Wednesday, October 7, 2009

ഏറ്റങ്ങൾ


പെട്ടികളും തൂക്കി, ലിഫ്റ്റിറങ്ങി, ഒൻപതാം നിലയിൽ പുതിയ താമസസ്ഥലത്തേക്ക്‌ സുധാകരൻ കയറിചെല്ലുമ്പോൾ പാഞ്ചി സ്വീകരണമുറിയിലെ സോഫയിൽ നല്ല ഉറക്കത്തിലായിരുന്നു.


"പെട്ടിയെല്ലാം ഇവിടെ വച്ചോളൂ. ഇതാണ്‌ മുറി".


അവതാറിന്റെ അമ്മ അടുക്കളയൊടു ചേർന്നുള്ള വാതിൽ തുറന്നു കൊടുത്തുകൊണ്ടു പറഞ്ഞു."വല്ലതും പാകം ചെയ്യണേ ഇതാ അടുക്കള. ഞങ്ങൾക്ക്‌ അടുക്കള ഉപയോഗം കുറവാ. മിക്കവാറും അവതാറ്‌ ജോലി കഴിഞ്ഞു വരുമ്പം കഴിക്കാനുള്ളത്‌ കൊണ്ടുവരും"


ഒന്നു രണ്ടു ദിവസങ്ങൾക്കുശേഷമാണ്‌ സുധാകരൻ വീട്ടുടമസ്ഥ അവതാർ കൗറിനെ കാണുന്നത്‌. അവതാറിന്‌ എന്നും രാത്രി ജോലിയാണ്‌, അതുകൊണ്ട്‌ പകൽ മുഴുവനും ഉറക്കവും. വീണ്ടും ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണ്‌ അവരുടെ ഭർത്താവിനെ പറ്റി സുധാകരൻ അറിയുന്നത്‌.


നാട്ടിൽ നിന്നും വിട്ട്‌ ഒരു പുതിയ സ്ഥലത്ത്‌, അതും ഒരു പുതിയ രാജ്യത്ത്‌ ആദ്യമായാണ്‌. വന്നിറങ്ങിയ അന്ന്‌ വൈകിട്ട്‌, കട്ടിലിലിരുന്നു,തൊണ്ടയോളം തികട്ടിയെത്തുന്ന കരച്ചിലിനെ നിയന്ത്രിക്കാൻ പാടു പെടുകയായിരുന്നു അയാൾ. മനസ്സു ദൂരെക്ക്‌ ദൂരെക്ക്‌ അലഞ്ഞുകൊണ്ടിരുന്നു. നാട്ടിൽ വായനശാലയോട്‌ ചേർന്നുള്ള മുറിയിൽ ഇപ്പൊ കളികൾ തകർക്കുകയായിരിക്കും. ചീട്ടുകളി, കാരംസ്‌, ചെസ്സ്‌. തൊട്ടു ചേർന്നുള്ള മൈതാനത്ത്‌ ക്രിക്കറ്റും പന്തുകളിയും നടക്കുന്നുണ്ടാകും. ആരായിരിക്കും തന്റെ പകരക്കാരൻ?


ഇടവഴിയിൽ വഴിവിളക്കുകളും കത്തിതുടങ്ങികാണും. അച്ചനും അമ്മയും എന്തുചെയ്യുകയായിരിക്കും വീട്ടിൽ? അച്ചൻ ഉമ്മറത്തിരുന്നു ഇരുട്ടിലേക്ക്‌ ഇടക്കിടെ നോക്കുന്നുണ്ടാവും. വൈകിട്ട്‌ കളിയെല്ലാം കഴിഞ്ഞ്‌ പാടവരമ്പത്ത്‌ തലവെട്ടം കണ്ടാലേ ടോർച്ചുമായി പുറത്തേക്കുപോകാനെന്ന മട്ടിൽ മുറ്റത്തേക്കിറങ്ങിനിൽക്കും. ഇപ്പൊഴും സുധാകരൻ കൊച്ചുകുട്ടിയാണെന്നാണ്‌ അച്ചന്റെ വിചാരം.


"ഇരുട്ടു വീണ കണ്ടൂടെ മോനേ നിനക്ക്‌" അമ്മ ചോദിക്കും. അച്ചൻ ഒന്നും മിണ്ടാതെ നിൽക്കുകയെയുള്ളൂ. പറയാത്ത വാക്കുകളിലെ കുറ്റപെടുത്തലും വാങ്ങി സുധാകരൻ തല കുനിച്ച്‌ അകത്തെക്കു കയറും.


