Saturday, June 20, 2009

ലവ്‌ ഇൻ ദി ടൈം ഓഫ്‌ പീച്ച്‌


വർഷങ്ങൾക്കുശേഷമാണ്‌ ഒന്നു രണ്ടു വരികളുമായി പോളിന്റെ ഈമെയിൽ വന്നത്‌.

"ഡീയർ ഷാജു,

ഞാൻ ജൊർജിയായിലേക്കു മടങ്ങി പോന്നു. അൽഭുതം! എന്റെ പഴയ ഹൈസ്കൂൾ സ്വീറ്റ്‌-ഹാർട്ടിനെ അവിചാരിതമായി കണ്ടുമുട്ടി. ഏതാനും വർഷങ്ങളായി ഭർത്താവ്‌ മരിച്ച്‌ അവളും ഒറ്റക്കാണ്‌. മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!

അവിടെ നിങ്ങൾക്കെല്ലാവർക്കും സുഖം തന്നെയെന്ന് കരുതുന്നു. വല്ലപ്പോഴും ഈ വഴി വരുന്നെങ്കിൽ ഞങ്ങളെ സന്ദർശിക്കുക.

ടേക്‌ കേയർ,

പോൾ ജെയ്ംസ്‌ മാർറ്റിൻ"

--

ഏകദേശം ആറരയടിയിൽ മേലെ പൊക്കം കാണും ബിഗ്‌ പോളിന്‌. പൊക്കത്തിനെക്കാൾ ആദ്യം ശ്രദ്ധിക്കുക വണ്ണമാണ്‌. ബ്രിഹത്തായ ശരീരം! പ്രവാസത്തിലെ ആദ്യ ജോലി കിട്ടി ചെന്നു കയറിയത്‌ പോളിന്റെ ഗ്രൂപ്പിലായിരുന്നു. വലിയ ഒരു ഭീമന്റെ മുന്നിൽ ചെന്നുപെട്ട പേടിയായിരുന്നു ആദ്യം. പിന്നെ പിന്നെ മനസ്സിലായി വലിയ ശരീരത്തിന്റെ ഉള്ളിൽ സൗമ്യമായ ഒരു മനസ്സാണെന്ന്‌.ആർക്കും എന്തു സഹായത്തിനും പോളാണ്‌ എന്നും മുൻപിൽ.

ജൊർജിയയാണ്‌ പോളിന്റെ സ്വന്തസ്ഥലം. പീച്ച്‌ പഴങ്ങളുടെ സ്വന്തം നാട്‌. ജൊർജിയായിലെ ഭൂരിഭാഗം വഴികളുടെയും പേരിട്ടിരിക്കുന്നതു പോലും പീച്ചിനെ ചുറ്റിപറ്റിയാണത്രെ."പീച്ച്‌ സ്റ്റ്രീറ്റ്‌, പീച്ച്‌ റോഡ്‌,പീച്ച്‌ ലയ്ൻ,പീച്ച്‌ ബൊളിവാഡ്‌" അങ്ങനെ അങ്ങനെ.സാധാരണ ഗതിയിൽ തെക്കന്മാർക്ക്‌ - ജോർജിയ,അലബാമ തുടങ്ങിയ സ്ഥലത്തുനിന്നും വരുന്നവർക്ക്‌- വർണവിവേചനം കൂടുതലാണെന്നണ്‌ വെപ്പ്‌. പോളിന്റെ കാര്യം നേരെ തിരിച്ചായിരുന്നു. ടീമിൽ പുതിയതായി ജോയിൻ ചെയ്ത ഞങ്ങൾ രണ്ടു 'ബ്രവുണി" കളെ ആദ്യം സൗഹൃദത്തൊടെ സീകരിച്ചതു പോളായിരുന്നു. പുതിയ നാട്ടിലെ രീതികളൂം, ഓഫീസ്‌ കീഴ്‌വഴക്കങ്ങളും എന്തിനു് ബെയ്സ്ബോൾ കളിയുടെ നിയമങ്ങളും വരെ പറഞ്ഞു തന്നത്‌ പോളായിരുന്നു. ഒരു പക്ഷെ ലോകപരിചയമായിരുന്നിരിക്കാം മറ്റുള്ളവരോടു കാണിക്കുന്ന ഈ സൗമനസ്യത്തിനു കാരണം.

