Thursday, September 10, 2009

ഹ്രുദയം ഓർമിപ്പിക്കുന്നത്‌



"ഈ അച്ചനോക്കെ ഇത്ര പഠിപ്പുണ്ടെന്നു പറഞ്ഞിട്ടെന്താ? ഒരു പുറംരാജ്യത്തേക്ക്‌ വരുമ്പോ ശരിയായ മേൽവിലാസം പൊലും ഇല്ലാതെയാണോ വരുക?. ഈ പാതിരാത്രി ഇനി എവിടെ കൊണ്ടു പോയി ആക്കാനാണ്‌?" നിമിഷം ചെല്ലുംതോറും ദേഷ്യം കൂടി കൂടി വരുകയാണ്‌.

നാട്ടിൽ നിന്നും സുഹ്രുത്ത്‌ മറ്റൊരച്ചൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ്‌ ഒരു പരിചയവുമില്ലാതിരുന്നിട്ടും ഉത്തരേന്ത്യയിൽനിന്നുമുള്ള ഈ അച്ചനെ സ്വീകരിക്കാൻ എയർപ്പോർട്ടിൽ പോയത്‌. അച്ചൻ ഇവിടെ അടുത്ത്‌ രണ്ടൂ മണിക്കൂർ ദൂരെ യൂണിവേർസിറ്റിയിൽ പഠിക്കാൻ വരികയാണ്‌.

ജോലി കഴിഞ്ഞു ഓഫീസിൽ നിന്നും നേരേ പോകുകയായിരുന്നു. ചായ കുടിക്കാൻ പൊലും സമയം കിട്ടിയില്ല.തലേന്നത്തെ ഉറക്കം ശരിയാവാഞ്ഞതുകൊണ്ട്‌ ക്ഷീണവും കലശലായുണ്ട്‌. എയർപോർട്ടിൽ നിന്നും പിക്ക്‌ ചെയ്ത്‌ നേരേ ഒരു സുഹ്രുത്തിന്റെ വീട്ടിലേക്കാണ്‌ പോയത്‌. അച്ചൻ ഒരു കുളിയെല്ലം പാസ്സാക്കി വൈകിട്ടത്തെ ഭക്ഷണം എല്ലാം കഴിച്ചു വന്നപ്പൊഴേക്കും സമയം പത്ത്‌. ഇനിയും അധികം താമസിച്ചാൽ ഇന്നത്തെ ഉറക്കാവും കമ്മി. തന്നെയുമല്ല അച്ചന്‌ പോകേണ്ട യൂണിവേർസിറ്റിയിലേക്ക്‌ നഗരത്തിന്റെ അത്ര പന്തിയല്ലാത്ത ഭാഗത്തുകൂടെ പോകണം താനും. അതുകൊണ്ട്‌ എത്രയും വേഗം പോകുന്നതാണ്‌ നല്ലത്‌.

"അച്ചന്‌ പോകേണ്ട അഡ്രസ്സെടുക്കൂ. G.P.S-ൽ അഡ്രസ്സ്‌ കൊടുത്താൽ കറക്റ്റ്‌ സ്ഥലത്ത്‌ കൊണ്ടുപൊയാക്കും".

അച്ചൻ സൂട്ട്കേസ്സ്‌ തുറന്ന്‌ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു വെള്ള കടലാസ്സ്‌ എടുത്തു നീട്ടി. അച്ചനെ യൂണിവേർസിറ്റിയിലേക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള ഡീനിന്റെ കത്ത്‌.

"അതിന്റെ മേലെയുണ്ട്‌ അഡ്രസ്സ്‌". അച്ചൻ പറഞ്ഞു.

"അയ്യോ അച്ചാ.. ഇത്‌ പോസ്റ്റ്‌ ബോക്സ്‌ അഡ്രസ്സാണല്ലോ. ഇതു വച്ച്‌ പോകാൻ പറ്റില്ല." അഡ്രസ്സ്‌ നോക്കി പറഞ്ഞു.

"അത്‌ മാത്രമേയുള്ളൂ എന്റെ കയ്യിൽ". അച്ചൻ.

പുലിവാലു പിടിച്ചൊ? ഈ പുള്ളി ഈ അഡ്രസ്സും വച്ചു പോസ്റ്റ്‌ ബോക്സിന്റെ ഉള്ളിൽ പോയി താമസിക്കാൻ പോകുന്നോ? പതുക്കെ നീരസം വന്നു.