വന്നേത്തിയ കാര്യം പറയാൻ അടുത്ത വീട്ടിലേക്കു വിളിച്ചപ്പൊൾ അമ്മ വരും എന്നു കരുതിയെങ്കിലും അച്ചനാണ്‌ വന്നു ഫോണെടുത്തത്‌. യാത്രയിലെ വിശേഷമെല്ലാം പറയണം എന്നുണ്ടായിരുന്നു. അച്ചനായതു കൊണ്ട്‌ പറയാൻ കരുതി വച്ചിരുന്നതെല്ലാം ടേലെഫോണിന്റെ ഇരുതലക്കലും മൗനങ്ങളിലേക്കൊതുങ്ങിപ്പോയി.


"എങ്ങനെയുണ്ട്‌ മോനേ?" അച്ചൻ ചോദിച്ചു. അച്ചൻ സാധാരണ മോനെ എന്നു വിളിക്കാറില്ല. സുധാകരാ എന്നു തികച്ചു തന്നെയാണ്‌ വിളിക്കാറ്‌.


"ഇപ്പൊ വന്നതല്ലെയുള്ളൂ അച്ചാ. രണ്ടു ദിവസം കഴിഞ്ഞു ജോലിക്ക്‌ കയറാം എന്നാണ്‌ കൊണ്ടു വന്ന കമ്പനിക്കാർ പറഞ്ഞത്‌. തൽക്കാലം ഒരു ഇന്ത്യൻ വീട്ടുകാരുടെ കൂടെ പേയിംഗ്‌ ഗെസ്റ്റായി താമസം ആക്കിയിരിക്കുകയാണ്‌; നാലഞ്ചുമാസത്തേക്ക്‌. പിന്നെ കൂടെ ജോലിയിലുള്ള ആരുടെയെങ്കിലും കൂടെ നോക്കാം എന്നാണ്‌ പറഞ്ഞു വച്ചിരിക്കുന്നത്‌"


"ഉം." അച്ചൻ ഒന്നു മൂളി. "എല്ല കാര്യത്തിനും വിശദമായി എഴുത്തയച്ചാൽ മതി. ഇങ്ങോട്ട്‌ വിളിച്ചു ഇവർക്ക്‌ ബുദ്തിമുട്ടാക്കെണ്ട"


"ഞങ്ങൾക്കൊരു ബുദ്തിമുട്ടൂല്ല കുട്ടിയേ.മോനെപ്പം വേണേ വിളീച്ചൊ." അകത്തുനിന്നു ഭവാനിയമ്മ വിളിച്ചു പറയുന്നത്‌ നേർത്തു കേൾക്കാം.


ചാരിയിട്ട വാതിലിന്‌ വെളിയിൽ ഒരു ആൾപെരുമാറ്റം. വീട്ടിലെ കുട്ടി വാതിലിന്റെ വിടവിലൂടെ എത്തിനോക്കുന്നു.


"മോൻ ഇങ്ങു വന്നെ.. എന്താ പേര്‌".


"പാഞ്ചി" മടിച്ച്‌ മടിച്ച്‌ അകത്തേക്ക്‌ വന്നു നാലഞ്ചു വയസ്സു പ്രായമുള്ള ഒരു മിടുക്കൻ പയ്യൻ. ഗോതമ്പിന്റെ നിറം. തലയിൽ ചെറിയ റബ്ബർ പന്തിന്റെ വലിപ്പത്തിൽ വെളുത്ത തുണി കൊണ്ട്‌ കെട്ടി വച്ചിരിക്കുന്ന ടർബൻ.


"പാഞ്ചിയോ"?"പരംജീത്‌ സിംഗ്‌. ഗ്രാന്മാ വിളിക്കുന്നതാ പാഞ്ചീന്ന്‌"

"പരംജീത്‌?.. വല്യ പേരാണാല്ലോ".


"എനിക്കീ മുറിയിൽ വരാമോ?" പാഞ്ചി ചോദിച്ചു.


"ഓ.. അതിനെന്താ. പാഞ്ചി എപ്പൊ വേണേലും പോരേ" ആരൊടെങ്കിലും ഒന്നു മിണ്ടാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു സുധാകരന്‌.


"ഗ്രാന്മ പറഞ്ഞു.. പെർമിഷൻ മേടിച്ചിട്ടേ ഇവിടെ വരാവൂന്ന്". മുറിയിലാകമാനം ഒന്നു കണ്ണോടിച്ചുകൊണ്ട്‌ പാഞ്ചി പറഞ്ഞു.


രണ്ടു ദിവസം കഴിഞ്ഞു സുധാകരൻ ജോലിക്ക്‌ കയറി. വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ ബസ്‌ പിടീച്ച്‌ തിരിച്ചെത്തിയപ്പൊൾ പാഞ്ചി സ്വീകരണമുറിയിലിരുന്നു് ഹോംവർക്കിലാണ്‌.


