Sunday, June 7, 2009

ഒരു യാത്രയുടെ മുറിവുകൾ


ഹാസ്സനിലേക്കെത്താൻ ഒരെൺപതു മൈലുകളോളം കാണും ഭാര്യാവീട്ടിൽനിന്ന്‌.പശ്ചിമഘട്ടങ്ങളിലൂടെയുള്ള യാത്രയായതുകൊണ്ടു വളരെ പതുക്കെ സൂക്ഷിച്ചു വേണം പോകാൻ.യാത്രയിലുടനീളം ഒരു വശം മുഴുവൻ അഗാധമായ ഗർത്തങ്ങൾ. മറുവശത്ത്‌ ചെങ്കുത്തായ പാറകളും. ദിവസങ്ങളായി തകർത്ത്‌ പെയ്ത മൺസൂൺ, ടാറിട്ട റോഡിന്റെ അസ്ഥിവാരം വരെ ഇളക്കിയിട്ടിരിക്കുകയാണ്‌. കയറ്റം കയറി ചെല്ലുന്ന ഓരോ ഹൈർപ്പിൻ വളവിലും വിശ്രമിക്കാനെന്നപോലെ ബ്രൈക്ഡവുണായിക്കിടക്കുന്ന കൂറ്റൻ റ്റാങ്കർ ലോറികൾ. റോഡിൽ വാഹനങ്ങളുടെ എണ്ണം കുറവാകുമെന്നു കരുതി യാത്രയിറങ്ങിയതു ഒരു ഞായറാഴ്ചയായിരുന്നു. ഹാസനിലെത്തിയപ്പോൾ സമയം ഉച്ചക്ക്‌ എകദേശം ഒരു മണി. ചേച്ചിയുടെ അടുത്തെത്താൻ ഇനിയും ഒരു പത്തിരുപത്‌ മൈലുകൂടി പോകണം.

കർണാടകത്തിലെ ഒരു കുഗ്രാമത്തിൽ റ്റീച്ചറാണ്‌ വാമഭാഗത്തിന്റെ കന്യാസ്ത്രീയായ ചേച്ചി. ഒരോ അവധിക്കാല വരവിനും പോയിക്കാണാമെന്നൊർക്കുമെങ്കിലും ഇക്കുറിയാണ്‌ സന്ദർഭം ഒത്തു വന്നത്‌. ഒന്നാമതെ എണ്ണ്ണിചുട്ട അപ്പം പോലെ ലീവും കൊണ്ടാണു വരുന്നത്‌, പോരാത്തതിന്‌ അത്ര എളുപ്പത്തിൽ കുഞ്ഞുങ്ങളെയും കൊണ്ടു പോയി വരാൻ ഒക്കാത്ത സ്ഥലം.

ഹാസ്സൻ വരെയുള്ള വഴി മോശമായിരുന്നെങ്കിലും ഡ്രൈവർക്കു പരിചിതമായിരുന്നു. ഇനിയുള്ള ഒരൊ തിരിവും ആരോടെങ്കിലും ചൊദിച്ചു വേണം പോകാൻ.ഡ്രൈവർക്ക്‌ കന്നഡ അറിയുന്നതുകൊണ്ട്‌ ചോദിക്കുന്നത്‌ ഒരു പ്രശ്നമല്ല. ചൊദിക്കാൻ റോഡിൽ ആരുമില്ലെന്ന ഒരു പ്രശ്നം മാത്രം. വല്ലപ്പോഴുമൊരിക്കൽ മാത്രം നാട്ടിലെപ്പോലത്തെ കൊച്ചുമാടക്കടകൾ. ഇടക്ക്‌, ഇപ്പൊഴും ചാറികൊണ്ടിരിക്കുന്ന മഴയെ തടുക്കാൻ തലക്കുമേലെ വലിയ ഇലകളും കമഴ്ത്തിപിടിച്ചു, ചെളിവെള്ളം കെട്ടികിടക്കുന്ന കുഴികളും കവച്ചു വച്ചു നടക്കുന്ന വഴിപോക്കർ.

