Thursday, March 26, 2009

ചന്ദ്രിക പഠിപ്പിക്കുന്നത്‌


കടയിൽ ഇരിക്കുന്നതു കണ്ടപ്പോൾ ഒരു കൗതുകത്തിനു വാങ്ങിയതാണു. ചന്ദ്രിക സോപ്പ്‌! എത്രയോ വർഷങ്ങളായി ചന്ദ്രിക തേച്ചു കുളിച്ചിട്ട്‌. പ്രവാസം തുടങ്ങിയതിൽ പിന്നെ ഉപയോഗിച്ചിട്ടില്ലെന്നു തോന്നുന്നു.

"നൊസ്റ്റാൽജിയയായിരിക്കും" ഭാര്യ പറഞ്ഞു.
"അതിനു ഞാനെവിടെ ചന്ദ്രിക തേച്ചിരിക്കുന്നു?" കുട്ടിക്കാലം മുഴുവൻ വീട്ടിലെ സോപ്പ്‌ "ലൈഫ്ബോയ്‌" ആയിരുന്നു. തേച്ചാലും തേച്ചാലും അലിയാത്ത അനങ്ങാപാറ!


**
കുളി കഴിഞ്ഞു വന്നു കുട്ടികൾ പറഞ്ഞു.
"wow! ഇതു ഇവിടത്തെ സോപ്പിനേക്കാൾ നല്ലതാണു. നല്ല മണം!"

"see .. ഞാൻ പറഞ്ഞില്ലെ നിങ്ങൾക്കിഷ്ടപ്പെടുമെന്ന്‌?"

"കണ്ടോ.. എന്‌തൊക്കെയായാലും അവർക്ക്‌ വേരുകൾ മറക്കാൻ പറ്റുമൊ?.അതാണവർക്ക്‌ മലയാളത്തിന്റെ മണം പിടിച്ചത്‌". ഭാര്യയോടു വമ്പ്‌ പറഞ്ഞു.

"അതാണു ചന്ദ്രികയുടെ പാഠം"

"ആണോ?" ഭാര്യയുടെ മറുചോദ്യം.

ആണോ? ഇപ്പൊൾ ചെറിയൊരു ആശങ്ക.

അറിയാൻ ഒരു വഴിയുണ്ട്‌. ഒരു ലൈഫ്ബോയ്‌ പരീക്ഷണം!

Wednesday, March 11, 2009

ചെകുത്താനും പലചരക്കുകൾക്കുമിടയിൽ



നാലോ അഞ്ചൊ വർഷങ്ങൾക്കുമുമ്പാണു. പലചരക്കുകളും വാങ്ങി കൗണ്ടറിൽ നിൽക്കുമ്പോൾ 'ഗ്രോസെറി കാർട്ട്‌' മുട്ടിയിട്ടാണോ എന്തോ മുമ്പിലുള്ള ആളൊന്നു തിരിഞ്ഞു നോക്കി. പതുക്കെ ഒന്നു ഞെട്ടി.മുമ്പിൽ നിൽക്കുന്നതു ചെകുത്താനാണു! കൊമ്പും ദംഷ്ട്രകളൊന്നുമില്ല. തോളറ്റം വീണുകിടക്കുന്ന ചുരുണ്ട മുടി. വർഷങ്ങൾക്കുമുമ്പു ഏതൊ പുസ്തകം പൊതിഞ്ഞ കവറിന്റെ പുറത്തുണ്ടായിരുന്ന 'സ്പോട്സ്‌ സ്റ്റാർ' മാഗസിനിൽ കണ്ട അതേ രൂപം.


**

മാർക്കൊ അന്റൊനിയൊ എച്വെരി: ലാറ്റിനമെരിക്കകാർ സ്നേഹത്തോടെ 'ചെകുത്താൻ'(El Diablo) എന്നു വിളിക്കുന്ന ഫുട്ബോൾ കളിക്കാരൻ.

ഫുട്ബോൾ കളിയിൽ കമ്പം മൂത്ത്‌ നടക്കുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്‌.അന്നു ബൊളീവിയൻ റ്റീമിനെ പറ്റി വായിച്ചറിഞ്ഞതാണു എച്വെരിയെ പറ്റി. ലോകത്തിലെ ഒട്ടു മിക്ക രാജ്യ്ങ്ങളിലേയും കളിക്കാരും അന്നു ചിരപരിചിതരായിരുന്നു. മറഡോണ,ഫ്രൻസെസ്ക്കൊലി,സാഞ്ചെസ്‌, റോമാരിയൊ,സീക്കൊ,സൊക്ക്രേറ്റെസ്‌, വാൽദെറാമാ അങ്ങനെ അങ്ങനെ. ക്രികെറ്റ്‌ കളി പടർന്നു പിടിക്കുന്നതിനു മുമ്പു കേരളത്തീൽ വളർന്നു വന്ന മിക്കവാറും എല്ലവർക്കും കാണും ചില ഫുട്ബോൾ കധകൾ.