"ശരി. അച്ചന്റെ കയ്യിൽ ഫോൺ നംബറില്ലേ. നമുക്ക്‌ ആരെയെങ്കിലും ഒന്നു വിളിച്ച്‌ ചോദിക്കം."

"ആ ലെറ്റെറിന്റെ അടിയിൽ ഫോൺ നംബറുണ്ട്‌".

"ഈ നംബർ.." ഒരു സംശയം. ഡയൽ ചെയ്തു നോക്കി. വിചാരിച്ചപോലെ തന്നെ ആരും എടുതില്ല. ഓഫ്ഫീസ്‌ നംബറാണ്‌. ഈ രാത്രിക്ക്‌ ആരെടുക്കാൻ?

അച്ചന്റെ കയ്യിൽ വേറെ പോകേണ്ട വിവരം ഒന്നും തന്നെയില്ല. നല്ല പാർട്ടി തന്നെ. മനസ്സിൽ ഓർത്തു. ഇന്ത്യയിൽ നിന്നും പോരുന്നതിനു മുൻപ്‌ വിളിച്ചു ചോദിച്ചപ്പൊൾ ഇവിടെ കൊളേജിന്റെ അടുത്തു തന്നെ താമസം ഒരുക്കിയിട്ടുണ്ട്‌ എന്നുള്ള അറിവുണ്ട്‌. ഇന്നവിടെ അവർ കാത്തിരിക്കുകയും ചെയ്യും. അതുകൊണ്ട്‌ പോയി എത്തി ചേർന്നെ പറ്റൂ.

"നമുക്ക്‌ യൂണിവേർസിറ്റിയുടെ അടുത്ത്‌ പോയി ആരോടെങ്കിലും ചോദിച്ചാലോ" അച്ചൻ.

അച്ചൻ എന്താ വിചാരിച്ചിരിക്കുന്നത്‌? ഇതു ഇന്ത്യയിലെ നാട്ടിൻപുറമാണെന്നോ? ഒന്നാമത്‌ ഈ രാത്രി ആരു കാണാനാ അവിടെ? ഇനി ഏതെങ്കിലും കതകിന്‌ തട്ടി വിളിച്ചാൽ അടി കിട്ടാതെ പോന്നാൽ ഭാഗ്യം. നിമിഷം ചെല്ലുംതോറൂം നീരസം കൂടി കൂടി വരികയാണ്‌. ഇന്ന്‌ നേരത്തെ കിടന്ന്നുറങ്ങണം എന്നു കരുത്തിയതാണ്‌. അത്‌ പോയിക്കിട്ടി.

ഇന്റർനെറ്റിൽ വളരെ നേരം തപ്പി യൂണിവേഴ്സിറ്റിയിൽ തന്നെ അച്ചന്മാർ താമസിക്കുന്ന ഒരിടത്തിന്റെ അഡ്രസ്സ്‌ കിട്ടി.

പോകുമ്പൊൾ ഒരു മൂന്നു വട്ടമെങ്കിലും വഴി തെറ്റി. ഓരോയിടത്തും U ടേൺ എടുക്കുമ്പോഴും മനസ്സിൽ അരിശം പതഞ്ഞു പൊങ്ങി. അച്ചന്‌ മലയാളം അറിയാത്തതുകൊണ്ട്‌ പറഞ്ഞ ചീത്തയൊന്നും മനസ്സിലാകാതെ പുള്ളി വന്ന ക്ഷീണത്തിൽ പുറകിലെ സീറ്റിൽ നല്ല മയക്കമാണ്‌.

ഒടുവിൽ ചെന്നെത്തുമ്പോൾ ഭാഗ്യത്തിന്‌ അതു തന്നെയായിരുന്നു പറഞ്ഞു വച്ചിരൂന്ന സ്ഥലം. സമയം പാതിര കഴിഞ്ഞിരിക്കുന്നു. ലഗേജെല്ലാം ഇറക്കി, അച്ചനെ സെറ്റപ്പെല്ലാം ആക്കി തിരിച്ചു വീട്ടിലെത്തി ബെഡിലേക്ക്‌ വീണത്‌ മാത്രം ഒരു നേരിയ ഓർമ.
--
"തമ്പീ ഞാവകം(ഓർമ) ഇരുക്കാ?" പരിചയമില്ലാത്ത ഒരു ശബ്ദം.

കണ്ണ്‌ ഒന്നു കൂടി തിരുമ്മി നോക്കി.

