Tuesday, August 25, 2009

ചില ചെറിയ പരീക്ഷണങ്ങൾ




"നാളെ മധുസൂദനൻനായരുടെ കവിത കേൾക്കാൻ പോകുന്നില്ലേ?" വൈകുന്നേരം ഹോസ്റ്റലിനടുത്ത ചെമ്മൺ പാതയിലൂടെ നടക്കാൻ ഇറങ്ങിയപ്പൊൾ സുഹ്രുത്ത്‌ ചോദിച്ചു.


"നാളെയോ?.. മധുസൂദനൻനായരോ? ഞാനറിഞ്ഞില്ലല്ലോ."



"നല്ല കൂത്ത്‌. രാപകൽ നാറണത്തു ഭ്രാന്തനും പാടി ഹോസ്റ്റലിൽ മനുഷ്യനെ കെടക്കാൻ സമ്മതിക്കാത്ത നീ അറിഞ്ഞില്ലെന്നോ?" സുഹ്രുത്തിനു അതിശയം.


'നാളെ? ശെടാ.. ഇതൊരു പരീക്ഷണമായിപ്പോയല്ലോ." ഞാൻ സ്വയം പറഞ്ഞു.


"ഊം ..എന്തു പറ്റി.. എന്തു പരീക്ഷണം?"


"അല്ല..നാളെ വേറോരു പ്രോഗ്രാമുണ്ടായിരുന്നു".


"എന്തു പ്രോഗ്രാം?'


'ഒ.. ഒന്നുമില്ല. ഒരിടം വരെ പോകാണുണ്ട്‌' അവനോടു പറഞ്ഞൊഴിഞ്ഞു. അല്ലെങ്കിലും അവനറിയാതിരിക്കുന്നതാണു നല്ലത്‌. അറിഞ്ഞാൽ പിന്നെ ഹോസ്റ്റലിൽ കിടക്കപ്പൊറുതി കിട്ടില്ല!


--


ഓണാവധി കഴിഞ്ഞു വീട്ടിൽ നിന്നും കോളേജിലേക്കു മടങ്ങുകയായിരുന്നു. പതിവിനു വിപരീതമായി ചാലക്കുടിയിൽ നിന്നും കയറുമ്പോൾ ട്രെയിനിൽ ആളു നന്നെ കുറവ്‌. ഇരിക്കാൻ വേണ്ട സ്ഥലം. ബാഗ്ഗെല്ലാം ഒതുക്കി വച്ചു സ്വസ്ഥമായിട്ടൊരിടത്തു ഇരുന്നു കഴിഞ്ഞപ്പൊഴാണു അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നവരെ ശ്രദ്തിച്ചത്‌. രണ്ടു പെൺകുട്ടികൾ. കോളേജിൽ പഠിക്കുന്നതായിരിക്കണം. സാധനങ്ങൾ കുത്തി നിറച്ച ബാഗ്ഗെല്ലം അടുത്തു തന്നെയുണ്ട്‌. കൂടെ ആരും ഉള്ള മട്ടില്ല. ഏതായാലും ഒന്നു പരിചയപ്പെട്ടിരിക്കാമെന്നു കരുതി ഉള്ള ധൈര്യമെല്ലാം എടുത്തു ചോദിച്ചു.


"എവിടേക്കാ"


കൂട്ടത്തിൽ അൽപം മുതിർന്നത്തെന്നു തോന്നുന്ന കുട്ടി അൽപം സങ്കോചത്തൊടെ സ്ഥലം പറഞ്ഞു. മധ്യ തിരുവിതാംകൂറിലെ ഒരിടം.


"അവിടെ?"


"അവിടെ കോളേജിൽ സെക്കന്റ്‌ ഇയർ ഡിഗ്രീക്ക്‌ പഠിക്കുന്നു." .


"ഞാനും കോളേജിലേക്കാണ്‌ . കൊല്ലത്ത്‌" ഞാൻ പറഞ്ഞു.


