അന്ന്, മടിവാള നഗരത്തിന്റെ മോടികൾക്കുപുറത്തു, വൃത്തികേടുകൾ നിറഞ്ഞ, ഗതി പിടിക്കാത്ത തമിഴന്മാരും കന്നഡക്കാരും തിങ്ങി പാർക്കുന്ന ഒരിടമായിരുന്നു. മാലിന്യം കുന്നു കൂടിയ ചെറിയ വഴികളും, കറുത്ത വെള്ളം ഒഴുകുന്ന ഓടകളും, അവക്കിരുപുറങ്ങളിലും അടുപ്പുകല്ലുകൾ കൂട്ടിയ കണക്ക് കൊച്ചുകൂരകളും.
മാർക്കെറ്റിൽ നിന്നും വരുന്ന ബി. ടി. എസ്. ബസിന്റെ അവസാന സ്റ്റൊപ്പിൽ ഇറങ്ങി, വലതു വശത്തുള്ള കൊച്ചു കടകൾക്കിടയിലൂടെ ഒരിടവഴിയുണ്ട്. അതിലൂടെ പഴയ തമിഴ് പടങ്ങൾ കളിക്കുന്ന പൊട്ടിപൊളിഞ്ഞ ടാക്കീസും കടന്ന്, തുറസ്സായ ചതുപ്പു നിലങ്ങളും കടന്ന്, കയറിചെല്ലുന്നിടത്താണ് താമസസ്ഥലം. ആ പരിസരത്തെ സാമാന്യം വലിപ്പമുള്ള ഒരു കൊച്ചു വാർക്കവീടിന്റെ മേലേ തകരം മേഞ്ഞ രണ്ടു ഒറ്റ മുറികളിലൊന്നാണ് ജോണി വാടകക്കെടുത്തിരിക്കുന്നത്. പച്ച ചായം തേച്ച വീടിന്റെ താഴെ വീട്ടുടമസ്ഥനും കുട്ടികളും, വയസ്സായ അമ്മയും. പഠിപ്പെല്ലാം കഴിഞ്ഞ് ജോലി അന്വേഷണമാണ് ഇപ്പോഴ്ത്തെ സ്ഥിരജോലിയെന്നുള്ളതുകൊണ്ട് ജോണിയുടെ വലിയ സൗമനസ്യം മുതലാക്കിയാണ് ഞാനും കൂടെ കൂട്ഇയിരിക്കുന്നത്.
ജോണി രാവിലേ വർക്ക്ഷാപ്പിൽ പോയിക്കഴിഞ്ഞാൽ, വിശദമായി പത്രം അരിച്ചു പെറുക്കലാണ് ആദ്യത്തെ പണി. പിന്നെ ബയോഡാറ്റായുമായി പട്ടണത്തിലേക്ക്. മൂന്നോ നാലോ ഇടങ്ങളിൽ കയറിയിറങ്ങി ഉച്ചയുറക്കത്തിന്റെ നേരത്തെക്ക് മടങ്ങിയെത്തുക. ഇതായിരുന്നു മടിവാളയിലെ സ്ഥിരം ദിനചര്യ. രണ്ടാൾക്ക് കഷ്ടിച്ചു മരുങ്ങു തിരിയാൻ മാത്രം നീളമുള്ള മുറിയിൽ തന്നെ കിടപ്പും, ചോറു വയ്പും, ഭക്ഷണം കഴിപ്പും, മൂലയിൽ തന്നെ കുളിയും എല്ലാം കഴിയും എന്നുള്ളതിൂകൊണ്ട് മുറിക്കകത്തെക്കു കയറിയാൽ പിന്നെ പുറത്തിറങ്ങേണ്ട കാര്യമേയില്ല.
