
സ്കൂളെല്ലാമടച്ചു തെക്കു വടക്കു കറങ്ങിനടക്കുന്ന മധ്യവേനലവധിക്കാലത്തായിരിക്കും മിക്കവാറും സർക്കസ് വരുന്നത്. സർക്കസെന്നൊന്നും പറയാനില്ല. സൈക്കിൾ ചവിട്ടെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൈക്കിൾ അഭ്യാസങ്ങൾ, ശിവാജിയുടെയും, എം.ജീ.ആറിന്റെയും, പ്രേം നസീറിന്റെയും കുറെ ഡാൻസ് നമ്പറുകൾ, എറ്റവും ഒടുവിൽ അൽപം അപകടകരമായ എന്തെങ്കിലും ഒരു സർക്കസ് ഐറ്റവും.
സൈക്കിൾ ചവിട്ട് വരുന്ന രണ്ടാഴ്ചക്കാലത്തേക്ക് വൈകുന്നേരങ്ങളിൽ ഒരു പെരുന്നാളിന്റെ പ്രതീതിയാണ്. നാട്ടിലെ ഒറ്റ മുറി വായനശാലക്കു പിറകെ താൽകാലത്തേക്ക് വളച്ചു കൂട്ടിയ കൊച്ചു മൈതാനത്തായിരിക്കും അഭ്യാസപ്രകടനങ്ങൾ. നാലു വശങ്ങളിലായി മുളംകമ്പിലും തൈത്തെങ്ങുകളിലുമായി കെട്ടിതൂക്കിയിരിക്കുന്ന പെട്രൊമാക്സ് വിളക്കുകൾ. മധ്യത്തിൽ നാട്ടിവച്ചിരിക്കുന്ന ട്യൂബ് ലൈറ്റുകളും. തൊട്ടടുത്തുള്ള മതിലിലും കലുങ്കിലുമെല്ലാമായി സർക്കസ് കാണാൻ കൂട്ടം കൂടിയിരിക്കുന്ന നാട്ടുകാർ. വീടുകളിൽനിന്നും കൊണ്ടുവന്ന പഴയ പായും പുതപ്പും നിലത്തു വിരിച്ചു സൗകര്യമായി ഇരുന്ന് അമ്മമാരും കുഞ്ഞുങ്ങളും.
മൂന്നൊ നാലോ ആണുങ്ങളും ഒന്നൊ രണ്ടൊ പെണ്ണുങ്ങളും അടങ്ങുന്നതാണ് സർക്കസ് റ്റീം. പകൽ മുഴുവൻ, കള്ളിമുണ്ടുടുത്ത്, ദിനേശ് ബീഡിയും പുകച്ച് കലുങ്കിലോ ചായക്കടയിലോ ഇരിക്കുന്ന ഈ അത്ഭുതമനുഷ്യർ, വലിച്ചു പിടിച്ച ഒരു സാരിമറയിൽ നിന്നു, മുഖത്തു ചായം പൂശി,പളപള മിന്നുന്ന ഉടുപ്പുകളുമിട്ട് എം.ജീ.ആറും, ജയലളിതയും, ശിവാജിയുമാകുന്ന കാഴ്ച അന്ന് ഒരു അതിശയം തന്നെയായിരുന്നു!
സംഘത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണു പ്ലാത്തോട്ടം. ശരിയായ പേരു ഇപ്പൊ എത്ര ഓർത്തിട്ടും പിടി തരാതെ... അൽപം കറുത്തിട്ട് ഉണ്ടക്കണ്ണുകളുമായി നെഞ്ചൽപം മുന്നോട്ടു തള്ളി ഒരു അരോഗദ്രുഢഗാത്രൻ! കാണികളെ രസിപ്പിക്കുന്ന കസർത്തുകളെല്ലാം പ്ലാത്തോട്ടത്തിന്റേതാണ്. സൈക്കിൾ ചവിട്ട് നംബറുകളും സാധാരണ അവതരിപ്പിക്കുന്നത് പുള്ളി തന്നെ. ഓടുന്ന സൈക്കിളിൽ കമഴ്‌ന്നു കിടക്കുക, ഹാണ്ടിലിൽ ഇരുന്ന് ഓടിക്കുക, ഒറ്റ ചക്രത്തിൽ ഓടിക്കുക ഇതൊക്കെയാണു സ്ഥിരപരിപാടികൾ. പിന്നെ എല്ലാ വർഷവും രണ്ടൊ മൂന്നോ പ്രാവശ്യം, അമിതാഭിനയത്തിൽ ശിവാജി ഗണേശനെ കടത്തിവെട്ടുന്ന തരത്തിൽ പ്ലാത്തോട്ടം അവതരിപ്പിക്കുന്ന ശിവാജിയുടെ
"പാലൂട്ടി വളർത്തകിളി പഴം കൊടുത്ത് പാർത്ത കിളി" ഡാൻസ്. ഒരു കൈയിൽ ബ്രാണ്ടിക്കു പകരം ചുവന്ന കട്ടൻ കാപ്പി നിറച്ച ഗ്ലാസും പിടിച്ച്, വേച്ച് വേച്ച്, കുട്ടിക്കാലത്ത് ഈ ആരാധനാ പാത്രത്തിന്റെ ഡാൻസ് എത്ര വട്ടം പയറ്റി നൊക്കിയിരിക്കുന്നു?
