Sunday, November 7, 2010

തണല്‍ മരങ്ങള്‍

വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കവധിക്കു വന്നതായിരുന്നു അയാള്‍. അതില്‍ തട്ടി കൂട്ടി ഒരു ദിവസം ഒപ്പിച്ചു പഴയൊരു സുഹ്രുത്തുമായി ഒരു നൂണ്‍ഷോക്ക്‌ മേനകയിലേക്ക്‌ ഓടുമ്പോഴാണ്‌ ആ കാഴ്ച കണ്ട്‌ അയാളുടെ മനസ്സൊന്നു കൊളുത്തി വലിച്ചത്‌.

മാറ്‍ക്കറ്റ്‌ റോഡിലേക്ക്‌ തിരിയുന്നതിണ്റ്റെ അപ്പുറത്ത്‌ കോണ്‍ക്രീറ്റ്‌ തറയില്‍ തണലില്ലാത്ത വിളക്കു മരത്തിണ്റ്റെ കീഴില്‍ കൈ നീട്ടി ദൈന്യതയോടെ ഇരിക്കുന്ന പേണ്‍കുട്ടി. കയ്യില്‍, മേലെ കത്തി നില്‍ക്കുന്ന സൂര്യണ്റ്റെ ചൂടുകൊണ്ടു തളറ്‍ന്നുറങ്ങുന്ന ഒരു കൊച്ചാണ്‍കുട്ടിയും. എരിവെയില്‍ കൊണ്ടു കൊണ്ടു കരുവാളിച്ച മുഖങ്ങള്‍. മുന്‍പില്‍ വിരിച്ചിട്ടിരിക്കുന്ന പഴയ കീറതുണിയില്‍ ഒറ്റയും തെറ്റയുമായി തിളങ്ങുന്ന കുറെ നാണയങ്ങള്‍.

നിറ്‍ത്താതെ ഒഴുകികൊണ്ടിരിക്കുന്ന ജനക്കൂട്ടങ്ങള്‍ക്കു നടുവില്‍ അയാല്‍ ഒരു നിമിഷം ഒന്നു നിന്നു. പെണ്‍കുട്ടി പ്രതീക്ഷയോടെ അയാളെ നോക്കി.

കടലുകള്‍ക്കപ്പുറത്ത്‌ സ്വന്തം കുഞ്ഞുങ്ങളെ പറ്റിയാണ്‌ അയാളോറ്‍ത്തത്‌. മോളുസ്കൂളിലായിരിക്കും ഈ സമയത്ത്‌. സ്കൂളവധിയായിട്ടില്ലത്തതിനാല്‍ ഇപ്പ്രാവശ്യം കൂടെ പോരാന്‍ കഴിഞ്ഞില്ല.കുഞ്ഞുമോന്‍ എന്തു ചെയ്യുകയായിരിക്കു? ഒരു പക്ഷെ ആയയുടെ അരികില്‍ ഉറക്കത്തിലായിരിക്കും.

എന്തു പ്രായം കാണും ഈ കുട്ടിക്ക്‌? ഏറിയാല്‍ മോളേക്കാളും ഒന്നൊ രണ്ടൊ വയസ്സു കുറവായിരിക്കും. അയാളുടെ മനസ്സു പിടഞ്ഞു. ഈ പൊരിവെയിലത്തിരിക്കാന്‍ ഈ കുട്ടി എന്തു തെറ്റു ചെയ്തു? അതേ സമയം മോള്‌ കരകാണാകടലിനക്കരെ ഈ നേരത്ത്‌ എ സി യുള്ള ക്ളാസ്സ്‌റൂമിലിരുന്ന്‌ വെള്ളാരം കണ്ണുകളുള്ള കുട്ടികളുമൊത്ത്‌ പഠിക്കാന്‍ എന്തു പുണ്യവും? ആറ്‍ക്കറിയാം കറ്‍മഫലങ്ങളുടെ നൂലാമാലകളും ജന്‍മദോഷങ്ങളുടെ ഊരാകുടുക്കുകളും?

അയാള്‍ പോക്കറ്റില്‍ കയ്യിട്ടു ഒരു നൂറുരൂപ നൊട്ടെടുത്തു.

"നീ എന്തുട്ടാ കാട്ടെണേ? " സുഹ്രുത്ത്‌ ചോദിച്ചു? "നൂറു രൂപ കൊട്ക്കേ? ദേ അതിണ്റ്റെ തന്ത ഇവിടെ എവിടെങ്കിലും കാണും. ഈ കാശു കണ്ടാ ഇപ്പൊ തന്നെ അത്‌ ബാറിലെത്തും"

സുഹ്രുത്ത്‌ നിനക്കിതെന്താ പറ്റിയേ എന്നറ്‍ഥത്തില്‍ അയാളേ നോക്കി. അവനു അയാളേ നല്ല പോലെ അറിയാം. വറ്‍ഷങ്ങള്‍ക്കു മുന്‍പു കോളേജില്‍ കണക്കു ക്ളാസ്സു കട്ട്‌ ചെയ്തു ഇതുപോലെ നൂണ്‍ഷോക്ക്‌ ഓടുമ്പോഴും ഇവനായിരുന്നു കൂട്ട്‌. അന്നും ഒരു പക്ഷെ ഇതുപോലെ ഏതെങ്കിലും കുഞ്ഞുങ്ങള്‍ ഈ വിളക്കുമരത്തിണ്റ്റെ കീഴില്‍ തന്നെ കൈ നീട്ടി ഇരുന്നുകാണും.

"നീ ആ കാശ്‌ ഇങ്ങട്‌ തന്നേ" അവന്‍ ആ നോട്ട്‌ അയാളില്‍ നിന്നു പിടിച്ചു വാങ്ങി.പിന്നെ പോക്കറ്റില്‍ തപ്പി ഒരു പിടി നാണയങ്ങള്‍ ആ പഴയ തുണിയിലേക്ക്‌ വീക്കി.

