അന്ന്, മടിവാള നഗരത്തിന്റെ മോടികൾക്കുപുറത്തു, വൃത്തികേടുകൾ നിറഞ്ഞ, ഗതി പിടിക്കാത്ത തമിഴന്മാരും കന്നഡക്കാരും തിങ്ങി പാർക്കുന്ന ഒരിടമായിരുന്നു. മാലിന്യം കുന്നു കൂടിയ ചെറിയ വഴികളും, കറുത്ത വെള്ളം ഒഴുകുന്ന ഓടകളും, അവക്കിരുപുറങ്ങളിലും അടുപ്പുകല്ലുകൾ കൂട്ടിയ കണക്ക് കൊച്ചുകൂരകളും.
മാർക്കെറ്റിൽ നിന്നും വരുന്ന ബി. ടി. എസ്. ബസിന്റെ അവസാന സ്റ്റൊപ്പിൽ ഇറങ്ങി, വലതു വശത്തുള്ള കൊച്ചു കടകൾക്കിടയിലൂടെ ഒരിടവഴിയുണ്ട്. അതിലൂടെ പഴയ തമിഴ് പടങ്ങൾ കളിക്കുന്ന പൊട്ടിപൊളിഞ്ഞ ടാക്കീസും കടന്ന്, തുറസ്സായ ചതുപ്പു നിലങ്ങളും കടന്ന്, കയറിചെല്ലുന്നിടത്താണ് താമസസ്ഥലം. ആ പരിസരത്തെ സാമാന്യം വലിപ്പമുള്ള ഒരു കൊച്ചു വാർക്കവീടിന്റെ മേലേ തകരം മേഞ്ഞ രണ്ടു ഒറ്റ മുറികളിലൊന്നാണ് ജോണി വാടകക്കെടുത്തിരിക്കുന്നത്. പച്ച ചായം തേച്ച വീടിന്റെ താഴെ വീട്ടുടമസ്ഥനും കുട്ടികളും, വയസ്സായ അമ്മയും. പഠിപ്പെല്ലാം കഴിഞ്ഞ് ജോലി അന്വേഷണമാണ് ഇപ്പോഴ്ത്തെ സ്ഥിരജോലിയെന്നുള്ളതുകൊണ്ട് ജോണിയുടെ വലിയ സൗമനസ്യം മുതലാക്കിയാണ് ഞാനും കൂടെ കൂട്ഇയിരിക്കുന്നത്.
ജോണി രാവിലേ വർക്ക്ഷാപ്പിൽ പോയിക്കഴിഞ്ഞാൽ, വിശദമായി പത്രം അരിച്ചു പെറുക്കലാണ് ആദ്യത്തെ പണി. പിന്നെ ബയോഡാറ്റായുമായി പട്ടണത്തിലേക്ക്. മൂന്നോ നാലോ ഇടങ്ങളിൽ കയറിയിറങ്ങി ഉച്ചയുറക്കത്തിന്റെ നേരത്തെക്ക് മടങ്ങിയെത്തുക. ഇതായിരുന്നു മടിവാളയിലെ സ്ഥിരം ദിനചര്യ. രണ്ടാൾക്ക് കഷ്ടിച്ചു മരുങ്ങു തിരിയാൻ മാത്രം നീളമുള്ള മുറിയിൽ തന്നെ കിടപ്പും, ചോറു വയ്പും, ഭക്ഷണം കഴിപ്പും, മൂലയിൽ തന്നെ കുളിയും എല്ലാം കഴിയും എന്നുള്ളതിൂകൊണ്ട് മുറിക്കകത്തെക്കു കയറിയാൽ പിന്നെ പുറത്തിറങ്ങേണ്ട കാര്യമേയില്ല.
