Tuesday, February 16, 2010

ഒട്ടുചെടി


“റ്റീച്ചറേ ഇത്തിരി വെള്ളം”. പൂമുഖത്ത്‌ നിരത്തിയിട്ടിരുന്ന ചൂരൽ കസേരകളോന്നിൽ ഇരുന്നുകൊണ്ട്‌ ജേക്കബ്‌ സാറ്‌ അകത്തേക്ക്‌ നോക്കി വിളിച്ചുപറഞ്ഞു.


മീനമാസത്തിലെ കത്തുന്ന ചൂടിൽ മേലാകെ വിയർത്തു നനഞ്ഞു. ഘാനായിലെ വരണ്ടു കത്തുന്ന വേനൽക്കും ഇത്ര വിയർക്കാറില്ല, സാറോർത്തു.


“ഇതാ വരുന്നു.” അകത്തുനിന്നു റ്റീച്ചർ ഒരു ഗ്ളാസ്‌ വെള്ളവുമായി പുറത്തെക്കു വന്നു.


“എന്താ ചൂട്‌” ജേക്കബ്സാർ ആരൊടെന്നിലാതെ പറഞ്ഞു.


“ഇത്രനേരം കാണാതായപ്പം ഞാൻ കരുതി ടൗണിൽ വഴി തെറ്റികാണൂന്ന്‌”.


“ഈ ടൗണിലോ?” സാർ പുഞ്ചിരിയോടെ റ്റീച്ചറുടെ നേരെ നോക്കി. “ഈ അങ്ങാടി ജങ്ക്ഷനിലും ബസ്സ്‌ സ്റ്റാൻഡിലുമൊക്കെ പഠിക്കുന്ന കാലത്ത്‌ ഞാൻ എത്ര കറങ്ങിയതാണെന്നറിയാമൊ?”


“എന്നാലും സ്ഥലങ്ങളൊക്കെ ആകെ മാറിപ്പോയി. എയർപോർട്ടീന്ന്‌ വരുമ്പോ എനിക്കൊരു പിടീം കിട്ടീല. വീടെത്തിപ്പഴാ അറിയണേ”


“അതിപ്പൊ വർഷമെത്രയായി റ്റീച്ചറ്‌ വന്നിട്ട്‌” സാറ്‌ ദൂരെക്ക്‌ കണ്ണുനാട്ടി പറഞ്ഞു.


“ശരി പോയ കാര്യം എന്തായി?”


“സ്ഥലത്തിന്റെ കാര്യത്തിനു ഇനിയും കുറെ നടപ്പു നടക്കണ്ട വരൂന്നാ തോന്നണെ .. സർക്കാര്‌ കാര്യല്ലെ”.


“ഞാൻ എത്രാന്നുവച്ച പറയണെ അതങ്ങ്ട്‌ വിറ്റുകളയാൻ... അതെങ്ങനാ, പറഞ്ഞാ കേക്കണ്ടെ” റ്റീച്ചർ പരിഭവം പറഞ്ഞു.


“അങ്ങനങ്ങ്‌ വിറ്റുകളയാൻ പറ്റൊ.. എത്ര കാലങ്ങളായ്‌ കയ്യിലുള്ള ഭൂമിയാ? അതിന്റെ ഒക്കെ ചുറ്റുവട്ടത്തു കിടക്കാനല്ലെ ഇപ്പൊ ഇങ്ങൊട്ടു പോന്നതു തന്നെ റ്റീച്ചറെ .. നമ്മുടെ കാലശേഷം അവൻ എന്താന്ന്‌ച്ചാ ചെയ്തോട്ടെ“.


”അവൻ ഇവിടെ വന്ന്‌ ഇതൊക്കെ നോക്കൂന്ന്‌ തോന്നുണൂണ്ടോ?. ഇപ്പൊ തന്നെ കൊല്ലത്തിലൊരിക്കലെങ്കിലും ഒന്നു വന്നാ മതി. നമുടെ ശേഷം അവൻ ഇങ്ങൊട്ടു വരുന്നു എനിക്ക്‌ വിശ്വാസല്ല്യ“ റ്റീച്ചർ പറഞ്ഞു നിർത്തി.


”എന്നാലും സ്വന്തഭൂമിന്നൊന്നില്ലേ റ്റീച്ചറെ?“


”അതൊക്കെ നമുക്കല്ലെ. അല്ലാ..പരിചയമുള്ള സ്ഥലത്തു കിടക്കണ സുഖമൊന്നു വേറേയാണെന്നു പറഞ്ഞു വന്നിട്ടിപ്പോ?“


റ്റീച്ചറിന്റെ വാക്കിൽ പരിഭവം. മൂന്നു മാസങ്ങൾക്കു മുൻപു വന്നതിൽ പിന്നെ, ഓരോരോ കാര്യങ്ങൾക്കു സാറ്‌ പുറത്തേക്കു പോയാൽ പിന്നെ റ്റീച്ചർ തനിച്ചാണ്‌. ഒന്നു മിണ്ടാൻ ആരുമില്ലാത്ത അവസ്ഥ.