"ഞാൻ പോകാത്ത ഭൂഖണ്ടങ്ങളില്ല. കാണാത്ത തരം മനുഷ്യരുമില്ല.". പത്തു പതിനെട്ടു വയസ്സിൽ ഹൈസ്കൂൾ വിദ്യഭ്യാസവും കഴിഞ്ഞു ആർമിയിൽ ഗണ്ണറായി ചെർന്നതാണ്‌ പോൾ. ആർമി ജീവിതത്തിനിടയിൽ കറങ്ങിയതാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും. സൗമ്യനായ ഈ "ജൊർജിയാ ബോയ്‌" ഒരു ഗണ്ണറായിരുന്നു എന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല.

"പോൾ ആരെയെങ്കിലും ഷൂട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ടോ?" ഒരിക്കൽ ചോദിച്ചു.
പോൾ ഒന്നു തുറിച്ചു നോക്കി. മറക്കാൻ ആഗ്രഹിക്കുന്ന എന്തൊ ഒന്ന്‌ ഓർമിപ്പിച്ച മട്ട്‌.

ആർമിയിൽനിന്ന്‌ വിട്ട്‌ ജോലി സംബന്ധമായി ചേക്കേറിയതാണ്‌ വർഷങ്ങളായി നഗരത്തിൽ. ഈ നഗരത്തിൽ വച്ചാണ്‌ കുട്ടികൾ ജനിച്ച്‌ വളർന്ന്‌ അവരവരുടെ സ്വകാര്യതകളിലേക്ക്‌ കൂടുമാറ്റം നടത്തിയത്‌. ഇവിടെ വച്ചുതന്നെയാണ്‌ സുഖങ്ങളിലും ദുഃഖങ്ങളിലും കൂടെയുണ്ടായിരുന്ന ഭാര്യ വിളിച്ചാൽ കേൾക്കാത്ത ഇനിയൊരു ലോകത്തേക്ക്‌ വിട വാങ്ങിയതും. എങ്കിലും വർഷമിത്രയായിട്ടും നഗരത്തിൽ ഇതുവരെ വീടൊന്നുമായില്ല പോളിന്‌. ചോദിച്ചാൽ പറയും.

"ഇവിടെയോ? ഇവിടെ ആരിരിക്കുന്നു? ഒരിക്കൽ ജോർജിയായ്ക്ക്‌ മടങ്ങിപോയി, അവിടെ പീച്ച്മരങ്ങളുടെ നടുക്ക്‌ ഞാൻ ഒരു വീടു വയ്ക്കും".

ഇവിടെ പോളീന്‌ ആരുമില്ലെന്ന് മനസ്സിലായത്‌ ഒരിക്കൽ ആശുപത്രിയിലായപ്പോഴാണ്‌. ആശുപത്രിയിൽ നാലഞ്ചുദിവസം കിടന്നിട്ടും ആകെ കാണാൻ ചെന്നത്‌ കൂടെ ജോലി ചെയ്യുന്ന ഞങ്ങൾ ഒന്നു രണ്ടു പേരു മാത്രം. പ്രായപൂർത്തിയായ പെണ്മക്കൾ രണ്ടുപേരും ദൂരനഗരങ്ങളിൽ നിന്നും ഫോൺ ചെയ്തു കടമ തീർത്തു. ആശുപത്രിയിലെ വെള്ളകിടക്കയിൽനിന്നു് പരസഹായം കൂടതെ എഴുന്നെൽക്കാൻ കഴിയാതെ പോൾ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. അതിനു കണ്ണീരിന്റെ നനവുണ്ടായിരുന്നോ?

ഒരെട്ടുമണിക്കൂർ ഡ്രൈവ്‌ ചെയ്താൽ ജൊർജിയയിൽ എത്തും. എങ്കിലും കൂടെയുണ്ടായിരുന്ന മൂന്നു നാലു വർഷങ്ങളിൽ ഒരിക്കൽപോലും പോൾ അവിടെ പോയതായി പറഞ്ഞതോർമയില്ല.

വർഷങ്ങൾ നാലഞ്ചു കടന്നുപോയി. ജോലി വിട്ട്‌ ഞാൻ ഇനിയൊരു കമ്പനിയിലേക്കു മാറി. വല്ലപ്പൊഴുമൊരിക്കൽ പോളിന്റെ ഇമെയിൽ വരും. പിന്നെ പിന്നെ അതും ഇല്ലാതായി.

