ആൽബനി റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് ഇടതുവശത്തെ സൈഡ് വ്യൂ മിററിൽ ആന്റണി ആ വെളുത്ത കാറിനെ ആദ്യം കണ്ടത്, ഏകദേശം ഒരമ്പതടി പിറകിൽ. സന്ധ്യയാകുന്നേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും ആ കാറിന്റെ ഹെഡ് ലൈറ്റ് കത്തികിടന്നിരുന്നു. കണ്ണാടിയിൽ അതിന്റെ പ്രതിഫലനം ആന്റണിക്ക് അരോചകമായി തോന്നി. അൽപസമയം കൂടി കഴിഞ്ഞ് കാറ് ഹിൽ വ്യൂ റോഡിലേക്ക് കയറിയപ്പൊഴാണ് ആന്റണിക്ക് ആ കാറ് തന്നെ പിന്തുടരുകയാണോ എന്ന സംശയം ഉള്ളിലുദിച്ചത്‌്. സന്ദേഹിച്ച പോലെ തന്നെ പിന്നിലെ കാറും ഹിൽ വ്യൂ റോഡിലേക്ക് കയറി. കണ്ടിട്ട് പോലീസ് കാറിന്റെ മട്ടും ഭാവവുമൊന്ന്നുമില്ല. പിന്നെ ആരായിരിക്കും തന്നെ പിന്തുടരുന്നത്?
വൈകിട്ടത്തെ ജോലിക്കാരുടെ തിരക്ക് ഏകദേശം കഴിഞ്ഞ് ട്രാഫ്ഫിക് ഒഴുകികൊണ്ടിരുന്നു. ആന്റണി മനപൂർവം വണ്ടിയുടെ വേഗത കുറച്ച് കാറ് വലത്തെ ലയിനിലേക്ക് എടുത്തു, തന്റെ വെറും സംശയമാണെങ്കിൽ പുറകെ വരുന്നത് ആരായാലും കയറി പൊയ്ക്കോട്ടെ. തലയുയർത്തി റിയർ വ്യൂ മിററിൽ നോക്കുമ്പോൾ, പുറകിലെ കാറും, ഇൻഡികേറ്റർ ഇട്ടു, വലതു വശത്തെ ലയിനിലേക്കു കയറുന്നു. അപ്പോൾ ആരോ പിന്തുടരുന്നതു തന്നെ. തീർച്ച. ആരായിരിക്കും? അൽപം അകലെയായതുകൊണ്ട് ഡ്രൈവറെ തിരിച്ചറിയാനോക്കുന്നുമില്ല. ആന്റണി ആലോചിച്ചുനോക്കിയിട്ട് പരിചയക്കാർക്കർക്കും അത്തരത്തിലൊരു കാറുള്ളതായി ഓർമ വന്നില്ല. അയാൾ ഒരു പരീക്ഷണം കൂടി നടത്താൻ തീരുമാനിച്ചു. ഹിൽ വ്യൂ റോഡിൽ നേരേ പോകുന്നതിനു പകരം അയാൾ അടുത്തു കണ്ട ചെറിയ റോഡിലേക്കു വണ്ടി തിരിച്ചു. പിന്നാലെ പുറകിലത്തെ കാറും തിരിഞ്ഞു.
"എന്താ എന്തു പറ്റി? നമുക്കു നേരേയല്ലേ പോകേണ്ടത്?്" ഗീത സംശയത്തോടെ ചോദിച്ചു.
ആന്റണി ഒരു നിമിഷം ശങ്കിച്ചു. ഗീതയോട് പറയണോ വേണ്ടയോ?
പാസഞ്ചർ സീറ്റിൽ ആകാംക്ഷയോടെ അവളുടെ വിടർന്ന കണ്ണുകൾ. മിനുസ്സമാർന്ന മുടീയിഴകളിൽ അന്തിവെയിലിന്റെ തിളക്കം. ഗീതയെ കാണുമ്പോഴൊക്കെ പൂത്തുലഞ്ഞ കണികൊന്ന കാണുന്ന കുളിർമയായിരുന്നു അയാളുടെ മനസ്സു മുഴുവൻ.
