Sunday, May 17, 2009
നന്മയുടെ നിറം
വന്നിറങ്ങുമ്പോൾ "മർഡർ കാപിറ്റൽ ഓഫ് ദെ വേൾഡ്" (കൊലപാതകങ്ങളുടെ ലോക തലസ്ഥാനം ) എന്ന പേരു കൂടെയുണ്ടായിരുന്നു പട്ടണത്തിനു. പത്രം തുറക്കാതെ തന്നെ എന്നും കാണാം മൂന്നോ നാലോ കൊലപാതകങ്ങളുടെ വാർത്തകൾ, ആദ്യ പേജിൽ. കൂടുതലും കറുത്ത വർഗ്ഗക്കാർ തിങ്ങി പാർക്കുന്ന ഇടങ്ങളിലായിരിക്കും. നോർത്ത് ഈസ്റ്റിലും സൗത്ത് ഈസ്റ്റിലും പകൽ പോലീസു പോലും പോകാൻ ഭയക്കുന്ന സ്ഥലങ്ങളുണ്ടത്രെ! കറുത്ത വർഗ്ഗക്കാരുടെ ഗാങ്ങുകളാണു നഗരത്തിന്റെ ആ ഭാഗം ഭരിക്കുന്നത്.
ഭയമായിരുന്നു, കറുത്ത വർഗ്ഗക്കാരെ കാണുമ്പോൾ."അവന്മാരുമായി ഒരു കൂട്ടിനും പോകേണ്ട. എല്ലാത്തിന്റെയും കയ്യിൽ കാണും തോക്ക്. ഷൂട്ട് ചെയ്തിട്ടേ കാര്യം പറയുകയുള്ളൂ. ഗാങ്ങാണു എല്ലാവരും". വന്നിറങ്ങിയപ്പോൾ സുഹ്രുത്തിൽ നിന്നും കിട്ടിയ ഉപദേശം!
വന്നതിന്റെ രണ്ടാമത്തെ ഞായറാഴ്ച. രാവിലെ പള്ളിയിൽ പോകണം. കട്ടിയായി മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന സമയം. രണ്ടു മൂന്നു ദിവസമായി പെയ്ത മഞ്ഞു മുഴുവൻ വെളുത്ത പഞ്ഞികെട്ടു കണക്കു റോഡുവക്കിലും മരച്ചില്ലകളിലും ഇപ്പൊഴും കിടപ്പാണു. കാറില്ലാത്തതുകൊണ്ടു പബ്ലിക് ഗതാഗത്തെ ആശ്രയിച്ചുവേണം ഏകദേശം പത്തു ഇരുപതു കിലോമീറ്റർ ദൂരെയുള്ള പള്ളിയിലെത്താൻ. രണ്ടു ബസും ട്രെയിനും മാറി കയറി പള്ളിയിലെത്തി. പള്ളി മുഴുവനും നിറഞ്ഞു വെളുത്ത വർഗ്ഗക്കാർ. അവരുടെ കൂടെ 'സൻഡെയ് ബെസ്റ്റ് ഡ്രെസ്സും' ധരിച്ച് വെളുത്ത കുഞ്ഞുങ്ങൾ .. കുട്ടികാലത്ത് കണ്ട ക്രിസ്തുമസ് കാർഡുകളിലെ പോലെ. ഒരു മൂലയിൽ മാറി നിന്നു കുർബാന കണ്ടു പുറത്തിറങ്ങി. പതുക്കെ ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോൾ കാറുകൾ വരി വരിയായി പള്ളിമുറ്റത്തുനിന്നും റോഡിലേക്കിറങ്ങുന്നു.
വിജനമായ ബസ് സ്റ്റോപ്പിൽ ചെന്നു തിരിച്ചു പോകാനുള്ള ബസിന്റെ സമയം നോക്കിയപ്പോഴാണു ചെറിയൊരു പ്രശ്നം! ഞായറാഴ്ചയായതുകൊണ്ടു അന്നു ബസുകളുടെ എണ്ണം കുറവാണു. അടുത്ത ബസിനു ഒരു മൂന്നു മണിക്ക്കൂറെങ്കിലും കഴിയണം. എന്തു ചെയ്യും? പുറത്താണെങ്കിൽ അസ്ഥികളെ തുളക്കുന്ന തണുപ്പ്. പള്ളിയുടെ ഉള്ളിൽ തന്നെ പോയി ഇരുന്നാലോ, അല്ലെങ്കിൽ പിന്നെ അൽപദൂരത്തുള്ള സുഹൃത്തിനെ വിളിക്കണം. അവൻ ഒരുങ്ങി ഇങ്ങെത്തുമ്പോഴെക്കും ചുരുങ്ങിയതു രണ്ടു മണിക്കൂറെങ്കിലും ആകും. അൽപനേരം എന്തു ചെയ്യണം എന്നാലോചിച്ച് അവിടെ തന്നെ നിന്നു.
എന്റെ പരുങ്ങൽ കണ്ടിട്ടാണൊ എന്തൊ പള്ളിയിൽ നിന്നും ഇറങ്ങി മുന്നോട്ടു പോയ ഒരു കാർ റിവേഴ്സ് ഗിയറിൽ വന്നു ബസ് സ്റ്റൊപ്പിന്റെ മുന്നിൽ നിർത്തി, പാസഞ്ജർ സയിഡിലെ വിൻഡോ തുറന്നു ചൊദിച്ചു.