പുറത്തേക്കിറങ്ങിയാൽ, മുകളിൽ തന്നെയുള്ള ചെറിയ വരാന്തയിൽനിന്നു നോക്കുമ്പോൾ, നേരെ താഴെ, ഞങ്ങളുടെ വീട്ടുടമ തന്നെ വാടകക്ക് കൊടുത്തിരിക്കുന്ന രണ്ടു കൊച്ചു കൂരകൾ കൂടി കാണാം. ചെന്നെത്തിയ ആദ്യദിവസം തന്നെ ജോണി എല്ലാത്തിനും ഒരാമുഖം തന്നു വച്ചു. ഇടതു വശത്തുള്ള വീട്ടിൽ താമസിക്കുന്നത് ഭർത്താവും ഭാര്യയും മാത്രമുള്ള ഒരു കന്നട കുടുംബം. തൊട്ടടുത്തുള്ള വീട്ടിൽ സ്ഥിരതാമസക്കാരായി അവിടത്തെ പെണ്ണും രണ്ടു പൊടികുഞ്ഞുങ്ങളും മാത്രം. അയാൾ മാസം രണ്ടോ മൂന്നോ തവണ മാത്രമേ വരൂ. വന്നാൽ നേരം വെളുക്കുന്നതിനു മുൻപേ പോവുകയും ചെയ്യും. എവിടെയോ തരക്കേടില്ലാത്ത ഉദ്യോഗസ്ഥൻ. പെണ്ണിനെ എവിടുന്നോ അടിച്ചുകൊണ്ടുവന്ന്, സ്വന്തം ഭാര്യ അറിയാതെയുള്ള "ചിന്നവീട്" സെറ്റപ്പാണ്.
പിറ്റേന്ന് വെള്ളമെടുക്കാൻ പ്ലാസ്റ്റിക് കുടവുമായി താഴെ പൈപ്പിന്റെ അടുത്ത് ചെന്നപ്പൊഴാണ് അവളെ ആദ്യമായി കണ്ട് അത്ഭുതപ്പെട്ടത്. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സെങ്കിലും പ്രായക്കുറവുള്ള ഒരു കൊച്ചു പെൺകുട്ടി. ഇവളാണോ "ചിന്നവീട്?". എതോ ഗ്രാമത്തിൽ നിന്നുള്ള പെൺകൊച്ചാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. മുഖത്ത് വാരിതേച്ചിരിക്കുന്ന മഞ്ഞളിനും, നിറുകയിലെ നിറം മങ്ങിയ സിന്ധൂരത്തിനും മറയ്ക്കാൻ കഴിയാത്ത ദൈന്യത അവളുടെ കണ്ണുകളിൽ! ചേല വാരിച്ചുറ്റി വലുതാകാൻ ശ്രമിച്ചിട്ടും ഒളിപ്പിക്കാൻ കഴിയാത്ത അവളുടെ വിഷാദം നിറഞ്ഞ കൗമാരം. ഇവളെങ്ങനെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് തന്നെ ഇവിടെ ജീവിക്കുന്നു? വെള്ളവും കൊണ്ടു മടങ്ങുമ്പോൾ മനസ്സിലോർത്തു, അറിയാതെ തിരിഞ്ഞു നോക്കി.
മടിവാളയിലെ രാത്രികൾ കഷ്ടമായിരുന്നു. മഴ പെയ്താൽ മുഴുൻ ചോർന്നൊലിക്കുന്ന തകരത്തിനു താഴെ, നനയാത്ത മൂല നോക്കി രാവു മുഴുവൻ വെളുപ്പിക്കേണ്ട ഗതികേട് ചിലപ്പോഴൊക്കെ. മഴയെന്നോ വെയിലെന്നോ നോക്കാതെ കൂറ്റൻ കൊതുകുകളുടെ നിരന്തര ശല്യങ്ങളും.