മുഖവും പേരും മങ്ങിയെങ്കിലും ആകാരം നല്ല ഓർമ. അല്ലെങ്കിലും വർഷമെത്ര കഴിഞ്ഞാലും മറക്കാനാകുമോ? ഖദറിന്റെ വെളുത്ത മുണ്ടും വെളുത്ത ഷർട്ടും. കയ്യിൽ L G പെരുങ്കായത്തിന്റെ മഞ്ഞ സഞ്ചി.

"നല്ലാര്‌ക്കാ?" ആഗതന്റെ ചോദ്യം.
"ആ ജീവിച്ചു പോകുന്നു".
"ഇൻകെ സെറ്റപ്പെല്ലാം ആച്ചാ?"
"ആ കുഴപ്പമില്ല" ഞാൻ മറുപടി നൽകി.
"റോമ്പ വർഷമാച്ചേ അല്ലിയാ?".
"ആമാ.."

അതെ വർഷമൊത്തിരിയായി.

അന്ന്‌ ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ പരിഭ്രമമായിരുന്നു മനസ്സു മുഴുവൻ. ചുറ്റും നോക്കി. മിക്കവരും ധാരാളം യാത്ര ചെയ്തു പരിചയമുള്ളവരാണെന്ന്‌ നോക്കിയാലറിയാം. അവിടെയിവിടെയായി നാലഞ്ചു പേർ മുണ്ടും ഷർട്ടുമെല്ലാം ധരിച്ചു കയറിയിട്ടുണ്ട്‌. തമിഴരാണെന്നു തോന്നുന്നു. ഇവന്മാർക്കെല്ലാം ഒന്നു ഭംഗിയായി വസ്ത്രം ധരിച്ചു വിമാനത്തിൽ കയറരുതൊ? മനസ്സിലോർത്തു.

നാലു മണിക്കൂർ മുള്ളിൽ ഇരിക്കുന്ന പോലെയാണ്‌ കഴിഞ്ഞു പോയത്‌. ഏഴു മണിയോടെ ചാംഗി എയർപോർട്ടിൽ ഇറങ്ങി. കസ്റ്റംസ്‌ എല്ലാം കഴിഞ്ഞു ലഗ്ഗേജും എടുത്തു അടുത്ത്‌ കണ്ട ഫോൺ ബൂത്തിൽ ചെന്നു. വിമാനമിറങ്ങി കഴിഞ്ഞ്‌ ഫോൺ ചെയ്യാനാണ്‌ അപ്പോയിന്റ്‌മന്റ്‌ ലെറ്ററിന്റെ കൂടെ വന്ന എഴുത്തിൽ പറഞ്ഞിരിക്കുന്നത്‌.

ഫോൺ നംബർ കറക്കി. റിംഗ്‌ ചെയ്യുന്നുണ്ട്‌. അൽപനേരം മണിയടിച്ചിട്ടും ആരും എടുത്തില്ല. മൂന്നു നാലു മിനിട്ട്‌ കഴിഞ്ഞു ഒന്നു കൂടി കറക്കി നോക്കി. ഫലം മുൻപിലത്തേതു തന്നെ. മനസ്സിൽ ചെറിയൊരു വിഭ്രാന്തിയായി. ആദ്യമായാണ്‌ ബാംഗളൂരിന്‌ അപ്പുറത്തെക്കു യാത്ര ചെയ്യുന്നത്‌. അതും പോരാഞ്ഞിട്ട്‌ പുറം രാജ്യത്തേക്ക്‌. ആകെയുള്ളത്‌ ഈ നംബറാണ്‌. കൂട്ടികൊണ്ടുപോകാൻ ആള്‌ വരുമെന്നാണ്‌ പറഞ്ഞത്‌. പക്ഷെ ഫോൺ ചെയ്തിട്ടു ആരും എടുക്കുന്നില്ലല്ലോ. എകദേശം ഒരു മണികൂറിലേറേ ഫോൺ ശ്രമിച്ചു നോക്കി. മനസ്സിൽ വിഭ്രാന്തി കൂടി കൂടി വന്നു. ഇനി എന്തു ചെയ്യും? ഒരു പിടിയുമില്ല. കൂടെ വിമാനം ഇറങ്ങിയവരെല്ലാം പോയിക്കഴിഞ്ഞു.അപ്പൊഴാണ്‌ ദൂരെ മാറി ആരെയോ പ്രതീക്ഷിച്ചു നിന്ന മധ്യവയസ്സനെ കണ്ടത്‌. വിമാനത്തിൽ വച്ചു ഒരു മിന്നായം പോലെ കണ്ടായിരുന്നു. തമിഴനാണെന്ന്‌ ഒറ്റ നോട്ടത്തിൽ അറിയാം.