--
ഈമെയിൽ ഒന്നുകൂടി വിശ്വാസം വരാതെ വായിച്ചുനോക്കി. "മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!" പോളിനെ ഞാൻ പരിചയപ്പെടുമ്പോൾ ഒരറുപതിനൊടടുത്തു പ്രായം കാണും. ഇന്നു, ഏകദേശം പത്തു വർഷങ്ങൾക്കുശേഷം.. എഴുപതാം വയസ്സിൽ ഒരു കല്യാണം! നോവലുകളിലും പത്രങ്ങളിലും വയസ്സന്മാരുടെ കല്യാണം പലകുറി വായിച്ചപ്പോഴും മനസ്സിൽ ഒരു ചെറിയ പുഞ്ചിരിയായിരുന്നു. ഇന്നു എന്തു വികാരമാണ്‌ തോന്നുന്നതെന്ന്‌ പറഞ്ഞുകൂടാ. ഒന്നറിയാൻ മാത്രം ആകാക്ഷ. അഞ്ചൊ ആറൊ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ ഹൈസ്കൂൾ കുട്ടികളെപ്പോലെ അവരുടെ കണ്ണുകളിൽ ഒരു പൂത്തിരി കത്തിയോ? നെഞ്ചിന്നുള്ളിൽ ഒരു വിറയലോടെ വാക്കുകൾ വീർപ്പുമുട്ടിയോ?

ഏതായാലും ജീവിതത്തിന്റെ പോക്കുവെയിലിൽ, അവിചാരിതമായി കണ്ടെത്തിയ പീച്ച്‌ മരങ്ങളുടെ മധുരതരമായ തണൽ ദീർഘ നാൾ നീണ്ടുനിൽക്കട്ടെ എന്നൊരാശംസ ..ഒരു പഴയ സുഹ്രുത്തിൽ നിന്നും!

Sunday, June 7, 2009

ഒരു യാത്രയുടെ മുറിവുകൾ


ഹാസ്സനിലേക്കെത്താൻ ഒരെൺപതു മൈലുകളോളം കാണും ഭാര്യാവീട്ടിൽനിന്ന്‌.പശ്ചിമഘട്ടങ്ങളിലൂടെയുള്ള യാത്രയായതുകൊണ്ടു വളരെ പതുക്കെ സൂക്ഷിച്ചു വേണം പോകാൻ.യാത്രയിലുടനീളം ഒരു വശം മുഴുവൻ അഗാധമായ ഗർത്തങ്ങൾ. മറുവശത്ത്‌ ചെങ്കുത്തായ പാറകളും. ദിവസങ്ങളായി തകർത്ത്‌ പെയ്ത മൺസൂൺ, ടാറിട്ട റോഡിന്റെ അസ്ഥിവാരം വരെ ഇളക്കിയിട്ടിരിക്കുകയാണ്‌. കയറ്റം കയറി ചെല്ലുന്ന ഓരോ ഹൈർപ്പിൻ വളവിലും വിശ്രമിക്കാനെന്നപോലെ ബ്രൈക്ഡവുണായിക്കിടക്കുന്ന കൂറ്റൻ റ്റാങ്കർ ലോറികൾ. റോഡിൽ വാഹനങ്ങളുടെ എണ്ണം കുറവാകുമെന്നു കരുതി യാത്രയിറങ്ങിയതു ഒരു ഞായറാഴ്ചയായിരുന്നു. ഹാസനിലെത്തിയപ്പോൾ സമയം ഉച്ചക്ക്‌ എകദേശം ഒരു മണി. ചേച്ചിയുടെ അടുത്തെത്താൻ ഇനിയും ഒരു പത്തിരുപത്‌ മൈലുകൂടി പോകണം.

കർണാടകത്തിലെ ഒരു കുഗ്രാമത്തിൽ റ്റീച്ചറാണ്‌ വാമഭാഗത്തിന്റെ കന്യാസ്ത്രീയായ ചേച്ചി. ഒരോ അവധിക്കാല വരവിനും പോയിക്കാണാമെന്നൊർക്കുമെങ്കിലും ഇക്കുറിയാണ്‌ സന്ദർഭം ഒത്തു വന്നത്‌. ഒന്നാമതെ എണ്ണ്ണിചുട്ട അപ്പം പോലെ ലീവും കൊണ്ടാണു വരുന്നത്‌, പോരാത്തതിന്‌ അത്ര എളുപ്പത്തിൽ കുഞ്ഞുങ്ങളെയും കൊണ്ടു പോയി വരാൻ ഒക്കാത്ത സ്ഥലം.