പ്രഭാതങ്ങളായിരുന്നു അതിലേറെ വെല്ലുവിളികൾ. രാവിലത്തെ കർമങ്ങൾക്കുള്ള ഇടമില്ലെന്നതായിരുന്നു ഏറ്റവും വലിയ കഷ്ടപാട്. ഒന്നുകിൽ ചുറ്റുവട്ടത്തുള്ള എല്ല തമിഴരേയും കന്നഡക്കാരേയും പോലെ കിഴ്ക്ക് വെള്ള കീറുന്നതിനു മുൻപ് ഒരു കട്ടനുമടിച്ചു് അടുത്തുള്ള റെയിൽവെയ്ട്രാക്കിന്റെ അടുത്തേക്കോടണം. അല്ലെങ്കിൽ പിന്നെ നേരം വെളുത്ത് വണ്ടിയോടി തുടങ്ങുമ്പോൾ ബി.ടി.എസ് ബസ് കയറി നഗരത്തിലെ ഏതെങ്കിലും 'സുലഭ്' ശൗചാലയങ്ങളിലേക്കോടണം. ജോണിക്ക് വർക്ക്ഷോപ്പിൽ കാര്യങ്ങളെല്ലാം സാധിക്കാമെന്നതുകൊണ്ട്, ട്രാക്കിലേക്കുള്ള ഈ പ്രഭാതസവാരിക്ക് കൂട്ട് തമിഴന്മാർ മാത്രം.
മധ്യാഹ്നങ്ങൾ പറയത്തക്ക അല്ലലില്ലായിരുന്ന്നു. ജോലിയന്വേഷണം കഴിഞ്ഞു വന്നാൽ, എല്ലാരും പണിക്ക് പോയിരിക്കുന്നതുകൊണ്ട് പരിസരത്തെങ്ങും ആരും ഇല്ല. ജോണി ജോലി കഴിഞ്ഞ് എത്തുന്നതുവരെ സുഖമായി കിടക്കാം. ജോലിയെക്കുറിച്ചുള്ള വേവലാതിയിൽ ഉറക്കം വല്ലപ്പൊഴുമേ കടന്നുവരൂ എന്ന അസൗകര്യം മാത്രം.
അങ്ങനെ ഒരുയുച്ചമയക്കത്തിലാണ്, പിള്ളേരുടെ നിർത്താതെയുള്ള കരച്ചിലും, പെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള ശകാരങ്ങളും , ബഹളങ്ങളും കേട്ട് ഞെട്ടിയുണർന്നത്. മുറിയുടെ പുറത്ത് വരാന്തയിൽ പോയി എന്താണെന്നറിയാൻ എത്തിനോക്കി. താഴെ "ചിന്നവീടിന്റെ" മുറ്റത്താണ്. ആ പെൺകുട്ടി, വീട്ടുടമസ്ഥയുടെയും അവരുടെ പ്രായമെത്തിയ മൂത്ത മോളുടേയും കയ്യിൽ കിടന്ന് കുതറുകയാണ്. ഒരാൾ മുടി ചുറ്റിപിടിച്ചിരിക്കുന്നു. മറ്റെയാൾ കയ്യിൽ കിട്ടിയതെല്ലാം എടുത് തലങ്ങും വിലങ്ങും അടിക്കുന്നു. കൂട്ടിനു് വീട്ടുടമയുടെ വയസ്സായ തള്ളയും. അൽപദൂരം മാറി എല്ലാം നിരീക്ഷിച്ചുകൊണ്ട് അടുത്ത വീട്ടിലെ വാടകക്കാരിയും വേറെ ഒന്നു രണ്ടു പെണ്ണുങ്ങളും. അലമുറയിട്ടു കരയുന്ന രണ്ടു കുഞ്ഞുങ്ങൾ.
