Sunday, May 10, 2009
അരവണ്ടി
റേഷൻ മണ്ണെണ്ണ വാങ്ങുക,അരിയും ഗോതമ്പും പൊടിപ്പിക്കുക, ഈസ്റ്ററിനോ ക്രിസ്തുമസിനൊ കള്ളു വാങ്ങാൻ പോകുക, ഇങ്ങനെയുള്ള അവസരങ്ങളിലായിരിക്കും മിക്കവാറും അരവണ്ടി (അരസൈക്കിൾ) വാടകക്കെടുക്കുക. ചുവന്ന നിറത്തിൽ സാധാരണ സൈക്കിളിന്റെ ഏകദേശം പകുതി വരും അരവണ്ടി. മുമ്പു പറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം വീട്ടിൽ നിന്നും ഏകദേശം ഒരു 15 മിനിറ്റ് നടക്കണം. ഈ കഷ്ടപാട് ഒഴിവാക്കാനാണു അരവണ്ടിയെടുക്കുന്നത്. ഈ സെറ്റപ്പിന്റെ ഒരു കുഴപ്പം, അരവണ്ടി വാടകക്കെടുക്കാൻ ഒരു ഇരുപതു മിനിറ്റ് നേരെ എതിർ വശത്തേക്കു നടക്കണമെന്നതാണു. പോരാത്തതിനോ കള്ളും മണ്ണെണ്ണയും വാങ്ങാൻ പോകാൻ രണ്ടു പേരു വേണം താനും; ഒരാൾ സൈക്കിൾ ഓടിക്കാനും ഇനി ഒരാൾ മണ്ണെണ്ണക്കുപ്പിയുമായി പിന്നാലെ ഓടാനും! ഓടിക്കുന്ന പുള്ളി പുതിയതാണെങ്കിൽ പിറകെ ഓടുന്ന സഹായി ഇടക്കു ഒരു കൈ താങ്ങുകയും വേണം.
പയ്യൻസിനെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുകയാണു. വളരെ ബുദ്തിമുട്ടിയിട്ടാണു ട്രെയിനിംഗ് വീൽ ഊരാൻ സമ്മതിച്ചത്. ബാലൻസ് കിട്ടാൻ ഒരു കൈ പിടിച്ചു പിന്നാലെ ഓടുമ്പോഴാണു പഴയ അരവണ്ടിയെ കുറിച്കു ഓർമ്മ വന്നത്. പിൻപിൽ ഒരു കൈ താങ്ങിയവരെപറ്റി.
"ഹാന്റിലിൽ നോക്കാതെ ദൂരേക്കു നോക്കൂ.. ഇല്ലെങ്കിൽ താഴെ വീഴും."
പണ്ടു പഠിച്ച പാഠം ഒന്നോർമ്മിപ്പിച്ചു. റോഡിന്റെ ഒരു വശത്തായി നിരപ്പായി നീണ്ടുകിടക്കുന്ന നടപ്പാതയിലാണു പഠനം. പാതയുടെ ഇരുപുറവും ചെത്തി മിനുക്കിയിട്ടിരിക്കുന്ന പുല്ലുള്ളതുകൊണ്ടു വീണാലും ഒന്നും സംഭവിക്കില്ല. എങ്കിലും വേവലാതി. ഒറ്റക്കു ഓടിച്ചു പോകുന്ന വരെ കാണുമായിരിക്കും ഈ ആശങ്ക! അതൊ ജീവിതകാലം മുഴുവൻ കാണുമൊ?