ഹാസ്സൻ വരെയുള്ള വഴി മോശമായിരുന്നെങ്കിലും ഡ്രൈവർക്കു പരിചിതമായിരുന്നു. ഇനിയുള്ള ഒരൊ തിരിവും ആരോടെങ്കിലും ചൊദിച്ചു വേണം പോകാൻ.ഡ്രൈവർക്ക്‌ കന്നഡ അറിയുന്നതുകൊണ്ട്‌ ചോദിക്കുന്നത്‌ ഒരു പ്രശ്നമല്ല. ചൊദിക്കാൻ റോഡിൽ ആരുമില്ലെന്ന ഒരു പ്രശ്നം മാത്രം. വല്ലപ്പോഴുമൊരിക്കൽ മാത്രം നാട്ടിലെപ്പോലത്തെ കൊച്ചുമാടക്കടകൾ. ഇടക്ക്‌, ഇപ്പൊഴും ചാറികൊണ്ടിരിക്കുന്ന മഴയെ തടുക്കാൻ തലക്കുമേലെ വലിയ ഇലകളും കമഴ്ത്തിപിടിച്ചു, ചെളിവെള്ളം കെട്ടികിടക്കുന്ന കുഴികളും കവച്ചു വച്ചു നടക്കുന്ന വഴിപോക്കർ.

അടുത്തെത്താറായെന്നു തോന്നുന്നു. ചേച്ചി പറഞ്ഞു തന്ന അടയാളം പോലെ യാത്ര ചെറിയൊരു കുന്നിന്റെ വശത്തുകൂടെയായി. മറുവശത്തു കായൽ പോലെ വെള്ളം കെട്ടികിടക്കുന്ന താണ പ്രദേശം. ദൂരെ വെള്ളത്തിനു നടുവിൽ മുകളിലെക്കു കാണുന്ന ഒരു കൊച്ചു കുരിശു്. അവിടെ വളരെ കാലം പഴക്കമുള്ള ഒരു പള്ളിയുണ്ടത്രെ. അടുത്ത്‌ അണക്കെട്ടു വന്നപ്പോൾ പള്ളി നിന്ന സ്ഥലം അടക്കം എല്ലാം വെള്ളത്തിനടിയിലായി. ഇപ്പോൾ വർഷകാലത്ത്‌ പള്ളിയുടെ മുഖവാരം മാത്രം അൽപം കാണാം.വേനൽക്കാലത്താണെങ്കിൽ വെള്ളമിറങ്ങിക്കഴിഞ്ഞ്‌, മിക്കവാറും പള്ളി മുഴുവൻ കാണാമത്രെ.

മൂന്നോ നാലോ മുറികളുള്ള, വെളുത്ത ചായം അടിച്ച, ഒരു കൊച്ചു വീടാണു മഠം. അന്തേവാസികളായി നാലു കന്യാസ്ത്രീകൾ. എല്ലാവർക്കും ഏറെ നാളുകൾക്കുശേഷം കണ്ടതിന്റെ സന്തോഷം. കയ്യിലുണ്ടായിരുന്ന ഉപഹാരങ്ങളും വിദേശ ചൊക്കലെറ്റും എല്ലാവർക്കും പങ്കു വച്ചു. അൽപനേരത്തെ ഉപചാരങ്ങൾക്കുശേഷം ചേച്ചി ചൊദിച്ചു,

"കുട്ടികളെ കാണാൻ പോകുന്നൊ?"

"കുട്ടികളൊ? അതിന്‌ ഇന്നു ഞായറാഴ്ച, സ്കൂൾ അവധിയല്ലെ?"

"സ്കൂൾ കുട്ടികളല്ല.. വാ".

ചേച്ചിയോടൊപ്പം വശത്തെ വാതിൽ തുറന്ന്‌, മഴ വകവക്കാതെ പറമ്പിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്കോടി.നനഞ്ഞൊലിച്ച്‌ കയറിചെല്ലുമ്പോൾ അകത്തുനിന്നാരോ വാതിൽ തുറന്നു തന്നു.