"എന്തു പറ്റി?"
ഉള്ളിലേക്കു നൊക്കി. എകദേശം സമപ്രായക്കാരനായ ഒരു കറുത്ത വർഗ്ഗക്കാരൻ. റ്റൈയ്യും കോട്ടുമെല്ലാമുൾപെടെ ഭംഗിയായ വസ്ത്രധാരണം.
"ഒന്നുമില്ല.. ഞാൻ ബസിനു വെയ്റ്റ് ചെയ്യുകയാണു". വിക്കി വിക്കി മറുപടി നൽകി.
"ഓ ഇനി ഇപ്പോഴൊന്നും ബസുണ്ടെന്നു തോന്നുന്നില്ല. എവിടെയാണു താമസിക്കുന്നത്?"
സ്ഥലം പറഞ്ഞുകൊടുത്തു.
അയാൾ ഒരു നിമിഷം ആലോചിച്ചു.
"കമൊൺ ഇൻ. ഞാൻ കൊണ്ടു വിടാം."
ദൈവമെ.. എന്തു ചെയ്യും? പോകണൊ വേണ്ടയൊ..ഒരു വശത്ത് തണുപ്പു സഹിക്കാൻ കഴിയുന്നില്ല. മറുവശത്ത് ഒരു പരിചയമില്ലാത്ത ആളുടെ ലിഫ്റ്റ് എങ്ങനെ വാങ്ങും? സുഹൃത്തിന്റെ ഉപദേശം വീണ്ടും വീണ്ടും ഓർമയിൽ വന്നു.
"സാരമില്ല.. ഞാൻ വെയ്റ്റ് ചെയ്തോളാം"
"നോ.. ഇപ്പൊ ഭയങ്കര തണുപ്പാണു..നൂമോണിയ പിടിക്കാൻ ഇതു മതി.. കമോൺ.. സത്യത്തിൽ നിങ്ങൾ പള്ളിയിൽ നിൽക്കുന്നത് ഞാൻ കണ്ടായിരുന്നു"
ആളെ ഒന്നു കൂടി നോക്കി. മാന്യന്റെ എല്ലാ ലക്ഷണവുമുണ്ടു. ഉള്ള ധൈര്യമെല്ലാം സംഭരിച്ചു കാറിൽ കയറി. അധികമൊന്നും മിണ്ടിയില്ല. ചൊദിച്ചതിനെല്ലാം എന്തൊക്കെയോ ഉത്തരം നൽകി ഒരു വിധം വീടെത്തിയപ്പോഴാണു ശ്വാസം നേരേ വീണത്. നന്ദി പറഞ്ഞു ഇറങ്ങാൻ നേരം ചൊദിച്ചു
"ഇവിടെ അടുത്തണോ താമസിക്കുന്നത്"
സ്ഥലം പറഞ്ഞു.
"ഓകെ സീ യൂ ലേറ്റർ ദെൻ.." തിരിച്ചു പോകുന്ന കാറിൽ നിന്നും അയാൾ കൈ വീശി.
കാർ കണ്മുന്നിൽ നിന്നും മറഞ്ഞപ്പോൾ ആലോചിച്ചു. അയാൾ പറഞ്ഞ സ്ഥലത്തേക്കു പള്ളിയിൽനിന്നും നേരെ എതിർദിശയിലേക്കല്ലെ പോകേണ്ടത്. അപ്പോൾ ഇയാൾ ഇത്ര ദൂരം വന്നത് ഒരു പരിചയവുമില്ലാത്ത എന്നെ വീട്ടിൽ കൊണ്ടാക്കാൻ മാത്രമാണൊ? ആ സംശയം ഇന്നും ബാക്കി.
എങ്കിലും വർഷങ്ങൾക്കുമുൻപു വെളുത്ത മഞ്ഞു മൂടികിടന്ന ഒരു പ്രഭാതത്തിൽ കൈ വീശി കണ്മറഞ്ഞു പോയ ആ കറുത്ത മനുഷ്യൻ ഒരു സംശയം തീർത്തു.
"നന്മക്കും നല്ല മനുഷ്യർക്കും നിറം ഒന്നേയുള്ളൂ".
Subscribe to:
Post Comments (Atom)
4 comments:
"നന്മക്കും നല്ല മനുഷ്യർക്കും നിറം ഒന്നേയുള്ളൂ".
ഇക്കാലത്ത് വളരെ അപൂര്‍വമായി കണ്ടു വരുന്ന ഒരു പ്രതിഭാസം .. " നന്മ "
:)
നല്ല മനുഷ്യര്‍ ഇനിയുമുണ്ട് ജീവിക്കാന്‍ പ്രേരണ നല്‍കികൊണ്ട് ...................
പോസ്റ്റ് ഇഷ്ട്ടപെട്ടു!
നിറത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍
ആളുകളെ വിലയിരുത്തുന്നതിലും വലിയ വിഡ്ഢിത്തം വേറെ എന്തുണ്ട്..?
അഭിപ്രായങ്ങള്‍ക്ക് നന്ദി!
Post a Comment