Saturday, June 20, 2009

ലവ്‌ ഇൻ ദി ടൈം ഓഫ്‌ പീച്ച്‌


വർഷങ്ങൾക്കുശേഷമാണ്‌ ഒന്നു രണ്ടു വരികളുമായി പോളിന്റെ ഈമെയിൽ വന്നത്‌.

"ഡീയർ ഷാജു,

ഞാൻ ജൊർജിയായിലേക്കു മടങ്ങി പോന്നു. അൽഭുതം! എന്റെ പഴയ ഹൈസ്കൂൾ സ്വീറ്റ്‌-ഹാർട്ടിനെ അവിചാരിതമായി കണ്ടുമുട്ടി. ഏതാനും വർഷങ്ങളായി ഭർത്താവ്‌ മരിച്ച്‌ അവളും ഒറ്റക്കാണ്‌. മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!

അവിടെ നിങ്ങൾക്കെല്ലാവർക്കും സുഖം തന്നെയെന്ന് കരുതുന്നു. വല്ലപ്പോഴും ഈ വഴി വരുന്നെങ്കിൽ ഞങ്ങളെ സന്ദർശിക്കുക.

ടേക്‌ കേയർ,

പോൾ ജെയ്ംസ്‌ മാർറ്റിൻ"

--

ഏകദേശം ആറരയടിയിൽ മേലെ പൊക്കം കാണും ബിഗ്‌ പോളിന്‌. പൊക്കത്തിനെക്കാൾ ആദ്യം ശ്രദ്ധിക്കുക വണ്ണമാണ്‌. ബ്രിഹത്തായ ശരീരം! പ്രവാസത്തിലെ ആദ്യ ജോലി കിട്ടി ചെന്നു കയറിയത്‌ പോളിന്റെ ഗ്രൂപ്പിലായിരുന്നു. വലിയ ഒരു ഭീമന്റെ മുന്നിൽ ചെന്നുപെട്ട പേടിയായിരുന്നു ആദ്യം. പിന്നെ പിന്നെ മനസ്സിലായി വലിയ ശരീരത്തിന്റെ ഉള്ളിൽ സൗമ്യമായ ഒരു മനസ്സാണെന്ന്‌.ആർക്കും എന്തു സഹായത്തിനും പോളാണ്‌ എന്നും മുൻപിൽ.

ജൊർജിയയാണ്‌ പോളിന്റെ സ്വന്തസ്ഥലം. പീച്ച്‌ പഴങ്ങളുടെ സ്വന്തം നാട്‌. ജൊർജിയായിലെ ഭൂരിഭാഗം വഴികളുടെയും പേരിട്ടിരിക്കുന്നതു പോലും പീച്ചിനെ ചുറ്റിപറ്റിയാണത്രെ."പീച്ച്‌ സ്റ്റ്രീറ്റ്‌, പീച്ച്‌ റോഡ്‌,പീച്ച്‌ ലയ്ൻ,പീച്ച്‌ ബൊളിവാഡ്‌" അങ്ങനെ അങ്ങനെ.സാധാരണ ഗതിയിൽ തെക്കന്മാർക്ക്‌ - ജോർജിയ,അലബാമ തുടങ്ങിയ സ്ഥലത്തുനിന്നും വരുന്നവർക്ക്‌- വർണവിവേചനം കൂടുതലാണെന്നണ്‌ വെപ്പ്‌. പോളിന്റെ കാര്യം നേരെ തിരിച്ചായിരുന്നു. ടീമിൽ പുതിയതായി ജോയിൻ ചെയ്ത ഞങ്ങൾ രണ്ടു 'ബ്രവുണി" കളെ ആദ്യം സൗഹൃദത്തൊടെ സീകരിച്ചതു പോളായിരുന്നു. പുതിയ നാട്ടിലെ രീതികളൂം, ഓഫീസ്‌ കീഴ്‌വഴക്കങ്ങളും എന്തിനു് ബെയ്സ്ബോൾ കളിയുടെ നിയമങ്ങളും വരെ പറഞ്ഞു തന്നത്‌ പോളായിരുന്നു. ഒരു പക്ഷെ ലോകപരിചയമായിരുന്നിരിക്കാം മറ്റുള്ളവരോടു കാണിക്കുന്ന ഈ സൗമനസ്യത്തിനു കാരണം.