അവരുടെ സങ്കോചം തെല്ലൊന്നയഞ്ഞു. മലബാറുകാരാണ്‌. അടുത്തൊന്നും കോളേജില്ലാത്തതു കൊണ്ട്‌ പപ്പയുടെ സ്വന്തം സ്ഥലത്ത്‌ കോളേജിൽ ആക്കിയിരിക്കുകയാണ്‌. കൂടെയുള്ളത്‌ കസിൻ. അതേ കോളെജിൽ പ്രീ-ഡിഗ്രീക്ക്‌ പഠിക്കുന്നു. സാധാരണ ഗതിയിൽ കൊണ്ടുവിടാൻ ആരെങ്കിലും കൂടെ കാണാറുണ്ട്‌. ഇതാദ്യമായാണ്‌ രണ്ടു പേരും മാത്രമായി യാത്ര ചെയ്യുന്നത്‌. അതിന്റെ ചെറിയൊരു പരിഭ്രമവും.


മിണ്ടാൻ തുടങ്ങിയ വിമുഖത മിണ്ടിതുടങ്ങികഴിഞ്ഞപ്പോൾ പാടെ നീങ്ങി. മൂന്നോ നാലോ മണിക്കൂറിനിടയിൽ കോളേജ്‌, നാട്‌, നാട്ടുകാർ, ടീച്ചർമാർ അങ്ങനെ അങ്ങനെ ചെറിയ മലബാർ ചുവയിൽ പറഞ്ഞു തീരാത്ത വിശേഷങ്ങളുണ്ടായിരുന്നില്ല.


ഒടുവിൽ അവർക്കിറങ്ങേണ്ട സ്റ്റേഷനെത്തി.


"ഇനിയെവിടെ വച്ചെങ്കിലും കാണാം". അവൾ മെല്ലെ പറഞ്ഞു, ഇനി ഒരു പക്ഷെ ഒരിക്കലും കാണില്ലെന്നറിഞ്ഞിട്ടും.


വണ്ടിയിൽനിന്നും ഇറങ്ങി, പ്ലാറ്റ്ഫോമിൽ നിന്നും തിളങ്ങുന്ന കണ്ണുകളുമായി അവൾ കൈ വീശി. വണ്ടി മറയുന്നതുവരെ.


--


കോളേജിൽ ചെന്നു രണ്ടാം ദിവസം പറഞ്ഞ ഹോസ്റ്റലിന്റെ പേരു വച്ചു ഒരുദ്ധേശം മേല്‌വിലാസത്തിൽ ഒരു കത്തു വിട്ടു. ഹോസ്റ്റലിൽ വാർഡൻ വളരെ സ്റ്റ്രിക്റ്റ്‌ ആണെന്നു പറഞ്ഞതു കൊണ്ടു മറുപടി പ്രതീക്ഷിച്ചല്ല വിട്ടത്‌. പക്ഷെ എന്നെ അൽഭുതപെടുത്തികൊണ്ട്‌ ഒരാഴ്ച കഴിഞ്ഞപ്പൊൾ വടിവൊത്ത കയ്യക്ഷരത്തിൽ മറുപടി വന്നു. ഏതാനും വരികളിൽ ക്ലാസ്സുകൾ തുടങ്ങിയെന്നും അവിടെ സുഖമെന്നും മാത്രം എഴുതിയിരുന്നു.


പിന്നെ രണ്ടൊ മൂന്നോ കത്തുകളിൽ ഞാൻ എന്റെ സെമെസ്റ്റർ വിശേഷങ്ങളും ഹോസ്റ്റലിലെ അടിപൊളികളും രാത്രിയിലെ സെക്കന്റ്‌ ഷൊ സഞ്ചാരങ്ങളും എല്ലം വിശദമായി എഴുതി. മറുപടി എപ്പൊഴും ഏതാനും വരികളിൽ ഒതുങ്ങി. ഒരു പക്ഷെ ഹോസ്റ്റലിലെ കർശനനിയന്ത്രണമായിരിക്കണം കാരണം.