"നിനക്കേ പോറത്തുപോയപ്പൊ കരളുറപ്പിത്തിരി കൊറഞ്ഞുപോയി. എടാ പിള്ളാരെ ജനിപ്പിച്ചോരാണ്‌ അവിറ്റങ്ങള്‍ക്കു തണലാവണ്ടത്‌ അല്ലാതെ തെണ്ടാന്‍ വിടാല്ല"

മാസങ്ങള്‍ക്കു ശേഷം ആഴ്ചവട്ടത്തിലൊന്നിച്ചു ചേരുന്ന ബീയറ്‍ സംഗമങ്ങളില്‍ വച്ചു, തോമസ്സിനോട്‌ വിളക്കുകാലിനടിയിലെ പേണ്‍കുട്ടിയുടെ ചിത്രം വിവരിക്കുമ്പോള്‍ അവന്‍ ഇതു തന്നെയാണ്‌ പറഞ്ഞത്‌.

അയാളുടെ കണ്ണുകള്‍ കലങ്ങുന്നതും തൊണ്ട ഇടറുന്നതും കണ്ടു അവന്‍ പറഞ്ഞു.

"നീ ഇങ്ങനെ സെണ്റ്റിയാകാതെ.. പിള്ളാരുടെ തള്ള തന്തമാരാണ്‌ അവരു പറക്കമുറ്റുന്ന വരെ തണലാകേണ്ടത്‌. നമുക്കു ലോകം മുഴോന്‍ നന്നാക്കാ പറ്റോ? നീ ഒരെണ്ണം അങ്ങു പിടി. "

**

കോളിങ്ങ്‌ ബെല്ലടിക്കുന്ന കേട്ടാണ്‌ അയാള്‍ ലാപ്‌ടോപ്പിണ്റ്റെ മുന്‍പില്‍ നിന്നും എണീറ്റത്ത്‌. മുകളിലെ ജനാലയുടെ വിരി മാറ്റിനോക്കി. മോള്‌ സ്കൂള്‍ കഴിഞ്ഞു സ്കൂള്‍ ബസ്സിറങ്ങി വന്നതാണ്‌. അവള്‍ താഴെ ഡ്രൈവ്‌ വേയില്‍ നിന്നും കൈ വീശി കാണിക്കുന്നു, വളവുതിരിഞ്ഞു പോകുന്ന കൂട്ടുകാരിക്ക്‌. ഒരു നിമിഷം മനസ്സില്‍ അരിശം വന്നു. കുറച്ചപ്പുറത്ത്‌ താമസിക്കുന്ന കറമ്പി പെണ്‍കൊച്ചാണ്‌ കൈ വീശി കാണിക്കുന്ന കൂട്ടുകാരി്‌. ഭാര്യ കുറച്ചു നാളായി പറയുന്നു, ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത കൂട്ടരാണ്‌, അവരുമായിട്ടാണ്‌ പെണ്ണിണ്റ്റെ കൂട്ട്‌.

ഇന്നിങ്ങട്‌ കയറിവരട്ടെ. ഇതിനെ പറഞ്ഞു മനസ്സിലാക്കിയിട്ട്‌ ബാക്കി കാര്യം. കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോ സ്വന്തം നിലയെങ്കിലും നോക്കേണ്ടേ?

ഇതെല്ലാം പറഞ്ഞു മനസ്സിലാക്കിയില്ലേ പിന്നെ തണലാണെന്ന്‌ പറഞ്ഞിട്ടെന്താ?

Sunday, September 12, 2010

ഓര്‍മയില്‍ ഒരു മഴത്തുള്ളി

നാലും കൂടിയ കവലയില്‍ ബസ്‌ ഒരു ഞരക്കത്തോടെ നില്‍ക്കുമ്പോഴേക്കും വെയിലാറിതുടങ്ങിയിരുന്നു. വിജയന്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു നോക്കിയെങ്കിലും മുന്‍പു വന്നതായി ഒരു പരിചയവും തോന്നിയില്ല.

"സാറെ ഇവിടെയിറങ്ങി ആരോടെങ്കിലും ചോദിച്ചാല്‍ മതി" തോളത്തുതട്ടികൊണ്ടു കണ്ടക്റ്റര്‍ പറഞ്ഞു.

വിജയന്‍ ബസില്‍നിന്നിറങ്ങി ഒരരുകിലേക്ക്‌ മാറിനിന്നപ്പോഴേക്കും, പൊടി പറത്തിക്കൊണ്ടു ബസ്‌ നീങ്ങിതുടങ്ങിയിരുന്നു. ഇവിടെ നിന്നും അഞ്ചു മിനിറ്റ്‌ നടക്കണം എന്നാണു പറഞ്ഞത്‌. എന്തെങ്കിലും കുടിച്ചിട്ടാകം നടത്തം. വിജയന്‍ അടുത്തു കണ്ട കടയില്‍ കയറി ഒരു നാരങ്ങാ വെള്ളം പറഞ്ഞു.

രാവിലെ തുടങ്ങിയ യാത്രയാണ്‌, അവിചാരിതമായി വന്ന ഒരു ഫോണ്‍ വിളിയോടെ!

