Monday, November 28, 2011

ചെറിയ ചോർച്ചകൾ

പതിവുപോലെ അലാറം അടിച്ചു. അയാൾ കയ്യെത്തിച്ചു അലാറം ഓഫ്‌ ചെയ്തു കിടക്കയിൽ തന്നെ അല്പനേരം കൂടി ഇരുന്നു. ഇന്നിപ്പൊ അലാറം വെക്കേണ്ട കാര്യമില്ലായിരുന്നു. ചിട്ടകൾ തെറ്റിക്കേണ്ടെന്നു കരുതിയാണു തലേന്നു അലാറം വച്ചതു. എങ്കിലും എഴുന്നേല്ക്കാൻ ഒരു മടി.


അയാൾ കിടക്കയോടു ചേര്ർന്നുള്ള ജനലു തുറന്നു പുറത്തേക്കു നോക്കി. പാടത്തു നിന്നു് ഒരു തണുത്ത കാറ്റു മുറിയിലേക്കു കയറി വന്നു. മഞ്ഞിന്റെ നേരിയ ആവരണം പതുക്കെ മാറി തുടങ്ങുന്നതേയുള്ളൂ.


അന്ന്‌ ഈ ജനലിലൂടെ നേരേ നോക്കിയാൽ കാണുന്നത്‌ വടക്കെ മുറ്റത്തെ ചെമ്പക മരമായിരുന്നു. ഇന്നലത്തേതു പോലെയോര്ർക്കുന്നു. എസ്. എസ്. എൽ. സി പരീക്ഷാഫലം അറിഞ്ഞു പാടം കയറി വരുമ്പോൾ പതിവില്ലാത്തതു പോലെ അതു പൂത്തുലഞ്ഞു നിന്നിരുന്നത്. ചെറു ചില്ലകളിൽ ഇളകിയാടുന്ന ഇളം മഞ്ഞ പൂക്കൾ. നാലു പാടും ചെമ്പക പൂവിന്റെ വശ്യമായ നറുമണം. അമ്മയുടെയും അച്ചന്റേയും മുഖങ്ങൾ അന്നു അഭിമാനം കൊണ്ടു തുടുത്തു നിന്നിരുന്നു. അയാളുടെ ഓർമയിൽ പിന്നീടുള്ള വർഷങ്ങളിലൊന്നും ആ മരത്തിൽ അത്രയൊന്നും പൂക്കളുണ്ടായിട്ടില്ല, വർഷങ്ങൾക്കുമുൻപു വെട്ടി കളയുന്നതു വരെ. ചെമ്പകമരം നിന്നിടത്ത്‌ ഇപ്പൊ നിറയെ കമ്മുണിസ്റ്റ് പച്ചയാണ്‌. അവിടെയെല്ലാം ഒന്നു വെട്ടി മോടി പിടിപ്പിച്ചു കുറച്ചു ചെടികളെന്തെങ്കിലും വയ്ക്കണം. അയാൾ മനസ്സിൽ വിചാരിച്ചു.

“നീ ഇന്നു പോണില്ലേ” അകത്തു നിന്നും അമ്മയുടെ ചോദ്യം. അമ്മ ഇന്നു നേരത്തെ എണീറ്റെന്ന്‌ തോന്നുന്നു. അയാളുടെ അനക്കമൊന്നും കേൾക്കാത്തതു കൊണ്ട്‌ അമ്മ ചോദിച്ചതായിരിക്കും. അല്ലെങ്കിൽ അയാളുടെ പ്രഭാതത്തിലെ കാര്യങ്ങളെല്ലാം ഒരു ക്ലോക്കിന്റെ സൂചി പോലെ കിറുക്രുത്യമായിരുന്നു. ആറരക്കെഴുന്നേല്ക്കുന്നു. ഏഴു വരെ പ്രഭാത പരിപാടികൾ. ഏഴു മുതൽ എട്ടു വരെ പാടത്തേക്കൊരു പോക്കു്. എട്ടു മുതൽ അര മണിക്കൂർ പത്ര വായന. എട്ടരക്കു സ്കൂളിലേക്കിറങ്ങും. ഇടക്കു ഒരു പതിനഞ്ജു മിനിറ്റ്‌ കവലയിൽ ഒരു ചായകുടി. പാടം കയറിയിറങ്ങിയാൽ സ്കൂളിലേക്ക്‌ പത്തു മിനിറ്റ് നടത്തം മതി. ഒൻപതു മണിക്കെ സ്കൂളിൽ ഹാജരായിരിക്കും അയാൾ. എത്ര വർഷങ്ങളായുള്ള ചിട്ടയാണ്‌. അവധി ദിവസങ്ങളിൽ പോലും അയാൾ രാവിലത്തെ കാര്യങ്ങൾ തെറ്റിക്കാറില്ല. തനിക്കു ചിട്ടയുണ്ടെങ്കിൽ മാത്രമെ കുട്ടികളെ അതു പഠിപ്പിക്കാൻ പറ്റൂ എന്നതായിരുന്നു അയാളുടെ വിശ്വാസം. അടുക്കും ചിട്ടയുമുള്ള ജീവിതത്തിനേ ഉയർച്ചയുണ്ടാകൂ എന്നു കുട്ടികളെ വീണ്ടും വീണ്ടും അയാൾ ഓർമിപ്പിക്കാറുണ്ടായിരുന്നു.


