പള്ളിയുടെ ഇരുപുറവും നിറയെ മരങ്ങളായിരുന്നു.നോക്കിയാല്‍ പെടിയാകുന്ന തരത്തില്‍ ഇരുളു വീഴ്ത്തികൊണ്ട് വാകമരവും കാടാടികളും കുരുമുളക് കയറിയ പ്ലാവുകളും; എല്ലാം കൊണ്ടും ചെറിയ പേടി തോന്നിക്കുന്ന സ്ഥലം. പേടിയുടെ മുഖ്യ കാരണം വലതു വശത്തുള്ള സെമെതെരി ആയിരുന്നു. സെമിതെരിക്ക് പുറകിലായി തെമ്മാടികുഴി! ദുര്‍മരണം സംഭവിച്ചവരുടെ ശരീരം തല്ലുന്നതവിടെയയിരുന്നു. അവരുടെ ആത്മാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രം കാണാവുന്ന തരത്തില്‍ ഇലകള്കിടയില്‍ മറഞ്ഞിരുന്നു.പകലത്ത് പോലും അതിലുടെ പോയിരുന്ന കുട്ടികള്‍ ചുരുക്കം. രാത്രി എട്ടു മണിയടിക്കാന്‍ വിധിക്കപെട്ട അള്‍ത്താര ബാലന്മാര്‍ മണി അടിച്ചിട്ട് ഇരുട്ടത്ത് ശരം വിട്ട പോലെ ഒരു പാച്ചിലാണ്. അവരുടെ പിറകെ കാറ്റാടി മരങ്ങളുടെ ചൂളം വിളി അവരെ പിന്തുടര്‍ന്നു; അവരുടെ കൌമാരങ്ങളിലെക്കും ചുരുക്കം പേരെ യൌവനങ്ങളിലെക്കും.
ഇന്നു കാറ്റാടിയും ചുവന്ന പൂക്കളുണ്ടായിരുന്ന വാകയും എല്ലാം പോയി. കുന്നു മുഴുവന്‍ വെട്ടി നിരപ്പാക്കി. ഇലയും പൂക്കളും ഇല്ലാത്ത ഒരു പഴയ കൊടിമരം മാത്രം ദൂരേക്ക് കണ്ണ് നാട്ടു നില്‍ക്കുന്നുണ്ട് . ഗൃഹാതുരതവും പേറി നട കയറി വരുന്ന ആത്മാക്കളെ സ്വീകരിക്കാന്‍ !!