അറിയാവുന്ന തമിഴിൽ പ്രശ്നം അവതരിപ്പിച്ചു.

"പോക വേണ്ടിയ അഡ്രസ്സിരുക്കാ തമ്പീ"
പെട്ടിയിൽ നിന്നും അപ്പോയിന്റ്‌മന്റ്‌ ഓർഡർ എടുത്തു കാണിച്ചു.

"എന്നുടെ മരുമകൻ കൂട്ടിയിട്ടു പോരതുക്ക്‌ വരുവാര്‌. ഉങ്ങളേ കമ്പനിയിലേ ഡ്രൊപ്‌ പണ്ട്രേ"

മനസ്സിൽ സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞു.

അൽപസമയത്തിനുള്ളിൽ പറഞ്ഞ പോലേ ഒരു ചെറുപ്പക്കാരൻ കാറുമായെത്തി. വർഷങ്ങളായി സിംഗപൂരിൽ സ്ഥിരതാമസക്കാരാണവർ. ലഗ്ഗേജെല്ലം കയറ്റി, പറഞ്ഞിരുന്ന കമ്പനിയിൽ കൊണ്ടുപോയാക്കി, റിസെപ്ഷനിൽ ആളെത്തി പറഞ്ഞിട്ടാണ്‌ അന്ന്‌ അവർ മടങ്ങിയത്‌.

വർഷങ്ങൾക്കു ശേഷമാണ്‌ ആ പഴയ തമിഴ്‌ മുഖം ഓർമയിൽ വരുന്നത്‌.

"തമ്പീ .. വർഷങ്ങൾക്കു മുന്നാടി ഒന്നുമേ കേക്കാതേ നാൻ വന്ത്‌ ഉങ്ങൾക്കൊരു ഉതവി ചെയ്യറേ. നീങ്ങ സന്തോഷമാ അപ്പടി താൻ ചെയ്യ വേണ്ടിയ താനേ".

ഒരു ദുസ്വപ്നം കണ്ട പോലെ ഞെട്ടിയൂണർന്നു. ചുമരിലെ ക്ലോക്കിൽ മണി നാലര. മുറിയിൽ ആരുമില്ല. കൈപറ്റിയ നന്മ ഓർമിപ്പിക്കാൻ വന്ന തമിഴനെവിടെ? പറഞ്ഞ വാക്കുകൾ മാത്രം മുഴങ്ങുന്നുണ്ട്‌.

നാഴികമണി ഒന്നു തിരിച്ചുവിടാൻ കഴിഞ്ഞിരുന്നെങ്കിൽ.. തലേന്ന്‌ പറഞ്ഞ നീരസവും പാഴ്‌വാക്കുകളും തിരിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ..

എങ്കിൽ.. എങ്കിൽ.. വർഷങ്ങൾക്കു മുൻപു കൈപറ്റിയ ഒരു സൗമനസ്യത്തിന്റെ കടം സന്തോഷമായി വീട്ടാമായിരുന്നു.



8 comments:

Melethil said...

isthaayi!

Melethil said...

കുറച്ചു വിപുലമായോക്കെ എഴുതൂന്നെ, നല്ല ഭാഷയുണ്ടല്ലോ കയ്യില്‍?

പാവപ്പെട്ടവൻ said...

നീങ്ങ സന്തോഷമാ അപ്പടി താൻ ചെയ്യ വേണ്ടിയ താനേ

Shaju Joseph said...

Melethil, പാവപ്പെട്ടവൻ,
അഭിപ്രായങ്ങൾക്ക്‌ നന്ദി!.
Melethi, വിപുലമായി എഴുതാൻ സമയക്കുറവ്‌ തടസ്സം തന്നെ. ശരിയാകുമോ എന്ന ഭയവും ഇല്ലാതില്ല. പ്രൊൽസാഹനത്തിനു വളരെ നന്ദി!

Jayesh/ജയേഷ് said...

kurachu kuti work cheyyamayirunnu

Shaju Joseph said...

ജയേഷ്‌ .. അഭിപ്രായത്തിന്‌ വളരെ നന്ദി!

ishaqh ഇസ്‌ഹാക് said...

ഹ്രിദധ്യമായ വായനയ്ക്ക് പാകമായ ശൈലി അഭിനന്ദനങ്ങൾ

Harmony said...

nannaayittundallo Shaju!!!