എന്തു ചെയ്യും? ചെന്നു ഇടപെടാൻ ഭാഷയും വശമില്ല, പുതിയ ഇടവും. ഈ പെണ്ണുങ്ങൾക്കൊന്നു പിടിച്ചു മാറ്റിയേലെന്താ? എന്തു ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്ന്നു. ഒന്നു രണ്ടു മിനുറ്റു കൊണ്ടു കയ്യാംകളിയെല്ലം കഴിഞ്ഞ്, കലിയടങ്ങി, ഉച്ചത്തിൽ ചീത്ത വിളിച്ചു കൊണ്ട് വീട്ടുടമസ്ഥയും മക്കളും തിരിച്ചു പോന്നു. കരഞ്ഞു വീത്തു കലങ്ങിയ കണ്ണുകളുമായി ആ പെൺകുട്ടി, കുഞ്ഞുങ്ങളെയും കൂട്ടി അകത്തെക്കും. പോകുന്ന പോക്കിൽ അവളൊന്നു മുഖമുയർത്തി മുകളിൽ എല്ലാം കണ്ട് അന്തിച്ചു നിന്ന എന്നെ ദയനീയമായി ഒന്നു നോക്കി.
വൈകിട്ട് സൈക്കിളുന്തി കന്നഡപോലീസെത്തി. തഴെ മുറ്റത്തു നിന്നും, ഞങ്ങളുടെ മുറിയിലേക്ക് കൈചൂണ്ടി ആ പെൺകുട്ടി നിറമിഴികളോടെ എന്തൊക്കെയോ പറയുന്നു.
"നീ വാ തുറക്കണ്ട. എല്ലാം ഞാൻ പറഞ്ഞോളാം" ജോണി പോലീസു വരുന്നകണ്ട് മുൻപേ പറഞ്ഞു വച്ചു.
വാതിലിൽ വന്നു മുട്ടിയ പോലീസിനോട് ജോണി കന്നടയിൽ അൽപനേരം എന്തൊ പറഞ്ഞു. എനിക്ക് ഭാഷയറിയില്ലെന്നും ഞാൻ ഒന്നും കണ്ടിട്ടില്ലെന്നുമാണ് പറഞ്ഞതെന്ന് പിന്നെയറിഞ്ഞു. കുഞ്ഞുങ്ങൾ തമ്മീലുള്ള കുട്ടിവഴക്കാണ് എല്ലാത്തിനു തുടക്കം എന്നും പോലിസു പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ ഒരു രാത്രി, രായ്ക്കു രാമാനം അവർ വീടു വിട്ടു പെട്ടിയും കിടക്കയുമെല്ലാമായി സ്ഥലം കാലിയാക്കി. ആ രാത്രി വെളുക്കുവോളം ഉച്ചത്തിലുള്ള ശകാരങ്ങളും അടക്കിപിടിച്ച കരച്ചിലുകളുമായിരുന്നു ആ കൊച്ചു വീട്ടിൽ.
ഇടക്കൊരു കുറ്റബോധം വരും.. അന്ന് ഒരു സഹജീവിക്കുവേണ്ടി ഒരു ചെറുവിരലുപോലും ഉയർത്താതിരുന്നതിന്റെ!
അല്ലെങ്കിലും അവൾക്കുവേണ്ടി നിവർന്നുനിന്നു ചോദിക്കാൻ ആരെങ്കിലും എന്നെങ്കിലും ഉണ്ടാകുമോ?
അഗ്നിസാക്ഷിയായി കൈ പിടിച്ചിറക്കിയ ഒരു പുരുഷൻ?കമനീയമായി ഒരുക്കിയ കല്യാണമണ്ടപത്തിൽ മകളെ നിറകണ്ണുകളോടെ കൈ പിടിച്ചു കൊടുത്ത അച്ചനും അമ്മയും?അതുമല്ലെങ്കിൽ ഒരേ സമയം സന്തോഷവും ദുഃഖവും ഉള്ളിലൊതുക്കി കൂടപിറപ്പിനെ യാത്രയാക്കിയ ഒരു വല്യേട്ടൻ?
തൽക്കാലം, രാത്രി മാത്രം തലയിൽ മുണ്ടു മൂടി വല്ലപ്പോഴുമെത്തുന്ന ഒരു കണവന്റെ കനിവിലാണവളുടെ ജീവിതം!
ഇങ്ങനെയും ചില ജീവിതങ്ങൾ!