“നീ എണീറ്റോ?” അമ്മയുടെ ചോദ്യം വീണ്ടും.

“ആ..” അയാൾ ഒന്നു മൂളി. ഇന്നു സ്കൂളിൽ ആർട്സ് ഫെസ്റ്റിവലാണ്‌, അതുകൊണ്ട്‌ ഇത്തിരി വൈകി ചെന്നാലും കുഴപ്പമില്ല. ഹെഡ്‌ മാസ്റ്ററോട്‌ ഇന്നലെയേ സൂചിപ്പിച്ചിട്ടൂണ്ട്‌. ഇതിപ്പൊ എത്ത്രാമത്തെ ഫെസ്റ്റിവലാ? ഇപ്പൊ അയാൾക്കിതിലൊന്നും ഒരു പുതുമയും തോന്നാറില്ല. കുട്ടികളൂടെ സ്ഥിരം പ്രച്ചന്ന വേഷങ്ങളും സ്ഥിരം ഡൻസ് നംബറുകളും. ഇനി ഒരു പതിനാലു വർഷം കൂടി. അയാൾ മനസ്സിൽ കണക്കു കൂട്ടി.

“മോനേ .. നീ ആ തോമാച്ചനോട്‌ പറഞ്ഞൊ, ഒന്നു വരാൻ? ഇപ്പൊ ലീക്ക്‌ കൂടി കൂടി വരായി. എപ്പഴും എപ്പഴും ആ ബക്കറ്റ്‌ മാറ്റണം.” അമ്മ പറഞ്ഞു.

അടുക്കളയോടു ചേര്ർന്നുള്ള വാഷ് ബേസിനിൽ മൂന്നു നാലു ദിവസമായി ചെറിയ ചോർച്ച. ആദ്യം വല്ലപ്പൊഴും ഓരോ തുള്ളികളായിരുന്നു. അമ്മ ആദ്യം അയാളുടെ പഴയ ടിഫിൻ കാര്യർ കൊണ്ട്‌ താഴെ വച്ചു. ഇപ്പൊ അതിലൊന്നും നിക്കാത്തതു കൊണ്ട്‌ ഇന്നലെ മുതൽ ഒരു ബക്കറ്റിലേക്കാണ്‌ വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്‌. ഇപ്പൊ ഇടക്കിടെ അതും നിറയും.

“അവനിന്നു വരും അമ്മേ.. അവൻ വന്നിട്ടേ ഞാനിന്നു പോകുന്നുള്ളൂ.” അയാൾ വിളിച്ചു പറഞ്ഞു.

തോമാച്ചൻ അയാളുടെ പഴയ ചങ്ങാതിയാണ്‌. അധികം പഠിച്ചിട്ടൊന്നുമില്ല. പക്ഷെ നാട്ടിൽ എല്ലാ തട്ടു മുട്ടു പണികൾക്കും അവൻ വേണം. പ്ലംബിങ്ങ്,എലെക്റ്റ്രിക്, വയറിങ്ങ്, മോട്ടോർ മെക്കാനിക് എന്നു വേണ്ട അവനു പരിചയമില്ലാത്ത പണിയില്ല. അതു കൊണ്ടു തന്നെ എപ്പോഴും തിരക്കാണ്‌. എന്നാലും തന്നൊട്‌ ചെറിയ ഒരു മമതയുണ്ട്‌. വിളിച്ചാൽ എങ്ങനെയെങ്കിലും ഓടിയെത്തും. എപ്പൊ വന്നാലും അവന്റെ കുറെ ഉപദേശം കേൾക്കണം. അതു മാത്രമാണ്‌ കുഴപ്പം. ഒരു കണക്കിന്‌ തന്നോട്‌ അല്പം അടുത്തിടപെടുന്ന ചുരുക്കം പേരിൽ ഒരാളാണ്‌ തോമാച്ചൻ. ഇന്നിപ്പൊ എന്താണാവോ പുതിയ ഉപദേശങ്ങൾ?

