നാലും കൂടിയ കവലയില്‍ ബസ് ഒരു ഞരക്കത്തോടെ നില്‍ക്കുമ്പോഴേക്കും വെയിലാറിതുടങ്ങിയിരുന്നു. വിജയന്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു നോക്കിയെങ്കിലും മുന്‍പു വന്നതായി ഒരു പരിചയവും തോന്നിയില്ല.
"സാറെ ഇവിടെയിറങ്ങി ആരോടെങ്കിലും ചോദിച്ചാല്‍ മതി" തോളത്തുതട്ടികൊണ്ടു കണ്ടക്റ്റര്‍ പറഞ്ഞു.
വിജയന്‍ ബസില്‍നിന്നിറങ്ങി ഒരരുകിലേക്ക് മാറിനിന്നപ്പോഴേക്കും, പൊടി പറത്തിക്കൊണ്ടു ബസ് നീങ്ങിതുടങ്ങിയിരുന്നു. ഇവിടെ നിന്നും അഞ്ചു മിനിറ്റ് നടക്കണം എന്നാണു പറഞ്ഞത്. എന്തെങ്കിലും കുടിച്ചിട്ടാകം നടത്തം. വിജയന്‍ അടുത്തു കണ്ട കടയില്‍ കയറി ഒരു നാരങ്ങാ വെള്ളം പറഞ്ഞു.
രാവിലെ തുടങ്ങിയ യാത്രയാണ്, അവിചാരിതമായി വന്ന ഒരു ഫോണ്‍ വിളിയോടെ!
നിര്‍ത്താതെ ഫോണ്‍ അടിക്കുന്നതു കേട്ടിട്ടാണ് വിജയന്‍ കണ്ണു തുറന്നത്. സൈഡ് റ്റേബിളില്‍ റ്റൈമ്പീസ് സമയം രണ്ടു മണി കാണിച്ചു. വിജയന്‍ സുനിതയെ നോക്കി. മുറിയിലെ അരണ്ട വെട്ടത്തില്‍ മുഖത്തേക്കു ചിതറിവീണു കിടക്കുന്ന ഹെന്ന പുരട്ടി ചുവന്ന മുടിയിഴകള്‍. എത്ര വട്ടം പറഞ്ഞിരിക്കുന്നു ഈ ഹെന്നക്കും ഷാമ്പൂവിനും പകരം ഒരുവട്ടം ഒന്നു കാച്ചിയ എണ്ണ ഇട്ടു കുളിച്ചുവരാന്‍. അപ്പോഴെല്ലാം ഒരേ മറുപടിയാണ്. "ഒട്ടിപിടിക്കണ മുടിയുമായി ഓഫീസില്‍ പോയി നാണം കെടാന്‍ എന്നെ കിട്ടില്ല". അല്ലെങ്കില്‍ തന്നെ വിജയന് അല്‍പം പഴഞ്ഞന്‍ രീതികളാണെന്ന പരാതിയില്ലാതില്ല. ഫോണ്‍ അടിക്കുന്നത് അറിയാതെ നല്ല ഉറക്കത്തിലാണ്. സുനിതയുടെ കൈ ദേഹത്തുനിന്നും മാറ്റി വിജയന്‍ സ്വീകരണമുറിയിലേക്കു ചെന്നു ഫോണ്‍ എടുത്തു.
പുറത്തു തകര്‍ത്തുപെയ്യുന്ന മഴ. സ്വീകരണമുറിയിലെ തുറന്നിട്ട ഒരു പാളി കതകിലൂടെ മഴയുടെ ഹുങ്കാര ശബ്ദത്തില്‍ അങ്ങേത്തലക്കലെ നേര്‍ത്ത സ്ത്രീശബ്ദം മുങ്ങിപോയി.
"വിജയേട്ടനല്ലെ?""അതെ.. ആരാ?" വിജയന്‍ ഉറക്കച്ചടവോടെ ചോദിച്ചു.
"പാതിരാക്കു വിളിച്ചതില്‍ ക്ഷമിക്കണം..ഈ നേരത്തേ വിളിക്കാന്‍ പറ്റൂ". ഒരു പരിചയവുമില്ലാത്ത ശബ്ദം.
"ആരാ എന്നു പറഞ്ഞില്ല" വിജയന്‍ ചോദിച്ചു.
"പേരു പറഞ്ഞാ ഓര്‍മയുണ്ടാവോ .. ഞാന്‍ മാലതിയാണ്". അങ്ങേതലക്കല്‍ പറഞ്ഞുനിര്‍ത്തി.