വർഷങ്ങൾ കൊണ്ടാണ്‌ ജേക്കബ് സാറ്‌ തിരിച്ചുവരാനുള്ള തീരുമാനമെടുത്തത്‌. റ്റീച്ചറിനെ സമ്മതിപ്പിക്കാൻ അതിലേറേ പാടുപെട്ടു. മോനെ വിട്ടുപോരാനുള്ള മടി. *ആക്രായിലായിരുന്നെങ്കിൽ അവൻ വല്ലപ്പോഴുമൊന്ന്‌ ഓടിയെത്തി കണ്ടെനെ. ഈ ഏകാന്തതയാണ്‌ റ്റീച്ചറിനെ മടുപ്പിക്കുന്നത്‌.


ഈസ്റ്റ്‌ ലെയ്ക്കോണിലെ പൊക്കം കുറഞ്ഞ കല്മതിലുകളുള്ള ചെറിയ വീട്ടിൽ സന്ദർശകര്ർക്കു മാത്രം കുറവില്ലായിരുന്നു.


രാവിലെ ഭംഗിയുള്ള യൂണിഫൊർമുമിട്ട്‌ കൂട്ടം കൂടി കലപില മിണ്ടി പോകുന്ന കാപ്പിരി കുട്ടികൾ ഗേറ്റിൽ എത്തുമ്പോൾ വിളിച്ചു കൂവും.. “ഗുഡ്‌ മോർണിംഗ്‌ സാർ.. ഗൂഡ്‌ മോർണിംഗ്‌ മിസ്സ്‌”. പിന്നെ ഒറ്റയും തെറ്റയുമായി ഓരോരോ കാര്യത്തിനു വന്നെത്തുന്ന നാട്ടുകാർ. മിക്കവരും സാറിന്റെയോ റ്റീച്ചറിന്റെയോ ശിഷ്യഗണങ്ങൾ.


ഇവിടെയിപ്പൊ വന്നിട്ട്‌ മൂന്നു മാസമായി. ഒരിക്കൽ റ്റീച്ചറിന്റെ ചേച്ചിയും മോനും വന്നതും, പിന്നെ ഒന്നൊ രണ്ടൊ വട്ടം വടക്കു ഭാഗത്തെ അയൽവക്കക്കാർ വന്നതുമൊഴിച്ചൽ മിക്കവാറും റ്റീച്ചറും സാറും മാത്രം.


പതതു മുപ്പത്തഞ്ചു വർഷങ്ങൾക്കുശേഷം ഒരു പരിചയമില്ലാത്ത സ്ഥലത്തെക്കു പറിച്ചു നട്ട പോലെയായി സാറിന്‌.


എത്ര മാറിപ്പൊയി! പടിഞ്ഞാറു വശ്ശത്തു പരന്നു കിടന്നിരുന്ന പടം മുഴുവൻ നിരത്തി റബ്ബറാക്കി. തെക്കു ഭാഗത്താകട്ടെ കാണാൻ കൌതുകമുണ്ടായിരുന്ന മഞ്ഞ പൂക്കളുടെ വേലിക്കു പകരം മുകളിൽ മുള്ളു കംബികൾ നാട്ടിയ കൂറ്റൻ മതിൽ. മതിലിനപ്പുറത്തെ വീട്ടിൽ പട്ടണത്തിലെ എൻജിനീയറാണ്‌. ഒരിക്കൽ രാവിലെ പള്ളിയിൽ നിന്നും മടങ്ങുമ്പോൾ കാറിൽ പോകുന്ന കണ്ടു. പതുക്കെ സൌഹ്രുദ ഭാവത്തിൽ തല ചെരിച്ചൊന്നു ചിരിച്ചു. അറിയാമെന്ന മട്ടിൽ.


ജേക്കബ് സാറിന്റെ പഴയ കൂട്ടുകാർ പലരും ഇന്നില്ല. അവശേഷിച്ചവരിൽ പലരും സാറിനെപ്പോലെ തന്നെ ലോകത്തിന്റെ പല കോണിലും ആയിപ്പൊയി. വർഷങ്ങൾക്കുശേഷം തിരിച്ചുവരാൻ തീരുമാനിക്കുമ്പോൾ ഇത്രയുമൊരൊറ്റപ്പെടൽ സാറ്‌ പ്രതീക്ഷിച്ചില്ല.