നിര്‍ത്താതെ ഫോണ്‍ അടിക്കുന്നതു കേട്ടിട്ടാണ്‌ വിജയന്‍ കണ്ണു തുറന്നത്‌. സൈഡ്‌ റ്റേബിളില്‍ റ്റൈമ്പീസ്‌ സമയം രണ്ടു മണി കാണിച്ചു. വിജയന്‍ സുനിതയെ നോക്കി. മുറിയിലെ അരണ്ട വെട്ടത്തില്‍ മുഖത്തേക്കു ചിതറിവീണു കിടക്കുന്ന ഹെന്ന പുരട്ടി ചുവന്ന മുടിയിഴകള്‍. എത്ര വട്ടം പറഞ്ഞിരിക്കുന്നു ഈ ഹെന്നക്കും ഷാമ്പൂവിനും പകരം ഒരുവട്ടം ഒന്നു കാച്ചിയ എണ്ണ ഇട്ടു കുളിച്ചുവരാന്‍. അപ്പോഴെല്ലാം ഒരേ മറുപടിയാണ്‌. "ഒട്ടിപിടിക്കണ മുടിയുമായി ഓഫീസില്‍ പോയി നാണം കെടാന്‍ എന്നെ കിട്ടില്ല". അല്ലെങ്കില്‍ തന്നെ വിജയന്‌ അല്‍പം പഴഞ്ഞന്‍ രീതികളാണെന്ന പരാതിയില്ലാതില്ല. ഫോണ്‍ അടിക്കുന്നത്‌ അറിയാതെ നല്ല ഉറക്കത്തിലാണ്‌. സുനിതയുടെ കൈ ദേഹത്തുനിന്നും മാറ്റി വിജയന്‍ സ്വീകരണമുറിയിലേക്കു ചെന്നു ഫോണ്‍ എടുത്തു.

പുറത്തു തകര്‍ത്തുപെയ്യുന്ന മഴ. സ്വീകരണമുറിയിലെ തുറന്നിട്ട ഒരു പാളി കതകിലൂടെ മഴയുടെ ഹുങ്കാര ശബ്ദത്തില്‍ അങ്ങേത്തലക്കലെ നേര്‍ത്ത സ്ത്രീശബ്ദം മുങ്ങിപോയി.

"വിജയേട്ടനല്ലെ?""അതെ.. ആരാ?" വിജയന്‍ ഉറക്കച്ചടവോടെ ചോദിച്ചു.

"പാതിരാക്കു വിളിച്ചതില്‍ ക്ഷമിക്കണം..ഈ നേരത്തേ വിളിക്കാന്‍ പറ്റൂ". ഒരു പരിചയവുമില്ലാത്ത ശബ്ദം.

"ആരാ എന്നു പറഞ്ഞില്ല" വിജയന്‍ ചോദിച്ചു.

"പേരു പറഞ്ഞാ ഓര്‍മയുണ്ടാവോ .. ഞാന്‍ മാലതിയാണ്‌". അങ്ങേതലക്കല്‍ പറഞ്ഞുനിര്‍ത്തി.

വിജയന്‍ ഓര്‍മച്ചെപ്പു പരതി. പരിചയത്തില്‍ ഒരേ ഒരു മാലതിയെയുള്ളൂ. അതു പക്ഷെ കാലങ്ങള്‍ക്കു മുമ്പാണ്‌.

"അമ്പലവയല്‍ക്കലെ സുരേന്ദ്രണ്റ്റെ..." വിജയന്‍ ചൊദ്യഭാവത്തില്‍ നിര്‍ത്തി.

"ആ അപ്പൊ ഓര്‍മയുണ്ട്‌. വിജയേട്ടന്‍ ഇത്ര പെട്ടെന്ന്‌ തിരിച്ചറിയൂന്ന്‌ ഞാന്‍ കരുതിയില്ല. ഇത്രെം വര്‍ഷങ്ങള്‍ക്കുശേഷം"

"എന്താ മാലതീ ഒരു മുന്നറിയിപ്പുമില്ലാതെ ഈ പാതിരാക്കു വിളിക്കാന്‍"

"ഈയടുത്ത്‌ ഒരു പഴയ പത്ര വാര്‍ത്തേന്നാണ്‌ വിജയേട്ടണ്റ്റെ നംബര്‍ കിട്ടിയത്‌. പലപ്പൊഴും കരുതീട്ട്ണ്ട്‌ വിജയേട്ടന്‌ എന്തായീന്ന്‌. വല്യ ആളൊക്കെ ആയീന്ന്‌ അറിഞ്ഞപ്പൊ നല്ല സന്തോഷായി. എനിക്ക്‌.. എനിക്ക്‌ വിജയേട്ടനെ ഒന്നു കാണണായിരുന്നു." മാലതി മടിച്ചു മടിച്ചു പറഞ്ഞു.

വിജയന്‍ ഒരു നിമിഷം ശങ്കിച്ചു. "മാലതി.. അത്‌"

"തിരക്കോള്ള ആളാണെന്നറിയാം. എന്നാലും.. "

പെട്ടെന്നുള്ള ഷോക്കില്‍ മാലതിയുടെ കാര്യങ്ങളൊന്നും ചൊദിച്ചില്ലല്ലൊ. വിജയന്‍ ഓര്‍ത്തു. "മാലതി ഇപ്പൊ എന്തു ചെയ്യുന്നു?"

"അതെല്ലാം നേരില്‍ കാണുമ്പൊ. കഥ എഴുതണ ആളല്ലെ.. ഒരു നല്ല കഥ കിട്ടൂന്ന്‌ കരുതിക്കൊ. "

"മാലതി എവിടെയാണ്‌?"

"ഞാന്‍ പഴയയിടത്തുതന്നെയാണ്‌, വിജയേട്ടന്‌ പരിചയമുള്ള സ്ഥലം. കവലയില്‍ ബസിറങ്ങി റ്റൈലര്‍ രവിയുടെ വീടു ചോദിച്ചാല്‍ മതി, ആരും പറഞ്ഞു തരും. വരാതിരിക്കരുത്‌. ഞാന്‍ പ്രതീക്ഷിക്കും" അങ്ങേതലക്കല്‍ ഫോണ്‍ വയ്ക്കുന്ന സ്വരം.

"ഹലൊ.. ഹലൊ" ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഫോണ്‍ കയ്യില്‍ പിടിച്ചു അയാള്‍ നിന്നു.

പുറത്തു മഴ പിന്നെയും തകര്‍ക്കുന്നു. വിജയന്‍ തുറന്നു കിടന്ന കതകു പാളിയടച്ചു. പിന്നെ സോഫായിലിരുന്നാലോചിച്ചു, എന്താണീ ഫോണ്‍ വിളിയുടെ അര്‍ഥം?