Monday, September 14, 2009
Thursday, September 10, 2009
ഹ്രുദയം ഓർമിപ്പിക്കുന്നത്

"ഈ അച്ചനോക്കെ ഇത്ര പഠിപ്പുണ്ടെന്നു പറഞ്ഞിട്ടെന്താ? ഒരു പുറംരാജ്യത്തേക്ക് വരുമ്പോ ശരിയായ മേൽവിലാസം പൊലും ഇല്ലാതെയാണോ വരുക?. ഈ പാതിരാത്രി ഇനി എവിടെ കൊണ്ടു പോയി ആക്കാനാണ്?" നിമിഷം ചെല്ലുംതോറും ദേഷ്യം കൂടി കൂടി വരുകയാണ്.
നാട്ടിൽ നിന്നും സുഹ്രുത്ത് മറ്റൊരച്ചൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും ഉത്തരേന്ത്യയിൽനിന്നുമുള്ള ഈ അച്ചനെ സ്വീകരിക്കാൻ എയർപ്പോർട്ടിൽ പോയത്. അച്ചൻ ഇവിടെ അടുത്ത് രണ്ടൂ മണിക്കൂർ ദൂരെ യൂണിവേർസിറ്റിയിൽ പഠിക്കാൻ വരികയാണ്.
ജോലി കഴിഞ്ഞു ഓഫീസിൽ നിന്നും നേരേ പോകുകയായിരുന്നു. ചായ കുടിക്കാൻ പൊലും സമയം കിട്ടിയില്ല.തലേന്നത്തെ ഉറക്കം ശരിയാവാഞ്ഞതുകൊണ്ട് ക്ഷീണവും കലശലായുണ്ട്. എയർപോർട്ടിൽ നിന്നും പിക്ക് ചെയ്ത് നേരേ ഒരു സുഹ്രുത്തിന്റെ വീട്ടിലേക്കാണ് പോയത്. അച്ചൻ ഒരു കുളിയെല്ലം പാസ്സാക്കി വൈകിട്ടത്തെ ഭക്ഷണം എല്ലാം കഴിച്ചു വന്നപ്പൊഴേക്കും സമയം പത്ത്. ഇനിയും അധികം താമസിച്ചാൽ ഇന്നത്തെ ഉറക്കാവും കമ്മി. തന്നെയുമല്ല അച്ചന് പോകേണ്ട യൂണിവേർസിറ്റിയിലേക്ക് നഗരത്തിന്റെ അത്ര പന്തിയല്ലാത്ത ഭാഗത്തുകൂടെ പോകണം താനും. അതുകൊണ്ട് എത്രയും വേഗം പോകുന്നതാണ് നല്ലത്.
"അച്ചന് പോകേണ്ട അഡ്രസ്സെടുക്കൂ. G.P.S-ൽ അഡ്രസ്സ് കൊടുത്താൽ കറക്റ്റ് സ്ഥലത്ത് കൊണ്ടുപൊയാക്കും".
അച്ചൻ സൂട്ട്കേസ്സ് തുറന്ന് ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു വെള്ള കടലാസ്സ് എടുത്തു നീട്ടി. അച്ചനെ യൂണിവേർസിറ്റിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഡീനിന്റെ കത്ത്.
"അതിന്റെ മേലെയുണ്ട് അഡ്രസ്സ്". അച്ചൻ പറഞ്ഞു.
"അയ്യോ അച്ചാ.. ഇത് പോസ്റ്റ് ബോക്സ് അഡ്രസ്സാണല്ലോ. ഇതു വച്ച് പോകാൻ പറ്റില്ല." അഡ്രസ്സ് നോക്കി പറഞ്ഞു.
"അത് മാത്രമേയുള്ളൂ എന്റെ കയ്യിൽ". അച്ചൻ.