എങ്കിലും രണ്ടാഴ്ച മുൻപു വന്ന അവസാനത്തെ കത്ത്‌ പതിവിലും അൽപം ദൈർഘ്യമേറിയതായിരുന്നു. എന്തൊ കാര്യത്തിന്‌ യൂണിവേർസിറ്റിയിൽ പോകെണ്ട കാര്യമുണ്ട്‌. അവളും ഒന്നു രണ്ടു കൂട്ടുകാരികളും ഒരുമിച്ചു രാവിലെ തന്നെ പോകാനാണ്‌ പരിപാടി. തിരിച്ചു അന്നു തന്നെ വൈകിട്ടത്തെ ട്രൈയിനിന്‌ മടങ്ങാനും. എഴുത്തിന്റെ അവസാനം NB യിട്ടു ഒരു വരി.


"കൊല്ലത്തു പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കും!".


ഹ്രുദയത്തിൽ ഒരു പെരുമ്പറ കൊട്ടി. ആദ്യമായാണ്‌ ഇങ്ങനെ ഒരാൾ എഴുതുന്നത്‌


ട്രെയിനിന്റെ പേരും സമയവും എല്ലാം എഴുത്തിലുണ്ടായിരുന്നതുകൊണ്ട്‌ വന്ന ഉടനെ മറുപടിയിട്ടു.


"വണ്ടി കൊല്ലത്തെത്തുമ്പൊൾ ഞാൻ ഉണ്ടാകും. സാധിക്കുമെങ്കിൽ വാതിൽക്കൽ നിൽക്കുക. ഞാൻ കണ്ടുപിടിച്ചുകൊള്ളാം".


അങ്ങനെ കാത്തിരുന്ന ആ ദിവസമായിരുന്നു നാളെ.വൈകിട്ട്‌ ട്രെയിൻ സ്റ്റേഷനിൽ പോകുക എന്നുള്ളതായിരുന്നു പരിപാടി. അതിനിടയിലാണ്‌ മധുസൂദൻനായരുടെ കവിതാലാപനം ഒരു പരീക്ഷണമായി വന്നിരിക്കുന്നത്‌.


--


രാവിലെ മുതൽ ചിണുങ്ങണെ പെയ്യണ മഴ. ഉച്ചയായിട്ടും തോരുന്ന ലക്ഷണമില്ല. ഇതുവരെ തീരുമാനിച്ചില്ല. കവിത കേൾക്കാൻ പോണോ അതൊ റെയിൽവേ സ്റ്റേഷനിൽപോണൊ? ഏതായാലും രണ്ടും കൂടി നടക്കില്ല. മൂന്നു മണിയായപ്പോൾ ഒരു പറ്റം ചങ്ങാതിമാർ റെഡിയായി മുറിയിലെത്തി.


"ഡേയ്‌ .. നീ ഇതു വരെ റെഡിയായില്ലെഡെയ്‌".


"അല്ല .. എനിക്കു വേറെ പരിപാടിയുണ്ട്‌".


"എന്തു പരിപാടി? ഈ മഴയത്ത്‌? നീ വാ.. അല്ലേ ഇനി മേലാ ഈ ഹോസ്റ്റലിൽ നിന്റെ കവിതയോ പാട്ടൊ കേൾക്കാൻ പാടില്ല"


"അല്ല .. ഞാൻ.."


"ച്ചേ .. എണീറ്റു വാഡെയ്‌".


പിന്നെ തീരുമാനത്തിന്‌ അധികം താമസമുണ്ടായില്ല.


--


കവിത കഴിഞ്ഞു വന്ന പാടെ പ്ലാറ്റ്ഫോമിൽ വരാൻ കഴിയാത്തതിനു ഒരു നൂറു വട്ടം ക്ഷമ ചോദിച്ചു ഒരു കത്തെഴുതി. സെമെസ്റ്റെറിന്റെ തിരക്കും അസ്സൈൻമന്റും എല്ലാമാണു കാരണം വച്ചതു.
രണ്ടാഴ്ച കാത്തെങ്കിലും ഒരു മറുപടിയുമില്ല. തുടരെ തുടരെ മൂന്നോ നാലോ കത്തെഴുതി. പക്ഷെ പിന്നീടൊരിക്കലും വടിവൊത്ത കയ്യക്ഷരങ്ങളുള്ള മറുപടി മാത്രം വന്നില്ല!