ഓര്‍മകളുടെ ഇടവഴികളിലൂടെ .. കാലം പുറകൊട്ട്‌ പുറകൊട്ട്‌ നീങ്ങി. അവിടെ മാലതി പുള്ളി പാവാടയും, ദാവണിയുമണിഞ്ഞു അമ്പലത്തിലേക്ക്‌ അടിവച്ചടി വച്ചു നീങ്ങി. അവള്‍ പോയ വഴിയേ കാച്ചിയ എണ്ണയുടെ സുഗന്ധം. വിജയന്‍ വാടക സൈക്കിളുമായി ദേവീ ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്ന ഭക്ത്തനായി. മന്ദഹാസങ്ങളിലൂടെയും, തിരിഞ്ഞുനോട്ടങ്ങളിലൂടെയും ഒരു നിശബ്ദപ്രണയം! സുഹ്രുത്ത്‌ സുരേന്ദ്രണ്റ്റെ അമ്മാവണ്റ്റെ മകളായിരുന്നു മാലതി. സ്കൂളവധികളിലും ചില വാരാന്ത്യങ്ങളിലും പിന്നെ ഇടക്കിടക്കുള്ള വിജയണ്റ്റെ സൈക്കിള്‍ സന്ദര്‍ശനങ്ങളിലൂടെയും വളര്‍ന്ന പരിശുദ്‌ത പ്രണയം, സുരേന്ദ്രന്‍ പോലുമറിയാതെ.

മദ്രാസിലേക്ക്‌ പഠിക്കാന്‍ തിരിക്കുന്ന നേരത്ത്‌ അവള്‍ ചൊദിച്ചു.
ഇനി എന്നാ കാണുക?

"ഞാന്‍ വരും" അവസാനമായി മാലതിയൊട്‌ പറഞ്ഞ വാക്കുകള്‍. പിന്നെ വിരലിലെണ്ണാവുന്ന അവധികള്‍ക്കു വന്നപ്പോഴൊന്നും അവളെ കണ്ടില്ല. ഇടക്കെപ്പോഴൊ അവര്‍ സ്ഥലം മാറിപോയെന്നറിഞ്ഞു. അവസാനമായി കേട്ടത്‌ അതായിരുന്നു.

വര്‍ഷങ്ങളെത്രയായി.. വിജയന്‍ വീണ്ടും മനസ്സിലോര്‍ത്തു.

സുനിതയോട്‌ ജോലിക്കാര്യത്തിനാണെന്നു പറഞ്ഞാണിറങ്ങിയത്‌. അവള്‍ക്കത്ഭുതമായിരുന്നു, ഈ കുഗ്രാമത്തില്‍ എന്തു ജോലിക്കാര്യം?

**

മുളങ്കാടുകള്‍ ഇരുവശങ്ങളിലും വളര്‍ന്നു നിന്ന ഇടവഴി. ഇടക്കു മഞ്ഞ കോളാംബി പൂവുകള്‍. വലതുവശത്തെ നാലാമത്തെ വീട്ടില്‍ ഒരു പരുങ്ങലോടെ വിജയന്‍ നിന്നു. പറഞ്ഞ അടയാളം വച്ചു വീട്‌ ഇതു തന്നെയായിരിക്കണം. ഇടവഴിയില്‍ നിന്നും മുറ്റത്തേക്കുള്ള നടപ്പാതയില്‍ വീണുകിടക്കുന്ന കരിയിലക്കൂട്ടം. വരാന്തക്കുതാഴെ തഴച്ചു നില്‍ക്കുന്ന നാലുമണിപൂവുകള്‍. വെളുത്ത കുമ്മായമടിച്ച കൊച്ചുവീടിണ്റ്റെ ജനലുകളും വാതിലും അടഞ്ഞു കിടന്നു. വിജയന്‍ മുറ്റത്ത്‌ ഒരു നിമിഷം ശങ്കിച്ചു നിന്നു. കയറി ചെല്ലണൊ വേണ്ടയൊ?

"ആരാ" പെട്ടെന്ന്‌ ചൊദ്യം കേട്ട്‌ വിജയന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അല്‍പം പ്രായം ചെന്ന ഒരു സ്ത്രീ. ഒരനക്കവും കേള്‍പ്പിക്കാതെ അവര്‍ എങ്ങനെ ഇവിടെയെത്തി?

"ഞാന്‍ ..ഞാന്‍ ഇവിടത്തെ ഇവരുടെ ഒരമ്മാവണ്റ്റെ മകനാണ്‌" വിജയന്‍ വിക്കി വിക്കി പറഞ്ഞു.

"ഇവിടത്തെയൊ..ഇവിടത്തെ എന്നു പറഞ്ഞാല്‍?" സ്ത്രീ വിടാനുള്ള ഭാവമില്ല.

"ഇതു മാലതിയുടെ വീടല്ലെ .. ഞാന്‍ മാലതിയുടെ ഒരു ബന്ധുവാണ്‌"

"ആ കൊച്ചിണ്റ്റെയോ" സ്ത്രീ സംശയത്തോടെ വിജയനെ അടിമുടിനോക്കി.

"സാറെ അവരൊക്കെ ഇവിടെനിന്നും പോയിട്ട്‌ ഒന്നൊന്നര വര്‍ഷായി" സ്ത്രീ പറഞ്ഞു.

"ഞാന്‍ കുറേനാളായി പുറത്തായിരുന്നു. ഈവഴി വന്നപ്പൊ ഒന്നു കയറിയെന്നു മാത്രം. വീട്ടിലാരും ഒന്നും പറഞ്ഞില്ല" വിജയന്‍ പറഞ്ഞു.

"അവര്‍ എവിടേക്കാ പോയതെന്നറിയോ?" വിജയന്‍ ചോദിച്ചു.