സന്തോഷ്‌ ട്രോഫിയുടെ കമന്റ്രി റേഡിയോയിലൂടെ ശ്വാസമടക്കി പിടിച്ചു കേൾക്കുന്നതിലെ ആവേശം!

എട്ടൊ പത്തൊ ഇഞ്ചു മാത്രമുള്ള ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ടീവീയിൽ കൊച്ചു വെളുപ്പാൻ കാലത്തു കണ്ണിമയ്ക്കാതെ ലോകകപ്പ്‌ മൽസരങ്ങൾ കാണുന്നതിലെ ത്രിൽ!

അങ്ങനെയുള്ള ഒരു പഴയ ആരാധനാപാത്രമാണു മുമ്പിൽ നിൽക്കുന്നത്‌. എച്വെരി ഇന്റർനാഷണൽ കളിയിൽ നിന്നും മാറി ഞങ്ങളുടെ പട്ടണത്തിലെ ക്ലബ്ബിനു വേണ്ടി കളിക്കുന്ന കാര്യം അറിയാമയിരുന്നു. എങ്കിലും ഇത്ര തൊട്ടു മുമ്പിൽ കണ്ടെത്തും എന്നൊരിക്കലും കരുതിയില്ല. അതും പലചരക്കുകളുമായി!

**
ഏതായാലും ചെകുത്താനെ കണ്ടുകഴിഞ്ഞു. ഇനി ഏതെങ്കിലും ചായക്കടയിലോ ബസ്‌ സ്റ്റോപ്പിലോ വച്ചു 'മാലാഖമാരേയും" കാണാതിരിക്കില്ല!!


Marco Antonio Etcheverry Vargas (born September 26, 1970 in Santa Cruz de la Sierra) is a former Bolivian football (soccer) midfielder, considered as one of the best Bolivian players of all time.


http://en.wikipedia.org/wiki/Marco_Etcheverry

Sunday, March 8, 2009

ഒന്നു മുതൽ ഒന്നുമില്ലായ്മ വരെ

കുറച്ചു നാളായി ഒരു ചോദ്യം ഇടക്കിടെ വന്നലട്ടുന്നു.
"ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഗുണിച്ചാൽ പൂജ്യം തന്നെ കിട്ടും". ഇതിന്റെ പിന്നിലെ കണക്കാണു പിടി തരാത്തതു!

ഒരാളുടെ കയ്യിൽ രണ്ടു മത്തങ്ങ ഉണ്ടെന്നു കരുതുക.

അതിനെ രണ്ടു കൊണ്ടു ഗുണിച്ചാൽ നാലു മത്തങ്ങയായി.

ഒന്നു കൊണ്ടു ഗുണിച്ചാൽ രണ്ടു മത്തങ്ങ.

പൂജ്യം കൊണ്ടു ഗുണിച്ചാൽ .... ഉണ്ടായിരുന്ന മത്തങ്ങ എവിടെ പോയി?

അറിവുള്ള സുഹ്രുത്തു പറഞ്ഞു. "ഒന്നു മറച്ചിട്ടു ഗുണിച്ചു നോക്കൂ. ഒന്നുമില്ലായ്മയെ എത്ര മത്തങ്ങ കൊണ്ടു ഗുണിച്ചാലും എന്തു ഗുണം?"

അപ്പോൾ ചൊദ്യം ഇങ്ങനെയായി.

ഒന്നുമില്ലായ്മയെ മത്തങ്ങ കൊണ്ടു ഗുണിക്കുന്നതും മത്തങ്ങയെ ഒന്നുമില്ലായ്മ കൊണ്ടു ഗുണിക്കുന്നതും രണ്ടും ഒന്നു തന്നെയാണൊ?

Friday, March 6, 2009

കണക്കായിപ്പോയി

മൂന്നൊ നാലോ ഇടങ്ങളിലായി പത്തു വർഷത്തോളം ഞാൻ നടത്തിയ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും വളരെയധികം ചിന്തിച്ച്‌ ഞാൻ എത്തിചേർന്ന ഒരു നിഗമനമുണ്ടു. അതിങ്ങനെയാണു.