--


ഇന്നു വർഷങ്ങൾക്കുശേഷവും, കണ്ണടച്ചാലും, കോളേജിലെ ക്ലാസ്സുമുറിയിൽ, പത്തമ്പതു പേർക്കു മുമ്പിൽ നിന്നും കൊണ്ട്‌ തെളിമയാർന്ന സ്വരത്തിൽ മധുസൂദനൻനായർ നാറാണത്തു ഭ്രാന്തൻ പാടുന്നതു കാണാം. പക്ഷെ അതോടൊപ്പം, കൊല്ലം റെയിൽവെ സ്റ്റേഷനിൽ ചിന്നി പെയ്യുന്ന മഴയത്ത്‌ നാലുപാടും പരതുന്ന ഒരു മങ്ങിപ്പോയ മുഖം!


ചില പരീക്ഷണങ്ങൾ അങ്ങനെയാണ്‌. ഓർമകളിൽ ഒരു നീറ്റലായി പിന്നെയും പിന്നെയും പരാജയപ്പെടുത്തികൊണ്ടിരിക്കും!





11 comments:

Shaju Joseph said...

എസ്‌. എം. എസും, മിസ്ഡ്‌ കോളും പരക്കുന്നതിനും വളരെ മുൻപത്തെ ഒരു സൗഹ്രുദത്തിന്റെ കഥ..

Melethil said...

ഇങ്ങനെ എത്രയെത്ര അല്ലേ, ഓര്‍ക്കുമ്പോള്‍?

ശ്രീ said...

കൈവിട്ടു പോയ ഒരു നിമിഷത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍... അല്ലേ?

എഴുത്ത് ഇഷ്ടമായി...

സിജു കാളികാടന്‍ said...

നന്നായി. വായിച്ചിരിക്കാന്‍ രസമുണ്ട്.

Shaju Joseph said...

മേലെത്തിൽ, ശ്രീ, കാളികാടൻ അഭിപ്രായങ്ങൾക്ക്‌ നന്ദി!

ramanika said...

ജീവിതം ഇങ്ങനെയാണ് ........ കൈ എത്തും മുന്‍പേ തട്ടി തെറിപിക്കപെടും

Areekkodan | അരീക്കോടന്‍ said...

എഴുത്ത് ഇഷ്ടമായി...

keraladasanunni said...

കവിത പിന്നെ ഒരിക്കല്‍ കേള്‍ക്കാമെന്ന് വെച്ചാല്‍ മതിയായിരുന്നു. പ്ലാറ്റ് ഫോമില്‍ ആകെ പരതിയിട്ട് കാണാതെ വന്നപ്പോള്‍ തോന്നിയ വിഷമവും കാത്ത് നില്‍ക്കുന്ന ആളെ കാണിച്ച് തരാമെന്' കൂട്ടുകാരികള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റാത്തതിലുള്ള വിഷമവും അകല്‍ച്ചക്ക് കാരണമാവാം.
palakkattettan

താരകൻ said...

ഓർമ്മകളോടികളിക്കുവാനെത്തുന്നു ...കൊള്ളാം ഓണാശംസകൾ

Anil cheleri kumaran said...

..ചില പരീക്ഷണങ്ങൾ അങ്ങനെയാണ്‌. ഓർമകളിൽ ഒരു നീറ്റലായി പിന്നെയും പിന്നെയും പരാജയപ്പെടുത്തികൊണ്ടിരിക്കും....
കവിത പിന്നെയുമെത്ര കേൾക്കാം..!!!
പോയ പുത്തി ......ശോ...

നല്ല എഴുത്താണു കേട്ടോ..

jyo.mds said...

Flash back നന്നായിരിക്കുന്നു -