Sunday, August 16, 2009

മുഴക്കോൽ


ട്ര്ണ്ണീ‍ീങ്ങ്‌ ട്ര്ണ്ണീങ്ങ്‌ ...കോളിംഗ്‌ ബെല്ലിൽ വിരൽ അമർത്തിയപ്പോൾ അകത്ത്‌ പതിയ സ്വരത്തിൽ മണി മുഴങ്ങി. രണ്ടാഴ്ച മുൻപു മരപ്പണിയെല്ലാം അവസാനിപ്പിച്ചു പോകുമ്പോൾ കോളിംഗ്‌ ബെല്ല് ഉണ്ടായിരുന്നില്ല. മണിച്ചിത്ത്രത്താഴ്‌ പിടിപ്പിച്ച വാതിൽ പാളിയിൽ പതുക്കെ കൈയ്യോടിച്ചു നോക്കി. പോളീഷെല്ലാം ഭംഗിയായിരിക്കുന്നു. എങ്ങനെയുള്ളവരായിരിക്കും താമസക്കാർ? വിദേശത്തുനിന്നും വന്നതാണ്‌. ഇതു വരെ കാണാൻ ഒത്തില്ല. ഏതു തരക്കാരായാലെന്താ, മറന്നുവച്ചു പോയ മുഴക്കൊലും മറ്റു പണിയായുധങ്ങളും എടുത്തു കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ വരേണ്ട കാര്യമേ വരുന്നില്ല.

എന്തായിരിക്കും ആരും വാതിൽ തുറന്നു വരാത്തത്‌? നേർത്ത ജനൽകർട്ടന്മറവിലൂടെ അകത്ത്‌ ആൾപെരുമാറ്റമറിയാം. ഒരാൾ പുറത്തുവന്നു ബെല്ലടിച്ചാൽ ഇങ്ങനെയാണൊ പെരുമാറേണ്ടത്‌? സാമാന്യ മര്യാദയില്ലാത്ത കൂട്ടമായിരിക്കും. ഇവിടെ നിന്നും സാധനങ്ങൾ എടുത്തിട്ടു വേണം അടുത്ത സ്ഥലത്തേക്കു രാവിലെ തന്നെ പണിക്കെത്താൻ. അതൊന്നും ഇവർക്കറിയേണ്ട കാര്യമുണ്ടൊ? വിദേശത്തുനിന്നും വേണ്ട കാശുമായിട്ടായിരിക്കും വന്നിരിക്കുക. അധ്വാനത്തിന്റെ വിലയറിയാത്ത മനുഷ്യർ.

കഴിഞ്ഞ ആഴ്ച ആയിരുന്നെങ്കിൽ ആരോടും ചോദിക്കാതെ നേരേ അകത്ത്‌ പോയി പണിയായുധങ്ങളുമെടുത്ത്‌ വരാമായിരുന്നു. അന്നു അകത്തു കയറാൻ ഇവർ നമ്മളോട്‌ അനുവാദം ചോദിച്ചേനെ! ഇന്നിപ്പം ആരെങ്കിലും വന്നു വാതിൽ തുറക്കുന്നതുവരെ ഇവിടെ നിൽക്കുക തന്നെ..

---
ആരോ ബെല്ലടിക്കുന്നു. ആരായിരിക്കും ഈ വെളുപ്പിനേ ..ഇവിടത്തുകാർക്കു വിളിച്ചു പറഞ്ഞിട്ടു വരുക എന്ന സ്വഭാവമേയില്ല. അവിടെയായിരുന്നെങ്കിൽ വരുന്നതിന്റെ രണ്ടു ദിവസം മുൻപെങ്കിലും ഫോൺ ചെയ്തു പറയും. വന്നു താമസമാക്കിയതിൽ പിന്നെ ഒരു നൂറായിരം ആളു വന്നിട്ടുണ്ടു വീട്ടിൽ. സ്വസ്ഥമായ നേരമേ ഉണ്ടായിട്ടില്ല. അപ്പഴേ പറഞ്ഞതാ നമുക്കിവിടം പറ്റില്ലെന്ന്‌. പപ്പയും മമ്മിയും കേൾക്കണ്ടേ. ജനിച്ച മണ്ണിൽ കിടക്കണമത്രെ. അപ്പൊ ഞാൻ ജനിച്ച മണ്ണ്‌ അവിടെയല്ലേ?

നേർത്ത ജനൽ വിരിയിലൂടെ നോക്കി. മുൻപു പരിചയമില്ലാത്ത ആളാണ്‌. മുഷിഞ്ഞ മുണ്ടും ഷർട്ടും. കയ്യിൽ ഒരു പഴയ സഞ്ചിയും ഉണ്ട്‌. വല്ല കുട്ടികളെ പിടുത്തക്കാരുമായിരിക്കുമോ? മമ്മിയും പപ്പയും പറഞ്ഞിട്ടുണ്ട്‌. അവിടുത്തെപോലെയല്ല ഇവിടെ. കുട്ടികളെ തട്ടികൊണ്ടുപോയി കണ്ണു കുത്തിപൊട്ടിച്ചു പിച്ച തെണ്ടിക്കുമത്രെ.ഏതായാലും വാതിൽ തുറക്കണ്ട. കണ്ടിട്ടു അത്ര നല്ല
പുള്ളിയാണെന്നു തോന്നുന്നില്ല. നേരെ കയറിനിൽക്കുന്നത്‌ വരാന്തയിലാണ്‌. വാതിലിൽ തൊട്ടു നോക്കുന്നുമുണ്ട്‌. വാതിൽ തുറക്കാൻ ശ്രമിക്കുകയാണോ? ഇന്നലെ കൂടി പപ്പയും മമ്മിയും പറയുന്നുണ്ടായിരുന്നു. കള്ളന്മാർ പകൽ വീടു നോക്കി വച്ചിട്ട്‌ രാത്രി വന്നു കുത്തി തുറക്കുമത്രെ. ഏതായാലും മമ്മിയേ വിളിക്കാം. മമ്മീ..മമ്മീ..

---
ഹോ.. ഒന്നുറങ്ങാനും സമ്മതിക്കില്ലല്ലോ? നശിച്ച കോളിംഗ്‌ ബെല്ല്. രാത്രി ഉറങ്ങിയപ്പൊഴേ ഒരു നേരം കഴിഞ്ഞിരുന്നു..വല്ല പിരിവുകാരുമായിരിക്കും. സ്വീകരണമുറിയിൽ ടീ വീയുടെ ഒച്ച കേൽക്കുന്നുണ്ട്‌. മൊള്‌ എഴുന്നേറ്റ്‌ രാവിലേ ടീ വീയിൽ കയറിയെന്നു തോന്നുന്നു? ആ പെണ്ണിനു വാതിൽ തുറന്നൊന്ന്‌ നോക്കിയാലെന്താ ആരാണെന്ന്‌? പത്തു വയസ്സായെന്നു പറഞ്ഞിട്ടെന്താ. ഒരു കൊച്ചു പണി പോലും വീട്ടിൽ ചെയ്യില്ല. എല്ലാത്തിനും മമ്മി വേണം പുറകേ. മമ്മീ ..മമ്മീ.. ഇതിനെ എങ്ങനെ നേരേയാക്കും ഈശ്വരാ. എത്ര വട്ടം പറഞ്ഞിരിക്കുന്നു. "മോളേ .നിന്റെ പ്രായത്തിൽ മമ്മി ഒരു വീട്ടിലെ മുഴുവൻ അടുക്കളപ്പണിയും ഏടുതിട്ടാണ്‌ പള്ളിക്കൂടത്തിൽ പോയിരുന്നതെന്നു". കൊച്ചാണെങ്കിലും മറുപടി റെഡിയാണ്‌. "മമ്മീ ..മമ്മിയുടെ കാലത്ത്‌ ഫ്രിഡ്ജില്ല, മിക്സെറില്ല,വാക്കുവം ക്ലീനറില്ല. ഇന്നിപ്പൊ മമ്മി ചെയ്ത പണിയെല്ലാം ഈ മേഷീൻ ചെയ്തോളും മമ്മീ." ദൈവമെ ..ഇവിടെ വന്നാലെങ്കിലും കൊച്ചിന്റെ സ്വഭാവത്തിന്‌ ഒരു മാറ്റം കണ്ടെങ്കിൽ മതിയായിരുന്നു. അല്ലെങ്കിൽ പിന്നെ വലുതാവുമ്പം കഷ്ടപെട്ടതു തന്നെ.