വീട്ടിനകത്ത്‌ ഹാളിൽ നിരയായി ഇട്ടിരിക്കുന്ന കൊച്ചു ആട്ടു തൊട്ടിലുകളിൽ, മുകളിൽ മുനിഞ്ഞു കത്തുന്ന ബൾബിനു താഴെ, സുഖമായി ഉറങ്ങുന്ന ആറൊ ഏഴൊ പൊടികുഞ്ഞുങ്ങൾ. ഒന്നു രണ്ടു മാസം മുതൽ ഒരു വയസ്സുവരെ പ്രായം കാണും. ഓമനത്തം തുളുമ്പുന്ന മുഖങ്ങൾ. ഞങ്ങൾ ചെന്ന ബഹളം കേട്ട്‌ അകത്തെ മുറിയിൽ നിന്നും അൽപം കൂടി മുതിർന്ന ഏഴെട്ടു കുട്ടികൾ കൂടി ഇറങ്ങി വന്നു.ഏറ്റവും പ്രായം തോന്നിക്കുന്ന കുട്ടിക്ക്‌ ഒരു നാലു വയസ്സു കാണും. മോന്റെ പ്രായം.

"ഈ കുഞ്ഞുങ്ങൾ?"

"അനാഥകുട്ടികളാണ്‌.." ചേച്ചി പറഞ്ഞു. "എങ്കിലും തീർത്തും അനാഥരെന്നു പറഞ്ഞുകൂടാ. പലരെയും വളർത്താൻ കഴിവില്ലാത്ത അച്ചനമ്മമാർ മഠത്തിന്റെ പടിയിൽ ഉപേക്ഷിച്ചു പോകുന്നതാണ്‌. വർഷത്തിൽ രണ്ടോ മൂന്നൊ കുഞ്ഞുങ്ങളെ ഇങ്ങനെ കിട്ടും."

ദൈവമേ ..സ്വന്തം കുഞ്ഞുങ്ങളെ ഇങ്ങനെ ഉപേക്ഷിക്കാൻ ആർക്ക്‌ തോന്നും? മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു. കയ്യിൽ കൊടുക്കാൻ ഒന്നുമില്ല. കൊണ്ടുവന്ന വിദേശസാധനങ്ങളെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. പ്രതീക്ഷയോടെ കുട്ടികൾ. ഡ്രൈവറെയും കൂട്ടി പുറത്തിറങ്ങി, വരുമ്പോൾ കണ്ടിരുന്ന ഒരു ചെറിയ മാടക്കടയിലേക്കു പോയി.ആകെയുള്ളത്‌ ചവക്കുമ്പോൾ പല്ലു മുഴുവൻ ഒട്ടി പിടിക്കുന്ന ഒരു തരം കറുത്ത മിഠായി.മിഠായിയും ബിസ്കറ്റുമായി ചെല്ലുമ്പോൾ കുട്ടികൾക്കു അമ്പിളിമാമനെ കിട്ടിയ സന്തോഷം. വരാനിരിക്കുന്ന ജീവിതയാഥാർത്ത്യങ്ങളുടെ ആകാംക്ഷകളില്ലാതെ കിട്ടിയ ബിസ്കറ്റും കഴിച്ച്‌ കളിച്ചുമറിയുന്ന കുട്ടികൾ. ഇവരുടെ ജീവിതത്തിലെ കണ്ണീരിന്റെ കാലവർഷത്തിന്റെ തോർച്ച എന്നായിരിക്കും?

"വെള്ളത്തിൽ മുങ്ങിയ പള്ളി കാണാൻ പോകുന്നൊ? ഇതിലേ ഒരു ഷോർട്‌ കട്ടുണ്ടു" തിരിച്ചിറങ്ങാൻ നേരം ചേച്ചി ചോദിച്ചു.

"വേണ്ട.. ഇനിയൊരിക്കലാകട്ടെ.. ഒരു വേനൽക്കു വരാം." എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.

അൽപനേരം യാത്ര കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, കാറിനുള്ളിൽ, പുറകിലെ സീറ്റിൽ ഭാര്യയുടെയൊപ്പം സുഖമായുറങ്ങുന്നു കുട്ടികൾ രണ്ടുപേരും. പുറത്തു, മഴനൂലുകൾക്കിടയിൽ, കഷ്ടങ്ങളുടെ കാലവർഷകാലത്ത്‌ കാണാമറയത്തേക്കു മുങ്ങിപോകുന്ന ദേവാലയം ഒരു ദൂരകാഴ്ചയായി മറയുന്നു!