ആദ്യമായി ഒറ്റക്കു സൈക്കിൾ ഓടിച്ച ദിവസം. പിന്നാലെ ഓടാൻ സഹായികളെ ആരും അന്നു കിട്ടിയില്ല. ഇടവഴിയിൽ വളവു തിരിഞ്ഞു ചെന്നപ്പൊൾ ദൂരെ നിന്നെ വരുന്നതു കണ്ടു, പരിചയമിലാത്ത ഒരു മുഖം. അൽപം പ്രായം ചെന്ന ഒരമ്മച്ചി. വഴിയിൽ ആളെ കണ്ടാൽ അപ്പോഴെ തുടങ്ങും അങ്കലാപ്പു. ഒഴിഞ്ഞു മാറി പോണം എന്നു കരുതി വെട്ടിച്ചു വെട്ടിച്ചു നെരെ സൈക്കിൾ കൊണ്ടു കയറ്റിയത് അമ്മച്ചിയുടെ കാൽമുട്ടിൽ. മുള്ളുവേലിക്കിടയിൽ, വീണിടത്തു നിന്നും മുട്ടൻ ചീത്ത പറഞ്ഞു അവരു എഴുന്നേറ്റു വന്നപ്പോഴെക്കും സൈക്കിളുമായി ഓടി. പിന്നെ അറിഞ്ഞു.. ആരൊ അവരെ പറഞ്ഞു സമധാനിപ്പിച്ചു.. അത് ഇന്ന ഇന്ന ഇടത്തെ പയ്യനാണെന്നു. അങ്ങനെ അപ്പനമ്മമാരുടെ ലേബലിൽ അന്നു രക്ഷപെട്ടു. താനേ പറക്കുന്നതുവരെ അവരുടേതാണല്ലൊ ലേബൽ!
പിറകിൽ നിന്നും പതുക്കെ കൈയ്യെടുത്തു നോക്കി. തന്നെ പോകുന്നുണ്ടു. ഇടത്തൊട്ടു അൽപം ചരിഞ്ഞാണു ചവിട്ടുന്നത്. അതു കുഴപ്പമില്ല. ശരിയായിക്കൊള്ളും. ഒരിക്കൽ ബാലൻസ് ആയികഴിഞ്ഞാൽ പിന്നെ പിറകെ ഓടേണ്ട കാര്യമില്ല. കൈത്താങ്ങിന്റെ ആവശ്യവും വരില്ല.
"ഡാഡീ ..പിടിക്കണേ.."
"ആ ഡാഡി പിടിച്ചിട്ടുണ്ട്....നേരെ.. നേരേ നോക്കി പോ..പതുക്കെ" പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.
മനസ്സിൽ പറഞ്ഞതിങ്ങനെ..
"ഡാഡി എത്ര ദൂരം വേണമെങ്കിലും ഒരു കൈത്താങ്ങായി പിന്നാലെ ഓടാം. നീ എന്നും ഒരു കുഞ്ഞായി, ഈ കൊഞ്ചലും കുസ്രുതിത്തരങ്ങളുമായി ഇവിടെ ഇങ്ങനെ കുട്ടിവണ്ടിയുമോടിച്ചു നടക്കുകയാണെങ്കിൽ.. ഈ നിമിഷം ഒരു നിശ്ചലചിത്രം പൊലേ ഇങ്ങനെ എന്നും നിൽക്കുകയാണെങ്കിൽ.. പക്ഷെ ഡാഡി പിടി വിട്ടല്ലേ ഒക്കൂ .. നിനക്കു നിന്റേതായ വേഗത്തിൽ പോകാൻ."
Subscribe to:
Post Comments (Atom)
5 comments:
നന്നായി പറഞ്ഞിരിക്കുന്നു...
നേരെ...
നേരേ നോക്കി പോ...
പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അറിയാതെ കൈ വിട്ടു പിറകെ നടക്കുകയും പിടിച്ചില്ലെന്നറിയുമ്പോള് പേടിച്ചു വീഴുകയും ചെയ്ത സൈക്കിള്‍ പഠനം..
നേരേ നോക്കി പോ..പതുക്കെ
ഡാഡി പിടി വിട്ടല്ലേ പറ്റൂ.. നിനക്കു നിന്റേതായ വേഗത്തില്‍ പോകാന്‍..
അരവണ്ടിക്ക് മണിക്കൂറിന് ഒരു രൂപ വാടക സംഘടിപ്പിക്കാന്‍ കരഞ്ഞിരുന്നത് കുറച്ചൊന്നുമല്ല...
nannayittundu
Post a Comment