പുറത്തേക്കിറങ്ങിയാൽ, മുകളിൽ തന്നെയുള്ള ചെറിയ വരാന്തയിൽനിന്നു നോക്കുമ്പോൾ, നേരെ താഴെ, ഞങ്ങളുടെ വീട്ടുടമ തന്നെ വാടകക്ക് കൊടുത്തിരിക്കുന്ന രണ്ടു കൊച്ചു കൂരകൾ കൂടി കാണാം. ചെന്നെത്തിയ ആദ്യദിവസം തന്നെ ജോണി എല്ലാത്തിനും ഒരാമുഖം തന്നു വച്ചു. ഇടതു വശത്തുള്ള വീട്ടിൽ താമസിക്കുന്നത് ഭർത്താവും ഭാര്യയും മാത്രമുള്ള ഒരു കന്നട കുടുംബം. തൊട്ടടുത്തുള്ള വീട്ടിൽ സ്ഥിരതാമസക്കാരായി അവിടത്തെ പെണ്ണും രണ്ടു പൊടികുഞ്ഞുങ്ങളും മാത്രം. അയാൾ മാസം രണ്ടോ മൂന്നോ തവണ മാത്രമേ വരൂ. വന്നാൽ നേരം വെളുക്കുന്നതിനു മുൻപേ പോവുകയും ചെയ്യും. എവിടെയോ തരക്കേടില്ലാത്ത ഉദ്യോഗസ്ഥൻ. പെണ്ണിനെ എവിടുന്നോ അടിച്ചുകൊണ്ടുവന്ന്, സ്വന്തം ഭാര്യ അറിയാതെയുള്ള "ചിന്നവീട്" സെറ്റപ്പാണ്.
പിറ്റേന്ന് വെള്ളമെടുക്കാൻ പ്ലാസ്റ്റിക് കുടവുമായി താഴെ പൈപ്പിന്റെ അടുത്ത് ചെന്നപ്പൊഴാണ് അവളെ ആദ്യമായി കണ്ട് അത്ഭുതപ്പെട്ടത്. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സെങ്കിലും പ്രായക്കുറവുള്ള ഒരു കൊച്ചു പെൺകുട്ടി. ഇവളാണോ "ചിന്നവീട്?". എതോ ഗ്രാമത്തിൽ നിന്നുള്ള പെൺകൊച്ചാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. മുഖത്ത് വാരിതേച്ചിരിക്കുന്ന മഞ്ഞളിനും, നിറുകയിലെ നിറം മങ്ങിയ സിന്ധൂരത്തിനും മറയ്ക്കാൻ കഴിയാത്ത ദൈന്യത അവളുടെ കണ്ണുകളിൽ! ചേല വാരിച്ചുറ്റി വലുതാകാൻ ശ്രമിച്ചിട്ടും ഒളിപ്പിക്കാൻ കഴിയാത്ത അവളുടെ വിഷാദം നിറഞ്ഞ കൗമാരം. ഇവളെങ്ങനെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് തന്നെ ഇവിടെ ജീവിക്കുന്നു? വെള്ളവും കൊണ്ടു മടങ്ങുമ്പോൾ മനസ്സിലോർത്തു, അറിയാതെ തിരിഞ്ഞു നോക്കി.
മടിവാളയിലെ രാത്രികൾ കഷ്ടമായിരുന്നു. മഴ പെയ്താൽ മുഴുൻ ചോർന്നൊലിക്കുന്ന തകരത്തിനു താഴെ, നനയാത്ത മൂല നോക്കി രാവു മുഴുവൻ വെളുപ്പിക്കേണ്ട ഗതികേട് ചിലപ്പോഴൊക്കെ. മഴയെന്നോ വെയിലെന്നോ നോക്കാതെ കൂറ്റൻ കൊതുകുകളുടെ നിരന്തര ശല്യങ്ങളും.
പ്രഭാതങ്ങളായിരുന്നു അതിലേറെ വെല്ലുവിളികൾ. രാവിലത്തെ കർമങ്ങൾക്കുള്ള ഇടമില്ലെന്നതായിരുന്നു ഏറ്റവും വലിയ കഷ്ടപാട്. ഒന്നുകിൽ ചുറ്റുവട്ടത്തുള്ള എല്ല തമിഴരേയും കന്നഡക്കാരേയും പോലെ കിഴ്ക്ക് വെള്ള കീറുന്നതിനു മുൻപ് ഒരു കട്ടനുമടിച്ചു് അടുത്തുള്ള റെയിൽവെയ്ട്രാക്കിന്റെ അടുത്തേക്കോടണം. അല്ലെങ്കിൽ പിന്നെ നേരം വെളുത്ത് വണ്ടിയോടി തുടങ്ങുമ്പോൾ ബി.ടി.എസ് ബസ് കയറി നഗരത്തിലെ ഏതെങ്കിലും 'സുലഭ്' ശൗചാലയങ്ങളിലേക്കോടണം. ജോണിക്ക് വർക്ക്ഷോപ്പിൽ കാര്യങ്ങളെല്ലാം സാധിക്കാമെന്നതുകൊണ്ട്, ട്രാക്കിലേക്കുള്ള ഈ പ്രഭാതസവാരിക്ക് കൂട്ട് തമിഴന്മാർ മാത്രം.
