത കുമ്മായമടിച്ച കൊച്ചുവീടിണ്റ്റെ ജനലുകളും വാതിലും അടഞ്ഞു കിടന്നു. വിജയന്‍ മുറ്റത്ത്‌ ഒരു നിമിഷം ശങ്കിച്ചു നിന്നു. കയറി ചെല്ലണൊ വേണ്ടയൊ?

"ആരാ" പെട്ടെന്ന്‌ ചൊദ്യം കേട്ട്‌ വിജയന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അല്‍പം പ്രായം ചെന്ന ഒരു സ്ത്രീ. ഒരനക്കവും കേള്‍പ്പിക്കാതെ അവര്‍ എങ്ങനെ ഇവിടെയെത്തി?

"ഞാന്‍ ..ഞാന്‍ ഇവിടത്തെ ഇവരുടെ ഒരമ്മാവണ്റ്റെ മകനാണ്‌" വിജയന്‍ വിക്കി വിക്കി പറഞ്ഞു.

"ഇവിടത്തെയൊ..ഇവിടത്തെ എന്നു പറഞ്ഞാല്‍?" സ്ത്രീ വിടാനുള്ള ഭാവമില്ല.

"ഇതു മാലതിയുടെ വീടല്ലെ .. ഞാന്‍ മാലതിയുടെ ഒരു ബന്ധുവാണ്‌"

"ആ കൊച്ചിണ്റ്റെയോ" സ്ത്രീ സംശയത്തോടെ വിജയനെ അടിമുടിനോക്കി.

"സാറെ അവരൊക്കെ ഇവിടെനിന്നും പോയിട്ട്‌ ഒന്നൊന്നര വര്‍ഷായി" സ്ത്രീ പറഞ്ഞു.

"ഞാന്‍ കുറേനാളായി പുറത്തായിരുന്നു. ഈവഴി വന്നപ്പൊ ഒന്നു കയറിയെന്നു മാത്രം. വീട്ടിലാരും ഒന്നും പറഞ്ഞില്ല" വിജയന്‍ പറഞ്ഞു.

"അവര്‍ എവിടേക്കാ പോയതെന്നറിയോ?" വിജയന്‍ ചോദിച്ചു.

"ആര്‍ക്കറിയാം സാറെ.. ആ ദുഷ്ടന്‍ ആ കൊച്ചിനെം കൊണ്ടെവിടെ പോയെന്ന്‌... ജീവിക്ക്ണ്ടോന്ന്‌ തന്നെ ആര്‍ക്കറിയാം.. നിങ്ങള്‍ ബന്ധുക്കളാന്നൊക്കെ പറഞ്ഞിട്ടേന്താ... കെട്ടിച്ചു വിട്ടാലും വല്ലപ്പോഴും ഒന്നു വന്നു നോക്കെണ്ടെ? അതിണ്റ്റെ ഒരു കഷ്ടകാലം അല്ലാണ്ടെന്താ പറയാ" സ്ത്രീയുടെ ശബ്ദത്തില്‍ ആര്‍ദ്രത.

"വയനാട്ടെക്കെന്നും പറഞ്ഞെറങ്ങീതാ. പിന്നെ ഇങ്ങോട്ട്‌ വന്നിട്ടില്ല. ദേ ഈ വീടിടിഞ്ഞു വീഴാറായി. എവെടെ പോയി തിരക്കാനാ"

വിജയന്‍ എന്തു പറയണം എന്നറിയാതെ ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ സ്ത്രീയോട്‌ യാത്ര പറഞ്ഞിറങ്ങി. പുറകില്‍ അവരുടെ സംശയ ദ്രുഷ്ടികള്‍ തന്നെ പിന്തുടരുന്നത്‌ വിജയന്‌ കാണാറയി.

ഇടക്കു വല്ലപ്പൊഴും അവളെപറ്റി ഒന്നന്വേഷിക്കേണ്ടതായിരുന്നു. നിഴലു വീണു ഇരുണ്ടൂതുടങ്ങിയ വഴിയിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍ വിജയന്‍ മനസ്സിലോര്‍ത്തു. പുറകില്‍ വെള്ളക്കുമ്മായമടിച്ചു കൊച്ചുവീട്‌ ഇരുളിലേക്കലിഞ്ഞുപോയി.