വിജയന്‍ ഓര്‍മച്ചെപ്പു പരതി. പരിചയത്തില്‍ ഒരേ ഒരു മാലതിയെയുള്ളൂ. അതു പക്ഷെ കാലങ്ങള്‍ക്കു മുമ്പാണ്.
"അമ്പലവയല്‍ക്കലെ സുരേന്ദ്രണ്റ്റെ..." വിജയന്‍ ചൊദ്യഭാവത്തില്‍ നിര്‍ത്തി.
"ആ അപ്പൊ ഓര്‍മയുണ്ട്. വിജയേട്ടന്‍ ഇത്ര പെട്ടെന്ന് തിരിച്ചറിയൂന്ന് ഞാന്‍ കരുതിയില്ല. ഇത്രെം വര്‍ഷങ്ങള്‍ക്കുശേഷം"
"എന്താ മാലതീ ഒരു മുന്നറിയിപ്പുമില്ലാതെ ഈ പാതിരാക്കു വിളിക്കാന്‍"
"ഈയടുത്ത് ഒരു പഴയ പത്ര വാര്‍ത്തേന്നാണ് വിജയേട്ടണ്റ്റെ നംബര്‍ കിട്ടിയത്. പലപ്പൊഴും കരുതീട്ട്ണ്ട് വിജയേട്ടന് എന്തായീന്ന്. വല്യ ആളൊക്കെ ആയീന്ന് അറിഞ്ഞപ്പൊ നല്ല സന്തോഷായി. എനിക്ക്.. എനിക്ക് വിജയേട്ടനെ ഒന്നു കാണണായിരുന്നു." മാലതി മടിച്ചു മടിച്ചു പറഞ്ഞു.
വിജയന്‍ ഒരു നിമിഷം ശങ്കിച്ചു. "മാലതി.. അത്"
"തിരക്കോള്ള ആളാണെന്നറിയാം. എന്നാലും.. "
പെട്ടെന്നുള്ള ഷോക്കില്‍ മാലതിയുടെ കാര്യങ്ങളൊന്നും ചൊദിച്ചില്ലല്ലൊ. വിജയന്‍ ഓര്‍ത്തു. "മാലതി ഇപ്പൊ എന്തു ചെയ്യുന്നു?"
"അതെല്ലാം നേരില്‍ കാണുമ്പൊ. കഥ എഴുതണ ആളല്ലെ.. ഒരു നല്ല കഥ കിട്ടൂന്ന് കരുതിക്കൊ. "
"മാലതി എവിടെയാണ്?"
"ഞാന്‍ പഴയയിടത്തുതന്നെയാണ്, വിജയേട്ടന് പരിചയമുള്ള സ്ഥലം. കവലയില്‍ ബസിറങ്ങി റ്റൈലര്‍ രവിയുടെ വീടു ചോദിച്ചാല്‍ മതി, ആരും പറഞ്ഞു തരും. വരാതിരിക്കരുത്. ഞാന്‍ പ്രതീക്ഷിക്കും" അങ്ങേതലക്കല്‍ ഫോണ്‍ വയ്ക്കുന്ന സ്വരം.
"ഹലൊ.. ഹലൊ" ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഫോണ്‍ കയ്യില്‍ പിടിച്ചു അയാള്‍ നിന്നു.
പുറത്തു മഴ പിന്നെയും തകര്‍ക്കുന്നു. വിജയന്‍ തുറന്നു കിടന്ന കതകു പാളിയടച്ചു. പിന്നെ സോഫായിലിരുന്നാലോചിച്ചു, എന്താണീ ഫോണ്‍ വിളിയുടെ അര്‍ഥം?
