Monday, April 27, 2009

പന്തുകളിയുടെ മനശാസ്ത്രങ്ങൾഏറേ വർഷങ്ങൾക്കു മുമ്പ്‌ അപ്പനു അടിക്കാൻ കഴിയാതെ പോയ ഗോളുകൾ മോനെങ്കിലും അടിക്കട്ടെ എന്നുള്ള ഉള്ളിലിരിപ്പായിരിക്കാം കാരണം. ഏതായാലും സോക്കറിനു പ്രാക്റ്റിസു കൊടുക്കുന്ന സ്ഥലം തേടിപ്പിടിച്ചു പയ്യനെ കൊണ്ടു ചേർത്തു.


പളപളാ മിന്നുന്ന ജെർസ്സിയും, സോക്കർ ക്ലീറ്റ്സും, ഷിൻ ഗാർഡും എല്ലാം മുന്തിയതു തന്നെ വാങ്ങി. ഇനിയിപ്പോ അതിന്റെ പോരായ്മ കൊണ്ടു അടിക്കുന്ന ഗോളിന്റെ എണ്ണം കുറയണ്ട.

ആദ്യ ദിവസത്തെ പ്രാക്റ്റീസിനു, ഓഫീസിൽ നിന്നും അൽപം നേരത്തെ ഇറങ്ങി,സോക്കർ സാമഗ്രികളെല്ലാം ഫിറ്റ്‌ ചെയ്തു ക്രുത്യ സമയത്തു തന്നെ കൊണ്ടെത്തിച്ചു. ഏകദേശം ആറു ആറരയടി പൊക്കമുള്ള ആളാണു കോച്ച്‌. അൽപനേരം കാര്യങ്ങളെല്ലാം വിശദീകരിച്ചു, പന്ത്‌ തട്ടുന്ന പല വിധങ്ങൾ കാണിച്ചുകൊടുത്തു. പിന്നെ കുഞ്ഞുങ്ങളെ രണ്ടു റ്റീമായി തിരിച്ചു കളി തുടങ്ങി. എല്ലാരും പന്തിന്റെ പിറകേ തേനീച്ചക്കൂട്ടം പോലെ ഒരേ നെട്ടൊട്ടം. നമ്മുടെ ഭാവി ഗോളടി വീരൻ മാത്രം കളിക്കളത്തിന്റെ ഒരു വശം മാറി എല്ലാം നിരീക്ഷിച്ചു പടവലത്തിനു ഏറ്റം കുത്തിയ മട്ടു ഒരേ നിൽപ്പാണു. അടുത്ത കാലത്തൊന്നും മെയ്യനക്കാനുള്ള ഒരു ലക്ഷണവും കാണാനില്ല.

അൽപനേരം കളിക്കിടയിൽ എങ്ങനെയോ വഴി തെറ്റി പന്ത്‌ അതിലേ ഉരുണ്ടുവരവായി. മമ്മദ്‌ മലക്കുപോയില്ലേൽ മല ഇങ്ങൊട്ടു വരുമെന്ന പറഞ്ഞ പോലേ പന്ത്‌ പയ്യനെ തേടി നേരേ കാൽചുവട്ടിലേക്കു. ശരി, ഇപ്പൊഴെങ്കിലും കളി തുടങ്ങുമെന്നു കരുതി ആകാംക്ഷയോടെ നോക്കി. ഏതായാലും പുള്ളി പന്തൊന്നു തടുത്തിട്ടു! തടുത്ത പാടെ പാഞ്ഞു വരുന്നു എതിർ റ്റീമിലെ മറ്റൊരുവൻ. ഇതാ എടുത്തൊ എന്ന മട്ടിൽ, ദാനവീരനായ കർണന്റെ കണക്കു, നമ്മുടെ കക്ഷി വഴി മാറി നിന്നു മറ്റേ പയ്യനു സൗകര്യമാക്കി കൊടുത്തു. കളി അവസാനിക്കുമ്പോൾ പതിനഞ്ചു മിനിറ്റിനിടയിൽ പന്തു തൊട്ടതു ഒറ്റ തവണ!

വൈകിട്ടു അനുനയത്തിൽ ചോദിച്ചു. "മോനെ .. പന്തിന്റെ പിറകെ ഓടി ഓടി അടിക്കണ്ടെ? നിന്റെ കയ്യിൽ കിട്ടിയ പന്ത്‌ നീ മറ്റേ റ്റീമുകാരനു വിട്ടുകൊടുത്തതെന്തെ?"

ഉത്തരം റെഡിയായിരുന്നു.

"ഡാഡീ.. ഡാഡിയല്ലേ എപ്പോഴും പറയണതു എല്ലാം ഷെയർ ചെയ്യാൻ.. അതാണു ഞാൻ പന്തു കൊടുത്തതു."

ഒരു നിമിഷം ആലോചിച്ചു. തിരുത്തണോ വേണ്ടയോ?

6 comments:

വികടശിരോമണി said...

ലോകം മുഴുവൻ ഷെയറുചെയ്യാൻ പറ്റിയവരല്ലെന്നും,ചിലതൊക്കെ നാം ഒറ്റക്കു പിടിച്ചടക്കേണ്ടതാണെന്നും ആ കൊച്ചുമിടുക്കൻ പിന്നീടു മനസ്സിലാക്കിക്കോളും.
പക്ഷേ,അവനിഷ്ടമല്ലാത്ത കാര്യങ്ങളിൽ നമ്മുടെ ആഗ്രഹങ്ങൾ അടിച്ചേൽ‌പ്പിക്കരുതെന്നു നാം മനസ്സിലാക്കുക കൂടി വേണം.

ധൃഷ്ടദ്യുമ്നൻ said...

വികടശിരോമണി പറഞ്ഞതിനോട്‌ യോജിക്കുന്നു..അവർക്ക്‌ താത്പര്യമില്ലാത്തകാര്യങ്ങൾ ചെയ്യിപ്പിക്കാതിരിക്കുന്നതാ നല്ലത്‌...

lakshmy said...

ഹ ഹ. കുഴപ്പത്തിലായി :)

ബിനോയ് said...

ഹ.. ഹാ.. അച്ഛന്‍ പണ്ട് ഗോളടിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് ഇപ്പം മനസ്സിലായി :)

Shaju Joseph said...

കമന്റുകള്‍ക്ക് നന്ദി!

അരുണ്‍ കായംകുളം said...

ദാ കിടക്കുന്നു.
വാട്ട് എ ക്യൊസ്റ്റ്യന്‍