**

"ഹൊ എന്തൊരൊറക്കാ വിജയേട്ടാ ഇത്‌" തൊട്ടുമുന്നില്‍ കുലുക്കി വിളിച്ചുകൊണ്ട്‌ സുനിത. "ഇങ്ങനെയുണ്ടോ ഒരുറക്കം.. രാത്രി മഴയത്ത്‌ ആ ജനലൊന്നടക്കാന്‍ ഞാന്‍ എത്ര വിളിച്ചു"

വിജയന്‍ കണ്ണൂ തിരുമ്മി എണീറ്റു. സ്വീകരണമുറിയിലെ തുറന്നിട്ട കതകുപാളിയിലൂടെ അകത്തുകയറിയ വെള്ളതുള്ളികള്‍.

അപ്പൊ താന്‍ കതകടച്ചത്‌.... വിജയന്‍ മനസ്സിലോറ്‍ത്തു.

"നീ അടക്കാതിരുന്നതെന്താ.." വിജയന്‍ ചോദിച്ചു.

"പിന്നെ പിന്നെ ...രാത്രി തന്നെ എണീറ്റു പോകാന്‍ എനിക്കു പേടിയാ"

സുനിത പറഞ്ഞു. "അല്ലെങ്കില്‌ തന്നെ, ഞാനാണോ, വിജയേട്ടനല്ലെ കതകടക്കേണ്ടത്‌?"

Tuesday, April 13, 2010

കളങ്ങള്‍


ആദ്യം തൊട്ടടുത്ത കളത്തിലേക്ക്‌. അവിടെനിന്നും 90 ഡിഗ്രി കോണില്‍ രണ്ട്‌ കളങ്ങള്‍! അങ്ങിനെയാണ്‌ "L" ആകുന്നത്‌.


L - Love, Life, Loser


ഒറ്റമുറി വായനശാലയുടെ പുറത്ത്‌ ജനലഴികളില്‍ തൂങ്ങി നിന്നാണ്‌ കുതിരയുടെ ചാട്ടത്തിണ്റ്റെ നിഗൂഢ വഴികള്‍ ആയാസപെട്ട്‌ മനസ്സിലാക്കിയെടുത്തത്‌. പ്രതിബന്ധങ്ങള്‍ മറികടക്കാനുള്ള കരുത്തും, വേലിചാട്ടത്തിണ്റ്റെ പ്രലോഭനങ്ങളും കണ്ടതും അവിടെ വച്ചു തന്നെ.


അകത്തേക്ക്‌ പ്രവേശനമില്ലായിരുന്നു. അതുകൊണ്ട്‌ കുട്ടികള്‍ ജനലഴികളില്‍ തൂങ്ങികിടന്നും, കയറിനിന്നും അകത്തെ കോലാഹലങ്ങള്‍ ഒരു കൌതുകത്തോടെ നോക്കി.


അകത്ത്‌ കുട്ടിമേശക്ക്‌ ഇരുപുറവും ഇരുന്നു, കളിക്കാര്‍ കറുപ്പും വെളുപ്പും കളങ്ങളിലേക്ക്‌ മിഴിച്ചുനോക്കി, അടുത്ത നീക്കത്തെപറ്റി ഗാഢമായാലോചിച്ചു. കളിക്കാരില്‍ ചിലരെങ്കിലും ഗ്രാമത്തിനു പുറത്ത്‌ കോളേജില്‍ പഠിക്കുന്നവരായിരുന്നു. അവര്‍ വായിച്ച പുസ്തകങ്ങളിലെ അറിവുകള്‍ സ്വന്തം നീക്കങ്ങളിലേക്ക്‌ പകര്‍ത്താന്‍ ശ്രമിച്ചു.


1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6


നാടന്‍ കളിക്കാരാകട്ടെ , അനുഭവത്തോളം വരുമോ പുസ്തകപാഠം എന്നു മനസ്സില്‍ സ്വയം പറഞ്ഞു, ഒരു ബീഡിപുകയെടുത്ത്‌ പ്രതിരോധതന്ത്രങ്ങള്‍ മെനഞ്ഞു.


ചുറ്റും കാണികള്‍ ഊഴം കാത്തും, കളിക്കാരുടെ അമളികളില്‍ അമര്‍ത്തിചിരിച്ചും അടക്കം പറഞ്ഞു.


കളിക്കിടയില്‍ രണ്ടലിഖിത നിയമങ്ങളായിരുന്നു.


1) കാണികള്‍ കളിയില്‍ ഇടപെടാന്‍ പാടില്ല.