"ആര്‍ക്കറിയാം സാറെ.. ആ ദുഷ്ടന്‍ ആ കൊച്ചിനെം കൊണ്ടെവിടെ പോയെന്ന്‌... ജീവിക്ക്ണ്ടോന്ന്‌ തന്നെ ആര്‍ക്കറിയാം.. നിങ്ങള്‍ ബന്ധുക്കളാന്നൊക്കെ പറഞ്ഞിട്ടേന്താ... കെട്ടിച്ചു വിട്ടാലും വല്ലപ്പോഴും ഒന്നു വന്നു നോക്കെണ്ടെ? അതിണ്റ്റെ ഒരു കഷ്ടകാലം അല്ലാണ്ടെന്താ പറയാ" സ്ത്രീയുടെ ശബ്ദത്തില്‍ ആര്‍ദ്രത.

"വയനാട്ടെക്കെന്നും പറഞ്ഞെറങ്ങീതാ. പിന്നെ ഇങ്ങോട്ട്‌ വന്നിട്ടില്ല. ദേ ഈ വീടിടിഞ്ഞു വീഴാറായി. എവെടെ പോയി തിരക്കാനാ"

വിജയന്‍ എന്തു പറയണം എന്നറിയാതെ ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ സ്ത്രീയോട്‌ യാത്ര പറഞ്ഞിറങ്ങി. പുറകില്‍ അവരുടെ സംശയ ദ്രുഷ്ടികള്‍ തന്നെ പിന്തുടരുന്നത്‌ വിജയന്‌ കാണാറയി.

ഇടക്കു വല്ലപ്പൊഴും അവളെപറ്റി ഒന്നന്വേഷിക്കേണ്ടതായിരുന്നു. നിഴലു വീണു ഇരുണ്ടൂതുടങ്ങിയ വഴിയിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍ വിജയന്‍ മനസ്സിലോര്‍ത്തു. പുറകില്‍ വെള്ളക്കുമ്മായമടിച്ചു കൊച്ചുവീട്‌ ഇരുളിലേക്കലിഞ്ഞുപോയി.

**

"ഹൊ എന്തൊരൊറക്കാ വിജയേട്ടാ ഇത്‌" തൊട്ടുമുന്നില്‍ കുലുക്കി വിളിച്ചുകൊണ്ട്‌ സുനിത. "ഇങ്ങനെയുണ്ടോ ഒരുറക്കം.. രാത്രി മഴയത്ത്‌ ആ ജനലൊന്നടക്കാന്‍ ഞാന്‍ എത്ര വിളിച്ചു"

വിജയന്‍ കണ്ണൂ തിരുമ്മി എണീറ്റു. സ്വീകരണമുറിയിലെ തുറന്നിട്ട കതകുപാളിയിലൂടെ അകത്തുകയറിയ വെള്ളതുള്ളികള്‍.

അപ്പൊ താന്‍ കതകടച്ചത്‌.... വിജയന്‍ മനസ്സിലോറ്‍ത്തു.

"നീ അടക്കാതിരുന്നതെന്താ.." വിജയന്‍ ചോദിച്ചു.

"പിന്നെ പിന്നെ ...രാത്രി തന്നെ എണീറ്റു പോകാന്‍ എനിക്കു പേടിയാ"

സുനിത പറഞ്ഞു. "അല്ലെങ്കില്‌ തന്നെ, ഞാനാണോ, വിജയേട്ടനല്ലെ കതകടക്കേണ്ടത്‌?"

Tuesday, April 13, 2010

കളങ്ങള്‍


ആദ്യം തൊട്ടടുത്ത കളത്തിലേക്ക്‌. അവിടെനിന്നും 90 ഡിഗ്രി കോണില്‍ രണ്ട്‌ കളങ്ങള്‍! അങ്ങിനെയാണ്‌ "L" ആകുന്നത്‌.


L - Love, Life, Loser


ഒറ്റമുറി വായനശാലയുടെ പുറത്ത്‌ ജനലഴികളില്‍ തൂങ്ങി നിന്നാണ്‌ കുതിരയുടെ ചാട്ടത്തിണ്റ്റെ നിഗൂഢ വഴികള്‍ ആയാസപെട്ട്‌ മനസ്സിലാക്കിയെടുത്തത്‌. പ്രതിബന്ധങ്ങള്‍ മറികടക്കാനുള്ള കരുത്തും, വേലിചാട്ടത്തിണ്റ്റെ പ്രലോഭനങ്ങളും കണ്ടതും അവിടെ വച്ചു തന്നെ.


അകത്തേക്ക്‌ പ്രവേശനമില്ലായിരുന്നു. അതുകൊണ്ട്‌ കുട്ടികള്‍ ജനലഴികളില്‍ തൂങ്ങികിടന്നും, കയറിനിന്നും അകത്തെ കോലാഹലങ്ങള്‍ ഒരു കൌതുകത്തോടെ നോക്കി.


അകത്ത്‌ കുട്ടിമേശക്ക്‌ ഇരുപുറവും ഇരുന്നു, കളിക്കാര്‍ കറുപ്പും വെളുപ്പും കളങ്ങളിലേക്ക്‌ മിഴിച്ചുനോക്കി, അടുത്ത നീക്കത്തെപറ്റി ഗാഢമായാലോചിച്ചു. കളിക്കാരില്‍ ചിലരെങ്കിലും ഗ്രാമത്തിനു പുറത്ത്‌ കോളേജില്‍ പഠിക്കുന്നവരായിരുന്നു. അവര്‍ വായിച്ച പുസ്തകങ്ങളിലെ അറിവുകള്‍ സ്വന്തം നീക്കങ്ങളിലേക്ക്‌ പകര്‍ത്താന്‍ ശ്രമിച്ചു.


1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6


നാടന്‍ കളിക്കാരാകട്ടെ , അനുഭവത്തോളം വരുമോ പുസ്തകപാഠം എന്നു മനസ്സില്‍ സ്വയം പറഞ്ഞു, ഒരു ബീഡിപുകയെടുത്ത്‌ പ്രതിരോധതന്ത്രങ്ങള്‍ മെനഞ്ഞു.