കഴിഞ്ഞ വട്ടം കിണറ്റിങ്കരയ്‌ലെ പമ്പു നോക്കാൻ വന്നപ്പൊ കുറ്റം മുഴുവൻ പെണ്ണു കെട്ടാത്തതിനേയും പുറത്തോട്ടൊന്നും പോകാത്തതിനെയും പറ്റിയായിരുന്നു.

മോട്ടോർ അഴിച്ചെടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

“എടാ നീ എത്ര കാലം എന്നു വച്ചാ സ്കൂൾ, വീട്‌, വീട്‌ സ്കൂൾ ഇങ്ങനെ നടക്കാ? നീ നടന്ന്‌ നടന്ന്‌ ആ പാട വരമ്പു മുഴുവൻ തേഞ്ഞു പോവും. ജീവിതായാല്‌ എന്തേലും ഒരു മറ്റോം അനക്കോം ഒക്കെ വേണ്ടേ?”

“എന്തു മാറ്റാ വെണ്ടത്‌” അയാൾ ചോദിച്ചു.

“ഞാൻ നിന്റെ അത്രം പഠിച്ചിട്ടുണ്ടായിരുന്നേ എന്നേ എവിടെയോ എത്തിപോയേനെ? അല്ല ഇത്ര കാലം ഇവിടെ ഇങ്ങനെ കിടന്നിട്ട്‌ നീ എന്തു നേടി?”

“മനസുഖം!” അയാൾ പറഞ്ഞു.

“മണ്ണാങ്കട്ട..”.

“എവിടെ പോയാലും ഇവിടെ കിടക്കുന്ന അത്ര സുഖം കിട്ടോ തോമാസേ?” അയാൾ ഒരു മറുചൊദ്യം ചോദിച്ചു.

“സുഖൊ.. കാശ് എവിടെയുണ്ടൊ അവിടെയാണ്‌ സുഖം. നീ ആ സുകുവിനെ കാണ്ടൊ കഴിഞ്ഞ മാസം വന്നെക്ക്ണേ. കാശെത്ത്രാ ചെക്കൻ കൊണ്ടന്നേക്കണേ. വിസേടേ പരിപാടീണ്ട്‌ അവനു. നീ ഒരു വാക്ക്‌ പറഞ്ഞാ മതി. നീ പഠിപ്പിച്ചു വിട്ട ചെക്കനല്ലേ ... ഇനിയിപ്പൊ നിനക്ക്‌ വയ്യേ വേണേ ഞാൻ പറയാം”.

തോമാച്ചൻ പറഞ്ഞത്‌ നേരാ. പണ്ടു അവനെ പഠിപ്പിച്ചിട്ടുള്ളതാ. ഒരു വകയും പഠിക്കില്ലായിരുന്നു. എങ്ങനെയോ പുറത്തു കടന്നു. ഇപ്പൊ നല്ല കാശാണെന്നാ പറയണേ. സുകു കാണാൻ വന്നപ്പൊ പറഞ്ഞ കാര്യം അയാൾ മനസ്സിലോർത്തു.

“എന്റെ മാഷേ.. മാഷിന്റെയൊക്കെ ഒരു ഭാഗ്യം. ഒന്നും അല്ലെലും സ്വന്തം നാട്ടിൽ കിടക്കാലോ.. ഇതു അറബീടെ ആട്ടും കേക്കണം.. തല പൊളിക്കണ വെയിലേ പണിയേം വേണം. രണ്ടു മൂന്നു കൊല്ലം കൂടുമ്മെ ഇവിടെയൊന്നു വരുമ്പഴാ മനസ്സിനൊരു സുഖം കിട്ടണേ”

“ഞാൻ പോയാ പിന്നെ അമ്മയെ ആരു നോക്കും.. നീ പറഞ്ഞെ”. സുകു പറഞ്ഞത് പറഞ്ഞ്‌ തോമാച്ചനെ മുഷിപ്പിക്കണ്ട എന്നു കരുതി അയാൾ ചോദിച്ചു.