"സ്കൂളുകളിൽ ഏറ്റവും നല്ല ചുട്ട അടി അടിക്കുന്നതു കണക്കിന്റെ സാറുമാരാണു".
ഭൂമി മലയാളത്തിലെ ഭൂരിഭാഗം വിദ്യാർത്തികളും ഇതിനൊടു യോജിക്കും എന്നു തന്നെയാണു എന്റെ വിശ്വാസം. അതുപോലെ തന്നെ കണക്കിന്റെ സാറുമാർ സാധാരണ ഗതിയിൽ അരസികന്മരായിരിക്കും. ഇനിയിപ്പൊ അൽപസ്വൽപ രസികത്തം ഉണ്ടെങ്കിൽ തന്നെ അതൊന്നു പ്രകടിപ്പിക്കാൻ കണക്കുക്ലാസ്സിലെവിടെ നേരം? എന്റെ വിദ്യാഭ്യാസകാലത്ത്‌ ഒരേ ഒരു കണക്കധ്യാപകനാണു ഒരിക്കലെങ്കിലും ഒരു കഥ പറയാനുള്ള സന്മനസ്സു കാണിച്ചതു. അഞ്ചാം ക്ലാസ്സിലാണെന്നു തോന്നുന്നു. ഒന്നാമത്തെ ദിവസം ക്ലാസിലേക്കു വന്നു ഇട്ടി സാറു ചോദിച്ചു.

"കണക്കു എന്താണു?". കുട്ടികളെല്ലം മുഖത്തോടു മുഖം നോക്കിയിരുന്നു.

എല്ലാരും തോറ്റു എന്നു ബോധ്യമായപ്പൊൾ സാറു തന്നെ പറഞ്ഞു.

"വീട്ടിൽ അമ്മ ദോശ ചുട്ടിട്ടു നിനക്കു ഒന്നും ചേട്ടനു രണ്ടും കൊടുത്തു എന്നു വിചാരിച്ചെ" നീയൊക്കെ എന്തു പറയും? ദേ.. ചെട്ടനു കൂടുതൽ കൊടുത്തു."

"അപ്പൊൾ അമ്മ പറയും.. കണക്കു പറയാതെ എണീറ്റു പോടാ.."

ഒന്നു വെളുക്കെ ചിരിച്ചു നിർത്തി സാറു പറഞ്ഞു.

"അതാണു കണക്കു".

ക്ലാസ്സിൽ പരിപൂർണ്ണ നിശബ്ദത.കുട്ടികൾ സാറിനെ തുറിച്ചു നോക്കി എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു ഞെളി പിരികൊണ്ടു.

**
സാറിൽ നിന്നു ആ വർഷം കേട്ട കഥകളുടെ എണ്ണം : 1
സാറിന്റെ കൈയിൽ നിന്നും ആ വർഷം കിട്ടിയ അടിയുടെ എണ്ണം : കണക്കില്ല.

Monday, March 2, 2009

ഒച്ചകൾ

കണ്മുന്നിൽ മിന്നി നിൽക്കുന്ന താരം ലക്ഷകണക്കിനു വർഷങ്ങൾക്കു മുമ്പു പൊലിഞ്ഞു പോയിരുക്കുന്നതായിരിക്കാം എന്നെവിടെയാണു പഠിച്ചതു?
പ്രകാശം ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്നു പറഞ്ഞു തന്നതേതു സാറാണു?
ഈ നക്ഷത്രകൂടാരങ്ങളിലെ ഒച്ചയും അനക്കങ്ങളും എന്നായിരിക്കും ഇങ്ങൊട്ടെക്കെത്തുന്നതു?
അതൊ അതു വന്നു കഴിഞ്ഞോ?
തലക്കകത്തു ഇടക്കിടെ മുഴങ്ങുന്നതേതു നക്ഷത്രങ്ങളുടെ വിളികളായിരിക്കും?

***
അന്ധരീക്ഷത്തിലേക്കലിഞ്ഞുപോയ എന്റെ നിലവിളികളും വ്യർത്തഭാഷണങ്ങളും ദൂരദൂരം സഞ്ചരിച്ചു നക്ഷത്രങ്ങളിലെത്തുന്നതെന്നായിരിക്കും?
അവിടെ വാക്കുകൾ വേർ തിരിക്കുന്ന യന്ത്രങ്ങളുടെ നടത്തിപ്പുകാരാ,കെട്ടുപോയ പ്രണയങ്ങൾക്കും കടിച്ചുപിടിച്ച വിതുമ്പലുകൾക്കുമിടയിൽ പറയാതെപോയ ഒരു പാടു വാക്കുകൾ ഇറക്കിവക്കുന്ന ഇടമെവിടെ?

***
ഒച്ചകൾ കൂടുന്നതെന്തേ?
മരുന്നിന്ന് നേരമായെന്നോ?

Sunday, March 1, 2009

മേശ , നാരങ്ങ മുതലായവ

അടുത്തയിടെയാണ് മനസ്സിലായത് നമ്മുടെ മേശയെ സ്പാനിഷ്കാര് വിളിക്കുന്നത് 'മേസ' എന്ന് തന്നെയാണ്. അത് പോലെ തന്നെ നാരങ്ങയെ 'നരാങ്ങ' എന്നും. മനസ്സിലാകാത്തത് 'മേശയുടെ' യാത്ര കടല് കടന്നു അങ്ങോട്ടയിരുന്നോ അതോ മിഷനറി മാരുടെ കൂടെ ഇങ്ങോട്ടായിരുന്നോ?