ഏതായാലും പിന്നെ മണിയടിയൊന്ന്നും കേൾക്കാനില്ല.ഒരു പക്ഷെ അയല്‌വക്കത്തു നിന്നും ആരെങ്കിയം എന്തെങ്കിലും കടം വാങ്ങാൻ വന്നതായിരിക്കും. ഈ നാട്ടിൻ പുറത്തുകാരുടെ ഒരു കാര്യം. ഉപ്പു തൊട്ടു കർപ്പൂരം വരെ കടം വാങ്ങാൻ വരും. ഒരു നൂറു വട്ടം പറഞ്ഞതാണ്‌ ടൗണിൽ ഒരു ഫ്ലാറ്റ്‌ വാങ്ങിയാൽ മതിയെന്നു. പറഞ്ഞാ കേൾക്കണ്ടേ.

ആരായാലും ഒരു പക്ഷെ പോയിക്കാണും.

---
പുതിയ വീട്ടിൽ താമസം മാറ്റിയതിൽ പിന്നെ ആദ്യമായി കഥയെഴുതാൻ ഇരുന്നതാണ്‌. വീടുമാറ്റത്തെക്കുറിച്ച്‌! പുതിയ വീട്ടിൽ മറന്നുവച്ച പണിയായുധങ്ങളെടുക്കാൻ വരുന്ന ഒരു വയസ്സൻ ആശാരിയെപറ്റി, വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർറ്റ്‌ഹ്തുന്ന നല്ല ഒരു കഥാ സന്ദർഭം എഴുതി തുടങ്ങിയതാണ്‌. അപ്പോഴാണ്‌ ഈ ബെല്ലടി. വീട്ടിൽ താഴെ രണ്ടെണ്ണം ഉണ്ട്‌. ഇവർക്കൊന്നു പോയി നോക്കിയാലെന്താ ആരാണെന്ന്‌. എല്ലാത്തിനും ഞാൻ തന്നെ വേണം മുകളിൽ നിന്നും ഇറങ്ങി ചെല്ലാൻ..ഏതായാലും കഥയവിടെ നിൽക്കട്ടെ.. പോയി ആരാണെന്നു നോക്കിയിട്ടുവരാം.

Saturday, August 8, 2009

വാൽസല്യം


വല്ലപ്പൊഴുമൊരിക്കൽ, ഒന്നോ രണ്ടൊ മാസം കൂടുമ്പോൾ, ഞായറാഴ്ചകുർബാനക്ക്‌ വലിയ ബസിലിക്ക പള്ളിയിൽ പോകുന്ന പതിവുണ്ട്‌. രണ്ടു മണിക്കൂർ ഡ്രൈവിനിടയിൽ ഇടക്ക്‌ നഗരത്തിന്റെ കണ്ണായ ഭാഗത്തുകൂടെ തന്നെ വേണം പോകാൻ.ലോകത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിടാൻ മാത്രം അധികാരവും ആൾബലവും കഴിവും പണവും എല്ലാം ഉള്ളവർ ജീവിക്കുന്നത്‌ ഈ ഭാഗത്താണ്‌. എങ്കിലും പലപ്പൊഴും ട്രാഫിക്കിൽ വണ്ടി നിർത്തുമ്പോൾ ഒരു കാഴ്ച കാണാം. കീറിപറിഞ്ഞ വസ്ത്രങ്ങളും അഴുക്കു പുരണ്ട മുഖങ്ങളുമായി നിർവ്വികാരമായ കണ്ണുകളൊടെ നിർത്തുന്ന വണ്ടികളിലെക്ക്‌ കൈ നീട്ടുന്ന മനുഷ്യകോലങ്ങളെ. പലരുടെയും കഴുത്തിലോ കൈയിലോ ഒരു കാർഡ്‌ബോർഡിൽ വിക്രുതമായ അക്ഷരങ്ങളിൽ എഴുതിയിരിക്കും "ഹോമ്‌ലെസ്സ്‌ .. പ്ലീസ്‌ ഹെൽപ്‌".
അങ്ങനെ ഒരു ഞായറാഴ്ച, പുലർച്ചെയുള്ള യാത്രയിൽ, വണ്ടി ട്രാഫിക്കിൽ നിർത്തിയപ്പോഴാണ്‌ അവിചാരിതമായി കണ്ടത്‌. നിരത്തുവക്കിലെ ബെഞ്ചിൽ ഇരുന്നുകൊണ്ടു കാറിലേക്ക്‌ ഉറ്റു നോക്കുന്ന മുഖം! ഉള്ളൊന്ന് ഞെട്ടി. അവൻ തന്നെ. ജട പിടിച്ചതെങ്കിലും ഐറിഷുകാരുടെ ചുവന്ന മുടി. നിർജീവമായ നീല കണ്ണുകൾ. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ വിഷമമാണ്‌. എങ്കിലും പഴകി നിറം മങ്ങി, മഞ്ഞപ്പു കയറിയ ഒരു പഴയ ഫോട്ടൊയിൽ പലകുറി കണ്ട മുഖം തന്നെ!
--
"അവന്‌ രണ്ടു വയസ്സുള്ളപ്പോൾ പോയതാണ്‌ അമ്മ. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അയൽ വക്കത്തെ കുട്ടികളേക്കാൾ എന്നും ഒരു പടി മുമ്പ്പിലായിരുന്നു അവൻ. എങ്കിലും ..ഐ വിഷ്‌ ഐ ഡിഡ്‌ സംതിംഗ്‌ ഡിഫറെന്റ്‌.."
"ബോബ്‌, കുട്ടികളെ വളർത്തുന്നത്‌ ഒരു ഭാഗ്യപരീക്ഷണമാണ്‌. ഒരു മാനുവലും ഇല്ലാത്ത പണി. ചില കുട്ടികൾക്ക്‌ ഫലിക്കുന്നത്‌ മറ്റു കുട്ടികൾക്ക്‌ ഫലിക്കണമെന്നില്ല." ഞാൻ ബോബിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ചില കുട്ടികൾ വടിപേടിച്ചു നല്ല പിള്ളകളാകുന്നു. മറ്റു ചിലർക്ക്‌ ലാളനയേ പറ്റുന്നുള്ളു." ഒരു തരത്തിൽ ബോബിനെ പറഞ്ഞു വിട്ടു.
കൂടെ ജോലി ചെയ്യുന്ന ആളാണ്‌ റോബെർറ്റ്‌ എന്ന ബോബ്‌. നിറം മങ്ങിയ ഒരു ഫൊട്ടൊയുടെ അകമ്പടിയോടെ ഈ കഥ എത്ര വട്ടം കേട്ടിരിക്കുന്നു.
ഇറാൻ-കാരിയായിരുന്നു ബോബിന്റെ ഭാര്യ. ഈ നാട്‌ പിടിക്കുന്നില്ല എന്നു പല വട്ടം പറയുമായിരുന്നെങ്കിലും ഒരു സുപ്രഭാതത്തിൽ സ്വന്തം കുഞ്ഞിനേയും ഭർത്താവിനേയും ഉപേക്ഷിച്ച്‌ ആ സ്ത്രീ സ്വന്തം നാട്ടിലേക്ക്‌ മടങ്ങിപോയി! വാശി വെച്ച്‌ ബോബ്‌ കുറെ നാളത്തെക്ക്‌ അന്വേഷിക്കാനും പോയില്ല. പിന്നീട്‌ എപ്പൊഴോ അന്വേഷിച്ചപ്പൊഴേക്കും അവർക്കു സ്വന്തനാട്ടിൽ വേറെ കുടുംബമായികഴിഞ്ഞിരുന്നു.
അന്നു മുതൽ കുഞ്ഞിനു അച്ചനും അമ്മയും ആയിരുന്നു ബോബ്‌. ഒന്നിനും ഒരു കുറവും വരുത്താതെ അവനെ പൊന്നു പോലെ നോക്കി. ഒൻപതിലോ പത്തിലോ ആയപ്പൊഴാണ്‌ മകൻ പിടി വഴുതിപോകാൻ തുടങ്ങിയത്‌. അരുതാത്ത കൂട്ട്‌ കൂടി എല്ലാ ദുർന്നടപ്പുകളിലും ചെന്നു ചാടി. പത്തു കഴിഞ്ഞതൊടെ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോഗമായി. പിന്നെ പിടി കിട്ടിയിട്ടില്ല. ഒന്നു രണ്ടു വട്ടം ബോബ്‌ പരിശ്രമിച്ചു ഡ്രഗ്‌ അഡിക്ഷൻ മാറ്റാൻ ശ്രമിച്ചു. ഹോസ്പിറ്റലിൽനിന്നും ഇറങ്ങി ഒന്നു രണ്ടു മാസത്തെക്ക്‌ നല്ലകുട്ടിയായി നടന്നു. വീണ്ടും പഴയ മട്ടിലേക്കു തന്നെ. പിന്നെ പിന്നെ പതുക്കെ വീട്ടിലും വരാതായി. ആദ്യനാളുകളിൽ ഏറേ നാൾ രാത്രി വൈകുവോളവും കാത്തിരുന്നു, ബോബ്‌. തിരിച്ചു വരാത്ത മകനു വേണ്ടി.
"അവസാനം കേട്ടത്‌ പല പട്ടണത്തിലും കറങ്ങി തിരിച്ചു ഇവിടെ തന്നെ എത്തിയെന്നാണ്‌. ആരോ ഒരിക്കൽ പറഞ്ഞു ഇവിടെ 'പാൻ ഹാന്റ്ലിംഗ്‌(ഭിക്ഷാടനം)' നടത്തുന്നുണ്ടെന്ന്‌... ഞാൻ ഒന്നും വിശ്വസിച്ചിട്ടില്ല" ഒരിക്കൽ ബോബ്‌ പറഞ്ഞു നിർത്തി.
വഴിയരികിൽ മയക്കുമരുന്നിന്‌ അടിമയായി, വ്യർത്ഥമായി പോകുന്ന ഒരു കൗമാരവും യവ്വനവും! ദൂരെ, വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു പുത്ര വാൽസല്യം!