“ആ അതല്ലെ ഞാൻ നിന്നൊട്‌ എത്രാ നാളായി ഒരു പേണ്ണു കെട്ടാൻ പറയണേ.. നീ അടുക്കാഞ്ഞിട്ടില്ലെ.. അല്ലേ പൊന്നുകുടം പോലെയുള്ള പിള്ളേരെ ഞാൻ കൊണ്ടു വന്നേനെ. ഇനി അതു വയ്യെ അമ്മ കുറച്ചു നാള്‌ പെങ്ങന്മാരുടെ അടുത്തു നില്ക്കട്ടെ”

“നിനക്കീ പണീണ്ടൊ?... ഏതായാലും നിന്റെ പോന്നുകുടം അവിടെ തന്നെ ഇരുന്നോട്ടേ.. എന്നെ വെറുതെ വിട്ടേരേ”.

“എടാ.. എല്ലാത്തിനും ഓരോ നേരൊം കാലോം ഉണ്ട്‌. അതു കഴിഞ്ഞാ പിന്നെ ഒന്നും നടക്കില്ല.” തോമാച്ചന്റെ സ്വരം സീരിയസായി.

“ഊം...” അയാളൊന്നു മൂളി. എന്തേ ഇങ്ങനെയായി പോയി?.കല്യാണം കഴിക്കരുതൊന്നും ഒരിക്കലും വാശി പിടിച്ചിരുന്നില്ല. അച്ചന്റെ അകാലത്തിലുള്ള മരണവും, പെങ്ങന്മാരെ കെട്ടിച്ചയക്കാനുള്ള ഓട്ടവും എല്ലാം കൂടി സമയം എങ്ങനെയോ പോയി. ഇനിയിപ്പൊ ഒത്തിരി വൈകിയ മട്ടായി. ഈ പ്രായത്തിലൊരു കല്ല്യാണം.... ആളുകൾ എന്തു പറയും.

“ഈ പാടോം വരമ്പും സ്കൂളും എല്ലം വിട്ട്‌ അതിന്റപ്രോം ഉണ്ടൊരു ലോകം. ഇപ്പൊ ആണേ അമ്മക്ക്‌ വല്ല്യ കുഴപ്പോന്നുല്ല. നിനക്കൊരു രണ്ട്‌ വർഷം ലീവെടുത്ത് പോയി കുറച്ച്‌ കാശാക്കീട്ടു വരാം”.

“ഞാനൊന്ന്‌ ആലോചിക്കട്ടേ...” അയാൾ പറഞ്ഞു.

“ഇതു നിന്റെ സ്ഥിരം ഡയലോഗല്ലേ..ആലോചിച്ചൊ.. ആലോചിച്ചൊ... സമയം അങ്ങട്‌ പോവൂട്ടൊ”. തോമാച്ചൻ പറഞ്ഞു നിർത്തി.

ഇന്നിനിയിപ്പൊ അവന്റെ ഡയലോഗുകളുടെ ബാക്കി കേൾക്കേണ്ടി വരും അയാൾ മനസ്സിലോർത്തു.സുകുവിനോട്‌ പറയേണ്ട കാര്യത്തേക്കുറിച്ചു് ഒരു മറുപടിയും കൊടുക്കേണ്ടി വരും.

അയാൾ അടുക്കളയിലേക്കു നടന്നു, വാഷ് ബാസിനിലെ റ്റാപ് തുറന്നു. തണുത്ത വെള്ളം രണ്ടു കൈ കൊണ്ടും പിടിച്ചു മുഖത്തേക്കൊഴിച്ചു. പടിഞ്ഞാറെ മുറ്റത്തെ കിണറിന്റെ, കാലങ്ങളുടെ പഴക്കമുള്ള, പരിചിതമായ നീരുറവ അയാളിൽ ഒരു കുളിരു കോരിയിട്ടു.

അടിയിൽ വാഷ് ബേസിനു കീഴെ സെക്കന്റിലൊന്നെന്ന കണക്ക്‌ വെള്ളതുള്ളികൾ താഴേക്കു വീണുകൊണ്ടിരുന്നു.