Monday, May 25, 2009

സർക്കസ്‌


സ്കൂളെല്ലാമടച്ചു തെക്കു വടക്കു കറങ്ങിനടക്കുന്ന മധ്യവേനലവധിക്കാലത്തായിരിക്കും മിക്കവാറും സർക്കസ്‌ വരുന്നത്‌. സർക്കസെന്നൊന്നും പറയാനില്ല. സൈക്കിൾ ചവിട്ടെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൈക്കിൾ അഭ്യാസങ്ങൾ, ശിവാജിയുടെയും, എം.ജീ.ആറിന്റെയും, പ്രേം നസീറിന്റെയും കുറെ ഡാൻസ്‌ നമ്പറുകൾ, എറ്റവും ഒടുവിൽ അൽപം അപകടകരമായ എന്തെങ്കിലും ഒരു സർക്കസ്‌ ഐറ്റവും.

സൈക്കിൾ ചവിട്ട്‌ വരുന്ന രണ്ടാഴ്ചക്കാലത്തേക്ക്‌ വൈകുന്നേരങ്ങളിൽ ഒരു പെരുന്നാളിന്റെ പ്രതീതിയാണ്‌. നാട്ടിലെ ഒറ്റ മുറി വായനശാലക്കു പിറകെ താൽകാലത്തേക്ക്‌ വളച്ചു കൂട്ടിയ കൊച്ചു മൈതാനത്തായിരിക്കും അഭ്യാസപ്രകടനങ്ങൾ. നാലു വശങ്ങളിലായി മുളംകമ്പിലും തൈത്തെങ്ങുകളിലുമായി കെട്ടിതൂക്കിയിരിക്കുന്ന പെട്രൊമാക്സ്‌ വിളക്കുകൾ. മധ്യത്തിൽ നാട്ടിവച്ചിരിക്കുന്ന ട്യൂബ്‌ ലൈറ്റുകളും. തൊട്ടടുത്തുള്ള മതിലിലും കലുങ്കിലുമെല്ലാമായി സർക്കസ്‌ കാണാൻ കൂട്ടം കൂടിയിരിക്കുന്ന നാട്ടുകാർ. വീടുകളിൽനിന്നും കൊണ്ടുവന്ന പഴയ പായും പുതപ്പും നിലത്തു വിരിച്ചു സൗകര്യമായി ഇരുന്ന്‌ അമ്മമാരും കുഞ്ഞുങ്ങളും.

മൂന്നൊ നാലോ ആണുങ്ങളും ഒന്നൊ രണ്ടൊ പെണ്ണുങ്ങളും അടങ്ങുന്നതാണ്‌ സർക്കസ്‌ റ്റീം. പകൽ മുഴുവൻ, കള്ളിമുണ്ടുടുത്ത്‌, ദിനേശ്‌ ബീഡിയും പുകച്ച്‌ കലുങ്കിലോ ചായക്കടയിലോ ഇരിക്കുന്ന ഈ അത്ഭുതമനുഷ്യർ, വലിച്ചു പിടിച്ച ഒരു സാരിമറയിൽ നിന്നു, മുഖത്തു ചായം പൂശി,പളപള മിന്നുന്ന ഉടുപ്പുകളുമിട്ട്‌ എം.ജീ.ആറും, ജയലളിതയും, ശിവാജിയുമാകുന്ന കാഴ്ച അന്ന്‌ ഒരു അതിശയം തന്നെയായിരുന്നു!