"അത് .. പുറകിലേതൊ ഒരു കാർ പിന്തുടരുന്നുണ്ടൊ എന്നൊരു സംശയം"
ഗീത തിരിഞ്ഞു നോക്കി.
"ആ വെളുത്ത കാറോ? എന്തിനു നമ്മളെ പിന്തുടരണം?" അവളുടെ സ്വരത്തിൽ ചെറിയ പരിഭ്രമം കലർന്നിരുന്നു.
"അറിയില്ല.. കുറച്ചു നേരമായി നമ്മുടെ പുറകിലുണ്ട്. ഗീതയുടെ പരിചയത്തിലുള്ള ആരുടെയെങ്കിലും കാറാണോ?"
"എന്റെയോ? എനിക്കിവിടെ കുറച്ചു പരിചയക്കാരേയുള്ളു എന്നറിയില്ലേ".
പറഞ്ഞത് ശരിയായിരുന്നു. ഗീത നഗരത്തിൽ പുതിയതാണ്. ഓഫീസിൽ ചേർന്നിട്ട് ഏറിയാൽ രണ്ടോ മൂന്നോ മാസമായിക്കാണും.
ഗീത ജോയിൻ ചെയ്തു മൂന്നോ നാലോ ദിവസം കഴിഞ്ഞൊരു ദിവസം; ജോലിതിരക്ക് കാരണം ആന്റണി അന്ന് അൽപം വൈകിയാണിറങ്ങിയത്. പുറത്ത് ഇരുളു വീണു തുടങ്ങിയിരുന്നു. ഓഫീസിൽ മിക്കവാറും ആളുകളെല്ലാം പോയിക്കഴിഞ്ഞു. ലോബ്ബിയിൽ ഒറ്റക്കിരിക്കുന്ന ഒരു പെൺകുട്ടി.
"എന്താ ഇവിടെ ഇരിക്കുന്നത്" ആന്റണി ചോദിച്ചു.
"ഞാൻ..എന്റെ ബസ് പോയി.. ഒരു ടാക്സി വിളിച്ചിട്ട് കാത്തിരിക്കുകയാണ്. അര മണിക്കൂറായി വിളിച്ചിട്ട്." വാക്കുകളിൽ നേരിയ വേവലാതി.
"ഈ നേരത്ത് ടാക്സി വരാൻ പാടാണ്.കാറിനെന്തുപറ്റി?".
"ഞാൻ പുതിയതായി ജോയിൻ ചെയ്തേ ഉള്ളൂ. കാറൊന്നും ആയില്ല ഇതുവരെ."
"എവിടെയാണ് താമസിക്കുന്നത്?" ആന്റണി ചോദിച്ചു.
ഗീത സ്ഥലം പറഞ്ഞു; പോകുന്ന വഴിയിലുള്ള ഒരു ലേഡീസ് ഹോസ്റ്റൽ.
"ഞാൻ വേണേൽ കൊണ്ടുവിടാം." ആന്റണി പറഞ്ഞു.
"അത്.. വേണ്ട.. ബുദ്ധിമുട്ടാവുല്ലേ"
"സാരല്ല്യ.. ഞാൻ പോകുന്ന വഴിക്കാണ് ഹോസ്റ്റൽ. ടാക്സിക്കാരൻ ഇനി വരുമോ എന്നു പോലും പറയാൻ പറ്റില്ല"
ഗീത ഒരു നിമിഷം ചിന്തിച്ചു. പിന്നെ കസേരയിൽ നിന്നും എണീറ്റു പതുക്കെ ആന്റണിയുടെ കൂടെ നടന്നു.
"കാറെല്ലാം ഡർട്ടിയാണ്". പാസഞ്ചർ സീറ്റിലെ മാഗസിൻസും പുസ്തകങ്ങളും പുറകിലെ സീറ്റിലേക്കെടുത്തു വച്ചു ആന്റണി ഗീതക്ക് സ്ഥലം ആക്കി കൊടുത്തു.