Saturday, June 20, 2009

ലവ്‌ ഇൻ ദി ടൈം ഓഫ്‌ പീച്ച്‌


വർഷങ്ങൾക്കുശേഷമാണ്‌ ഒന്നു രണ്ടു വരികളുമായി പോളിന്റെ ഈമെയിൽ വന്നത്‌.

"ഡീയർ ഷാജു,

ഞാൻ ജൊർജിയായിലേക്കു മടങ്ങി പോന്നു. അൽഭുതം! എന്റെ പഴയ ഹൈസ്കൂൾ സ്വീറ്റ്‌-ഹാർട്ടിനെ അവിചാരിതമായി കണ്ടുമുട്ടി. ഏതാനും വർഷങ്ങളായി ഭർത്താവ്‌ മരിച്ച്‌ അവളും ഒറ്റക്കാണ്‌. മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!

അവിടെ നിങ്ങൾക്കെല്ലാവർക്കും സുഖം തന്നെയെന്ന് കരുതുന്നു. വല്ലപ്പോഴും ഈ വഴി വരുന്നെങ്കിൽ ഞങ്ങളെ സന്ദർശിക്കുക.

ടേക്‌ കേയർ,

പോൾ ജെയ്ംസ്‌ മാർറ്റിൻ"

--

ഏകദേശം ആറരയടിയിൽ മേലെ പൊക്കം കാണും ബിഗ്‌ പോളിന്‌. പൊക്കത്തിനെക്കാൾ ആദ്യം ശ്രദ്ധിക്കുക വണ്ണമാണ്‌. ബ്രിഹത്തായ ശരീരം! പ്രവാസത്തിലെ ആദ്യ ജോലി കിട്ടി ചെന്നു കയറിയത്‌ പോളിന്റെ ഗ്രൂപ്പിലായിരുന്നു. വലിയ ഒരു ഭീമന്റെ മുന്നിൽ ചെന്നുപെട്ട പേടിയായിരുന്നു ആദ്യം. പിന്നെ പിന്നെ മനസ്സിലായി വലിയ ശരീരത്തിന്റെ ഉള്ളിൽ സൗമ്യമായ ഒരു മനസ്സാണെന്ന്‌.ആർക്കും എന്തു സഹായത്തിനും പോളാണ്‌ എന്നും മുൻപിൽ.

ജൊർജിയയാണ്‌ പോളിന്റെ സ്വന്തസ്ഥലം. പീച്ച്‌ പഴങ്ങളുടെ സ്വന്തം നാട്‌. ജൊർജിയായിലെ ഭൂരിഭാഗം വഴികളുടെയും പേരിട്ടിരിക്കുന്നതു പോലും പീച്ചിനെ ചുറ്റിപറ്റിയാണത്രെ."പീച്ച്‌ സ്റ്റ്രീറ്റ്‌, പീച്ച്‌ റോഡ്‌,പീച്ച്‌ ലയ്ൻ,പീച്ച്‌ ബൊളിവാഡ്‌" അങ്ങനെ അങ്ങനെ.സാധാരണ ഗതിയിൽ തെക്കന്മാർക്ക്‌ - ജോർജിയ,അലബാമ തുടങ്ങിയ സ്ഥലത്തുനിന്നും വരുന്നവർക്ക്‌- വർണവിവേചനം കൂടുതലാണെന്നണ്‌ വെപ്പ്‌. പോളിന്റെ കാര്യം നേരെ തിരിച്ചായിരുന്നു. ടീമിൽ പുതിയതായി ജോയിൻ ചെയ്ത ഞങ്ങൾ രണ്ടു 'ബ്രവുണി" കളെ ആദ്യം സൗഹൃദത്തൊടെ സീകരിച്ചതു പോളായിരുന്നു. പുതിയ നാട്ടിലെ രീതികളൂം, ഓഫീസ്‌ കീഴ്‌വഴക്കങ്ങളും എന്തിനു് ബെയ്സ്ബോൾ കളിയുടെ നിയമങ്ങളും വരെ പറഞ്ഞു തന്നത്‌ പോളായിരുന്നു. ഒരു പക്ഷെ ലോകപരിചയമായിരുന്നിരിക്കാം മറ്റുള്ളവരോടു കാണിക്കുന്ന ഈ സൗമനസ്യത്തിനു കാരണം.

"ഞാൻ പോകാത്ത ഭൂഖണ്ടങ്ങളില്ല. കാണാത്ത തരം മനുഷ്യരുമില്ല.". പത്തു പതിനെട്ടു വയസ്സിൽ ഹൈസ്കൂൾ വിദ്യഭ്യാസവും കഴിഞ്ഞു ആർമിയിൽ ഗണ്ണറായി ചെർന്നതാണ്‌ പോൾ. ആർമി ജീവിതത്തിനിടയിൽ കറങ്ങിയതാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും. സൗമ്യനായ ഈ "ജൊർജിയാ ബോയ്‌" ഒരു ഗണ്ണറായിരുന്നു എന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല.

"പോൾ ആരെയെങ്കിലും ഷൂട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ടോ?" ഒരിക്കൽ ചോദിച്ചു.
പോൾ ഒന്നു തുറിച്ചു നോക്കി. മറക്കാൻ ആഗ്രഹിക്കുന്ന എന്തൊ ഒന്ന്‌ ഓർമിപ്പിച്ച മട്ട്‌.

ആർമിയിൽനിന്ന്‌ വിട്ട്‌ ജോലി സംബന്ധമായി ചേക്കേറിയതാണ്‌ വർഷങ്ങളായി നഗരത്തിൽ. ഈ നഗരത്തിൽ വച്ചാണ്‌ കുട്ടികൾ ജനിച്ച്‌ വളർന്ന്‌ അവരവരുടെ സ്വകാര്യതകളിലേക്ക്‌ കൂടുമാറ്റം നടത്തിയത്‌. ഇവിടെ വച്ചുതന്നെയാണ്‌ സുഖങ്ങളിലും ദുഃഖങ്ങളിലും കൂടെയുണ്ടായിരുന്ന ഭാര്യ വിളിച്ചാൽ കേൾക്കാത്ത ഇനിയൊരു ലോകത്തേക്ക്‌ വിട വാങ്ങിയതും. എങ്കിലും വർഷമിത്രയായിട്ടും നഗരത്തിൽ ഇതുവരെ വീടൊന്നുമായില്ല പോളിന്‌. ചോദിച്ചാൽ പറയും.

"ഇവിടെയോ? ഇവിടെ ആരിരിക്കുന്നു? ഒരിക്കൽ ജോർജിയായ്ക്ക്‌ മടങ്ങിപോയി, അവിടെ പീച്ച്മരങ്ങളുടെ നടുക്ക്‌ ഞാൻ ഒരു വീടു വയ്ക്കും".