അടുത്തെത്താറായെന്നു തോന്നുന്നു. ചേച്ചി പറഞ്ഞു തന്ന അടയാളം പോലെ യാത്ര ചെറിയൊരു കുന്നിന്റെ വശത്തുകൂടെയായി. മറുവശത്തു കായൽ പോലെ വെള്ളം കെട്ടികിടക്കുന്ന താണ പ്രദേശം. ദൂരെ വെള്ളത്തിനു നടുവിൽ മുകളിലെക്കു കാണുന്ന ഒരു കൊച്ചു കുരിശു്. അവിടെ വളരെ കാലം പഴക്കമുള്ള ഒരു പള്ളിയുണ്ടത്രെ. അടുത്ത്‌ അണക്കെട്ടു വന്നപ്പോൾ പള്ളി നിന്ന സ്ഥലം അടക്കം എല്ലാം വെള്ളത്തിനടിയിലായി. ഇപ്പോൾ വർഷകാലത്ത്‌ പള്ളിയുടെ മുഖവാരം മാത്രം അൽപം കാണാം.വേനൽക്കാലത്താണെങ്കിൽ വെള്ളമിറങ്ങിക്കഴിഞ്ഞ്‌, മിക്കവാറും പള്ളി മുഴുവൻ കാണാമത്രെ.

മൂന്നോ നാലോ മുറികളുള്ള, വെളുത്ത ചായം അടിച്ച, ഒരു കൊച്ചു വീടാണു മഠം. അന്തേവാസികളായി നാലു കന്യാസ്ത്രീകൾ. എല്ലാവർക്കും ഏറെ നാളുകൾക്കുശേഷം കണ്ടതിന്റെ സന്തോഷം. കയ്യിലുണ്ടായിരുന്ന ഉപഹാരങ്ങളും വിദേശ ചൊക്കലെറ്റും എല്ലാവർക്കും പങ്കു വച്ചു. അൽപനേരത്തെ ഉപചാരങ്ങൾക്കുശേഷം ചേച്ചി ചൊദിച്ചു,

"കുട്ടികളെ കാണാൻ പോകുന്നൊ?"

"കുട്ടികളൊ? അതിന്‌ ഇന്നു ഞായറാഴ്ച, സ്കൂൾ അവധിയല്ലെ?"

"സ്കൂൾ കുട്ടികളല്ല.. വാ".

ചേച്ചിയോടൊപ്പം വശത്തെ വാതിൽ തുറന്ന്‌, മഴ വകവക്കാതെ പറമ്പിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്കോടി.നനഞ്ഞൊലിച്ച്‌ കയറിചെല്ലുമ്പോൾ അകത്തുനിന്നാരോ വാതിൽ തുറന്നു തന്നു.

വീട്ടിനകത്ത്‌ ഹാളിൽ നിരയായി ഇട്ടിരിക്കുന്ന കൊച്ചു ആട്ടു തൊട്ടിലുകളിൽ, മുകളിൽ മുനിഞ്ഞു കത്തുന്ന ബൾബിനു താഴെ, സുഖമായി ഉറങ്ങുന്ന ആറൊ ഏഴൊ പൊടികുഞ്ഞുങ്ങൾ. ഒന്നു രണ്ടു മാസം മുതൽ ഒരു വയസ്സുവരെ പ്രായം കാണും. ഓമനത്തം തുളുമ്പുന്ന മുഖങ്ങൾ. ഞങ്ങൾ ചെന്ന ബഹളം കേട്ട്‌ അകത്തെ മുറിയിൽ നിന്നും അൽപം കൂടി മുതിർന്ന ഏഴെട്ടു കുട്ടികൾ കൂടി ഇറങ്ങി വന്നു.ഏറ്റവും പ്രായം തോന്നിക്കുന്ന കുട്ടിക്ക്‌ ഒരു നാലു വയസ്സു കാണും. മോന്റെ പ്രായം.

"ഈ കുഞ്ഞുങ്ങൾ?"

"അനാഥകുട്ടികളാണ്‌.." ചേച്ചി പറഞ്ഞു. "എങ്കിലും തീർത്തും അനാഥരെന്നു പറഞ്ഞുകൂടാ. പലരെയും വളർത്താൻ കഴിവില്ലാത്ത അച്ചനമ്മമാർ മഠത്തിന്റെ പടിയിൽ ഉപേക്ഷിച്ചു പോകുന്നതാണ്‌. വർഷത്തിൽ രണ്ടോ മൂന്നൊ കുഞ്ഞുങ്ങളെ ഇങ്ങനെ കിട്ടും."