"വലിയ വായനക്കാരനാണെന്നു തോന്നുന്നല്ലോ". കാറൽപം ഓടികഴിഞ്ഞപ്പൊൾ ഗീത പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു. കാറിൽ വളർന്നുകൊണ്ടിരുന്ന അസുഖകരമായ മൗനം മുറിഞ്ഞു.
"പുസ്തകങ്ങൾ വാങ്ങുകയേയുള്ളൂ.. വായിക്കാനൊന്നും ഇപ്പൊ തീരെ സമയം കിട്ടാറില്ല. ഗീത വായിക്കുന്ന കൂട്ടത്തിലാണോ?" പാട്ടിന്റെ ശബ്ദം കുറച്ചുകൊണ്ട് ആന്റണി ചോദിച്ചു.
"ഹോസ്റ്റലിൽ എത്തിയാ പിന്നെ എന്താ പണി"?
"പുസ്തകം ഏതെങ്കിലും വേണമെങ്കിൽ എടുത്തൊളൂ .. വായിച്ചിട്ട് തിരികെ തന്നാൽ മതി " ഗീതയുടെ ഹോസ്റ്റലിന്റെ മുൻപിൽ കാർ നിർത്തുമ്പൊൾ ആന്റണി പറഞ്ഞു.
ഗീത പുറകിലെ സീറ്റിൽ തിരിഞ്ഞു നോക്കി, ഒരു പുസ്തകം കയ്യിലെടുത്തു.
"പണ്ട് വായിച്ചതാണ്. ഒന്നു കൂടി വായിക്കാം".
ആന്റണി കൗതുകത്തൊടെ ഗീതയുടെ കയ്യിലേക്കു നോക്കി. ഭംഗിയുള്ള നീണ്ട വിരലുകൾകൊണ്ട് ഗീത പുസ്തകം നീട്ടികാട്ടി.
"കാഫ്ക വായിക്കുന്ന പെൺകുട്ടി?" ആന്റണി ഒരു കുസ്രുതിയോടെ ചോദിച്ചു.
"ദാറ്റ് ഈസ് സോ ഷൊവേണിസ്റ്റിക് .. ആട്ടെ കാഫ്ക വായിക്കുന്ന എത്ര ആൺസുഹ്രുത്തുക്കളുണ്ട് ആന്റണിക്ക്?"
"ഞാൻ ഒരു കണക്കെടുത്തിട്ട് പിന്നെ അറിയിക്കാം" ആന്റണി ഒരു ചെറുചിരിയോടെ കൈ വീശികാട്ടി കാറ് മുന്നൊട്ടെടുത്തു.
രണ്ട് മൂന്ന് ദിവസം കഴിഞ്ഞു ഗീത പുസ്തകം തിരികെ കൊണ്ടു വന്നു. കൂട്ടത്തിൽ വർണകടലാസുകൾ കൊണ്ടു പൊതിഞ്ഞ ഒരു ചെറിയൊരു പാക്കറ്റും.
"ഇതെന്താ ഇത്" ആന്റണി ചോദിച്ചു.
"തുറന്നു നോക്കൂ .. എന്നെ സഹായിച്ചതിനുള്ള ഒരു ചെറിയ പ്രത്യുപകാരമാണ്"
ആന്റണി പാക്കറ്റ് തുറന്നു നോക്കി. രണ്ടു ഗസ്സൽ സ്മാഹാരങ്ങൾ.
"ഇതെനിക്കാണോ? എങ്ങനെ മനസ്സിലായി ഞാൻ ഗസ്സൽ കേൾക്കുമെന്ന്?"