പുലിവാലു പിടിച്ചൊ? ഈ പുള്ളി ഈ അഡ്രസ്സും വച്ചു പോസ്റ്റ് ബോക്സിന്റെ ഉള്ളിൽ പോയി താമസിക്കാൻ പോകുന്നോ? പതുക്കെ നീരസം വന്നു.
"ശരി. അച്ചന്റെ കയ്യിൽ ഫോൺ നംബറില്ലേ. നമുക്ക് ആരെയെങ്കിലും ഒന്നു വിളിച്ച് ചോദിക്കം."
"ആ ലെറ്റെറിന്റെ അടിയിൽ ഫോൺ നംബറുണ്ട്".
"ഈ നംബർ.." ഒരു സംശയം. ഡയൽ ചെയ്തു നോക്കി. വിചാരിച്ചപോലെ തന്നെ ആരും എടുതില്ല. ഓഫ്ഫീസ് നംബറാണ്. ഈ രാത്രിക്ക് ആരെടുക്കാൻ?
അച്ചന്റെ കയ്യിൽ വേറെ പോകേണ്ട വിവരം ഒന്നും തന്നെയില്ല. നല്ല പാർട്ടി തന്നെ. മനസ്സിൽ ഓർത്തു. ഇന്ത്യയിൽ നിന്നും പോരുന്നതിനു മുൻപ് വിളിച്ചു ചോദിച്ചപ്പൊൾ ഇവിടെ കൊളേജിന്റെ അടുത്തു തന്നെ താമസം ഒരുക്കിയിട്ടുണ്ട് എന്നുള്ള അറിവുണ്ട്. ഇന്നവിടെ അവർ കാത്തിരിക്കുകയും ചെയ്യും. അതുകൊണ്ട് പോയി എത്തി ചേർന്നെ പറ്റൂ.
"നമുക്ക് യൂണിവേർസിറ്റിയുടെ അടുത്ത് പോയി ആരോടെങ്കിലും ചോദിച്ചാലോ" അച്ചൻ.
അച്ചൻ എന്താ വിചാരിച്ചിരിക്കുന്നത്? ഇതു ഇന്ത്യയിലെ നാട്ടിൻപുറമാണെന്നോ? ഒന്നാമത് ഈ രാത്രി ആരു കാണാനാ അവിടെ? ഇനി ഏതെങ്കിലും കതകിന് തട്ടി വിളിച്ചാൽ അടി കിട്ടാതെ പോന്നാൽ ഭാഗ്യം. നിമിഷം ചെല്ലുംതോറൂം നീരസം കൂടി കൂടി വരികയാണ്. ഇന്ന് നേരത്തെ കിടന്ന്നുറങ്ങണം എന്നു കരുത്തിയതാണ്. അത് പോയിക്കിട്ടി.
ഇന്റർനെറ്റിൽ വളരെ നേരം തപ്പി യൂണിവേഴ്സിറ്റിയിൽ തന്നെ അച്ചന്മാർ താമസിക്കുന്ന ഒരിടത്തിന്റെ അഡ്രസ്സ് കിട്ടി.
പോകുമ്പൊൾ ഒരു മൂന്നു വട്ടമെങ്കിലും വഴി തെറ്റി. ഓരോയിടത്തും U ടേൺ എടുക്കുമ്പോഴും മനസ്സിൽ അരിശം പതഞ്ഞു പൊങ്ങി. അച്ചന് മലയാളം അറിയാത്തതുകൊണ്ട് പറഞ്ഞ ചീത്തയൊന്നും മനസ്സിലാകാതെ പുള്ളി വന്ന ക്ഷീണത്തിൽ പുറകിലെ സീറ്റിൽ നല്ല മയക്കമാണ്.
ഒടുവിൽ ചെന്നെത്തുമ്പോൾ ഭാഗ്യത്തിന് അതു തന്നെയായിരുന്നു പറഞ്ഞു വച്ചിരൂന്ന സ്ഥലം. സമയം പാതിര കഴിഞ്ഞിരിക്കുന്നു. ലഗേജെല്ലാം ഇറക്കി, അച്ചനെ സെറ്റപ്പെല്ലാം ആക്കി തിരിച്ചു വീട്ടിലെത്തി ബെഡിലേക്ക് വീണത് മാത്രം ഒരു നേരിയ ഓർമ.