ഓരൊ ദിവസത്തെയും പ്രധാന ഐറ്റം ഒടുവിൽ കാണിക്കുന്ന അപകടകരമായ ഇനങ്ങളായിരുന്നു.
"നിങ്ങളേപ്പോലെ തന്നെ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള ഒരു മനുഷ്യജീവി ഒരു ചാൺ വയറിനുവേണ്ടി ഇതാ.." മുളംകമ്പിൽ കെട്ടിവച്ചിരിക്കുന്ന കോളാമ്പിയിലൂടെ അവസാന ഐറ്റത്തിനുള്ള അറിയിപ്പ്. അറിയിപ്പിനൊടുവിൽ എല്ലം മംഗളമായി തീരാൻ ഒരു പ്രാർത്ഥനാ ഗാനം. അതിനുശേഷമാണു നാട്ടുകാർ വൈകുന്നേരം മുതൽ അക്ഷമരായി കാത്തിരിക്കുന്ന പ്രധാന അഭ്യാസം. "മണ്ണിനടിയിൽ ആളെ കുഴിച്ചിടുക, ട്യൂബ് ലൈറ്റുകൾ ദേഹത്തടിച്ച് പൊട്ടിക്കുക, ഷേവിംഗ് ബ്ലേഡ് കറുമുറെ തിന്നുക, ചരിച്ചു വച്ച ഒരു പലകയിലൂടെ അംബാസഡർ കാർ നെഞ്ചിലൂടെ കയറ്റിയിറക്കുക" ഇതൊക്കെയാണു സാധാരണ പരിപാടികൾ.
വർഷങ്ങൾക്കു മുമ്പു ഒരു ചാൺ വയറിനുവേണ്ടി പ്ലാത്തോട്ടം എന്ന ഒരു പാവം മനുഷ്യന്റെ, നെഞ്ചിലൂടെ കയറിയിറങ്ങുന്ന കാറിന്റെ കാഴ്ചയായിരിക്കാം ഇന്നും സർക്കസ് എന്നു കേട്ടാൽ തോന്നുന്ന വിമുഖതക്കു കാരണം.
ഇന്നു ജീവിതം താങ്ങാനുള്ള നെട്ടോട്ടത്തിനിടയിൽ, പ്ലാത്തോട്ടത്തെ കണ്ടാൽ ചൊദിക്കാൻ വച്ചിരിക്കുന്ന ഒരു ചോദ്യമുണ്ട്. നെഞ്ചിനുമുകളിൽ കയറിയിറങ്ങിയ കറുത്ത കാറിനെ കുറിച്ചല്ല, വർഷങ്ങൾക്കുമുമ്പു നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന ജീവിതഭാരത്തെകുറിച്ച്. ആ ഭാരവും ഒളിപ്പിച്ച്, കോമാളിത്തവും കസർത്തുകളും കാട്ടി കുഞ്ഞുങ്ങളെ കുടുകുടാ ചിരിപ്പിക്കുന്ന അതിശയകരമായ കഴിവിനെപറ്റി. അനുകരിക്കാൻ പലവട്ടം പയറ്റി തോറ്റു പിന്മാറിയ ഒരു അപൂർവ്വ സിദ്ധിയെപറ്റി!
--
പട്ടണത്തിൽ സർക്കസ് വന്നിട്ടുണ്ട്. പഴയ സൈക്കിൾ ചവിട്ടൊന്നുമല്ല; കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവിതാനങ്ങളും കൂട്ടിലടച്ച അനേകം വന്യമൃഗങ്ങളും കോമാളികളുമെല്ലാമായി ഒരു വലിയ സർക്കസ് പട തന്നെ.
സർക്കസിനുപോകാൻ വീട്ടിൽ വാമഭാഗവും കുട്ടികളും തമ്മിൽ ചില രഹസ്യ ചർച്ചകളെല്ലാം നടക്കുന്നുണ്ട്. അനുമതിക്കുള്ള അപേക്ഷ ഇതുവരെ എത്തിയില്ല.വരുമ്പോൾ ഒഴിഞ്ഞു മാറാൻ ഒന്നു രണ്ടു കാരണം കണ്ടുവച്ചിട്ടുണ്ട്.
"ഞാനിതെത്ര കണ്ടിരിക്കുന്നു?" പണ്ടു നക്ഷത്രം പതിച്ച നീലാകാശത്തിനു കീഴെ, ഒരു കീറപുതപ്പിൽ അത്ഭുതപരതന്ത്രനായി വാ പൊളിച്ചിരുന്ന്?
ആ കാരണം പറ്റിയില്ലെങ്കിൽ ഉള്ള സത്യം പറയണം, "ഒരു ചാൺ വയറിനുവേണ്ടി മനുഷ്യർ ട്രെപീസിൽ ആടുന്നതു കാണാനുള്ള മനകരുത്തില്ലെന്ന്!"