"ഞാൻ പോകാത്ത ഭൂഖണ്ടങ്ങളില്ല. കാണാത്ത തരം മനുഷ്യരുമില്ല.". പത്തു പതിനെട്ടു വയസ്സിൽ ഹൈസ്കൂൾ വിദ്യഭ്യാസവും കഴിഞ്ഞു ആർമിയിൽ ഗണ്ണറായി ചെർന്നതാണ്‌ പോൾ. ആർമി ജീവിതത്തിനിടയിൽ കറങ്ങിയതാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും. സൗമ്യനായ ഈ "ജൊർജിയാ ബോയ്‌" ഒരു ഗണ്ണറായിരുന്നു എന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല.

"പോൾ ആരെയെങ്കിലും ഷൂട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ടോ?" ഒരിക്കൽ ചോദിച്ചു.
പോൾ ഒന്നു തുറിച്ചു നോക്കി. മറക്കാൻ ആഗ്രഹിക്കുന്ന എന്തൊ ഒന്ന്‌ ഓർമിപ്പിച്ച മട്ട്‌.

ആർമിയിൽനിന്ന്‌ വിട്ട്‌ ജോലി സംബന്ധമായി ചേക്കേറിയതാണ്‌ വർഷങ്ങളായി നഗരത്തിൽ. ഈ നഗരത്തിൽ വച്ചാണ്‌ കുട്ടികൾ ജനിച്ച്‌ വളർന്ന്‌ അവരവരുടെ സ്വകാര്യതകളിലേക്ക്‌ കൂടുമാറ്റം നടത്തിയത്‌. ഇവിടെ വച്ചുതന്നെയാണ്‌ സുഖങ്ങളിലും ദുഃഖങ്ങളിലും കൂടെയുണ്ടായിരുന്ന ഭാര്യ വിളിച്ചാൽ കേൾക്കാത്ത ഇനിയൊരു ലോകത്തേക്ക്‌ വിട വാങ്ങിയതും. എങ്കിലും വർഷമിത്രയായിട്ടും നഗരത്തിൽ ഇതുവരെ വീടൊന്നുമായില്ല പോളിന്‌. ചോദിച്ചാൽ പറയും.

"ഇവിടെയോ? ഇവിടെ ആരിരിക്കുന്നു? ഒരിക്കൽ ജോർജിയായ്ക്ക്‌ മടങ്ങിപോയി, അവിടെ പീച്ച്മരങ്ങളുടെ നടുക്ക്‌ ഞാൻ ഒരു വീടു വയ്ക്കും".

ഇവിടെ പോളീന്‌ ആരുമില്ലെന്ന് മനസ്സിലായത്‌ ഒരിക്കൽ ആശുപത്രിയിലായപ്പോഴാണ്‌. ആശുപത്രിയിൽ നാലഞ്ചുദിവസം കിടന്നിട്ടും ആകെ കാണാൻ ചെന്നത്‌ കൂടെ ജോലി ചെയ്യുന്ന ഞങ്ങൾ ഒന്നു രണ്ടു പേരു മാത്രം. പ്രായപൂർത്തിയായ പെണ്മക്കൾ രണ്ടുപേരും ദൂരനഗരങ്ങളിൽ നിന്നും ഫോൺ ചെയ്തു കടമ തീർത്തു. ആശുപത്രിയിലെ വെള്ളകിടക്കയിൽനിന്നു് പരസഹായം കൂടതെ എഴുന്നെൽക്കാൻ കഴിയാതെ പോൾ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. അതിനു കണ്ണീരിന്റെ നനവുണ്ടായിരുന്നോ?

ഒരെട്ടുമണിക്കൂർ ഡ്രൈവ്‌ ചെയ്താൽ ജൊർജിയയിൽ എത്തും. എങ്കിലും കൂടെയുണ്ടായിരുന്ന മൂന്നു നാലു വർഷങ്ങളിൽ ഒരിക്കൽപോലും പോൾ അവിടെ പോയതായി പറഞ്ഞതോർമയില്ല.

വർഷങ്ങൾ നാലഞ്ചു കടന്നുപോയി. ജോലി വിട്ട്‌ ഞാൻ ഇനിയൊരു കമ്പനിയിലേക്കു മാറി. വല്ലപ്പൊഴുമൊരിക്കൽ പോളിന്റെ ഇമെയിൽ വരും. പിന്നെ പിന്നെ അതും ഇല്ലാതായി.