ഓര്‍മകളുടെ ഇടവഴികളിലൂടെ .. കാലം പുറകൊട്ട് പുറകൊട്ട് നീങ്ങി. അവിടെ മാലതി പുള്ളി പാവാടയും, ദാവണിയുമണിഞ്ഞു അമ്പലത്തിലേക്ക് അടിവച്ചടി വച്ചു നീങ്ങി. അവള്‍ പോയ വഴിയേ കാച്ചിയ എണ്ണയുടെ സുഗന്ധം. വിജയന്‍ വാടക സൈക്കിളുമായി ദേവീ ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്ന ഭക്ത്തനായി. മന്ദഹാസങ്ങളിലൂടെയും, തിരിഞ്ഞുനോട്ടങ്ങളിലൂടെയും ഒരു നിശബ്ദപ്രണയം! സുഹ്രുത്ത് സുരേന്ദ്രണ്റ്റെ അമ്മാവണ്റ്റെ മകളായിരുന്നു മാലതി. സ്കൂളവധികളിലും ചില വാരാന്ത്യങ്ങളിലും പിന്നെ ഇടക്കിടക്കുള്ള വിജയണ്റ്റെ സൈക്കിള്‍ സന്ദര്‍ശനങ്ങളിലൂടെയും വളര്‍ന്ന പരിശുദ്‌ത പ്രണയം, സുരേന്ദ്രന്‍ പോലുമറിയാതെ.
മദ്രാസിലേക്ക് പഠിക്കാന്‍ തിരിക്കുന്ന നേരത്ത് അവള്‍ ചൊദിച്ചു.
ഇനി എന്നാ കാണുക?
"ഞാന്‍ വരും" അവസാനമായി മാലതിയൊട് പറഞ്ഞ വാക്കുകള്‍. പിന്നെ വിരലിലെണ്ണാവുന്ന അവധികള്‍ക്കു വന്നപ്പോഴൊന്നും അവളെ കണ്ടില്ല. ഇടക്കെപ്പോഴൊ അവര്‍ സ്ഥലം മാറിപോയെന്നറിഞ്ഞു. അവസാനമായി കേട്ടത് അതായിരുന്നു.
വര്‍ഷങ്ങളെത്രയായി.. വിജയന്‍ വീണ്ടും മനസ്സിലോര്‍ത്തു.
സുനിതയോട് ജോലിക്കാര്യത്തിനാണെന്നു പറഞ്ഞാണിറങ്ങിയത്. അവള്‍ക്കത്ഭുതമായിരുന്നു, ഈ കുഗ്രാമത്തില്‍ എന്തു ജോലിക്കാര്യം?
**
മുളങ്കാടുകള്‍ ഇരുവശങ്ങളിലും വളര്‍ന്നു നിന്ന ഇടവഴി. ഇടക്കു മഞ്ഞ കോളാംബി പൂവുകള്‍. വലതുവശത്തെ നാലാമത്തെ വീട്ടില്‍ ഒരു പരുങ്ങലോടെ വിജയന്‍ നിന്നു. പറഞ്ഞ അടയാളം വച്ചു വീട് ഇതു തന്നെയായിരിക്കണം. ഇടവഴിയില്‍ നിന്നും മുറ്റത്തേക്കുള്ള നടപ്പാതയില്‍ വീണുകിടക്കുന്ന കരിയിലക്കൂട്ടം. വരാന്തക്കുതാഴെ തഴച്ചു നില്‍ക്കുന്ന നാലുമണിപൂവുകള്‍. വെളുത്ത കുമ്മായമടിച്ച കൊച്ചുവീടിണ്റ്റെ ജനലുകളും വാതിലും അടഞ്ഞു കിടന്നു. വിജയന്‍ മുറ്റത്ത് ഒരു നിമിഷം ശങ്കിച്ചു നിന്നു. കയറി ചെല്ലണൊ വേണ്ടയൊ?
"ആരാ" പെട്ടെന്ന് ചൊദ്യം കേട്ട് വിജയന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അല്‍പം പ്രായം ചെന്ന ഒരു സ്ത്രീ. ഒരനക്കവും കേള്‍പ്പിക്കാതെ അവര്‍ എങ്ങനെ ഇവിടെയെത്തി?
"ഞാന്‍ ..ഞാന്‍ ഇവിടത്തെ ഇവരുടെ ഒരമ്മാവണ്റ്റെ മകനാണ്" വിജയന്‍ വിക്കി വിക്കി പറഞ്ഞു.
"ഇവിടത്തെയൊ..ഇവിടത്തെ എന്നു പറഞ്ഞാല്‍?" സ്ത്രീ വിടാനുള്ള ഭാവമില്ല.
"ഇതു മാലതിയുടെ വീടല്ലെ .. ഞാന്‍ മാലതിയുടെ ഒരു ബന്ധുവാണ്"
"ആ കൊച്ചിണ്റ്റെയോ" സ്ത്രീ സംശയത്തോടെ വിജയനെ അടിമുടിനോക്കി.