ദൈവമേ ..സ്വന്തം കുഞ്ഞുങ്ങളെ ഇങ്ങനെ ഉപേക്ഷിക്കാൻ ആർക്ക്‌ തോന്നും? മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു. കയ്യിൽ കൊടുക്കാൻ ഒന്നുമില്ല. കൊണ്ടുവന്ന വിദേശസാധനങ്ങളെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. പ്രതീക്ഷയോടെ കുട്ടികൾ. ഡ്രൈവറെയും കൂട്ടി പുറത്തിറങ്ങി, വരുമ്പോൾ കണ്ടിരുന്ന ഒരു ചെറിയ മാടക്കടയിലേക്കു പോയി.ആകെയുള്ളത്‌ ചവക്കുമ്പോൾ പല്ലു മുഴുവൻ ഒട്ടി പിടിക്കുന്ന ഒരു തരം കറുത്ത മിഠായി.മിഠായിയും ബിസ്കറ്റുമായി ചെല്ലുമ്പോൾ കുട്ടികൾക്കു അമ്പിളിമാമനെ കിട്ടിയ സന്തോഷം. വരാനിരിക്കുന്ന ജീവിതയാഥാർത്ത്യങ്ങളുടെ ആകാംക്ഷകളില്ലാതെ കിട്ടിയ ബിസ്കറ്റും കഴിച്ച്‌ കളിച്ചുമറിയുന്ന കുട്ടികൾ. ഇവരുടെ ജീവിതത്തിലെ കണ്ണീരിന്റെ കാലവർഷത്തിന്റെ തോർച്ച എന്നായിരിക്കും?

"വെള്ളത്തിൽ മുങ്ങിയ പള്ളി കാണാൻ പോകുന്നൊ? ഇതിലേ ഒരു ഷോർട്‌ കട്ടുണ്ടു" തിരിച്ചിറങ്ങാൻ നേരം ചേച്ചി ചോദിച്ചു.

"വേണ്ട.. ഇനിയൊരിക്കലാകട്ടെ.. ഒരു വേനൽക്കു വരാം." എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.

അൽപനേരം യാത്ര കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, കാറിനുള്ളിൽ, പുറകിലെ സീറ്റിൽ ഭാര്യയുടെയൊപ്പം സുഖമായുറങ്ങുന്നു കുട്ടികൾ രണ്ടുപേരും. പുറത്തു, മഴനൂലുകൾക്കിടയിൽ, കഷ്ടങ്ങളുടെ കാലവർഷകാലത്ത്‌ കാണാമറയത്തേക്കു മുങ്ങിപോകുന്ന ദേവാലയം ഒരു ദൂരകാഴ്ചയായി മറയുന്നു!

5 comments:

കണ്ണനുണ്ണി said...

ഹൃദ്യമായ വിവരണം..നല്ല പോസ്റ്റ്‌

ഹന്‍ല്ലലത്ത് Hanllalath said...

..വേദനയുടെ മുള്ളുകള്‍ തറയുന്ന കാഴ്ചകള്‍ക്ക് നമ്മുടെ മനസ്സിനെ കീറി മുറിക്കാന്‍ കഴിയുന്നുവെങ്കില്‍ സൂക്ഷിക്കുക..
മനുഷ്യത്വം നമ്മിളിലിനിയും മരിക്കാതെയുണ്ട്...
ജീവിതം ആഘോഷിക്കുന്നവര്‍ക്കിടയില്‍ നാം ഒറ്റപ്പെട്ടേക്കാം..

...നല്ല മനസ്സിനെ കാണുന്നു വരികളില്‍..

...നന്മകള്‍ നേരുന്നു...

Melethil said...

നല്ല പോസ്റ്റ്‌ മാഷെ, നന്മയുള്ള ഒരു മനസ്സ് ഞാന്‍ കാണുന്നു.

Shaju Joseph said...

അഭിപ്രായങ്ങള്‍ക്ക് നന്ദി!

Anonymous said...

This is very nice blog!
You are a good writer!