ഇവിടെ പോളീന്‌ ആരുമില്ലെന്ന് മനസ്സിലായത്‌ ഒരിക്കൽ ആശുപത്രിയിലായപ്പോഴാണ്‌. ആശുപത്രിയിൽ നാലഞ്ചുദിവസം കിടന്നിട്ടും ആകെ കാണാൻ ചെന്നത്‌ കൂടെ ജോലി ചെയ്യുന്ന ഞങ്ങൾ ഒന്നു രണ്ടു പേരു മാത്രം. പ്രായപൂർത്തിയായ പെണ്മക്കൾ രണ്ടുപേരും ദൂരനഗരങ്ങളിൽ നിന്നും ഫോൺ ചെയ്തു കടമ തീർത്തു. ആശുപത്രിയിലെ വെള്ളകിടക്കയിൽനിന്നു് പരസഹായം കൂടതെ എഴുന്നെൽക്കാൻ കഴിയാതെ പോൾ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. അതിനു കണ്ണീരിന്റെ നനവുണ്ടായിരുന്നോ?

ഒരെട്ടുമണിക്കൂർ ഡ്രൈവ്‌ ചെയ്താൽ ജൊർജിയയിൽ എത്തും. എങ്കിലും കൂടെയുണ്ടായിരുന്ന മൂന്നു നാലു വർഷങ്ങളിൽ ഒരിക്കൽപോലും പോൾ അവിടെ പോയതായി പറഞ്ഞതോർമയില്ല.

വർഷങ്ങൾ നാലഞ്ചു കടന്നുപോയി. ജോലി വിട്ട്‌ ഞാൻ ഇനിയൊരു കമ്പനിയിലേക്കു മാറി. വല്ലപ്പൊഴുമൊരിക്കൽ പോളിന്റെ ഇമെയിൽ വരും. പിന്നെ പിന്നെ അതും ഇല്ലാതായി.

--
ഈമെയിൽ ഒന്നുകൂടി വിശ്വാസം വരാതെ വായിച്ചുനോക്കി. "മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!" പോളിനെ ഞാൻ പരിചയപ്പെടുമ്പോൾ ഒരറുപതിനൊടടുത്തു പ്രായം കാണും. ഇന്നു, ഏകദേശം പത്തു വർഷങ്ങൾക്കുശേഷം.. എഴുപതാം വയസ്സിൽ ഒരു കല്യാണം! നോവലുകളിലും പത്രങ്ങളിലും വയസ്സന്മാരുടെ കല്യാണം പലകുറി വായിച്ചപ്പോഴും മനസ്സിൽ ഒരു ചെറിയ പുഞ്ചിരിയായിരുന്നു. ഇന്നു എന്തു വികാരമാണ്‌ തോന്നുന്നതെന്ന്‌ പറഞ്ഞുകൂടാ. ഒന്നറിയാൻ മാത്രം ആകാക്ഷ. അഞ്ചൊ ആറൊ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ ഹൈസ്കൂൾ കുട്ടികളെപ്പോലെ അവരുടെ കണ്ണുകളിൽ ഒരു പൂത്തിരി കത്തിയോ? നെഞ്ചിന്നുള്ളിൽ ഒരു വിറയലോടെ വാക്കുകൾ വീർപ്പുമുട്ടിയോ?

ഏതായാലും ജീവിതത്തിന്റെ പോക്കുവെയിലിൽ, അവിചാരിതമായി കണ്ടെത്തിയ പീച്ച്‌ മരങ്ങളുടെ മധുരതരമായ തണൽ ദീർഘ നാൾ നീണ്ടുനിൽക്കട്ടെ എന്നൊരാശംസ ..ഒരു പഴയ സുഹ്രുത്തിൽ നിന്നും!

Sunday, June 7, 2009

ഒരു യാത്രയുടെ മുറിവുകൾ


ഹാസ്സനിലേക്കെത്താൻ ഒരെൺപതു മൈലുകളോളം കാണും ഭാര്യാവീട്ടിൽനിന്ന്‌.പശ്ചിമഘട്ടങ്ങളിലൂടെയുള്ള യാത്രയായതുകൊണ്ടു വളരെ പതുക്കെ സൂക്ഷിച്ചു വേണം പോകാൻ.യാത്രയിലുടനീളം ഒരു വശം മുഴുവൻ അഗാധമായ ഗർത്തങ്ങൾ. മറുവശത്ത്‌ ചെങ്കുത്തായ പാറകളും. ദിവസങ്ങളായി തകർത്ത്‌ പെയ്ത മൺസൂൺ, ടാറിട്ട റോഡിന്റെ അസ്ഥിവാരം വരെ ഇളക്കിയിട്ടിരിക്കുകയാണ്‌. കയറ്റം കയറി ചെല്ലുന്ന ഓരോ ഹൈർപ്പിൻ വളവിലും വിശ്രമിക്കാനെന്നപോലെ ബ്രൈക്ഡവുണായിക്കിടക്കുന്ന കൂറ്റൻ റ്റാങ്കർ ലോറികൾ. റോഡിൽ വാഹനങ്ങളുടെ എണ്ണം കുറവാകുമെന്നു കരുതി യാത്രയിറങ്ങിയതു ഒരു ഞായറാഴ്ചയായിരുന്നു. ഹാസനിലെത്തിയപ്പോൾ സമയം ഉച്ചക്ക്‌ എകദേശം ഒരു മണി. ചേച്ചിയുടെ അടുത്തെത്താൻ ഇനിയും ഒരു പത്തിരുപത്‌ മൈലുകൂടി പോകണം.

കർണാടകത്തിലെ ഒരു കുഗ്രാമത്തിൽ റ്റീച്ചറാണ്‌ വാമഭാഗത്തിന്റെ കന്യാസ്ത്രീയായ ചേച്ചി. ഒരോ അവധിക്കാല വരവിനും പോയിക്കാണാമെന്നൊർക്കുമെങ്കിലും ഇക്കുറിയാണ്‌ സന്ദർഭം ഒത്തു വന്നത്‌. ഒന്നാമതെ എണ്ണ്ണിചുട്ട അപ്പം പോലെ ലീവും കൊണ്ടാണു വരുന്നത്‌, പോരാത്തതിന്‌ അത്ര എളുപ്പത്തിൽ കുഞ്ഞുങ്ങളെയും കൊണ്ടു പോയി വരാൻ ഒക്കാത്ത സ്ഥലം.

ഹാസ്സൻ വരെയുള്ള വഴി മോശമായിരുന്നെങ്കിലും ഡ്രൈവർക്കു പരിചിതമായിരുന്നു. ഇനിയുള്ള ഒരൊ തിരിവും ആരോടെങ്കിലും ചൊദിച്ചു വേണം പോകാൻ.ഡ്രൈവർക്ക്‌ കന്നഡ അറിയുന്നതുകൊണ്ട്‌ ചോദിക്കുന്നത്‌ ഒരു പ്രശ്നമല്ല. ചൊദിക്കാൻ റോഡിൽ ആരുമില്ലെന്ന ഒരു പ്രശ്നം മാത്രം. വല്ലപ്പോഴുമൊരിക്കൽ മാത്രം നാട്ടിലെപ്പോലത്തെ കൊച്ചുമാടക്കടകൾ. ഇടക്ക്‌, ഇപ്പൊഴും ചാറികൊണ്ടിരിക്കുന്ന മഴയെ തടുക്കാൻ തലക്കുമേലെ വലിയ ഇലകളും കമഴ്ത്തിപിടിച്ചു, ചെളിവെള്ളം കെട്ടികിടക്കുന്ന കുഴികളും കവച്ചു വച്ചു നടക്കുന്ന വഴിപോക്കർ.

അടുത്തെത്താറായെന്നു തോന്നുന്നു. ചേച്ചി പറഞ്ഞു തന്ന അടയാളം പോലെ യാത്ര ചെറിയൊരു കുന്നിന്റെ വശത്തുകൂടെയായി. മറുവശത്തു കായൽ പോലെ വെള്ളം കെട്ടികിടക്കുന്ന താണ പ്രദേശം. ദൂരെ വെള്ളത്തിനു നടുവിൽ മുകളിലെക്കു കാണുന്ന ഒരു കൊച്ചു കുരിശു്. അവിടെ വളരെ കാലം പഴക്കമുള്ള ഒരു പള്ളിയുണ്ടത്രെ. അടുത്ത്‌ അണക്കെട്ടു വന്നപ്പോൾ പള്ളി നിന്ന സ്ഥലം അടക്കം എല്ലാം വെള്ളത്തിനടിയിലായി. ഇപ്പോൾ വർഷകാലത്ത്‌ പള്ളിയുടെ മുഖവാരം മാത്രം അൽപം കാണാം.വേനൽക്കാലത്താണെങ്കിൽ വെള്ളമിറങ്ങിക്കഴിഞ്ഞ്‌, മിക്കവാറും പള്ളി മുഴുവൻ കാണാമത്രെ.