--
"തമ്പീ ഞാവകം(ഓർമ) ഇരുക്കാ?" പരിചയമില്ലാത്ത ഒരു ശബ്ദം.
കണ്ണ് ഒന്നു കൂടി തിരുമ്മി നോക്കി.
മുഖവും പേരും മങ്ങിയെങ്കിലും ആകാരം നല്ല ഓർമ. അല്ലെങ്കിലും വർഷമെത്ര കഴിഞ്ഞാലും മറക്കാനാകുമോ? ഖദറിന്റെ വെളുത്ത മുണ്ടും വെളുത്ത ഷർട്ടും. കയ്യിൽ L G പെരുങ്കായത്തിന്റെ മഞ്ഞ സഞ്ചി.
"നല്ലാര്ക്കാ?" ആഗതന്റെ ചോദ്യം.
"ആ ജീവിച്ചു പോകുന്നു".
"ഇൻകെ സെറ്റപ്പെല്ലാം ആച്ചാ?"
"ആ കുഴപ്പമില്ല" ഞാൻ മറുപടി നൽകി.
"റോമ്പ വർഷമാച്ചേ അല്ലിയാ?".
"ആമാ.."
അതെ വർഷമൊത്തിരിയായി.
അന്ന് ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ പരിഭ്രമമായിരുന്നു മനസ്സു മുഴുവൻ. ചുറ്റും നോക്കി. മിക്കവരും ധാരാളം യാത്ര ചെയ്തു പരിചയമുള്ളവരാണെന്ന് നോക്കിയാലറിയാം. അവിടെയിവിടെയായി നാലഞ്ചു പേർ മുണ്ടും ഷർട്ടുമെല്ലാം ധരിച്ചു കയറിയിട്ടുണ്ട്. തമിഴരാണെന്നു തോന്നുന്നു. ഇവന്മാർക്കെല്ലാം ഒന്നു ഭംഗിയായി വസ്ത്രം ധരിച്ചു വിമാനത്തിൽ കയറരുതൊ? മനസ്സിലോർത്തു.
നാലു മണിക്കൂർ മുള്ളിൽ ഇരിക്കുന്ന പോലെയാണ് കഴിഞ്ഞു പോയത്. ഏഴു മണിയോടെ ചാംഗി എയർപോർട്ടിൽ ഇറങ്ങി. കസ്റ്റംസ് എല്ലാം കഴിഞ്ഞു ലഗ്ഗേജും എടുത്തു അടുത്ത് കണ്ട ഫോൺ ബൂത്തിൽ ചെന്നു. വിമാനമിറങ്ങി കഴിഞ്ഞ് ഫോൺ ചെയ്യാനാണ് അപ്പോയിന്റ്മന്റ് ലെറ്ററിന്റെ കൂടെ വന്ന എഴുത്തിൽ പറഞ്ഞിരിക്കുന്നത്.