2) കളിച്ച നീക്കങ്ങള്‍ക്ക്‌ എന്തുവന്നാലും മാറ്റങ്ങളില്ല.


കളിക്കാരില്‍ ചിലര്‍ ഊഴം കഴിഞ്ഞു അരങ്ങൊഴിഞ്ഞു. പുതിയവര്‍ "L" ആക്രുതിയിലും അല്ലാതെയും ഒരേ നെട്ടോട്ടം. ഞാന്‍ കറുപ്പിനും വെളുപ്പിനുമിടയില്‍ എണ്റ്റെ ഇടം തിരയുന്നു. അകത്തെ മുറിയില്‍ നിന്നും കക്കാടിണ്റ്റെ കവിത കേള്‍ക്കാം.


"പാതിയിലേറേ കടന്നുവല്ലോ വഴി.. "


ജനലഴികളുടെ വിടവിലൂടെ കൌതുകത്തൊടെ കണ്ടുപഠിക്കുന്ന കുട്ടീ, എണ്റ്റെ വേലിചാട്ടങ്ങള്‍ കണ്ണടക്കുക, കാരണം,


1) കളിച്ച നീക്കങ്ങള്‍ക്ക്‌ എന്തുവന്നാലും മാറ്റങ്ങളില്ല.

2) കളിക്കാരനാണോ, കരുവാണൊ എന്ന്‌ ഇനിയും തിട്ടമില്ല.


Tuesday, February 16, 2010

ഒട്ടുചെടി


“റ്റീച്ചറേ ഇത്തിരി വെള്ളം”. പൂമുഖത്ത്‌ നിരത്തിയിട്ടിരുന്ന ചൂരൽ കസേരകളോന്നിൽ ഇരുന്നുകൊണ്ട്‌ ജേക്കബ്‌ സാറ്‌ അകത്തേക്ക്‌ നോക്കി വിളിച്ചുപറഞ്ഞു.


മീനമാസത്തിലെ കത്തുന്ന ചൂടിൽ മേലാകെ വിയർത്തു നനഞ്ഞു. ഘാനായിലെ വരണ്ടു കത്തുന്ന വേനൽക്കും ഇത്ര വിയർക്കാറില്ല, സാറോർത്തു.


“ഇതാ വരുന്നു.” അകത്തുനിന്നു റ്റീച്ചർ ഒരു ഗ്ളാസ്‌ വെള്ളവുമായി പുറത്തെക്കു വന്നു.


“എന്താ ചൂട്‌” ജേക്കബ്സാർ ആരൊടെന്നിലാതെ പറഞ്ഞു.


“ഇത്രനേരം കാണാതായപ്പം ഞാൻ കരുതി ടൗണിൽ വഴി തെറ്റികാണൂന്ന്‌”.


“ഈ ടൗണിലോ?” സാർ പുഞ്ചിരിയോടെ റ്റീച്ചറുടെ നേരെ നോക്കി. “ഈ അങ്ങാടി ജങ്ക്ഷനിലും ബസ്സ്‌ സ്റ്റാൻഡിലുമൊക്കെ പഠിക്കുന്ന കാലത്ത്‌ ഞാൻ എത്ര കറങ്ങിയതാണെന്നറിയാമൊ?”


“എന്നാലും സ്ഥലങ്ങളൊക്കെ ആകെ മാറിപ്പോയി. എയർപോർട്ടീന്ന്‌ വരുമ്പോ എനിക്കൊരു പിടീം കിട്ടീല. വീടെത്തിപ്പഴാ അറിയണേ”


“അതിപ്പൊ വർഷമെത്രയായി റ്റീച്ചറ്‌ വന്നിട്ട്‌” സാറ്‌ ദൂരെക്ക്‌ കണ്ണുനാട്ടി പറഞ്ഞു.


“ശരി പോയ കാര്യം എന്തായി?”


“സ്ഥലത്തിന്റെ കാര്യത്തിനു ഇനിയും കുറെ നടപ്പു നടക്കണ്ട വരൂന്നാ തോന്നണെ .. സർക്കാര്‌ കാര്യല്ലെ”.


“ഞാൻ എത്രാന്നുവച്ച പറയണെ അതങ്ങ്ട്‌ വിറ്റുകളയാൻ... അതെങ്ങനാ, പറഞ്ഞാ കേക്കണ്ടെ” റ്റീച്ചർ പരിഭവം പറഞ്ഞു.