സംഘത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണു പ്ലാത്തോട്ടം. ശരിയായ പേരു ഇപ്പൊ എത്ര ഓർത്തിട്ടും പിടി തരാതെ... അൽപം കറുത്തിട്ട്‌ ഉണ്ടക്കണ്ണുകളുമായി നെഞ്ചൽപം മുന്നോട്ടു തള്ളി ഒരു അരോഗദ്രുഢഗാത്രൻ! കാണികളെ രസിപ്പിക്കുന്ന കസർത്തുകളെല്ലാം പ്ലാത്തോട്ടത്തിന്റേതാണ്‌. സൈക്കിൾ ചവിട്ട്‌ നംബറുകളും സാധാരണ അവതരിപ്പിക്കുന്നത്‌ പുള്ളി തന്നെ. ഓടുന്ന സൈക്കിളിൽ കമഴ്‌ന്നു കിടക്കുക, ഹാണ്ടിലിൽ ഇരുന്ന് ഓടിക്കുക, ഒറ്റ ചക്രത്തിൽ ഓടിക്കുക ഇതൊക്കെയാണു സ്ഥിരപരിപാടികൾ. പിന്നെ എല്ലാ വർഷവും രണ്ടൊ മൂന്നോ പ്രാവശ്യം, അമിതാഭിനയത്തിൽ ശിവാജി ഗണേശനെ കടത്തിവെട്ടുന്ന തരത്തിൽ പ്ലാത്തോട്ടം അവതരിപ്പിക്കുന്ന ശിവാജിയുടെ
"പാലൂട്ടി വളർത്തകിളി പഴം കൊടുത്ത്‌ പാർത്ത കിളി" ഡാൻസ്‌. ഒരു കൈയിൽ ബ്രാണ്ടിക്കു പകരം ചുവന്ന കട്ടൻ കാപ്പി നിറച്ച ഗ്ലാസും പിടിച്ച്‌, വേച്ച്‌ വേച്ച്‌, കുട്ടിക്കാലത്ത്‌ ഈ ആരാധനാ പാത്രത്തിന്റെ ഡാൻസ്‌ എത്ര വട്ടം പയറ്റി നൊക്കിയിരിക്കുന്നു?

ഓരൊ ദിവസത്തെയും പ്രധാന ഐറ്റം ഒടുവിൽ കാണിക്കുന്ന അപകടകരമായ ഇനങ്ങളായിരുന്നു.

"നിങ്ങളേപ്പോലെ തന്നെ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള ഒരു മനുഷ്യജീവി ഒരു ചാൺ വയറിനുവേണ്ടി ഇതാ.." മുളംകമ്പിൽ കെട്ടിവച്ചിരിക്കുന്ന കോളാമ്പിയിലൂടെ അവസാന ഐറ്റത്തിനുള്ള അറിയിപ്പ്‌. അറിയിപ്പിനൊടുവിൽ എല്ലം മംഗളമായി തീരാൻ ഒരു പ്രാർത്ഥനാ ഗാനം. അതിനുശേഷമാണു നാട്ടുകാർ വൈകുന്നേരം മുതൽ അക്ഷമരായി കാത്തിരിക്കുന്ന പ്രധാന അഭ്യാസം. "മണ്ണിനടിയിൽ ആളെ കുഴിച്ചിടുക, ട്യൂബ്‌ ലൈറ്റുകൾ ദേഹത്തടിച്ച്‌ പൊട്ടിക്കുക, ഷേവിംഗ്‌ ബ്ലേഡ്‌ കറുമുറെ തിന്നുക, ചരിച്ചു വച്ച ഒരു പലകയിലൂടെ അംബാസഡർ കാർ നെഞ്ചിലൂടെ കയറ്റിയിറക്കുക" ഇതൊക്കെയാണു സാധാരണ പരിപാടികൾ.

വർഷങ്ങൾക്കു മുമ്പു ഒരു ചാൺ വയറിനുവേണ്ടി പ്ലാത്തോട്ടം എന്ന ഒരു പാവം മനുഷ്യന്റെ, നെഞ്ചിലൂടെ കയറിയിറങ്ങുന്ന കാറിന്റെ കാഴ്ചയായിരിക്കാം ഇന്നും സർക്കസ്‌ എന്നു കേട്ടാൽ തോന്നുന്ന വിമുഖതക്കു കാരണം.

ഇന്നു ജീവിതം താങ്ങാനുള്ള നെട്ടോട്ടത്തിനിടയിൽ, പ്ലാത്തോട്ടത്തെ കണ്ടാൽ ചൊദിക്കാൻ വച്ചിരിക്കുന്ന ഒരു ചോദ്യമുണ്ട്‌. നെഞ്ചിനുമുകളിൽ കയറിയിറങ്ങിയ കറുത്ത കാറിനെ കുറിച്ചല്ല, വർഷങ്ങൾക്കുമുമ്പു നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന ജീവിതഭാരത്തെകുറിച്ച്‌. ആ ഭാരവും ഒളിപ്പിച്ച്‌, കോമാളിത്തവും കസർത്തുകളും കാട്ടി കുഞ്ഞുങ്ങളെ കുടുകുടാ ചിരിപ്പിക്കുന്ന അതിശയകരമായ കഴിവിനെപറ്റി. അനുകരിക്കാൻ പലവട്ടം പയറ്റി തോറ്റു പിന്മാറിയ ഒരു അപൂർവ്വ സിദ്ധിയെപറ്റി!