മൂന്നോ നാലോ മുറികളുള്ള, വെളുത്ത ചായം അടിച്ച, ഒരു കൊച്ചു വീടാണു മഠം. അന്തേവാസികളായി നാലു കന്യാസ്ത്രീകൾ. എല്ലാവർക്കും ഏറെ നാളുകൾക്കുശേഷം കണ്ടതിന്റെ സന്തോഷം. കയ്യിലുണ്ടായിരുന്ന ഉപഹാരങ്ങളും വിദേശ ചൊക്കലെറ്റും എല്ലാവർക്കും പങ്കു വച്ചു. അൽപനേരത്തെ ഉപചാരങ്ങൾക്കുശേഷം ചേച്ചി ചൊദിച്ചു,

"കുട്ടികളെ കാണാൻ പോകുന്നൊ?"

"കുട്ടികളൊ? അതിന്‌ ഇന്നു ഞായറാഴ്ച, സ്കൂൾ അവധിയല്ലെ?"

"സ്കൂൾ കുട്ടികളല്ല.. വാ".

ചേച്ചിയോടൊപ്പം വശത്തെ വാതിൽ തുറന്ന്‌, മഴ വകവക്കാതെ പറമ്പിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്കോടി.നനഞ്ഞൊലിച്ച്‌ കയറിചെല്ലുമ്പോൾ അകത്തുനിന്നാരോ വാതിൽ തുറന്നു തന്നു.

വീട്ടിനകത്ത്‌ ഹാളിൽ നിരയായി ഇട്ടിരിക്കുന്ന കൊച്ചു ആട്ടു തൊട്ടിലുകളിൽ, മുകളിൽ മുനിഞ്ഞു കത്തുന്ന ബൾബിനു താഴെ, സുഖമായി ഉറങ്ങുന്ന ആറൊ ഏഴൊ പൊടികുഞ്ഞുങ്ങൾ. ഒന്നു രണ്ടു മാസം മുതൽ ഒരു വയസ്സുവരെ പ്രായം കാണും. ഓമനത്തം തുളുമ്പുന്ന മുഖങ്ങൾ. ഞങ്ങൾ ചെന്ന ബഹളം കേട്ട്‌ അകത്തെ മുറിയിൽ നിന്നും അൽപം കൂടി മുതിർന്ന ഏഴെട്ടു കുട്ടികൾ കൂടി ഇറങ്ങി വന്നു.ഏറ്റവും പ്രായം തോന്നിക്കുന്ന കുട്ടിക്ക്‌ ഒരു നാലു വയസ്സു കാണും. മോന്റെ പ്രായം.

"ഈ കുഞ്ഞുങ്ങൾ?"

"അനാഥകുട്ടികളാണ്‌.." ചേച്ചി പറഞ്ഞു. "എങ്കിലും തീർത്തും അനാഥരെന്നു പറഞ്ഞുകൂടാ. പലരെയും വളർത്താൻ കഴിവില്ലാത്ത അച്ചനമ്മമാർ മഠത്തിന്റെ പടിയിൽ ഉപേക്ഷിച്ചു പോകുന്നതാണ്‌. വർഷത്തിൽ രണ്ടോ മൂന്നൊ കുഞ്ഞുങ്ങളെ ഇങ്ങനെ കിട്ടും."

ദൈവമേ ..സ്വന്തം കുഞ്ഞുങ്ങളെ ഇങ്ങനെ ഉപേക്ഷിക്കാൻ ആർക്ക്‌ തോന്നും? മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു. കയ്യിൽ കൊടുക്കാൻ ഒന്നുമില്ല. കൊണ്ടുവന്ന വിദേശസാധനങ്ങളെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. പ്രതീക്ഷയോടെ കുട്ടികൾ. ഡ്രൈവറെയും കൂട്ടി പുറത്തിറങ്ങി, വരുമ്പോൾ കണ്ടിരുന്ന ഒരു ചെറിയ മാടക്കടയിലേക്കു പോയി.ആകെയുള്ളത്‌ ചവക്കുമ്പോൾ പല്ലു മുഴുവൻ ഒട്ടി പിടിക്കുന്ന ഒരു തരം കറുത്ത മിഠായി.മിഠായിയും ബിസ്കറ്റുമായി ചെല്ലുമ്പോൾ കുട്ടികൾക്കു അമ്പിളിമാമനെ കിട്ടിയ സന്തോഷം. വരാനിരിക്കുന്ന ജീവിതയാഥാർത്ത്യങ്ങളുടെ ആകാംക്ഷകളില്ലാതെ കിട്ടിയ ബിസ്കറ്റും കഴിച്ച്‌ കളിച്ചുമറിയുന്ന കുട്ടികൾ. ഇവരുടെ ജീവിതത്തിലെ കണ്ണീരിന്റെ കാലവർഷത്തിന്റെ തോർച്ച എന്നായിരിക്കും?

"വെള്ളത്തിൽ മുങ്ങിയ പള്ളി കാണാൻ പോകുന്നൊ? ഇതിലേ ഒരു ഷോർട്‌ കട്ടുണ്ടു" തിരിച്ചിറങ്ങാൻ നേരം ചേച്ചി ചോദിച്ചു.

"വേണ്ട.. ഇനിയൊരിക്കലാകട്ടെ.. ഒരു വേനൽക്കു വരാം." എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.

അൽപനേരം യാത്ര കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, കാറിനുള്ളിൽ, പുറകിലെ സീറ്റിൽ ഭാര്യയുടെയൊപ്പം സുഖമായുറങ്ങുന്നു കുട്ടികൾ രണ്ടുപേരും. പുറത്തു, മഴനൂലുകൾക്കിടയിൽ, കഷ്ടങ്ങളുടെ കാലവർഷകാലത്ത്‌ കാണാമറയത്തേക്കു മുങ്ങിപോകുന്ന ദേവാലയം ഒരു ദൂരകാഴ്ചയായി മറയുന്നു!

Monday, May 25, 2009

സർക്കസ്‌


സ്കൂളെല്ലാമടച്ചു തെക്കു വടക്കു കറങ്ങിനടക്കുന്ന മധ്യവേനലവധിക്കാലത്തായിരിക്കും മിക്കവാറും സർക്കസ്‌ വരുന്നത്‌. സർക്കസെന്നൊന്നും പറയാനില്ല. സൈക്കിൾ ചവിട്ടെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൈക്കിൾ അഭ്യാസങ്ങൾ, ശിവാജിയുടെയും, എം.ജീ.ആറിന്റെയും, പ്രേം നസീറിന്റെയും കുറെ ഡാൻസ്‌ നമ്പറുകൾ, എറ്റവും ഒടുവിൽ അൽപം അപകടകരമായ എന്തെങ്കിലും ഒരു സർക്കസ്‌ ഐറ്റവും.

സൈക്കിൾ ചവിട്ട്‌ വരുന്ന രണ്ടാഴ്ചക്കാലത്തേക്ക്‌ വൈകുന്നേരങ്ങളിൽ ഒരു പെരുന്നാളിന്റെ പ്രതീതിയാണ്‌. നാട്ടിലെ ഒറ്റ മുറി വായനശാലക്കു പിറകെ താൽകാലത്തേക്ക്‌ വളച്ചു കൂട്ടിയ കൊച്ചു മൈതാനത്തായിരിക്കും അഭ്യാസപ്രകടനങ്ങൾ. നാലു വശങ്ങളിലായി മുളംകമ്പിലും തൈത്തെങ്ങുകളിലുമായി കെട്ടിതൂക്കിയിരിക്കുന്ന പെട്രൊമാക്സ്‌ വിളക്കുകൾ. മധ്യത്തിൽ നാട്ടിവച്ചിരിക്കുന്ന ട്യൂബ്‌ ലൈറ്റുകളും. തൊട്ടടുത്തുള്ള മതിലിലും കലുങ്കിലുമെല്ലാമായി സർക്കസ്‌ കാണാൻ കൂട്ടം കൂടിയിരിക്കുന്ന നാട്ടുകാർ. വീടുകളിൽനിന്നും കൊണ്ടുവന്ന പഴയ പായും പുതപ്പും നിലത്തു വിരിച്ചു സൗകര്യമായി ഇരുന്ന്‌ അമ്മമാരും കുഞ്ഞുങ്ങളും.