“അങ്ങനങ്ങ്‌ വിറ്റുകളയാൻ പറ്റൊ.. എത്ര കാലങ്ങളായ്‌ കയ്യിലുള്ള ഭൂമിയാ? അതിന്റെ ഒക്കെ ചുറ്റുവട്ടത്തു കിടക്കാനല്ലെ ഇപ്പൊ ഇങ്ങൊട്ടു പോന്നതു തന്നെ റ്റീച്ചറെ .. നമ്മുടെ കാലശേഷം അവൻ എന്താന്ന്‌ച്ചാ ചെയ്തോട്ടെ“.


”അവൻ ഇവിടെ വന്ന്‌ ഇതൊക്കെ നോക്കൂന്ന്‌ തോന്നുണൂണ്ടോ?. ഇപ്പൊ തന്നെ കൊല്ലത്തിലൊരിക്കലെങ്കിലും ഒന്നു വന്നാ മതി. നമുടെ ശേഷം അവൻ ഇങ്ങൊട്ടു വരുന്നു എനിക്ക്‌ വിശ്വാസല്ല്യ“ റ്റീച്ചർ പറഞ്ഞു നിർത്തി.


”എന്നാലും സ്വന്തഭൂമിന്നൊന്നില്ലേ റ്റീച്ചറെ?“


”അതൊക്കെ നമുക്കല്ലെ. അല്ലാ..പരിചയമുള്ള സ്ഥലത്തു കിടക്കണ സുഖമൊന്നു വേറേയാണെന്നു പറഞ്ഞു വന്നിട്ടിപ്പോ?“


റ്റീച്ചറിന്റെ വാക്കിൽ പരിഭവം. മൂന്നു മാസങ്ങൾക്കു മുൻപു വന്നതിൽ പിന്നെ, ഓരോരോ കാര്യങ്ങൾക്കു സാറ്‌ പുറത്തേക്കു പോയാൽ പിന്നെ റ്റീച്ചർ തനിച്ചാണ്‌. ഒന്നു മിണ്ടാൻ ആരുമില്ലാത്ത അവസ്ഥ.


വർഷങ്ങൾ കൊണ്ടാണ്‌ ജേക്കബ് സാറ്‌ തിരിച്ചുവരാനുള്ള തീരുമാനമെടുത്തത്‌. റ്റീച്ചറിനെ സമ്മതിപ്പിക്കാൻ അതിലേറേ പാടുപെട്ടു. മോനെ വിട്ടുപോരാനുള്ള മടി. *ആക്രായിലായിരുന്നെങ്കിൽ അവൻ വല്ലപ്പോഴുമൊന്ന്‌ ഓടിയെത്തി കണ്ടെനെ. ഈ ഏകാന്തതയാണ്‌ റ്റീച്ചറിനെ മടുപ്പിക്കുന്നത്‌.


ഈസ്റ്റ്‌ ലെയ്ക്കോണിലെ പൊക്കം കുറഞ്ഞ കല്മതിലുകളുള്ള ചെറിയ വീട്ടിൽ സന്ദർശകര്ർക്കു മാത്രം കുറവില്ലായിരുന്നു.


രാവിലെ ഭംഗിയുള്ള യൂണിഫൊർമുമിട്ട്‌ കൂട്ടം കൂടി കലപില മിണ്ടി പോകുന്ന കാപ്പിരി കുട്ടികൾ ഗേറ്റിൽ എത്തുമ്പോൾ വിളിച്ചു കൂവും.. “ഗുഡ്‌ മോർണിംഗ്‌ സാർ.. ഗൂഡ്‌ മോർണിംഗ്‌ മിസ്സ്‌”. പിന്നെ ഒറ്റയും തെറ്റയുമായി ഓരോരോ കാര്യത്തിനു വന്നെത്തുന്ന നാട്ടുകാർ. മിക്കവരും സാറിന്റെയോ റ്റീച്ചറിന്റെയോ ശിഷ്യഗണങ്ങൾ.


ഇവിടെയിപ്പൊ വന്നിട്ട്‌ മൂന്നു മാസമായി. ഒരിക്കൽ റ്റീച്ചറിന്റെ ചേച്ചിയും മോനും വന്നതും, പിന്നെ ഒന്നൊ രണ്ടൊ വട്ടം വടക്കു ഭാഗത്തെ അയൽവക്കക്കാർ വന്നതുമൊഴിച്ചൽ മിക്കവാറും റ്റീച്ചറും സാറും മാത്രം.