Friday, January 28, 2011

ആത്മാക്കളുടെ യാത്ര

പാലക്കാട്ട്ന്നും ഇറങ്ങുമ്പോഴേക്കും നേരം ഒത്തിരി വൈകിയിരുന്നു. ഇനി ബസ്‌ കാത്തു നിന്നാല്‍ വൈകും എന്നു കരുതി അയാള്‍ ത്രിശൂറ്‍ സ്റ്റാന്‍ഡിലിറങ്ങി ഒരോട്ടൊ പിടിച്ചു. എന്നിട്ടു തന്നെ എത്തുമ്പോഴേക്കും സന്ദര്‍ശകസമയം കഴിയാറായിരുന്നു. റിസപ്ഷനിലെ കന്യാസ്ത്രീ തറപ്പിച്ചൊന്നു നോക്കി, ഇപ്പോഴാണോ വരാറായത്‌ എന്നറ്‍ഥത്തില്‍. അവറ്‍ക്കു മുന്നിലെ പൂപാത്രത്തില്‍ രാവിലെ വച്ച റോസാപൂക്കള്‍ വാടിയിരുന്നു. ഡെറ്റോളിണ്റ്റേയും, മരുന്നുകളുടേയും ഗന്ധം മൂക്കിലേക്കടിച്ചുവന്നു. സന്ദര്‍ശകരൊഴിഞ്ഞ നീണ്ട ഇടനാഴിയിലൂടെ നടന്ന്‌ എത്തുമ്പോഴെക്കും അയാള്‍ കിതച്ചുപോയി. ചാരിയിട്ടിരിക്കുന്ന വാതില്‍ക്കല്‍ ഒരു നിമിഷം നിന്നു, എന്തു പറയണം എന്നു ഒരാവറ്‍ത്തി കൂടി ചിന്തിച്ചു, എന്നിട്ടു വാതിലില്‍ പതിയെ മുട്ടി.

"എന്താ ഇത്ര വൈകിയത്‌? ഇത്ര നേരം കാണാതായപ്പം ഞാന്‍ കരുതി ഇന്നിനി വരില്ലെന്ന്" വാതില്‍ തുറന്നുകൊണ്ട്‌ ചേട്ടത്തി പറഞ്ഞു.

"വൈകിപ്പോയി" പ്രത്യേകിച്ചു കാരണം ഒന്നുമില്ലാത്തതുകൊണ്ട്‌ അയാള്‍ വെറുതെ പറഞ്ഞു.

ചേട്ടന്‍ തല ചെരിച്ചൊന്നു നോക്കി. തലക്കുമീതെ തൂങ്ങിയിരുന്ന റ്റുബുകള്‍ പതുക്കെ ഒന്നിളകി.

"ഇപ്പൊ എങ്ങനെയുണ്ട്‌" എന്തു പറയണം എന്നോറ്‍ത്തിരുന്നതെല്ലാം മറന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു.

ചേട്ടന്‍ ഒന്നു കണ്ണടച്ചു കാണിച്ചു. അതിണ്റ്റെ അറ്‍ഥം അയാള്‍ക്കു മനസ്സിലായതുമില്ല.

അയാളുടെ പ്രശ്നം ഇതായിരുന്നു. രോഗികളുമായി സംസാരിക്കാന്‍ അയാള്‍ക്കറിയില്ല. കഴിഞ്ഞ വട്ടം ഭാര്യയോടൊത്തു വരുമ്പോഴും അവളാണ്‌ സംസാരിച്ചതു മുഴുവന്‍. ചെട്ടനോട്‌ അയാള്‍ എന്തൊ ഒന്നു മാത്രം മിണ്ടി. പിന്നെ അടുത്ത ബെഡിലെ രോഗിയെ കാണാന്‍ വന്ന ബന്ധുവിനോടായിരുന്നു അയാളുടെ സംസാരം മുഴുവന്‍.

"അവര്‌ ഇന്നലെ പോയി" അയാള്‍ അടുത്ത കട്ടിലിലേക്ക്‌ നോക്കുന്ന കണ്ട്‌ ചേട്ടത്തി പറഞ്ഞു.

ഈ വാറ്‍ഡുകളില്‍ നിന്നും പേരു വെട്ടി പോകുന്നത്‌ എങ്ങോട്ടാണെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല.