മൂന്നൊ നാലോ ആണുങ്ങളും ഒന്നൊ രണ്ടൊ പെണ്ണുങ്ങളും അടങ്ങുന്നതാണ്‌ സർക്കസ്‌ റ്റീം. പകൽ മുഴുവൻ, കള്ളിമുണ്ടുടുത്ത്‌, ദിനേശ്‌ ബീഡിയും പുകച്ച്‌ കലുങ്കിലോ ചായക്കടയിലോ ഇരിക്കുന്ന ഈ അത്ഭുതമനുഷ്യർ, വലിച്ചു പിടിച്ച ഒരു സാരിമറയിൽ നിന്നു, മുഖത്തു ചായം പൂശി,പളപള മിന്നുന്ന ഉടുപ്പുകളുമിട്ട്‌ എം.ജീ.ആറും, ജയലളിതയും, ശിവാജിയുമാകുന്ന കാഴ്ച അന്ന്‌ ഒരു അതിശയം തന്നെയായിരുന്നു!

സംഘത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണു പ്ലാത്തോട്ടം. ശരിയായ പേരു ഇപ്പൊ എത്ര ഓർത്തിട്ടും പിടി തരാതെ... അൽപം കറുത്തിട്ട്‌ ഉണ്ടക്കണ്ണുകളുമായി നെഞ്ചൽപം മുന്നോട്ടു തള്ളി ഒരു അരോഗദ്രുഢഗാത്രൻ! കാണികളെ രസിപ്പിക്കുന്ന കസർത്തുകളെല്ലാം പ്ലാത്തോട്ടത്തിന്റേതാണ്‌. സൈക്കിൾ ചവിട്ട്‌ നംബറുകളും സാധാരണ അവതരിപ്പിക്കുന്നത്‌ പുള്ളി തന്നെ. ഓടുന്ന സൈക്കിളിൽ കമഴ്‌ന്നു കിടക്കുക, ഹാണ്ടിലിൽ ഇരുന്ന് ഓടിക്കുക, ഒറ്റ ചക്രത്തിൽ ഓടിക്കുക ഇതൊക്കെയാണു സ്ഥിരപരിപാടികൾ. പിന്നെ എല്ലാ വർഷവും രണ്ടൊ മൂന്നോ പ്രാവശ്യം, അമിതാഭിനയത്തിൽ ശിവാജി ഗണേശനെ കടത്തിവെട്ടുന്ന തരത്തിൽ പ്ലാത്തോട്ടം അവതരിപ്പിക്കുന്ന ശിവാജിയുടെ
"പാലൂട്ടി വളർത്തകിളി പഴം കൊടുത്ത്‌ പാർത്ത കിളി" ഡാൻസ്‌. ഒരു കൈയിൽ ബ്രാണ്ടിക്കു പകരം ചുവന്ന കട്ടൻ കാപ്പി നിറച്ച ഗ്ലാസും പിടിച്ച്‌, വേച്ച്‌ വേച്ച്‌, കുട്ടിക്കാലത്ത്‌ ഈ ആരാധനാ പാത്രത്തിന്റെ ഡാൻസ്‌ എത്ര വട്ടം പയറ്റി നൊക്കിയിരിക്കുന്നു?

ഓരൊ ദിവസത്തെയും പ്രധാന ഐറ്റം ഒടുവിൽ കാണിക്കുന്ന അപകടകരമായ ഇനങ്ങളായിരുന്നു.

"നിങ്ങളേപ്പോലെ തന്നെ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള ഒരു മനുഷ്യജീവി ഒരു ചാൺ വയറിനുവേണ്ടി ഇതാ.." മുളംകമ്പിൽ കെട്ടിവച്ചിരിക്കുന്ന കോളാമ്പിയിലൂടെ അവസാന ഐറ്റത്തിനുള്ള അറിയിപ്പ്‌. അറിയിപ്പിനൊടുവിൽ എല്ലം മംഗളമായി തീരാൻ ഒരു പ്രാർത്ഥനാ ഗാനം. അതിനുശേഷമാണു നാട്ടുകാർ വൈകുന്നേരം മുതൽ അക്ഷമരായി കാത്തിരിക്കുന്ന പ്രധാന അഭ്യാസം. "മണ്ണിനടിയിൽ ആളെ കുഴിച്ചിടുക, ട്യൂബ്‌ ലൈറ്റുകൾ ദേഹത്തടിച്ച്‌ പൊട്ടിക്കുക, ഷേവിംഗ്‌ ബ്ലേഡ്‌ കറുമുറെ തിന്നുക, ചരിച്ചു വച്ച ഒരു പലകയിലൂടെ അംബാസഡർ കാർ നെഞ്ചിലൂടെ കയറ്റിയിറക്കുക" ഇതൊക്കെയാണു സാധാരണ പരിപാടികൾ.

വർഷങ്ങൾക്കു മുമ്പു ഒരു ചാൺ വയറിനുവേണ്ടി പ്ലാത്തോട്ടം എന്ന ഒരു പാവം മനുഷ്യന്റെ, നെഞ്ചിലൂടെ കയറിയിറങ്ങുന്ന കാറിന്റെ കാഴ്ചയായിരിക്കാം ഇന്നും സർക്കസ്‌ എന്നു കേട്ടാൽ തോന്നുന്ന വിമുഖതക്കു കാരണം.

ഇന്നു ജീവിതം താങ്ങാനുള്ള നെട്ടോട്ടത്തിനിടയിൽ, പ്ലാത്തോട്ടത്തെ കണ്ടാൽ ചൊദിക്കാൻ വച്ചിരിക്കുന്ന ഒരു ചോദ്യമുണ്ട്‌. നെഞ്ചിനുമുകളിൽ കയറിയിറങ്ങിയ കറുത്ത കാറിനെ കുറിച്ചല്ല, വർഷങ്ങൾക്കുമുമ്പു നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന ജീവിതഭാരത്തെകുറിച്ച്‌. ആ ഭാരവും ഒളിപ്പിച്ച്‌, കോമാളിത്തവും കസർത്തുകളും കാട്ടി കുഞ്ഞുങ്ങളെ കുടുകുടാ ചിരിപ്പിക്കുന്ന അതിശയകരമായ കഴിവിനെപറ്റി. അനുകരിക്കാൻ പലവട്ടം പയറ്റി തോറ്റു പിന്മാറിയ ഒരു അപൂർവ്വ സിദ്ധിയെപറ്റി!

--
പട്ടണത്തിൽ സർക്കസ്‌ വന്നിട്ടുണ്ട്‌. പഴയ സൈക്കിൾ ചവിട്ടൊന്നുമല്ല; കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവിതാനങ്ങളും കൂട്ടിലടച്ച അനേകം വന്യമൃഗങ്ങളും കോമാളികളുമെല്ലാമായി ഒരു വലിയ സർക്കസ്‌ പട തന്നെ.

സർക്കസിനുപോകാൻ വീട്ടിൽ വാമഭാഗവും കുട്ടികളും തമ്മിൽ ചില രഹസ്യ ചർച്ചകളെല്ലാം നടക്കുന്നുണ്ട്‌. അനുമതിക്കുള്ള അപേക്ഷ ഇതുവരെ എത്തിയില്ല.വരുമ്പോൾ ഒഴിഞ്ഞു മാറാൻ ഒന്നു രണ്ടു കാരണം കണ്ടുവച്ചിട്ടുണ്ട്‌.

"ഞാനിതെത്ര കണ്ടിരിക്കുന്നു?" പണ്ടു നക്ഷത്രം പതിച്ച നീലാകാശത്തിനു കീഴെ, ഒരു കീറപുതപ്പിൽ അത്ഭുതപരതന്ത്രനായി വാ പൊളിച്ചിരുന്ന്‌?

ആ കാരണം പറ്റിയില്ലെങ്കിൽ ഉള്ള സത്യം പറയണം, "ഒരു ചാൺ വയറിനുവേണ്ടി മനുഷ്യർ ട്രെപീസിൽ ആടുന്നതു കാണാനുള്ള മനകരുത്തില്ലെന്ന്‌!"