പതതു മുപ്പത്തഞ്ചു വർഷങ്ങൾക്കുശേഷം ഒരു പരിചയമില്ലാത്ത സ്ഥലത്തെക്കു പറിച്ചു നട്ട പോലെയായി സാറിന്‌.


എത്ര മാറിപ്പൊയി! പടിഞ്ഞാറു വശ്ശത്തു പരന്നു കിടന്നിരുന്ന പടം മുഴുവൻ നിരത്തി റബ്ബറാക്കി. തെക്കു ഭാഗത്താകട്ടെ കാണാൻ കൌതുകമുണ്ടായിരുന്ന മഞ്ഞ പൂക്കളുടെ വേലിക്കു പകരം മുകളിൽ മുള്ളു കംബികൾ നാട്ടിയ കൂറ്റൻ മതിൽ. മതിലിനപ്പുറത്തെ വീട്ടിൽ പട്ടണത്തിലെ എൻജിനീയറാണ്‌. ഒരിക്കൽ രാവിലെ പള്ളിയിൽ നിന്നും മടങ്ങുമ്പോൾ കാറിൽ പോകുന്ന കണ്ടു. പതുക്കെ സൌഹ്രുദ ഭാവത്തിൽ തല ചെരിച്ചൊന്നു ചിരിച്ചു. അറിയാമെന്ന മട്ടിൽ.


ജേക്കബ് സാറിന്റെ പഴയ കൂട്ടുകാർ പലരും ഇന്നില്ല. അവശേഷിച്ചവരിൽ പലരും സാറിനെപ്പോലെ തന്നെ ലോകത്തിന്റെ പല കോണിലും ആയിപ്പൊയി. വർഷങ്ങൾക്കുശേഷം തിരിച്ചുവരാൻ തീരുമാനിക്കുമ്പോൾ ഇത്രയുമൊരൊറ്റപ്പെടൽ സാറ്‌ പ്രതീക്ഷിച്ചില്ല.


ഏകദേശം മുപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപാണ്‌, ഒരു ചെറിയ ജോലിയുമായി ജീവിതം ഉന്തിനീക്കുമ്പോൾ , കടലു കടന്നു പോകാൻ ഒരവസരം ഒത്തു വന്നത്‌. ആഫ്രിക്കയുമായുണ്ടായിരുന്ന ആകെ പരിചയം ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ച പൊറ്റെകാടിന്റെ പുസ്തകമായിരുന്നു. എങ്കിലും മുന്നും പിന്നും ആലോചിച്ചില്ല. കൂടെ പോന്ന പെൺകുട്ടിക്കു ഒരു നല്ല ജീവിതം കൊടുക്കണം എന്ന വാശിയായിരുന്നു, ലോകത്തിന്റെ ഏതു കോണിലായാലും!


ചെന്നെത്തി അഞ്ചാറു വർഷങ്ങൾ പിടിച്ചു നില്ക്കാനുള്ള തത്രപ്പാടായിരുന്നു. പരിചയമില്ലാത്ത ആളുകൾ, പരിചയമില്ലാത്ത ഭാഷ.


അദ്യതവണ സാറും കുടുംബവും അവധിക്ക്‌ വരുമ്പോഴേക്കും, നാട്‌ സാറിനെ കൂടാതെ ഏറെ മാറിപ്പോയിരുന്നു.കൂട്ടുകാരിൽ പലരും പല നാടുകളിലേക്ക്‌ ചേക്കേറി. സാറിന്റെ ഓർമയിലുണ്ടായിരുന്ന കുട്ടികൾ പലരും ചുണ്ടുകൾ മേലെ പൊടിമീശയും വച്ചു യുവാക്കളായി കവലകൾ ഏറ്റെടുത്തു. ഓർമയിലുണ്ടായിരുന്ന യുവാക്കൾ ആകട്ടെ, തലമുടിയിലും, മേൽമീശയിലും അല്പാല്പമായി വെള്ളിഴകൾ വന്നു, വീടുകളിലേക്ക്‌ ഒതുങ്ങികൂടി. വ്രുദ്ധന്മാരെ പലരേയും കണ്ടതുമില്ല. കവലയിൽ ചെന്ന്‌ ഒരപരിചിതനെപ്പൊലെ സാറ്‌ അടുത്തുകണ്ട കുട്ടിയോട്‌ ബസിന്റെ സമയം ചോദിച്ചു.