ചുറ്റും കാണികള്‍ ഊഴം കാത്തും, കളിക്കാരുടെ അമളികളില്‍ അമര്‍ത്തിചിരിച്ചും അടക്കം പറഞ്ഞു.


കളിക്കിടയില്‍ രണ്ടലിഖിത നിയമങ്ങളായിരുന്നു.


1) കാണികള്‍ കളിയില്‍ ഇടപെടാന്‍ പാടില്ല.

2) കളിച്ച നീക്കങ്ങള്‍ക്ക്‌ എന്തുവന്നാലും മാറ്റങ്ങളില്ല.


കളിക്കാരില്‍ ചിലര്‍ ഊഴം കഴിഞ്ഞു അരങ്ങൊഴിഞ്ഞു. പുതിയവര്‍ "L" ആക്രുതിയിലും അല്ലാതെയും ഒരേ നെട്ടോട്ടം. ഞാന്‍ കറുപ്പിനും വെളുപ്പിനുമിടയില്‍ എണ്റ്റെ ഇടം തിരയുന്നു. അകത്തെ മുറിയില്‍ നിന്നും കക്കാടിണ്റ്റെ കവിത കേള്‍ക്കാം.


"പാതിയിലേറേ കടന്നുവല്ലോ വഴി.. "


ജനലഴികളുടെ വിടവിലൂടെ കൌതുകത്തൊടെ കണ്ടുപഠിക്കുന്ന കുട്ടീ, എണ്റ്റെ വേലിചാട്ടങ്ങള്‍ കണ്ണടക്കുക, കാരണം,


1) കളിച്ച നീക്കങ്ങള്‍ക്ക്‌ എന്തുവന്നാലും മാറ്റങ്ങളില്ല.

2) കളിക്കാരനാണോ, കരുവാണൊ എന്ന്‌ ഇനിയും തിട്ടമില്ല.


Tuesday, February 16, 2010

ഒട്ടുചെടി


“റ്റീച്ചറേ ഇത്തിരി വെള്ളം”. പൂമുഖത്ത്‌ നിരത്തിയിട്ടിരുന്ന ചൂരൽ കസേരകളോന്നിൽ ഇരുന്നുകൊണ്ട്‌ ജേക്കബ്‌ സാറ്‌ അകത്തേക്ക്‌ നോക്കി വിളിച്ചുപറഞ്ഞു.


മീനമാസത്തിലെ കത്തുന്ന ചൂടിൽ മേലാകെ വിയർത്തു നനഞ്ഞു. ഘാനായിലെ വരണ്ടു കത്തുന്ന വേനൽക്കും ഇത്ര വിയർക്കാറില്ല, സാറോർത്തു.


“ഇതാ വരുന്നു.” അകത്തുനിന്നു റ്റീച്ചർ ഒരു ഗ്ളാസ്‌ വെള്ളവുമായി പുറത്തെക്കു വന്നു.


“എന്താ ചൂട്‌” ജേക്കബ്സാർ ആരൊടെന്നിലാതെ പറഞ്ഞു.


“ഇത്രനേരം കാണാതായപ്പം ഞാൻ കരുതി ടൗണിൽ വഴി തെറ്റികാണൂന്ന്‌”.


“ഈ ടൗണിലോ?” സാർ പുഞ്ചിരിയോടെ റ്റീച്ചറുടെ നേരെ നോക്കി. “ഈ അങ്ങാടി ജങ്ക്ഷനിലും ബസ്സ്‌ സ്റ്റാൻഡിലുമൊക്കെ പഠിക്കുന്ന കാലത്ത്‌ ഞാൻ എത്ര കറങ്ങിയതാണെന്നറിയാമൊ?”


“എന്നാലും സ്ഥലങ്ങളൊക്കെ ആകെ മാറിപ്പോയി. എയർപോർട്ടീന്ന്‌ വരുമ്പോ എനിക്കൊരു പിടീം കിട്ടീല. വീടെത്തിപ്പഴാ അറിയണേ”


“അതിപ്പൊ വർഷമെത്രയായി റ്റീച്ചറ്‌ വന്നിട്ട്‌” സാറ്‌ ദൂരെക്ക്‌ കണ്ണുനാട്ടി പറഞ്ഞു.


“ശരി പോയ കാര്യം എന്തായി?”


“സ്ഥലത്തിന്റെ കാര്യത്തിനു ഇനിയും കുറെ നടപ്പു നടക്കണ്ട വരൂന്നാ തോന്നണെ .. സർക്കാര്‌ കാര്യല്ലെ”.


“ഞാൻ എത്രാന്നുവച്ച പറയണെ അതങ്ങ്ട്‌ വിറ്റുകളയാൻ... അതെങ്ങനാ, പറഞ്ഞാ കേക്കണ്ടെ” റ്റീച്ചർ പരിഭവം പറഞ്ഞു.


“അങ്ങനങ്ങ്‌ വിറ്റുകളയാൻ പറ്റൊ.. എത്ര കാലങ്ങളായ്‌ കയ്യിലുള്ള ഭൂമിയാ? അതിന്റെ ഒക്കെ ചുറ്റുവട്ടത്തു കിടക്കാനല്ലെ ഇപ്പൊ ഇങ്ങൊട്ടു പോന്നതു തന്നെ റ്റീച്ചറെ .. നമ്മുടെ കാലശേഷം അവൻ എന്താന്ന്‌ച്ചാ ചെയ്തോട്ടെ“.


”അവൻ ഇവിടെ വന്ന്‌ ഇതൊക്കെ നോക്കൂന്ന്‌ തോന്നുണൂണ്ടോ?. ഇപ്പൊ തന്നെ കൊല്ലത്തിലൊരിക്കലെങ്കിലും ഒന്നു വന്നാ മതി. നമുടെ ശേഷം അവൻ ഇങ്ങൊട്ടു വരുന്നു എനിക്ക്‌ വിശ്വാസല്ല്യ“ റ്റീച്ചർ പറഞ്ഞു നിർത്തി.