സുധാകരൻ ഡ്രെസ്സെല്ലാം മാറി, ഒരു കാപ്പി കുടിച്ചപ്പൊഴേക്കും പാഞ്ചി മുറിയിലേക്കെത്തി.


"പാഞ്ചീ .. അങ്കിളിനെ ശല്യപ്പെടുത്താതെ". പുറത്തുനിന്നും അവതാറിന്റെ അമ്മ വിളീച്ചു പറഞ്ഞു.


"സാരമില്ല ആന്റീ .. അവൻ എപ്പൊ വേണെലും വന്നോട്ടെ. എനിക്കു കുഴപ്പമില്ല". സുധാകരൻ പറഞ്ഞു.


പിന്നെ അതൊരു പതിവായി. ജോലി കഴിഞ്ഞു വരുമ്പോഴേക്കും പാഞ്ചി മുറിയിൽ ഹാജരായിരിക്കും. ശനിയും ഞായറും സുധാകരന്റെ റൂമിലായിരിക്കും മിക്കവാറും പാഞ്ചി.


ഇടക്ക്‌ ഒന്നു രണ്ടു തവണ കണ്ടപ്പോൾ അവതാർ ക്ഷമാപണ രൂപത്തിൽ പറഞ്ഞു, കുട്ടിയുടെ ശല്യം കൂടുതലാണേ പറയണെ എന്നു. സുധാകരൻ ചിരിച്ചു കൊണ്ടു തലയാട്ടി. അവതാറിനെ കൊത്തി വച്ച രൂപമായിരുന്നു, പാഞ്ചിക്ക്‌. അതെ ചിരി. അതെ നുണക്കുഴികൾ. അതെ നിറം.


"അങ്കിൾ എത്ര നാളായി പറയുന്നു. നടയിറങ്ങി താഴെ കൊണ്ടുപോവാന്ന്‌. ഇന്നു പോവാം". ഒരു വൈകിട്ട്‌ ജോലി കഴിഞ്ഞു വന്നുകയറിയപ്പൊ പാഞ്ചി ചോദിച്ചു.


സംഗതി ശരിയായിരുന്നു. കുറച്ചു നാളായി പാഞ്ചി പറയുന്നു. ലിഫ്റ്റിൽ പോകുന്നതിനുപകരം നടകളിറങ്ങി താഴെവരെ പോണമെന്നു. ഒരിക്കൽ കൊണ്ടുപൊവ്വാമെന്നു സമ്മതിക്കുകയും ചെയ്തതാണ്‌.


ഏതായാലും താഴെ വരെ ഒന്നു പോണം.വീട്ടിൽ നിന്നും കത്തു വന്നിട്ടുണ്ടൊ എന്നു നോക്കണം. കഴിഞ്ഞ കത്തിൽ അച്ചന്‌ നല്ല സുഖമില്ല എന്നു എഴുതിയിരുന്നു. സ്ഥിരം പ്രശ്നങ്ങൾ തന്നെ. വാതത്തിന്റെ അസുഖമുണ്ട്‌.വലിവും ഇച്ചിരെ കൂടുതലായിരുന്നത്രെ. അച്ചൻ ബുദ്തിമുട്ടി ശ്വാസം വലിക്കുന്നത്‌ പലപ്പോഴും കണ്ടു നിൽക്കേണ്ടി വന്നിട്ടുണ്ട്‌. എഴുത്തിന്‌ താഴെ പതിവില്ലാത്ത തരത്തിൽ അച്ചന്റെ ഒന്നു രണ്ടു വരികൾ.


"ആരോഗ്യം നോക്കണേ മോനേ. താഴ്ത്തുങ്ങൾക്ക്‌ നീ മാത്രമുള്ളൂന്ന്‌ ഓർമ വേണം."


ഇങ്ങോട്ടു പോരാൻ വിമാനത്താവളത്തിൽ വന്നപ്പൊൾ കണ്ണാടി മറക്കപ്പുറത്തുനിന്നു കൈ വീശി, അച്ചൻ പറയാതെ അടക്കിപിടിച്ച വാക്കുകളായിരുന്നു ഇവ എന്നു തോന്നി സുധാകരന്‌. അച്ചൻ എന്നും വാക്കുകൾ കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ. പറയാത്ത വാക്കുകളിലൂടെയായിരുന്നു എന്നും സുധാകരൻ അച്ചനെ മനസ്സിലാക്കിയിട്ടുള്ളത്‌. ഇപ്പൊ ദൂരത്ത്‌ നിൽക്കുമ്പോൾ അച്ചന്റെ വാൽസല്യത്തിന്റെ മറ അൽപം ഒന്നു നീങ്ങുന്നത്‌ കാണായി സുധാകരന്‌.