പിന്നെ ഓരോ മൂന്നു നാലു വർഷങ്ങൾക്കു ശേഷമുള്ള വരവുകൾക്കും ഇടയിൽ അകലം കൂടി കൂടി വന്നതേയുള്ളു. എങ്കിലും കാപ്പിരികളുടെ നാട്ടിൽ, വൈകുന്നേരങ്ങളിൽ, റ്റേപ് റെക്കോർഡറിലൂടെ യേശുദാസും, ജയചന്ദ്രനും പാടുംബ്ബോൾ സാറിന്റെ കണ്ണുക്കൾ സജലങ്ങളാകും.


മോന്‌ ജോലിയായി, റിട്ടയറായതിനുശേഷമാണ്‌ സാറ്‌ വീണ്ടും തിരിച്ചുപോരുന്നതിനേപറ്റി ആലോചിച്ചു തുടങ്ങിയത്‌. പരിചയമുള്ളവരുടെ കൂടത്തിൽ ആത്മാവെങ്കിലും അന്ത്യവിശ്രമം കൊള്ളണമെന്ന ഒരാഗ്രഹം! തന്റെ കാലശേഷം എലെക്റ്റ്രിക്ക് സെമിത്തേരിക്കു പകരം, തലക്കു മീതെ ഒരു കുരിശു വേണമെന്നും, വല്ലപ്പൊഴുമൊരിക്കലെങ്കിലും, ആരെങ്കിലും വന്നു് കുഴിക്കൽ ഒരു ഒപ്പീസു* ചൊല്ലണമെന്നുള്ള ഒരു ചിന്ത! എന്നിട്ടിപ്പൊ, വന്ന്‌ മൂന്നു മാസങ്ങൾക്കുശേഷം, മനസ്സിന്‌ ഒരാശങ്ക. വർഷങ്ങൾക്കു മുൻപ്‌ ആദ്യമായി ആഫ്രിക്കൻ മണ്ണിൽ കാലു കുത്തിയ പോലത്തെ ഒരമ്പരപ്പ്‌.


“എന്താ ഇത്ര ആലോചന?” റ്റീച്ചറിന്റെ ചോദ്യം.


സാറ്‌ റ്റീച്ചറിന്റെ മുഖത്തേക്ക്‌ നോക്കി.


“റ്റീച്ചറെ, ഞാൻ ഓര്ർക്കുകയായിരുന്നു.. റ്റീച്ചർ പറഞ്ഞതാ ശരി”.


“ഊം?” റ്റീച്ചർ ചോദ്യഭാവത്തിൽ നിന്നു.


“റ്റീച്ചർ പറയാറില്ലെ ...ഒട്ടുചെടിയുടെ സ്ഥാനം ഒട്ടിച്ചിടത്താണ്‌്. വെട്ടി മാറ്റിയിടത്തല്ല”.


“ഓ.. അതോ? സാറിന്‌ അത്‌ ഇപ്പൊഴാണോ മനസ്സിലാകുന്നത്?” റ്റീച്ചർ വെള്ളത്തിന്റെ ഗ്ലാസ് ഒരു മന്ദഹാസത്തോടെ സാറിന്റെ കയ്യിൽ നിന്നും വാങ്ങി അകത്തേക്ക്‌ കയറിപ്പൊയി.


റ്റീച്ചറിന്റെ മന്ദഹാസത്തിൽ, സാറ്‌, പല പതിറ്റാണ്ടുകൾക്കും പല വൻകരകൾക്കും മുൻപ്‌ , ഒരു മഴ പെയ്യുന്ന സന്ധ്യയിൽ, വീട്ടുകാരെ ഉപേക്ഷിച്ച്‌, തന്റെ നാട്ടിലേക്കുള്ള ബസ് കാത്ത്‌ ഒരു വേവലാതിയോടെ തന്നൊട് ഒട്ടിചേര്ർന്നു നിന്നിരുന്ന മാന്തളിരു പോലെയുള്ള ഒരു പെൺകുട്ടിയെ ഓർത്തുപോയി!
-----
*ആക്ര - ഘാനായുടെ തലസ്ഥാനം

*ഒപ്പീസ് - മരിച്ചവര്ർക്കുവേണ്ടിയുള്ള പ്രാർഥന