"അതിനാണോ പ്രയാസം? അന്നു കാറിൽ വലിയ ഉച്ചത്തിൽ ഗുലാം അലി പാടുന്നത് ഞാൻ കേട്ടതല്ലേ"
"ഓ .അപ്പൊ ഡിറ്റെക്റ്റീവ് വർക്കുമുണ്ടല്ലേ?" ആന്റണി ചോദിച്ചു. ഒപ്പം മനസ്സിലോർത്തു, എത്ര ചിരപരിചിതരേപോലെയാണ് ഈ പെൺകുട്ടിയുമായി സംസാരിക്കാൻ സാധിക്കുന്ന്നത്.
ഗീത അതെ എന്ന അർഥത്തിൽ തലയാട്ടി ഒന്നു ചിരിച്ചു. ചിരിക്കുമ്പോൾ വിടർന്നുവരുന്ന ചന്തമുള്ള നുണക്കുഴികൾ. അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി. നിറഞ്ഞു കവിയുന്ന ഉത്സാഹവും കുസ്രുതിത്തരവും കണ്ണുകൾ നിറയെ.
"എന്നാൽ പിന്നെ കാണാം." തിടുക്കത്തിൽ മുഖം വെട്ടിച്ചു അവൾ പറഞ്ഞു.
പിന്നെ ദിവസേന എപ്പൊഴെങ്കിലും ആന്റണി ഗീതയുടെ ക്യുബിലേക്കെത്തും. ഒന്ന്നു കാണാൻ, അൽപനേരം എന്തെങ്കിലും ഒന്നു മിണ്ടാൻ. എത്ര സംസാരിച്ചാലും വിഷയങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു. എത്ര പെട്ടെന്ന് വളരെക്കാലം ഒരുമിച്ചു നടന്ന ബാല്യകാല സുഹ്രുത്തുക്കളെപോലെയായിരുന്നു രണ്ടുപേരും. ഒരു പക്ഷെ ഒരു പഴയ ജന്മത്തിലെ ആത്മസുഹ്രുത്തുക്കളായിരുന്നിരിക്കണം തങ്ങൾ രണ്ടുപേരും, ആന്റണി ഇടക്കോർക്കും.
ഗീതയുടെ ബർത്ത്ഡേക്ക് ഡിന്നറിനു പോകാം എന്നു ആദ്യം പറഞ്ഞത് ആന്റണിയാണ്. ആദ്യം ഗീത എതിർത്ത് ഓരോ ഒഴിവുകഴിവു പറഞ്ഞെങ്കിലും, അവസാനം ആന്റണിയുടെ നിരന്തരമായ സമ്മർദ്ദത്തിനുമുൻപിൽ അവൾ സമ്മതിക്കുകയായിരുന്നു. എട്ടുമണിക്കു മുൻപ് ഹോസ്റ്റലിൽ എത്തിക്കാം എന്ന ഉറപ്പോടെ.
നഗരത്തിന്റെ മറുവശത്തുള്ള ഒരു റെസ്റ്റൊറെന്റ് കണ്ടുപിടിച്ചതും ആന്റണിയാണ്. അവിടെയാകുമ്പം പിന്നെ പരിചയക്കാരാരും കാണാൻ വഴിയില്ല. തലേന്നെ പോയി ഗീതക്കുള്ള ഒരു സമ്മാനവും അയാൾ കരുതിയിരുന്നു. ഒരു ചുവന്ന പൂക്കളുള്ള നീളൻ ഡ്രസ്സ്.
വൈകിട്ട് ജോലി കഴിഞ്ഞു് അൽപം വൈകി ഓഫീസിൽ നിന്നിറങ്ങി റെസ്റ്റോറെന്റിലേക്കുള്ള വഴിക്കാണ് ഇപ്പൊ ആരോ ഒരാൾ പുറകെ പിന്തുടരുന്നത്.
"ഇനിയെന്തു ചെയ്യും?" ഗീത പരിഭ്രമത്തോടെ ചോദിച്ചു." ഇവിടെ അടുത്തു കൂടി വേറെ ഒരു വഴിയുണ്ടല്ലോ. നമുക്കാ വഴിക്ക് പോയാലോ?"