Sunday, May 17, 2009

നന്മയുടെ നിറം



വന്നിറങ്ങുമ്പോൾ "മർഡർ കാപിറ്റൽ ഓഫ്‌ ദെ വേൾഡ്‌" (കൊലപാതകങ്ങളുടെ ലോക തലസ്ഥാനം ) എന്ന പേരു കൂടെയുണ്ടായിരുന്നു പട്ടണത്തിനു. പത്രം തുറക്കാതെ തന്നെ എന്നും കാണാം മൂന്നോ നാലോ കൊലപാതകങ്ങളുടെ വാർത്തകൾ, ആദ്യ പേജിൽ. കൂടുതലും കറുത്ത വർഗ്ഗക്കാർ തിങ്ങി പാർക്കുന്ന ഇടങ്ങളിലായിരിക്കും. നോർത്ത്‌ ഈസ്റ്റിലും സൗത്ത്‌ ഈസ്റ്റിലും പകൽ പോലീസു പോലും പോകാൻ ഭയക്കുന്ന സ്ഥലങ്ങളുണ്ടത്രെ! കറുത്ത വർഗ്ഗക്കാരുടെ ഗാങ്ങുകളാണു നഗരത്തിന്റെ ആ ഭാഗം ഭരിക്കുന്നത്‌.

ഭയമായിരുന്നു, കറുത്ത വർഗ്ഗക്കാരെ കാണുമ്പോൾ."അവന്മാരുമായി ഒരു കൂട്ടിനും പോകേണ്ട. എല്ലാത്തിന്റെയും കയ്യിൽ കാണും തോക്ക്‌. ഷൂട്ട്‌ ചെയ്തിട്ടേ കാര്യം പറയുകയുള്ളൂ. ഗാങ്ങാണു എല്ലാവരും". വന്നിറങ്ങിയപ്പോൾ സുഹ്രുത്തിൽ നിന്നും കിട്ടിയ ഉപദേശം!

വന്നതിന്റെ രണ്ടാമത്തെ ഞായറാഴ്ച. രാവിലെ പള്ളിയിൽ പോകണം. കട്ടിയായി മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന സമയം. രണ്ടു മൂന്നു ദിവസമായി പെയ്ത മഞ്ഞു മുഴുവൻ വെളുത്ത പഞ്ഞികെട്ടു കണക്കു റോഡുവക്കിലും മരച്ചില്ലകളിലും ഇപ്പൊഴും കിടപ്പാണു. കാറില്ലാത്തതുകൊണ്ടു പബ്ലിക്‌ ഗതാഗത്തെ ആശ്രയിച്ചുവേണം ഏകദേശം പത്തു ഇരുപതു കിലോമീറ്റർ ദൂരെയുള്ള പള്ളിയിലെത്താൻ. രണ്ടു ബസും ട്രെയിനും മാറി കയറി പള്ളിയിലെത്തി. പള്ളി മുഴുവനും നിറഞ്ഞു വെളുത്ത വർഗ്ഗക്കാർ. അവരുടെ കൂടെ 'സൻഡെയ്‌ ബെസ്റ്റ്‌ ഡ്രെസ്സും' ധരിച്ച്‌ വെളുത്ത കുഞ്ഞുങ്ങൾ .. കുട്ടികാലത്ത്‌ കണ്ട ക്രിസ്തുമസ്‌ കാർഡുകളിലെ പോലെ. ഒരു മൂലയിൽ മാറി നിന്നു കുർബാന കണ്ടു പുറത്തിറങ്ങി. പതുക്കെ ബസ്‌ സ്റ്റോപ്പിലേക്കു നടക്കുമ്പോൾ കാറുകൾ വരി വരിയായി പള്ളിമുറ്റത്തുനിന്നും റോഡിലേക്കിറങ്ങുന്നു.

വിജനമായ ബസ്‌ സ്റ്റോപ്പിൽ ചെന്നു തിരിച്ചു പോകാനുള്ള ബസിന്റെ സമയം നോക്കിയപ്പോഴാണു ചെറിയൊരു പ്രശ്നം! ഞായറാഴ്ചയായതുകൊണ്ടു അന്നു ബസുകളുടെ എണ്ണം കുറവാണു. അടുത്ത ബസിനു ഒരു മൂന്നു മണിക്ക്കൂറെങ്കിലും കഴിയണം. എന്തു ചെയ്യും? പുറത്താണെങ്കിൽ അസ്ഥികളെ തുളക്കുന്ന തണുപ്പ്‌. പള്ളിയുടെ ഉള്ളിൽ തന്നെ പോയി ഇരുന്നാലോ, അല്ലെങ്കിൽ പിന്നെ അൽപദൂരത്തുള്ള സുഹൃത്തിനെ വിളിക്കണം. അവൻ ഒരുങ്ങി ഇങ്ങെത്തുമ്പോഴെക്കും ചുരുങ്ങിയതു രണ്ടു മണിക്കൂറെങ്കിലും ആകും. അൽപനേരം എന്തു ചെയ്യണം എന്നാലോചിച്ച്‌ അവിടെ തന്നെ നിന്നു.

എന്റെ പരുങ്ങൽ കണ്ടിട്ടാണൊ എന്തൊ പള്ളിയിൽ നിന്നും ഇറങ്ങി മുന്നോട്ടു പോയ ഒരു കാർ റിവേഴ്സ്‌ ഗിയറിൽ വന്നു ബസ്‌ സ്റ്റൊപ്പിന്റെ മുന്നിൽ നിർത്തി, പാസഞ്ജർ സയിഡിലെ വിൻഡോ തുറന്നു ചൊദിച്ചു.
"എന്തു പറ്റി?"

ഉള്ളിലേക്കു നൊക്കി. എകദേശം സമപ്രായക്കാരനായ ഒരു കറുത്ത വർഗ്ഗക്കാരൻ. റ്റൈയ്യും കോട്ടുമെല്ലാമുൾപെടെ ഭംഗിയായ വസ്ത്രധാരണം.

"ഒന്നുമില്ല.. ഞാൻ ബസിനു വെയ്റ്റ്‌ ചെയ്യുകയാണു". വിക്കി വിക്കി മറുപടി നൽകി.

"ഓ ഇനി ഇപ്പോഴൊന്നും ബസുണ്ടെന്നു തോന്നുന്നില്ല. എവിടെയാണു താമസിക്കുന്നത്‌?"

സ്ഥലം പറഞ്ഞുകൊടുത്തു.

അയാൾ ഒരു നിമിഷം ആലോചിച്ചു.

"കമൊൺ ഇൻ. ഞാൻ കൊണ്ടു വിടാം."

ദൈവമെ.. എന്തു ചെയ്യും? പോകണൊ വേണ്ടയൊ..ഒരു വശത്ത്‌ തണുപ്പു സഹിക്കാൻ കഴിയുന്നില്ല. മറുവശത്ത്‌ ഒരു പരിചയമില്ലാത്ത ആളുടെ ലിഫ്റ്റ്‌ എങ്ങനെ വാങ്ങും? സുഹൃത്തിന്റെ ഉപദേശം വീണ്ടും വീണ്ടും ഓർമയിൽ വന്നു.

"സാരമില്ല.. ഞാൻ വെയ്റ്റ്‌ ചെയ്തോളാം"

"നോ.. ഇപ്പൊ ഭയങ്കര തണുപ്പാണു..നൂമോണിയ പിടിക്കാൻ ഇതു മതി.. കമോൺ.. സത്യത്തിൽ നിങ്ങൾ പള്ളിയിൽ നിൽക്കുന്നത്‌ ഞാൻ കണ്ടായിരുന്നു"

ആളെ ഒന്നു കൂടി നോക്കി. മാന്യന്റെ എല്ലാ ലക്ഷണവുമുണ്ടു. ഉള്ള ധൈര്യമെല്ലാം സംഭരിച്ചു കാറിൽ കയറി. അധികമൊന്നും മിണ്ടിയില്ല. ചൊദിച്ചതിനെല്ലാം എന്തൊക്കെയോ ഉത്തരം നൽകി ഒരു വിധം വീടെത്തിയപ്പോഴാണു ശ്വാസം നേരേ വീണത്‌. നന്ദി പറഞ്ഞു ഇറങ്ങാൻ നേരം ചൊദിച്ചു

"ഇവിടെ അടുത്തണോ താമസിക്കുന്നത്‌"

സ്ഥലം പറഞ്ഞു.