മധ്യാഹ്നങ്ങൾ പറയത്തക്ക അല്ലലില്ലായിരുന്ന്നു. ജോലിയന്വേഷണം കഴിഞ്ഞു വന്നാൽ, എല്ലാരും പണിക്ക് പോയിരിക്കുന്നതുകൊണ്ട് പരിസരത്തെങ്ങും ആരും ഇല്ല. ജോണി ജോലി കഴിഞ്ഞ് എത്തുന്നതുവരെ സുഖമായി കിടക്കാം. ജോലിയെക്കുറിച്ചുള്ള വേവലാതിയിൽ ഉറക്കം വല്ലപ്പൊഴുമേ കടന്നുവരൂ എന്ന അസൗകര്യം മാത്രം.
അങ്ങനെ ഒരുയുച്ചമയക്കത്തിലാണ്, പിള്ളേരുടെ നിർത്താതെയുള്ള കരച്ചിലും, പെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള ശകാരങ്ങളും , ബഹളങ്ങളും കേട്ട് ഞെട്ടിയുണർന്നത്. മുറിയുടെ പുറത്ത് വരാന്തയിൽ പോയി എന്താണെന്നറിയാൻ എത്തിനോക്കി. താഴെ "ചിന്നവീടിന്റെ" മുറ്റത്താണ്. ആ പെൺകുട്ടി, വീട്ടുടമസ്ഥയുടെയും അവരുടെ പ്രായമെത്തിയ മൂത്ത മോളുടേയും കയ്യിൽ കിടന്ന് കുതറുകയാണ്. ഒരാൾ മുടി ചുറ്റിപിടിച്ചിരിക്കുന്നു. മറ്റെയാൾ കയ്യിൽ കിട്ടിയതെല്ലാം എടുത് തലങ്ങും വിലങ്ങും അടിക്കുന്നു. കൂട്ടിനു് വീട്ടുടമയുടെ വയസ്സായ തള്ളയും. അൽപദൂരം മാറി എല്ലാം നിരീക്ഷിച്ചുകൊണ്ട് അടുത്ത വീട്ടിലെ വാടകക്കാരിയും വേറെ ഒന്നു രണ്ടു പെണ്ണുങ്ങളും. അലമുറയിട്ടു കരയുന്ന രണ്ടു കുഞ്ഞുങ്ങൾ.
എന്തു ചെയ്യും? ചെന്നു ഇടപെടാൻ ഭാഷയും വശമില്ല, പുതിയ ഇടവും. ഈ പെണ്ണുങ്ങൾക്കൊന്നു പിടിച്ചു മാറ്റിയേലെന്താ? എന്തു ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്ന്നു. ഒന്നു രണ്ടു മിനുറ്റു കൊണ്ടു കയ്യാംകളിയെല്ലം കഴിഞ്ഞ്, കലിയടങ്ങി, ഉച്ചത്തിൽ ചീത്ത വിളിച്ചു കൊണ്ട് വീട്ടുടമസ്ഥയും മക്കളും തിരിച്ചു പോന്നു. കരഞ്ഞു വീത്തു കലങ്ങിയ കണ്ണുകളുമായി ആ പെൺകുട്ടി, കുഞ്ഞുങ്ങളെയും കൂട്ടി അകത്തെക്കും. പോകുന്ന പോക്കിൽ അവളൊന്നു മുഖമുയർത്തി മുകളിൽ എല്ലാം കണ്ട് അന്തിച്ചു നിന്ന എന്നെ ദയനീയമായി ഒന്നു നോക്കി.
വൈകിട്ട് സൈക്കിളുന്തി കന്നഡപോലീസെത്തി. തഴെ മുറ്റത്തു നിന്നും, ഞങ്ങളുടെ മുറിയിലേക്ക് കൈചൂണ്ടി ആ പെൺകുട്ടി നിറമിഴികളോടെ എന്തൊക്കെയോ പറയുന്നു.