ഏകദേശം മുപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപാണ്‌, ഒരു ചെറിയ ജോലിയുമായി ജീവിതം ഉന്തിനീക്കുമ്പോൾ , കടലു കടന്നു പോകാൻ ഒരവസരം ഒത്തു വന്നത്‌. ആഫ്രിക്കയുമായുണ്ടായിരുന്ന ആകെ പരിചയം ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ച പൊറ്റെകാടിന്റെ പുസ്തകമായിരുന്നു. എങ്കിലും മുന്നും പിന്നും ആലോചിച്ചില്ല. കൂടെ പോന്ന പെൺകുട്ടിക്കു ഒരു നല്ല ജീവിതം കൊടുക്കണം എന്ന വാശിയായിരുന്നു, ലോകത്തിന്റെ ഏതു കോണിലായാലും!


ചെന്നെത്തി അഞ്ചാറു വർഷങ്ങൾ പിടിച്ചു നില്ക്കാനുള്ള തത്രപ്പാടായിരുന്നു. പരിചയമില്ലാത്ത ആളുകൾ, പരിചയമില്ലാത്ത ഭാഷ.


അദ്യതവണ സാറും കുടുംബവും അവധിക്ക്‌ വരുമ്പോഴേക്കും, നാട്‌ സാറിനെ കൂടാതെ ഏറെ മാറിപ്പോയിരുന്നു.കൂട്ടുകാരിൽ പലരും പല നാടുകളിലേക്ക്‌ ചേക്കേറി. സാറിന്റെ ഓർമയിലുണ്ടായിരുന്ന കുട്ടികൾ പലരും ചുണ്ടുകൾ മേലെ പൊടിമീശയും വച്ചു യുവാക്കളായി കവലകൾ ഏറ്റെടുത്തു. ഓർമയിലുണ്ടായിരുന്ന യുവാക്കൾ ആകട്ടെ, തലമുടിയിലും, മേൽമീശയിലും അല്പാല്പമായി വെള്ളിഴകൾ വന്നു, വീടുകളിലേക്ക്‌ ഒതുങ്ങികൂടി. വ്രുദ്ധന്മാരെ പലരേയും കണ്ടതുമില്ല. കവലയിൽ ചെന്ന്‌ ഒരപരിചിതനെപ്പൊലെ സാറ്‌ അടുത്തുകണ്ട കുട്ടിയോട്‌ ബസിന്റെ സമയം ചോദിച്ചു.


പിന്നെ ഓരോ മൂന്നു നാലു വർഷങ്ങൾക്കു ശേഷമുള്ള വരവുകൾക്കും ഇടയിൽ അകലം കൂടി കൂടി വന്നതേയുള്ളു. എങ്കിലും കാപ്പിരികളുടെ നാട്ടിൽ, വൈകുന്നേരങ്ങളിൽ, റ്റേപ് റെക്കോർഡറിലൂടെ യേശുദാസും, ജയചന്ദ്രനും പാടുംബ്ബോൾ സാറിന്റെ കണ്ണുക്കൾ സജലങ്ങളാകും.


മോന്‌ ജോലിയായി, റിട്ടയറായതിനുശേഷമാണ്‌ സാറ്‌ വീണ്ടും തിരിച്ചുപോരുന്നതിനേപറ്റി ആലോചിച്ചു തുടങ്ങിയത്‌. പരിചയമുള്ളവരുടെ കൂടത്തിൽ ആത്മാവെങ്കിലും അന്ത്യവിശ്രമം കൊള്ളണമെന്ന ഒരാഗ്രഹം! തന്റെ കാലശേഷം എലെക്റ്റ്രിക്ക് സെമിത്തേരിക്കു പകരം, തലക്കു മീതെ ഒരു കുരിശു വേണമെന്നും, വല്ലപ്പൊഴുമൊരിക്കലെങ്കിലും, ആരെങ്കിലും വന്നു് കുഴിക്കൽ ഒരു ഒപ്പീസു* ചൊല്ലണമെന്നുള്ള ഒരു ചിന്ത! എന്നിട്ടിപ്പൊ, വന്ന്‌ മൂന്നു മാസങ്ങൾക്കുശേഷം, മനസ്സിന്‌ ഒരാശങ്ക. വർഷങ്ങൾക്കു മുൻപ്‌ ആദ്യമായി ആഫ്രിക്കൻ മണ്ണിൽ കാലു കുത്തിയ പോലത്തെ ഒരമ്പരപ്പ്‌.


“എന്താ ഇത്ര ആലോചന?” റ്റീച്ചറിന്റെ ചോദ്യം.