--
ഈമെയിൽ ഒന്നുകൂടി വിശ്വാസം വരാതെ വായിച്ചുനോക്കി. "മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!" പോളിനെ ഞാൻ പരിചയപ്പെടുമ്പോൾ ഒരറുപതിനൊടടുത്തു പ്രായം കാണും. ഇന്നു, ഏകദേശം പത്തു വർഷങ്ങൾക്കുശേഷം.. എഴുപതാം വയസ്സിൽ ഒരു കല്യാണം! നോവലുകളിലും പത്രങ്ങളിലും വയസ്സന്മാരുടെ കല്യാണം പലകുറി വായിച്ചപ്പോഴും മനസ്സിൽ ഒരു ചെറിയ പുഞ്ചിരിയായിരുന്നു. ഇന്നു എന്തു വികാരമാണ്‌ തോന്നുന്നതെന്ന്‌ പറഞ്ഞുകൂടാ. ഒന്നറിയാൻ മാത്രം ആകാക്ഷ. അഞ്ചൊ ആറൊ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ ഹൈസ്കൂൾ കുട്ടികളെപ്പോലെ അവരുടെ കണ്ണുകളിൽ ഒരു പൂത്തിരി കത്തിയോ? നെഞ്ചിന്നുള്ളിൽ ഒരു വിറയലോടെ വാക്കുകൾ വീർപ്പുമുട്ടിയോ?

ഏതായാലും ജീവിതത്തിന്റെ പോക്കുവെയിലിൽ, അവിചാരിതമായി കണ്ടെത്തിയ പീച്ച്‌ മരങ്ങളുടെ മധുരതരമായ തണൽ ദീർഘ നാൾ നീണ്ടുനിൽക്കട്ടെ എന്നൊരാശംസ ..ഒരു പഴയ സുഹ്രുത്തിൽ നിന്നും!

Sunday, June 7, 2009

ഒരു യാത്രയുടെ മുറിവുകൾ


ഹാസ്സനിലേക്കെത്താൻ ഒരെൺപതു മൈലുകളോളം കാണും ഭാര്യാവീട്ടിൽനിന്ന്‌.പശ്ചിമഘട്ടങ്ങളിലൂടെയുള്ള യാത്രയായതുകൊണ്ടു വളരെ പതുക്കെ സൂക്ഷിച്ചു വേണം പോകാൻ.യാത്രയിലുടനീളം ഒരു വശം മുഴുവൻ അഗാധമായ ഗർത്തങ്ങൾ. മറുവശത്ത്‌ ചെങ്കുത്തായ പാറകളും. ദിവസങ്ങളായി തകർത്ത്‌ പെയ്ത മൺസൂൺ, ടാറിട്ട റോഡിന്റെ അസ്ഥിവാരം വരെ ഇളക്കിയിട്ടിരിക്കുകയാണ്‌. കയറ്റം കയറി ചെല്ലുന്ന ഓരോ ഹൈർപ്പിൻ വളവിലും വിശ്രമിക്കാനെന്നപോലെ ബ്രൈക്ഡവുണായിക്കിടക്കുന്ന കൂറ്റൻ റ്റാങ്കർ ലോറികൾ. റോഡിൽ വാഹനങ്ങളുടെ എണ്ണം കുറവാകുമെന്നു കരുതി യാത്രയിറങ്ങിയതു ഒരു ഞായറാഴ്ചയായിരുന്നു. ഹാസനിലെത്തിയപ്പോൾ സമയം ഉച്ചക്ക്‌ എകദേശം ഒരു മണി. ചേച്ചിയുടെ അടുത്തെത്താൻ ഇനിയും ഒരു പത്തിരുപത്‌ മൈലുകൂടി പോകണം.

കർണാടകത്തിലെ ഒരു കുഗ്രാമത്തിൽ റ്റീച്ചറാണ്‌ വാമഭാഗത്തിന്റെ കന്യാസ്ത്രീയായ ചേച്ചി. ഒരോ അവധിക്കാല വരവിനും പോയിക്കാണാമെന്നൊർക്കുമെങ്കിലും ഇക്കുറിയാണ്‌ സന്ദർഭം ഒത്തു വന്നത്‌. ഒന്നാമതെ എണ്ണ്ണിചുട്ട അപ്പം പോലെ ലീവും കൊണ്ടാണു വരുന്നത്‌, പോരാത്തതിന്‌ അത്ര എളുപ്പത്തിൽ കുഞ്ഞുങ്ങളെയും കൊണ്ടു പോയി വരാൻ ഒക്കാത്ത സ്ഥലം.