"നീ വാ തുറക്കണ്ട. എല്ലാം ഞാൻ പറഞ്ഞോളാം" ജോണി പോലീസു വരുന്നകണ്ട് മുൻപേ പറഞ്ഞു വച്ചു.
വാതിലിൽ വന്നു മുട്ടിയ പോലീസിനോട് ജോണി കന്നടയിൽ അൽപനേരം എന്തൊ പറഞ്ഞു. എനിക്ക് ഭാഷയറിയില്ലെന്നും ഞാൻ ഒന്നും കണ്ടിട്ടില്ലെന്നുമാണ് പറഞ്ഞതെന്ന് പിന്നെയറിഞ്ഞു. കുഞ്ഞുങ്ങൾ തമ്മീലുള്ള കുട്ടിവഴക്കാണ് എല്ലാത്തിനു തുടക്കം എന്നും പോലിസു പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ ഒരു രാത്രി, രായ്ക്കു രാമാനം അവർ വീടു വിട്ടു പെട്ടിയും കിടക്കയുമെല്ലാമായി സ്ഥലം കാലിയാക്കി. ആ രാത്രി വെളുക്കുവോളം ഉച്ചത്തിലുള്ള ശകാരങ്ങളും അടക്കിപിടിച്ച കരച്ചിലുകളുമായിരുന്നു ആ കൊച്ചു വീട്ടിൽ.
ഇടക്കൊരു കുറ്റബോധം വരും.. അന്ന് ഒരു സഹജീവിക്കുവേണ്ടി ഒരു ചെറുവിരലുപോലും ഉയർത്താതിരുന്നതിന്റെ!
അല്ലെങ്കിലും അവൾക്കുവേണ്ടി നിവർന്നുനിന്നു ചോദിക്കാൻ ആരെങ്കിലും എന്നെങ്കിലും ഉണ്ടാകുമോ?
അഗ്നിസാക്ഷിയായി കൈ പിടിച്ചിറക്കിയ ഒരു പുരുഷൻ?കമനീയമായി ഒരുക്കിയ കല്യാണമണ്ടപത്തിൽ മകളെ നിറകണ്ണുകളോടെ കൈ പിടിച്ചു കൊടുത്ത അച്ചനും അമ്മയും?അതുമല്ലെങ്കിൽ ഒരേ സമയം സന്തോഷവും ദുഃഖവും ഉള്ളിലൊതുക്കി കൂടപിറപ്പിനെ യാത്രയാക്കിയ ഒരു വല്യേട്ടൻ?
തൽക്കാലം, രാത്രി മാത്രം തലയിൽ മുണ്ടു മൂടി വല്ലപ്പോഴുമെത്തുന്ന ഒരു കണവന്റെ കനിവിലാണവളുടെ ജീവിതം!
ഇങ്ങനെയും ചില ജീവിതങ്ങൾ!
12 comments:
nice writing
nannayi ketto...
നന്നായിരിക്കുന്നു
വായിച്ചിട്ട് ആകെ സങ്കടം ആയി (:
ചില ജീവിതങ്ങള് ... അല്ല ഒരുപാട് ജീവിതങ്ങള് ഇങ്ങനേയും
എല്ലാ അഭിപ്രായങ്ങൾക്കും വളരെ നന്ദി!
പാവം അവളുടെ അവസ്ഥയോർത്ത് സങ്കടമായി.. നന്നായെഴുതി കേട്ടൊ.
നല്ല എഴുത്ത് മാഷെ.
എല്ലാപോസ്റ്റുകളിലൂടെയുമൊന്നു കറങ്ങി-
നല്ല് എഴുത്ത്- തുടരുമല്ലോ
സ്നേഹത്തോടെ
വായിച്ച് അഭിപ്രായമറിയിച്ച എല്ലാവർക്കും വളരെ വളരെ നന്ദി!
പലരുടേയും ജീവിതം ഇങ്ങിനെയൊക്കെ തന്നെ-നിസ്സഹായമായി നോക്കിനില്ക്കെണ്ടി വരും
വളരെ നല്ല വിവരണം. നന്നായി എഴുതിയിരിക്കുന്നു. ഇനിയും എഴുതു.. ആശംസകൾ
ഞാൻ തുടങ്ങിയത് ഈ ജി പുരയിൽ നിന്നാണ്.
Post a Comment