”എന്നാലും സ്വന്തഭൂമിന്നൊന്നില്ലേ റ്റീച്ചറെ?“


”അതൊക്കെ നമുക്കല്ലെ. അല്ലാ..പരിചയമുള്ള സ്ഥലത്തു കിടക്കണ സുഖമൊന്നു വേറേയാണെന്നു പറഞ്ഞു വന്നിട്ടിപ്പോ?“


റ്റീച്ചറിന്റെ വാക്കിൽ പരിഭവം. മൂന്നു മാസങ്ങൾക്കു മുൻപു വന്നതിൽ പിന്നെ, ഓരോരോ കാര്യങ്ങൾക്കു സാറ്‌ പുറത്തേക്കു പോയാൽ പിന്നെ റ്റീച്ചർ തനിച്ചാണ്‌. ഒന്നു മിണ്ടാൻ ആരുമില്ലാത്ത അവസ്ഥ.


വർഷങ്ങൾ കൊണ്ടാണ്‌ ജേക്കബ് സാറ്‌ തിരിച്ചുവരാനുള്ള തീരുമാനമെടുത്തത്‌. റ്റീച്ചറിനെ സമ്മതിപ്പിക്കാൻ അതിലേറേ പാടുപെട്ടു. മോനെ വിട്ടുപോരാനുള്ള മടി. *ആക്രായിലായിരുന്നെങ്കിൽ അവൻ വല്ലപ്പോഴുമൊന്ന്‌ ഓടിയെത്തി കണ്ടെനെ. ഈ ഏകാന്തതയാണ്‌ റ്റീച്ചറിനെ മടുപ്പിക്കുന്നത്‌.


ഈസ്റ്റ്‌ ലെയ്ക്കോണിലെ പൊക്കം കുറഞ്ഞ കല്മതിലുകളുള്ള ചെറിയ വീട്ടിൽ സന്ദർശകര്ർക്കു മാത്രം കുറവില്ലായിരുന്നു.


രാവിലെ ഭംഗിയുള്ള യൂണിഫൊർമുമിട്ട്‌ കൂട്ടം കൂടി കലപില മിണ്ടി പോകുന്ന കാപ്പിരി കുട്ടികൾ ഗേറ്റിൽ എത്തുമ്പോൾ വിളിച്ചു കൂവും.. “ഗുഡ്‌ മോർണിംഗ്‌ സാർ.. ഗൂഡ്‌ മോർണിംഗ്‌ മിസ്സ്‌”. പിന്നെ ഒറ്റയും തെറ്റയുമായി ഓരോരോ കാര്യത്തിനു വന്നെത്തുന്ന നാട്ടുകാർ. മിക്കവരും സാറിന്റെയോ റ്റീച്ചറിന്റെയോ ശിഷ്യഗണങ്ങൾ.


ഇവിടെയിപ്പൊ വന്നിട്ട്‌ മൂന്നു മാസമായി. ഒരിക്കൽ റ്റീച്ചറിന്റെ ചേച്ചിയും മോനും വന്നതും, പിന്നെ ഒന്നൊ രണ്ടൊ വട്ടം വടക്കു ഭാഗത്തെ അയൽവക്കക്കാർ വന്നതുമൊഴിച്ചൽ മിക്കവാറും റ്റീച്ചറും സാറും മാത്രം.


പതതു മുപ്പത്തഞ്ചു വർഷങ്ങൾക്കുശേഷം ഒരു പരിചയമില്ലാത്ത സ്ഥലത്തെക്കു പറിച്ചു നട്ട പോലെയായി സാറിന്‌.


എത്ര മാറിപ്പൊയി! പടിഞ്ഞാറു വശ്ശത്തു പരന്നു കിടന്നിരുന്ന പടം മുഴുവൻ നിരത്തി റബ്ബറാക്കി. തെക്കു ഭാഗത്താകട്ടെ കാണാൻ കൌതുകമുണ്ടായിരുന്ന മഞ്ഞ പൂക്കളുടെ വേലിക്കു പകരം മുകളിൽ മുള്ളു കംബികൾ നാട്ടിയ കൂറ്റൻ മതിൽ. മതിലിനപ്പുറത്തെ വീട്ടിൽ പട്ടണത്തിലെ എൻജിനീയറാണ്‌. ഒരിക്കൽ രാവിലെ പള്ളിയിൽ നിന്നും മടങ്ങുമ്പോൾ കാറിൽ പോകുന്ന കണ്ടു. പതുക്കെ സൌഹ്രുദ ഭാവത്തിൽ തല ചെരിച്ചൊന്നു ചിരിച്ചു. അറിയാമെന്ന മട്ടിൽ.


ജേക്കബ് സാറിന്റെ പഴയ കൂട്ടുകാർ പലരും ഇന്നില്ല. അവശേഷിച്ചവരിൽ പലരും സാറിനെപ്പോലെ തന്നെ ലോകത്തിന്റെ പല കോണിലും ആയിപ്പൊയി. വർഷങ്ങൾക്കുശേഷം തിരിച്ചുവരാൻ തീരുമാനിക്കുമ്പോൾ ഇത്രയുമൊരൊറ്റപ്പെടൽ സാറ്‌ പ്രതീക്ഷിച്ചില്ല.


ഏകദേശം മുപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപാണ്‌, ഒരു ചെറിയ ജോലിയുമായി ജീവിതം ഉന്തിനീക്കുമ്പോൾ , കടലു കടന്നു പോകാൻ ഒരവസരം ഒത്തു വന്നത്‌. ആഫ്രിക്കയുമായുണ്ടായിരുന്ന ആകെ പരിചയം ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ച പൊറ്റെകാടിന്റെ പുസ്തകമായിരുന്നു. എങ്കിലും മുന്നും പിന്നും ആലോചിച്ചില്ല. കൂടെ പോന്ന പെൺകുട്ടിക്കു ഒരു നല്ല ജീവിതം കൊടുക്കണം എന്ന വാശിയായിരുന്നു, ലോകത്തിന്റെ ഏതു കോണിലായാലും!