"ഞാന്‍ എന്തെങ്കിലും വാങ്ങികൊണ്ടു വരണോ? ബസ്‌ സ്റ്റാന്‍ഡില്‍ ഒന്നിനും നേരം കിട്ടിയില്ല" അയാള്‍ ചേട്ടത്തിയോടു ചോദിച്ചു.

"ഒന്നും വേണ്ട. ഇന്നലെ മുതല്‍ കഞ്ഞിവെള്ളം മാത്രമെ കഴിക്കുന്നുള്ളൂ. അതും ഇറക്കാന്‍ വല്യ പാടായിത്തുടങ്ങി. അതാ ഞാന്‍ വിളിച്ചു പറഞ്ഞത്‌"

"ഞാന്‍ നേരത്തെ എത്തിയേനേ. അവള്‍ക്കു ഹോസ്റ്റലിലേക്ക്‌ അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ റ്റൌണ്‍ വരെ പോയി"

അവസാന ഭാഗം അയാള്‍ ചേട്ടണ്റ്റെ നേരെ നോക്കിയാണ്‌ പറഞ്ഞത്‌. ഈ ബുദ്തിമുട്ടുകളൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ തന്നെ എപ്പോഴും ഉണ്ടായേനെ എന്ന മട്ടില്‍.

ചേട്ടന്‍ വിധി ഏറ്റുവാങ്ങുന്ന നിറ്‍വികാരതയോടെ മുകളിലേക്കു നോക്കികിടന്നു. ഒരു നിമിഷം അയാള്‍ക്ക്‌ ചേട്ടണ്റ്റെ കൈ പിടിച്ചു്‌ ആശ്വസിപ്പിക്കണം എന്നു തോന്നി.

വറ്‍ഷങ്ങള്‍ക്കു മുന്‍പു ചേട്ടനായിരുന്നു എന്നും അയാളുടെ താങ്ങ്‌. ഒന്നം ക്ളാസ്സില്‍ പോകാന്‍ നേരത്ത്‌ പേടിച്ചു വാവിട്ട്‌ കരഞ്ഞ അയാളെ ആശ്വസിപ്പിക്കാനായി രണ്ടാം ക്ലാസ്സിലേക്ക്‌ ജയിച്ചു പോയ ചെട്ടനെ ഒരു വറ്‍ഷം കൂടി ഒന്നാം ക്ളാസില്‍ തന്നെ ഇരുത്തി. ചെട്ടന്‍ മറുത്തൊന്നും പറയാതെ ഒരു വറ്‍ഷം കൂടി ഒന്നില്‍ തന്നെ ഇരുന്നു. സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ കൈതയോലകള്‍ വകഞ്ഞു മാറ്റി തന്നു മുന്‍പേ നടന്നത്‌ എന്നു ചേട്ടനായിരുന്നു. ചേട്ടണ്റ്റെ കൈ പിടിച്ചു നടന്നാല്‍ ഒരു സുരക്ഷയായിരുന്നു അന്ന്‌.

കാലങ്ങള്‍ക്കു ശേഷവും ചേട്ടനൊടുള്ള അടുപ്പത്തിനു കുറവൊന്നും വന്നിട്ടില്ല. പക്ഷെ എന്നും ഒരകലത്തു നിന്നുതന്നെ അയാള്‍ ചേട്ടനെ നോക്കികണ്ടു. പ്റായത്തില്‍ ഒന്നൊന്നര വറ്‍ഷത്തെ വ്യത്യാസമെയുള്ളെങ്കിലും അതില്‍ കവിഞ്ഞ ബഹുമാനത്തൊടെയേ അയാള്‍ ചേട്ടനുമായി ഇടപഴകിയിട്ടുള്ളൂ.

നിറ്‍ജീവമായികിടക്കുന്ന ഈ കൈകള്‍ പിടിച്ചു അവസാനമായി ഒരു വട്ടം പഴയ കാലത്തിണ്റ്റെ ഓറ്‍മകള്‍ക്ക്‌ നന്ദി പറയണം എന്നുണ്ടായിരുന്നു അയാള്‍ക്ക്‌. ഇനി ഒരു പക്ഷെ അതിനവസരം കിട്ടില്ലെന്നും അയാള്‍ക്കു തോന്നി. ഒരു പക്ഷെ ചേട്ടത്തി ഇല്ലായിരുന്നെങ്കില്‍ അയാള്‍ അതു ചെയ്തേനേ.