സാറ്‌ റ്റീച്ചറിന്റെ മുഖത്തേക്ക്‌ നോക്കി.


“റ്റീച്ചറെ, ഞാൻ ഓര്ർക്കുകയായിരുന്നു.. റ്റീച്ചർ പറഞ്ഞതാ ശരി”.


“ഊം?” റ്റീച്ചർ ചോദ്യഭാവത്തിൽ നിന്നു.


“റ്റീച്ചർ പറയാറില്ലെ ...ഒട്ടുചെടിയുടെ സ്ഥാനം ഒട്ടിച്ചിടത്താണ്‌്. വെട്ടി മാറ്റിയിടത്തല്ല”.


“ഓ.. അതോ? സാറിന്‌ അത്‌ ഇപ്പൊഴാണോ മനസ്സിലാകുന്നത്?” റ്റീച്ചർ വെള്ളത്തിന്റെ ഗ്ലാസ് ഒരു മന്ദഹാസത്തോടെ സാറിന്റെ കയ്യിൽ നിന്നും വാങ്ങി അകത്തേക്ക്‌ കയറിപ്പൊയി.


റ്റീച്ചറിന്റെ മന്ദഹാസത്തിൽ, സാറ്‌, പല പതിറ്റാണ്ടുകൾക്കും പല വൻകരകൾക്കും മുൻപ്‌ , ഒരു മഴ പെയ്യുന്ന സന്ധ്യയിൽ, വീട്ടുകാരെ ഉപേക്ഷിച്ച്‌, തന്റെ നാട്ടിലേക്കുള്ള ബസ് കാത്ത്‌ ഒരു വേവലാതിയോടെ തന്നൊട് ഒട്ടിചേര്ർന്നു നിന്നിരുന്ന മാന്തളിരു പോലെയുള്ള ഒരു പെൺകുട്ടിയെ ഓർത്തുപോയി!
-----
*ആക്ര - ഘാനായുടെ തലസ്ഥാനം

*ഒപ്പീസ് - മരിച്ചവര്ർക്കുവേണ്ടിയുള്ള പ്രാർഥന

12 comments:

Unknown said...

ഷാജിചേട്ടാ,
ഒട്ടുചെടി വായിച്ചു. കൊള്ളാം

മിനിമോള്‍ said...

ഞാനും ബ്ലോഗ് തുടങ്ങി.. !
എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

Anil cheleri kumaran said...

നല്ല കഥ. അഭിനന്ദനങ്ങള്‍.

Vinodkumar Thallasseri said...

ഒട്ടുചെടി നന്നായിരിക്കുന്നു. ഇതേ പേരില്‍ സി.വി.ശ്രീരാമണ്റ്റെ അതി ഗംഭീരമായൊരു കഥയുണ്ട്‌. ഒട്ടിച്ച ചെടിയുടെ ധര്‍മം രണ്ടുവിധത്തിലാണ്‌ രണ്ടു കഥയിലും.

Shaju Joseph said...

റ്റോംസ്, മിനിമോൾ, കുമാരൻ,വിനോദ്കുമാർ, കഥ വായിച്ചുള്ള അഭിപ്രായങ്ങൾക്ക്‌ നന്ദി!

വിനോദ്, സി.വി. ശ്രീരാമന്റെ ഒട്ടുചെടി ഇതുവരെ വായിക്കൊനൊത്തിട്ടില്ല..

മുരളി I Murali Mudra said...

ആദ്യമായി ആണ് ഈ ബ്ലോഗില്‍ വരുന്നത്..വായിച്ച കഥകളൊക്കെ മനോഹരമായിരിക്കുന്നു..മറ്റുള്ളവയും സമയം പോലെ വായിക്കാം.
എല്ലാ ആശംസകളും.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഒരു പ്രവാസിയുടെ അവസാന നാളുകളിലെ വിഹ്വലതകള്‍ മനോഹരമായി വരച്ചുകാണിച്ചിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍!!
ഇവിടെയെത്തിയപ്പോള്‍..'ക്രൈസ്റ്റിന്റെ' മന്ദാരച്ചോട്ടില്‍ എത്തിയ പ്രതീതി.
എഴുത്തു തുടരട്ടേ. എല്ലാ ആശംസകളും!!

Shaju Joseph said...

മുരളി, ജോയ്, അഭിപ്രായങ്ങൾക്ക്‌ വളരെ നന്ദി!

Jishad Cronic said...

മനോഹരമായിരിക്കുന്നു...

jayaramvpanickasseril said...

Shaju,

Excellent writing skills. You have to develop it very seriously.

Jayaram

ശ്രീ said...

നല്ല കഥ

Pranavam Ravikumar said...

Good Work! Congratulation!