ചെന്നെത്തി അഞ്ചാറു വർഷങ്ങൾ പിടിച്ചു നില്ക്കാനുള്ള തത്രപ്പാടായിരുന്നു. പരിചയമില്ലാത്ത ആളുകൾ, പരിചയമില്ലാത്ത ഭാഷ.


അദ്യതവണ സാറും കുടുംബവും അവധിക്ക്‌ വരുമ്പോഴേക്കും, നാട്‌ സാറിനെ കൂടാതെ ഏറെ മാറിപ്പോയിരുന്നു.കൂട്ടുകാരിൽ പലരും പല നാടുകളിലേക്ക്‌ ചേക്കേറി. സാറിന്റെ ഓർമയിലുണ്ടായിരുന്ന കുട്ടികൾ പലരും ചുണ്ടുകൾ മേലെ പൊടിമീശയും വച്ചു യുവാക്കളായി കവലകൾ ഏറ്റെടുത്തു. ഓർമയിലുണ്ടായിരുന്ന യുവാക്കൾ ആകട്ടെ, തലമുടിയിലും, മേൽമീശയിലും അല്പാല്പമായി വെള്ളിഴകൾ വന്നു, വീടുകളിലേക്ക്‌ ഒതുങ്ങികൂടി. വ്രുദ്ധന്മാരെ പലരേയും കണ്ടതുമില്ല. കവലയിൽ ചെന്ന്‌ ഒരപരിചിതനെപ്പൊലെ സാറ്‌ അടുത്തുകണ്ട കുട്ടിയോട്‌ ബസിന്റെ സമയം ചോദിച്ചു.


പിന്നെ ഓരോ മൂന്നു നാലു വർഷങ്ങൾക്കു ശേഷമുള്ള വരവുകൾക്കും ഇടയിൽ അകലം കൂടി കൂടി വന്നതേയുള്ളു. എങ്കിലും കാപ്പിരികളുടെ നാട്ടിൽ, വൈകുന്നേരങ്ങളിൽ, റ്റേപ് റെക്കോർഡറിലൂടെ യേശുദാസും, ജയചന്ദ്രനും പാടുംബ്ബോൾ സാറിന്റെ കണ്ണുക്കൾ സജലങ്ങളാകും.


മോന്‌ ജോലിയായി, റിട്ടയറായതിനുശേഷമാണ്‌ സാറ്‌ വീണ്ടും തിരിച്ചുപോരുന്നതിനേപറ്റി ആലോചിച്ചു തുടങ്ങിയത്‌. പരിചയമുള്ളവരുടെ കൂടത്തിൽ ആത്മാവെങ്കിലും അന്ത്യവിശ്രമം കൊള്ളണമെന്ന ഒരാഗ്രഹം! തന്റെ കാലശേഷം എലെക്റ്റ്രിക്ക് സെമിത്തേരിക്കു പകരം, തലക്കു മീതെ ഒരു കുരിശു വേണമെന്നും, വല്ലപ്പൊഴുമൊരിക്കലെങ്കിലും, ആരെങ്കിലും വന്നു് കുഴിക്കൽ ഒരു ഒപ്പീസു* ചൊല്ലണമെന്നുള്ള ഒരു ചിന്ത! എന്നിട്ടിപ്പൊ, വന്ന്‌ മൂന്നു മാസങ്ങൾക്കുശേഷം, മനസ്സിന്‌ ഒരാശങ്ക. വർഷങ്ങൾക്കു മുൻപ്‌ ആദ്യമായി ആഫ്രിക്കൻ മണ്ണിൽ കാലു കുത്തിയ പോലത്തെ ഒരമ്പരപ്പ്‌.


“എന്താ ഇത്ര ആലോചന?” റ്റീച്ചറിന്റെ ചോദ്യം.


സാറ്‌ റ്റീച്ചറിന്റെ മുഖത്തേക്ക്‌ നോക്കി.


“റ്റീച്ചറെ, ഞാൻ ഓര്ർക്കുകയായിരുന്നു.. റ്റീച്ചർ പറഞ്ഞതാ ശരി”.


“ഊം?” റ്റീച്ചർ ചോദ്യഭാവത്തിൽ നിന്നു.


“റ്റീച്ചർ പറയാറില്ലെ ...ഒട്ടുചെടിയുടെ സ്ഥാനം ഒട്ടിച്ചിടത്താണ്‌്. വെട്ടി മാറ്റിയിടത്തല്ല”.


“ഓ.. അതോ? സാറിന്‌ അത്‌ ഇപ്പൊഴാണോ മനസ്സിലാകുന്നത്?” റ്റീച്ചർ വെള്ളത്തിന്റെ ഗ്ലാസ് ഒരു മന്ദഹാസത്തോടെ സാറിന്റെ കയ്യിൽ നിന്നും വാങ്ങി അകത്തേക്ക്‌ കയറിപ്പൊയി.


റ്റീച്ചറിന്റെ മന്ദഹാസത്തിൽ, സാറ്‌, പല പതിറ്റാണ്ടുകൾക്കും പല വൻകരകൾക്കും മുൻപ്‌ , ഒരു മഴ പെയ്യുന്ന സന്ധ്യയിൽ, വീട്ടുകാരെ ഉപേക്ഷിച്ച്‌, തന്റെ നാട്ടിലേക്കുള്ള ബസ് കാത്ത്‌ ഒരു വേവലാതിയോടെ തന്നൊട് ഒട്ടിചേര്ർന്നു നിന്നിരുന്ന മാന്തളിരു പോലെയുള്ള ഒരു പെൺകുട്ടിയെ ഓർത്തുപോയി!
-----
*ആക്ര - ഘാനായുടെ തലസ്ഥാനം

*ഒപ്പീസ് - മരിച്ചവര്ർക്കുവേണ്ടിയുള്ള പ്രാർഥന