പക്ഷെ ഒടുവില്‍ എന്തു ചെയ്യണം എന്നറിയാതെ അയാള്‍ ഒരു ഓറഞ്ജ്‌ എടുത്തെ തൊലി കളയാന്‍ തുടങ്ങി.

****

ഒരു പാണ്ടി ലോറി കയറി നഷണല്‍ ഹൈവെ ജങ്ക്ഷനില്‍ വന്നിറങ്ങുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഓട്ടൊ സ്റ്റാണ്റ്റ്‌ ശൂന്യമായി കിടന്നു. ഏകദേശം ഒരു മൂന്നു മൈലോളം നടക്കണം, അയാള്‍ ഓട്ടൊ കാത്തു നില്‍ക്കാതെ നടക്കാന്‍ തീരുമാനിച്ചു.

പാതി ചന്ദ്രന്‍ വഴിയില്‍ മുഴുവന്‍ നിഴലു വീഴ്ത്തി കിടന്നു. നേരിയ കോടമഞ്ഞു ഒരു പുകമറ പോലെയും. ഇടവഴിത്തോട്‌ കടന്നപ്പൊഴാണ്‌ അയാള്‍ക്ക്‌ മനസ്സിലായത്‌ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന്‌. മനസ്സു മുഴുവന്‍ വൈകിട്ടത്തെയും രാത്രിയിലേയും സംഭവങ്ങള്‍ നിറഞ്ഞു നിന്നു. രാത്രി അവിടെ കിടന്നു പിറ്റേന്ന്‌ പോയാല്‍ മതി എന്നു ചേട്ടത്തി നിറ്‍ബന്ധിച്ചതാണ്‌. ഒരോട്ടൊയൊ അല്ലെങ്കില്‍ ആരെങ്കിലും കൂട്ടിനെങ്കിലും കിട്ടുമെന്നാണ്‌ കരുതിയത്‌. ഇതിപ്പൊ ഒറ്റക്ക്‌; ചിതറിവീണൂ കിടക്കുന്ന നിലാവിണ്റ്റെ നിഴലുകള്‍ അയാളില്‍ ചെറിയ ഭയം തോന്നിപ്പിച്ചു.

പണ്ടു കുഞ്ഞുന്നാളില്‍ കേട്ട കഥയായിരുന്നു. അയാളുടെ മുത്തച്ചണ്റ്റെ അനിയനെ പറ്റി. നാടൂ മുഴുവന്‍ വിറപ്പിച്ചിരുന്ന ചട്ടമ്പിയായിരുന്നു പുള്ളി. അസാമാന്യ ധൈര്യശാലി. ഇതുപോലൊരു രാത്രി എവിടെയോപോയി വരികയായിരുന്നു ഒറ്റക്ക്‌. കുറ്റാകുട്ടിരുട്ട്‌. അല്‍പനേരം കഴിഞ്ഞപ്പൊഴേക്കും കയ്യിലിരുന്ന ചൂട്ട്‌ കെട്ടുപോയി.പിന്നെ തപ്പി തപ്പിയായി നടത്തം. അപ്പോഴുണ്ടതാ കുറച്ചു മുന്നിലായി പോവുന്നു ആരോ. മുത്തചന്‍ ഒരു കൂട്ടു കിട്ടിയ സന്തോഷത്തില്‍ ഒന്നു കൂക്കി വിളിച്ചു. പൂൊയ്‌.

മുന്‍പിലുള്ള ആള്‍ കേള്‍ക്കാത്ത മട്ടില്‍ ഒരേ നടത്തം. മുത്തച്ചന്‍ നടത്തിനു അല്‍പം വേഗം കൂട്ടി. അപ്പോഴുണ്ട്‌ മുന്നിലൂള്ള ആളും വേഗം കൂട്ടി. മുത്തച്ചന്‍ പിന്നാലെ വിളിച്ചുകൊണ്ട്‌ വീണ്ടും. അല്‍പനേരം രണ്ടൂപേരും ഒരേ ദൂരത്തില്‍ ഒരേ നടത്തം തുടറ്‍ന്നു. മുന്‍പിലെ ആള്‍ തിരിഞ്ഞു പോലും നൊക്കാതെ പോവുകയാണ്‌. മുത്തച്ചന്‌ അരിശം കൂടി വന്നു.