"ഓകെ സീ യൂ ലേറ്റർ ദെൻ.." തിരിച്ചു പോകുന്ന കാറിൽ നിന്നും അയാൾ കൈ വീശി.

കാർ കണ്മുന്നിൽ നിന്നും മറഞ്ഞപ്പോൾ ആലോചിച്ചു. അയാൾ പറഞ്ഞ സ്ഥലത്തേക്കു പള്ളിയിൽനിന്നും നേരെ എതിർദിശയിലേക്കല്ലെ പോകേണ്ടത്‌. അപ്പോൾ ഇയാൾ ഇത്ര ദൂരം വന്നത്‌ ഒരു പരിചയവുമില്ലാത്ത എന്നെ വീട്ടിൽ കൊണ്ടാക്കാൻ മാത്രമാണൊ? ആ സംശയം ഇന്നും ബാക്കി.

എങ്കിലും വർഷങ്ങൾക്കുമുൻപു വെളുത്ത മഞ്ഞു മൂടികിടന്ന ഒരു പ്രഭാതത്തിൽ കൈ വീശി കണ്മറഞ്ഞു പോയ ആ കറുത്ത മനുഷ്യൻ ഒരു സംശയം തീർത്തു.

"നന്മക്കും നല്ല മനുഷ്യർക്കും നിറം ഒന്നേയുള്ളൂ".

Sunday, May 10, 2009

അരവണ്ടി



റേഷൻ മണ്ണെണ്ണ വാങ്ങുക,അരിയും ഗോതമ്പും പൊടിപ്പിക്കുക, ഈസ്റ്ററിനോ ക്രിസ്തുമസിനൊ കള്ളു വാങ്ങാൻ പോകുക, ഇങ്ങനെയുള്ള അവസരങ്ങളിലായിരിക്കും മിക്കവാറും അരവണ്ടി (അരസൈക്കിൾ) വാടകക്കെടുക്കുക. ചുവന്ന നിറത്തിൽ സാധാരണ സൈക്കിളിന്റെ ഏകദേശം പകുതി വരും അരവണ്ടി. മുമ്പു പറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം വീട്ടിൽ നിന്നും ഏകദേശം ഒരു 15 മിനിറ്റ്‌ നടക്കണം. ഈ കഷ്ടപാട്‌ ഒഴിവാക്കാനാണു അരവണ്ടിയെടുക്കുന്നത്‌. ഈ സെറ്റപ്പിന്റെ ഒരു കുഴപ്പം, അരവണ്ടി വാടകക്കെടുക്കാൻ ഒരു ഇരുപതു മിനിറ്റ്‌ നേരെ എതിർ വശത്തേക്കു നടക്കണമെന്നതാണു. പോരാത്തതിനോ കള്ളും മണ്ണെണ്ണയും വാങ്ങാൻ പോകാൻ രണ്ടു പേരു വേണം താനും; ഒരാൾ സൈക്കിൾ ഓടിക്കാനും ഇനി ഒരാൾ മണ്ണെണ്ണക്കുപ്പിയുമായി പിന്നാലെ ഓടാനും! ഓടിക്കുന്ന പുള്ളി പുതിയതാണെങ്കിൽ പിറകെ ഓടുന്ന സഹായി ഇടക്കു ഒരു കൈ താങ്ങുകയും വേണം.

പയ്യൻസിനെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുകയാണു. വളരെ ബുദ്തിമുട്ടിയിട്ടാണു ട്രെയിനിംഗ്‌ വീൽ ഊരാൻ സമ്മതിച്ചത്‌. ബാലൻസ്‌ കിട്ടാൻ ഒരു കൈ പിടിച്ചു പിന്നാലെ ഓടുമ്പോഴാണു പഴയ അരവണ്ടിയെ കുറിച്കു ഓർമ്മ വന്നത്‌. പിൻപിൽ ഒരു കൈ താങ്ങിയവരെപറ്റി.

"ഹാന്റിലിൽ നോക്കാതെ ദൂരേക്കു നോക്കൂ.. ഇല്ലെങ്കിൽ താഴെ വീഴും."

പണ്ടു പഠിച്ച പാഠം ഒന്നോർമ്മിപ്പിച്ചു. റോഡിന്റെ ഒരു വശത്തായി നിരപ്പായി നീണ്ടുകിടക്കുന്ന നടപ്പാതയിലാണു പഠനം. പാതയുടെ ഇരുപുറവും ചെത്തി മിനുക്കിയിട്ടിരിക്കുന്ന പുല്ലുള്ളതുകൊണ്ടു വീണാലും ഒന്നും സംഭവിക്കില്ല. എങ്കിലും വേവലാതി. ഒറ്റക്കു ഓടിച്ചു പോകുന്ന വരെ കാണുമായിരിക്കും ഈ ആശങ്ക! അതൊ ജീവിതകാലം മുഴുവൻ കാണുമൊ?

ആദ്യമായി ഒറ്റക്കു സൈക്കിൾ ഓടിച്ച ദിവസം. പിന്നാലെ ഓടാൻ സഹായികളെ ആരും അന്നു കിട്ടിയില്ല. ഇടവഴിയിൽ വളവു തിരിഞ്ഞു ചെന്നപ്പൊൾ ദൂരെ നിന്നെ വരുന്നതു കണ്ടു, പരിചയമിലാത്ത ഒരു മുഖം. അൽപം പ്രായം ചെന്ന ഒരമ്മച്ചി. വഴിയിൽ ആളെ കണ്ടാൽ അപ്പോഴെ തുടങ്ങും അങ്കലാപ്പു. ഒഴിഞ്ഞു മാറി പോണം എന്നു കരുതി വെട്ടിച്ചു വെട്ടിച്ചു നെരെ സൈക്കിൾ കൊണ്ടു കയറ്റിയത്‌ അമ്മച്ചിയുടെ കാൽമുട്ടിൽ. മുള്ളുവേലിക്കിടയിൽ, വീണിടത്തു നിന്നും മുട്ടൻ ചീത്ത പറഞ്ഞു അവരു എഴുന്നേറ്റു വന്നപ്പോഴെക്കും സൈക്കിളുമായി ഓടി. പിന്നെ അറിഞ്ഞു.. ആരൊ അവരെ പറഞ്ഞു സമധാനിപ്പിച്ചു.. അത്‌ ഇന്ന ഇന്ന ഇടത്തെ പയ്യനാണെന്നു. അങ്ങനെ അപ്പനമ്മമാരുടെ ലേബലിൽ അന്നു രക്ഷപെട്ടു. താനേ പറക്കുന്നതുവരെ അവരുടേതാണല്ലൊ ലേബൽ!

പിറകിൽ നിന്നും പതുക്കെ കൈയ്യെടുത്തു നോക്കി. തന്നെ പോകുന്നുണ്ടു. ഇടത്തൊട്ടു അൽപം ചരിഞ്ഞാണു ചവിട്ടുന്നത്‌. അതു കുഴപ്പമില്ല. ശരിയായിക്കൊള്ളും. ഒരിക്കൽ ബാലൻസ്‌ ആയികഴിഞ്ഞാൽ പിന്നെ പിറകെ ഓടേണ്ട കാര്യമില്ല. കൈത്താങ്ങിന്റെ ആവശ്യവും വരില്ല.

"ഡാഡീ ..പിടിക്കണേ.."

"ആ ഡാഡി പിടിച്ചിട്ടുണ്ട്‌....നേരെ.. നേരേ നോക്കി പോ..പതുക്കെ" പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.

മനസ്സിൽ പറഞ്ഞതിങ്ങനെ..

"ഡാഡി എത്ര ദൂരം വേണമെങ്കിലും ഒരു കൈത്താങ്ങായി പിന്നാലെ ഓടാം. നീ എന്നും ഒരു കുഞ്ഞായി, ഈ കൊഞ്ചലും കുസ്രുതിത്തരങ്ങളുമായി ഇവിടെ ഇങ്ങനെ കുട്ടിവണ്ടിയുമോടിച്ചു നടക്കുകയാണെങ്കിൽ.. ഈ നിമിഷം ഒരു നിശ്ചലചിത്രം പൊലേ ഇങ്ങനെ എന്നും നിൽക്കുകയാണെങ്കിൽ.. പക്ഷെ ഡാഡി പിടി വിട്ടല്ലേ ഒക്കൂ .. നിനക്കു നിന്റേതായ വേഗത്തിൽ പോകാൻ."