ഫോൺ നംബർ കറക്കി. റിംഗ് ചെയ്യുന്നുണ്ട്. അൽപനേരം മണിയടിച്ചിട്ടും ആരും എടുത്തില്ല. മൂന്നു നാലു മിനിട്ട് കഴിഞ്ഞു ഒന്നു കൂടി കറക്കി നോക്കി. ഫലം മുൻപിലത്തേതു തന്നെ. മനസ്സിൽ ചെറിയൊരു വിഭ്രാന്തിയായി. ആദ്യമായാണ് ബാംഗളൂരിന് അപ്പുറത്തെക്കു യാത്ര ചെയ്യുന്നത്. അതും പോരാഞ്ഞിട്ട് പുറം രാജ്യത്തേക്ക്. ആകെയുള്ളത് ഈ നംബറാണ്. കൂട്ടികൊണ്ടുപോകാൻ ആള് വരുമെന്നാണ് പറഞ്ഞത്. പക്ഷെ ഫോൺ ചെയ്തിട്ടു ആരും എടുക്കുന്നില്ലല്ലോ. എകദേശം ഒരു മണികൂറിലേറേ ഫോൺ ശ്രമിച്ചു നോക്കി. മനസ്സിൽ വിഭ്രാന്തി കൂടി കൂടി വന്നു. ഇനി എന്തു ചെയ്യും? ഒരു പിടിയുമില്ല. കൂടെ വിമാനം ഇറങ്ങിയവരെല്ലാം പോയിക്കഴിഞ്ഞു.അപ്പൊഴാണ് ദൂരെ മാറി ആരെയോ പ്രതീക്ഷിച്ചു നിന്ന മധ്യവയസ്സനെ കണ്ടത്. വിമാനത്തിൽ വച്ചു ഒരു മിന്നായം പോലെ കണ്ടായിരുന്നു. തമിഴനാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.
അറിയാവുന്ന തമിഴിൽ പ്രശ്നം അവതരിപ്പിച്ചു.
"പോക വേണ്ടിയ അഡ്രസ്സിരുക്കാ തമ്പീ"
പെട്ടിയിൽ നിന്നും അപ്പോയിന്റ്മന്റ് ഓർഡർ എടുത്തു കാണിച്ചു.
"എന്നുടെ മരുമകൻ കൂട്ടിയിട്ടു പോരതുക്ക് വരുവാര്. ഉങ്ങളേ കമ്പനിയിലേ ഡ്രൊപ് പണ്ട്രേ"
മനസ്സിൽ സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞു.
അൽപസമയത്തിനുള്ളിൽ പറഞ്ഞ പോലേ ഒരു ചെറുപ്പക്കാരൻ കാറുമായെത്തി. വർഷങ്ങളായി സിംഗപൂരിൽ സ്ഥിരതാമസക്കാരാണവർ. ലഗ്ഗേജെല്ലം കയറ്റി, പറഞ്ഞിരുന്ന കമ്പനിയിൽ കൊണ്ടുപോയാക്കി, റിസെപ്ഷനിൽ ആളെത്തി പറഞ്ഞിട്ടാണ് അന്ന് അവർ മടങ്ങിയത്.
വർഷങ്ങൾക്കു ശേഷമാണ് ആ പഴയ തമിഴ് മുഖം ഓർമയിൽ വരുന്നത്.
"തമ്പീ .. വർഷങ്ങൾക്കു മുന്നാടി ഒന്നുമേ കേക്കാതേ നാൻ വന്ത് ഉങ്ങൾക്കൊരു ഉതവി ചെയ്യറേ. നീങ്ങ സന്തോഷമാ അപ്പടി താൻ ചെയ്യ വേണ്ടിയ താനേ".
ഒരു ദുസ്വപ്നം കണ്ട പോലെ ഞെട്ടിയൂണർന്നു. ചുമരിലെ ക്ലോക്കിൽ മണി നാലര. മുറിയിൽ ആരുമില്ല. കൈപറ്റിയ നന്മ ഓർമിപ്പിക്കാൻ വന്ന തമിഴനെവിടെ? പറഞ്ഞ വാക്കുകൾ മാത്രം മുഴങ്ങുന്നുണ്ട്.
നാഴികമണി ഒന്നു തിരിച്ചുവിടാൻ കഴിഞ്ഞിരുന്നെങ്കിൽ.. തലേന്ന് പറഞ്ഞ നീരസവും പാഴ്വാക്കുകളും തിരിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ..
എങ്കിൽ.. എങ്കിൽ.. വർഷങ്ങൾക്കു മുൻപു കൈപറ്റിയ ഒരു സൗമനസ്യത്തിന്റെ കടം സന്തോഷമായി വീട്ടാമായിരുന്നു.
Subscribe to:
Posts (Atom)