"അതു വെണ്ട" ആന്റണി പറഞ്ഞു. ആ വഴി കൂടുതലും റെസിഡെൻഷ്യൽ സ്ഥലങ്ങളാണ്. പരിചയമുള്ള പലരും താമസ്സിക്കുന്ന സ്ഥലം, ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി. ആന്റണി മനസ്സിലോർത്തു.
"ഞാൻ അടുത്ത സിഗ്നലിൽ വണ്ടി U-ടേൺ തിരിക്കാൻ പോകുകയാണ്. ഗീത ഹോസ്റ്റലിലേക്ക് തിരിച്ചു പൊയ്ക്കോളൂ. ഡിന്നർ പിന്നെ എപ്പൊഴെങ്കിലും ആകാം. പുറകേയുള്ളത് ആരാ എന്താ എന്നറിയാതെ" ആന്റണി പറഞ്ഞു.
"ഞാൻ അതു തന്നെ പറയാൻ തുടങ്ങുകയായിരുന്നു" ആശ്വാസത്തൊടെ ഗീത പറഞ്ഞു.
ആന്റണി അടുത്ത സിഗ്നലിൽ വണ്ടി ഇടത്തെ ലെയിനിലേക്കെടുത്തു. സിഗ്നൽ പച്ചയായതും അയാൾ വണ്ടി U-ടേൺ എടുത്ത് എതിർവ്വശത്തെക്കു തിരിച്ചു. തിരിച്ചുള്ള വഴിയിൽ കാറ് പറക്കുകയായിരുന്നു.
ഗീതയെ ഹോസ്റ്റലിൽ ഇറക്കി, യാത്ര പോലും പറയാതെ ആന്റണി അതിവേഗം വണ്ടി വിട്ടു. ഒരു ചെറിയ വിറയലോടെയാണ് അയാൾ റിയർവ്യ്യൂ മിററിൽ നോക്കികൊണ്ടിരുന്നത്.
വല്ല വിധേനേയും വീട്ടിലെത്തി, കാറ് ഡ്രൈവ്‌വേയിലിട്ട് വാതീൽ തള്ളിതുറന്നു അകത്തു കടന്നപ്പോഴാണ് ശ്വാസം നേരേ വേണത്.
"നല്ല ആളാ.. മോന് ചെറിയ ചൂട്. ഞാൻ എത്രവട്ടം വിളിച്ചു. എവിടെയായിരുന്നു ഇതുവരെ?" ഡോർ വലിച്ചടച്ച ശബ്ദം കേട്ട് റോസ് അടുക്കളയിൽ നിന്നും പുറത്തു വന്നു.
"അത് ..അത് .. ഓഫീസിൽ ഇച്ചിരെ തിരക്കായിരുന്നു" ആന്റണി വിക്കി വിക്കി പറഞ്ഞു.
"ഇതാ.." അയാൾ കയ്യിലുള്ള പൊതി, ഭാര്യയുടെ നേരേ നീട്ടി.
"എന്താ ഇതു?".
"തുറന്നു നോക്ക്"
"ഹായ് .. അപ്പൊ ഇതായിരുന്നു തിരക്കല്ലേ? അതാ ഓഫീസിൽ വിളിച്ചിട്ട് എടുക്കാതിരുന്നത്. എന്തായാലും സെലെക്ഷൻ ഒക്കെ പഠിച്ചു വരുന്നുണ്ട്"
ആന്റണി ജനൽകർട്ടൻ മാറ്റി പുറത്തേക്കു നോക്കി. വഴിവിളക്കുകൾ കത്തിതുടങ്ങുന്നു. മേലേ കൂടണയാൻ കൂട്ടം കൂടി പറന്നു മറയുന്ന ഒരു പറ്റം പക്ഷികൾ.
"എനിക്കിതു നല്ല പോലെ ചേരും. ദേ നോക്കിയേ.."
ആന്റണി അവൾ പറഞ്ഞത്` കേട്ടില്ല. അയാൾ ആലോചിക്കുകയായിരുന്നു, ആരായിരിക്കും, തന്നെ പിന്തുടർന്നത്?