ഹാസ്സൻ വരെയുള്ള വഴി മോശമായിരുന്നെങ്കിലും ഡ്രൈവർക്കു പരിചിതമായിരുന്നു. ഇനിയുള്ള ഒരൊ തിരിവും ആരോടെങ്കിലും ചൊദിച്ചു വേണം പോകാൻ.ഡ്രൈവർക്ക്‌ കന്നഡ അറിയുന്നതുകൊണ്ട്‌ ചോദിക്കുന്നത്‌ ഒരു പ്രശ്നമല്ല. ചൊദിക്കാൻ റോഡിൽ ആരുമില്ലെന്ന ഒരു പ്രശ്നം മാത്രം. വല്ലപ്പോഴുമൊരിക്കൽ മാത്രം നാട്ടിലെപ്പോലത്തെ കൊച്ചുമാടക്കടകൾ. ഇടക്ക്‌, ഇപ്പൊഴും ചാറികൊണ്ടിരിക്കുന്ന മഴയെ തടുക്കാൻ തലക്കുമേലെ വലിയ ഇലകളും കമഴ്ത്തിപിടിച്ചു, ചെളിവെള്ളം കെട്ടികിടക്കുന്ന കുഴികളും കവച്ചു വച്ചു നടക്കുന്ന വഴിപോക്കർ.

അടുത്തെത്താറായെന്നു തോന്നുന്നു. ചേച്ചി പറഞ്ഞു തന്ന അടയാളം പോലെ യാത്ര ചെറിയൊരു കുന്നിന്റെ വശത്തുകൂടെയായി. മറുവശത്തു കായൽ പോലെ വെള്ളം കെട്ടികിടക്കുന്ന താണ പ്രദേശം. ദൂരെ വെള്ളത്തിനു നടുവിൽ മുകളിലെക്കു കാണുന്ന ഒരു കൊച്ചു കുരിശു്. അവിടെ വളരെ കാലം പഴക്കമുള്ള ഒരു പള്ളിയുണ്ടത്രെ. അടുത്ത്‌ അണക്കെട്ടു വന്നപ്പോൾ പള്ളി നിന്ന സ്ഥലം അടക്കം എല്ലാം വെള്ളത്തിനടിയിലായി. ഇപ്പോൾ വർഷകാലത്ത്‌ പള്ളിയുടെ മുഖവാരം മാത്രം അൽപം കാണാം.വേനൽക്കാലത്താണെങ്കിൽ വെള്ളമിറങ്ങിക്കഴിഞ്ഞ്‌, മിക്കവാറും പള്ളി മുഴുവൻ കാണാമത്രെ.

മൂന്നോ നാലോ മുറികളുള്ള, വെളുത്ത ചായം അടിച്ച, ഒരു കൊച്ചു വീടാണു മഠം. അന്തേവാസികളായി നാലു കന്യാസ്ത്രീകൾ. എല്ലാവർക്കും ഏറെ നാളുകൾക്കുശേഷം കണ്ടതിന്റെ സന്തോഷം. കയ്യിലുണ്ടായിരുന്ന ഉപഹാരങ്ങളും വിദേശ ചൊക്കലെറ്റും എല്ലാവർക്കും പങ്കു വച്ചു. അൽപനേരത്തെ ഉപചാരങ്ങൾക്കുശേഷം ചേച്ചി ചൊദിച്ചു,

"കുട്ടികളെ കാണാൻ പോകുന്നൊ?"

"കുട്ടികളൊ? അതിന്‌ ഇന്നു ഞായറാഴ്ച, സ്കൂൾ അവധിയല്ലെ?"

"സ്കൂൾ കുട്ടികളല്ല.. വാ".

ചേച്ചിയോടൊപ്പം വശത്തെ വാതിൽ തുറന്ന്‌, മഴ വകവക്കാതെ പറമ്പിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്കോടി.നനഞ്ഞൊലിച്ച്‌ കയറിചെല്ലുമ്പോൾ അകത്തുനിന്നാരോ വാതിൽ തുറന്നു തന്നു.