"സാറെ അവരൊക്കെ ഇവിടെനിന്നും പോയിട്ട് ഒന്നൊന്നര വര്‍ഷായി" സ്ത്രീ പറഞ്ഞു.
"ഞാന്‍ കുറേനാളായി പുറത്തായിരുന്നു. ഈവഴി വന്നപ്പൊ ഒന്നു കയറിയെന്നു മാത്രം. വീട്ടിലാരും ഒന്നും പറഞ്ഞില്ല" വിജയന്‍ പറഞ്ഞു.
"അവര്‍ എവിടേക്കാ പോയതെന്നറിയോ?" വിജയന്‍ ചോദിച്ചു.
"ആര്‍ക്കറിയാം സാറെ.. ആ ദുഷ്ടന്‍ ആ കൊച്ചിനെം കൊണ്ടെവിടെ പോയെന്ന്... ജീവിക്ക്ണ്ടോന്ന് തന്നെ ആര്‍ക്കറിയാം.. നിങ്ങള്‍ ബന്ധുക്കളാന്നൊക്കെ പറഞ്ഞിട്ടേന്താ... കെട്ടിച്ചു വിട്ടാലും വല്ലപ്പോഴും ഒന്നു വന്നു നോക്കെണ്ടെ? അതിണ്റ്റെ ഒരു കഷ്ടകാലം അല്ലാണ്ടെന്താ പറയാ" സ്ത്രീയുടെ ശബ്ദത്തില്‍ ആര്‍ദ്രത.
"വയനാട്ടെക്കെന്നും പറഞ്ഞെറങ്ങീതാ. പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല. ദേ ഈ വീടിടിഞ്ഞു വീഴാറായി. എവെടെ പോയി തിരക്കാനാ"
വിജയന്‍ എന്തു പറയണം എന്നറിയാതെ ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ സ്ത്രീയോട് യാത്ര പറഞ്ഞിറങ്ങി. പുറകില്‍ അവരുടെ സംശയ ദ്രുഷ്ടികള്‍ തന്നെ പിന്തുടരുന്നത് വിജയന് കാണാറയി.
ഇടക്കു വല്ലപ്പൊഴും അവളെപറ്റി ഒന്നന്വേഷിക്കേണ്ടതായിരുന്നു. നിഴലു വീണു ഇരുണ്ടൂതുടങ്ങിയ വഴിയിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍ വിജയന്‍ മനസ്സിലോര്‍ത്തു. പുറകില്‍ വെള്ളക്കുമ്മായമടിച്ചു കൊച്ചുവീട് ഇരുളിലേക്കലിഞ്ഞുപോയി.
**
"ഹൊ എന്തൊരൊറക്കാ വിജയേട്ടാ ഇത്" തൊട്ടുമുന്നില്‍ കുലുക്കി വിളിച്ചുകൊണ്ട് സുനിത. "ഇങ്ങനെയുണ്ടോ ഒരുറക്കം.. രാത്രി മഴയത്ത് ആ ജനലൊന്നടക്കാന്‍ ഞാന്‍ എത്ര വിളിച്ചു"
വിജയന്‍ കണ്ണൂ തിരുമ്മി എണീറ്റു. സ്വീകരണമുറിയിലെ തുറന്നിട്ട കതകുപാളിയിലൂടെ അകത്തുകയറിയ വെള്ളതുള്ളികള്‍.
അപ്പൊ താന്‍ കതകടച്ചത്.... വിജയന്‍ മനസ്സിലോറ്‍ത്തു.
"നീ അടക്കാതിരുന്നതെന്താ.." വിജയന്‍ ചോദിച്ചു.
"പിന്നെ പിന്നെ ...രാത്രി തന്നെ എണീറ്റു പോകാന്‍ എനിക്കു പേടിയാ"
സുനിത പറഞ്ഞു. "അല്ലെങ്കില് തന്നെ, ഞാനാണോ, വിജയേട്ടനല്ലെ കതകടക്കേണ്ടത്?"
4 comments:
മാഷെ മനസിനെ ശരിക്കും പിടിച്ചുലയ്ക്കുന്ന ഒരു കഥ!
ഇഷ്ട്ടായി
കഥ മോശമില്ല, മാഷേ
വളരെ നല്ല കഥ. ഒരുപാട് ഇഷ്ടപ്പെട്ടു.
Palakkattettan.
ഒഴാക്കന്‍, ശ്രീ, keraladasanunni വായിച്ച് അഭിപ്രായമറിയച്ചതിനു നന്ദി!
Post a Comment