ഇരുണ്ടു കിടക്കുന്ന റബ്ബറ്‍ മരങ്ങളുടെ ഇടയിലൂടെ പള്ളിയിലേക്കുള്ള വഴിയും കഴിഞ്ഞു സഹയാത്രികന്‍ സെമിതേരിമുക്കിലേക്കുള്ള വഴിയിലേക്ക്‌ തിരിഞ്ഞപ്പൊഴാണ്‌ മുത്തച്ചന്‌ കാര്യങ്ങളുടെ ഗൌരവം മനസ്സിലായത്‌; കൂടെ നടക്കുന്ന ആള്‍ സാധാരണ ആളല്ലെന്ന കാര്യവും! വായില്‍ വന്ന അഞ്ചാറു മുട്ടന്‍ തെറി ഉറക്കെ വിളിച്ചു പറഞ്ഞു മുത്തച്ചന്‍ വടക്കോട്ട്‌ നടന്നു; ഒരു പുകചുരുള്‍ അലിയുന്നതുപോലെ കൂടെ വന്ന ആള്‍ കിഴക്കോട്ടും.

പിറ്റേന്ന്‌ ചായക്കടയിലിരുന്ന്‌ സാധാരണ മട്ടില്‍, തലേന്നത്തെ സംഭവം വിവരിക്കുമ്പോള്‍ എല്ലാരും അതിശയത്തോടെ മൂക്കത്ത്‌ വിരല്‍ വച്ചു. പലരും മുത്തച്ചണ്റ്റെ അടുത്തു വന്നു തൊട്ടു നോക്കി, പനിയുണ്ടൊ എന്നറിയാന്‍. പ്റേതങ്ങളെ കണ്ടു പനിച്ചാല്‍ മരണം ഉറപ്പാണത്രെ. മുത്തച്ചന്‍ പനിച്ചില്ലെന്നു മാത്രമല്ല, പിറ്റേന്ന്‌ അതെ നേരത്ത്‌ ചൂട്ടും കത്തിച്ചു സെമിതേരിമുക്കു വരെ പോയിനോക്കി. അവനെ വീണ്ടും കണ്ടാല്‍ രണ്ടൂ കൊടുക്കാന്‍!

ഇപ്പൊ ഈ കഥ ഓറ്‍ത്തതില്‍ അയാള്‍ക്കരിശം തോന്നി. കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നറിയാതെ മൂത്തവറ്‍ എന്തെങ്കിലും പറയും, കുട്ടികളാവട്ടെ ജീവിതകാലം മുഴുവന്‍ അതൊരു ഭാരമായി കൊണ്ടുനടക്കും, പ്റത്യേകിച്‌ ആത്മാക്കളുടെ കഥകള്‍.


മുത്തച്ചണ്റ്റെ കഥയില്‍ എന്തു മാത്രം സത്യമുണ്ട്‌, ആറ്‍ക്കറിയം?

പക്ഷെ അമ്മ എപ്പൊഴും പറയാറുണ്ടായിരുന്നു. 'അവരെപ്പോഴും നമ്മുടെ ഇടയില്‍ തന്നെ കാണും, പോയാലും.നമുക്കവരെ കാണാനാവില്ലെന്നു മാത്രം'.

ഈ രാത്രി ചേട്ടന്‍ പോയാലും, ഇനി എന്നെങ്കിലും കാണുമോ, ഏതെങ്കിലും ഇരുണ്ട രാത്രികളില്‍ അയാള്‍ക്കു കൂട്ടായി വഴിനടക്കാന്‍?

അയാളുടെ ഭയം മാറിതുടങ്ങിയിരുന്നു.

നിലാവും ഇരുളും വീണ റബ്ബറ്‍ മരങ്ങളുടെ ഇടവഴിത്താരയിലേക്കു മുഖമുയറ്‍ത്തി നോക്കുമ്പോഴെക്കും മുന്‍പേ പോകുന്ന ആത്മാക്കളുടെ ഘോഷയാത്ര കാണാറായി, അയാള്‍ക്ക്‌. മഷിത്തണ്ടൂം മയില്‍പീലിയുമായി നടന്ന കുഞ്ഞുന്നാളിണ്റ്റെ കൌതുകത്തോടെ അയാള്‍ അവറ്‍ക്കു പിന്‍പേ നടന്നു.