വീട്ടിനകത്ത്‌ ഹാളിൽ നിരയായി ഇട്ടിരിക്കുന്ന കൊച്ചു ആട്ടു തൊട്ടിലുകളിൽ, മുകളിൽ മുനിഞ്ഞു കത്തുന്ന ബൾബിനു താഴെ, സുഖമായി ഉറങ്ങുന്ന ആറൊ ഏഴൊ പൊടികുഞ്ഞുങ്ങൾ. ഒന്നു രണ്ടു മാസം മുതൽ ഒരു വയസ്സുവരെ പ്രായം കാണും. ഓമനത്തം തുളുമ്പുന്ന മുഖങ്ങൾ. ഞങ്ങൾ ചെന്ന ബഹളം കേട്ട്‌ അകത്തെ മുറിയിൽ നിന്നും അൽപം കൂടി മുതിർന്ന ഏഴെട്ടു കുട്ടികൾ കൂടി ഇറങ്ങി വന്നു.ഏറ്റവും പ്രായം തോന്നിക്കുന്ന കുട്ടിക്ക്‌ ഒരു നാലു വയസ്സു കാണും. മോന്റെ പ്രായം.

"ഈ കുഞ്ഞുങ്ങൾ?"

"അനാഥകുട്ടികളാണ്‌.." ചേച്ചി പറഞ്ഞു. "എങ്കിലും തീർത്തും അനാഥരെന്നു പറഞ്ഞുകൂടാ. പലരെയും വളർത്താൻ കഴിവില്ലാത്ത അച്ചനമ്മമാർ മഠത്തിന്റെ പടിയിൽ ഉപേക്ഷിച്ചു പോകുന്നതാണ്‌. വർഷത്തിൽ രണ്ടോ മൂന്നൊ കുഞ്ഞുങ്ങളെ ഇങ്ങനെ കിട്ടും."

ദൈവമേ ..സ്വന്തം കുഞ്ഞുങ്ങളെ ഇങ്ങനെ ഉപേക്ഷിക്കാൻ ആർക്ക്‌ തോന്നും? മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു. കയ്യിൽ കൊടുക്കാൻ ഒന്നുമില്ല. കൊണ്ടുവന്ന വിദേശസാധനങ്ങളെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. പ്രതീക്ഷയോടെ കുട്ടികൾ. ഡ്രൈവറെയും കൂട്ടി പുറത്തിറങ്ങി, വരുമ്പോൾ കണ്ടിരുന്ന ഒരു ചെറിയ മാടക്കടയിലേക്കു പോയി.ആകെയുള്ളത്‌ ചവക്കുമ്പോൾ പല്ലു മുഴുവൻ ഒട്ടി പിടിക്കുന്ന ഒരു തരം കറുത്ത മിഠായി.മിഠായിയും ബിസ്കറ്റുമായി ചെല്ലുമ്പോൾ കുട്ടികൾക്കു അമ്പിളിമാമനെ കിട്ടിയ സന്തോഷം. വരാനിരിക്കുന്ന ജീവിതയാഥാർത്ത്യങ്ങളുടെ ആകാംക്ഷകളില്ലാതെ കിട്ടിയ ബിസ്കറ്റും കഴിച്ച്‌ കളിച്ചുമറിയുന്ന കുട്ടികൾ. ഇവരുടെ ജീവിതത്തിലെ കണ്ണീരിന്റെ കാലവർഷത്തിന്റെ തോർച്ച എന്നായിരിക്കും?

"വെള്ളത്തിൽ മുങ്ങിയ പള്ളി കാണാൻ പോകുന്നൊ? ഇതിലേ ഒരു ഷോർട്‌ കട്ടുണ്ടു" തിരിച്ചിറങ്ങാൻ നേരം ചേച്ചി ചോദിച്ചു.

"വേണ്ട.. ഇനിയൊരിക്കലാകട്ടെ.. ഒരു വേനൽക്കു വരാം." എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.

അൽപനേരം യാത്ര കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, കാറിനുള്ളിൽ, പുറകിലെ സീറ്റിൽ ഭാര്യയുടെയൊപ്പം സുഖമായുറങ്ങുന്നു കുട്ടികൾ രണ്ടുപേരും. പുറത്തു, മഴനൂലുകൾക്കിടയിൽ, കഷ്ടങ്ങളുടെ കാലവർഷകാലത്ത്‌ കാണാമറയത്തേക്കു മുങ്ങിപോകുന്ന ദേവാലയം ഒരു ദൂരകാഴ്ചയായി മറയുന്നു!