നാട്ടിലേക്ക്‌ ഒന്നു വിളിച്ചു നോക്കിയാലോ? വേണ്ട.. എഴുത്ത്‌ വന്നിട്ടില്ലെങ്കിൽ പോയി വിളിക്കാം. കുഴപ്പമൊന്നുമില്ലെങ്കിൽ പിന്നെ ആവശ്യമില്ലാതെ അയൽവക്കത്തേക്ക്‌ വിളിച്ചതിന്‌ അച്ചൻ എന്തെങ്കിലും പറയും.


"അങ്കിൾ ഇന്നു പോവാം.." പാഞ്ചിയുടെ ചോദ്യം പിന്നെയും.

"എന്തിനാ നടകളിറങ്ങി പോണേ. നമുക്ക്‌ ലിഫ്റ്റിൽ പോകാം". സുധാകരൻ പറഞ്ഞു.
"എനിക്കു എല്ലാ നിലയിലും പോയി കാണണം. ലിഫ്റ്റിൽ പോയാൽ അതു പറ്റുമോ?"


എല്ലാ നിലകളും ഒരു പോലെയാണ്‌ എന്നു പറയണം എന്നു തോന്നി. ഫ്ലാറ്റിന്റെ പ്രത്യേകത തന്നെ അതാണ്‌. ഒരേ പോലേ സ്വീകരണമുറി. ഒരു പോലത്തെ അടുക്കള. ഒരു പോലേ ഉള്ളിലൊളിപ്പിച്ച സ്വകാര്യദുഃഖങ്ങളും.


"പാഞ്ചി വീഴും നടയിറങ്ങി പോയാൽ". സുധാകരൻ വീണ്ടും പറഞ്ഞു നോക്കി.
"അതിന്‌ അങ്കിൾ എന്റെ കൈ പിടിച്ചാൽ മതി."


നാലഞ്ചു നിലകളിറങ്ങി കഴിഞ്ഞപ്പോഴേക്കും പാഞ്ചി ക്ഷീണിച്ചു ഇരിപ്പായി. ഒരു ചെറുചിരിയോടെ പാഞ്ചി കയ്യുയർത്തി. സുധാകരൻ കുട്ടിയെ എടുത്ത്‌ തോളത്തേക്കിട്ടു. അച്ചനമ്മമാരുടെ പിണക്കങ്ങൾ കൊണ്ട്‌ കുഞ്ഞുങ്ങൾക്ക്‌ നഷ്ടമാവുന്ന സുരക്ഷകൾ. സുധാകരൻ മനസ്സിലോർത്തു.

കരുതിയ പോലെ തന്നെ എഴുത്തുണ്ട്‌ വീട്ടിൽ നിന്നും. പതിവിനു വിപരീതമായി അച്ചന്റെ കൈപ്പടക്കു പകരം അനിയത്തിയുടേതാണ്‌. സുധാകരന്റെ ഹ്രുദയം ശക്തിയായി മിടിച്ചു. പൊട്ടിച്ചു വായിക്കാൻ ധൈര്യമില്ലാതെ കത്ത്‌ പോക്കറ്റിലിട്ടു, അയാൾ മെയിൽ ബോക്സ്‌ പൂട്ടി. മുറിയിൽപ്പോയി സമാധാനത്തിൽ വായിക്കാം.


"അങ്കിൾ നമുക്ക്‌ നട കയറി പോവാം. ഇങ്ങോട്ടിറങ്ങിയത്‌ നല്ല രസമായിരുന്നു".
"പാഞ്ചിക്ക്‌ ക്ഷീണമല്ലേ. നമുക്ക്‌ ലിഫ്റ്റിൽ പോവാം."
"എനിക്ക്‌ കുഴപ്പമില്ല. ക്ഷീണം വരുമ്പോ അങ്കിൾ എന്നെ എടുത്താ മതി". വളരെ എളുപ്പത്തിൽ പാഞ്ചി പ്രശ്നം പരിഹരിച്ചു.


മേലേക്കുള്ള നടകളിൽ നേരിയ ഇരുളു പരക്കുന്നു. സുധാകരൻ പാടവരമ്പത്ത്‌ വേഗത്തിൽ നടക്കുന്ന കുട്ടിയായി. കയറിചെല്ലുമ്പോൾ ടോർച്ചുമായി ആരെങ്കിലും കാത്തുനിൽക്കുമെന്ന്‌ അയാൾ വെറുതെ ആശിച്ചു!