--
പട്ടണത്തിൽ സർക്കസ്‌ വന്നിട്ടുണ്ട്‌. പഴയ സൈക്കിൾ ചവിട്ടൊന്നുമല്ല; കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവിതാനങ്ങളും കൂട്ടിലടച്ച അനേകം വന്യമൃഗങ്ങളും കോമാളികളുമെല്ലാമായി ഒരു വലിയ സർക്കസ്‌ പട തന്നെ.

സർക്കസിനുപോകാൻ വീട്ടിൽ വാമഭാഗവും കുട്ടികളും തമ്മിൽ ചില രഹസ്യ ചർച്ചകളെല്ലാം നടക്കുന്നുണ്ട്‌. അനുമതിക്കുള്ള അപേക്ഷ ഇതുവരെ എത്തിയില്ല.വരുമ്പോൾ ഒഴിഞ്ഞു മാറാൻ ഒന്നു രണ്ടു കാരണം കണ്ടുവച്ചിട്ടുണ്ട്‌.

"ഞാനിതെത്ര കണ്ടിരിക്കുന്നു?" പണ്ടു നക്ഷത്രം പതിച്ച നീലാകാശത്തിനു കീഴെ, ഒരു കീറപുതപ്പിൽ അത്ഭുതപരതന്ത്രനായി വാ പൊളിച്ചിരുന്ന്‌?

ആ കാരണം പറ്റിയില്ലെങ്കിൽ ഉള്ള സത്യം പറയണം, "ഒരു ചാൺ വയറിനുവേണ്ടി മനുഷ്യർ ട്രെപീസിൽ ആടുന്നതു കാണാനുള്ള മനകരുത്തില്ലെന്ന്‌!"

Sunday, May 17, 2009

നന്മയുടെ നിറം



വന്നിറങ്ങുമ്പോൾ "മർഡർ കാപിറ്റൽ ഓഫ്‌ ദെ വേൾഡ്‌" (കൊലപാതകങ്ങളുടെ ലോക തലസ്ഥാനം ) എന്ന പേരു കൂടെയുണ്ടായിരുന്നു പട്ടണത്തിനു. പത്രം തുറക്കാതെ തന്നെ എന്നും കാണാം മൂന്നോ നാലോ കൊലപാതകങ്ങളുടെ വാർത്തകൾ, ആദ്യ പേജിൽ. കൂടുതലും കറുത്ത വർഗ്ഗക്കാർ തിങ്ങി പാർക്കുന്ന ഇടങ്ങളിലായിരിക്കും. നോർത്ത്‌ ഈസ്റ്റിലും സൗത്ത്‌ ഈസ്റ്റിലും പകൽ പോലീസു പോലും പോകാൻ ഭയക്കുന്ന സ്ഥലങ്ങളുണ്ടത്രെ! കറുത്ത വർഗ്ഗക്കാരുടെ ഗാങ്ങുകളാണു നഗരത്തിന്റെ ആ ഭാഗം ഭരിക്കുന്നത്‌.

ഭയമായിരുന്നു, കറുത്ത വർഗ്ഗക്കാരെ കാണുമ്പോൾ."അവന്മാരുമായി ഒരു കൂട്ടിനും പോകേണ്ട. എല്ലാത്തിന്റെയും കയ്യിൽ കാണും തോക്ക്‌. ഷൂട്ട്‌ ചെയ്തിട്ടേ കാര്യം പറയുകയുള്ളൂ. ഗാങ്ങാണു എല്ലാവരും". വന്നിറങ്ങിയപ്പോൾ സുഹ്രുത്തിൽ നിന്നും കിട്ടിയ ഉപദേശം!

വന്നതിന്റെ രണ്ടാമത്തെ ഞായറാഴ്ച. രാവിലെ പള്ളിയിൽ പോകണം. കട്ടിയായി മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന സമയം. രണ്ടു മൂന്നു ദിവസമായി പെയ്ത മഞ്ഞു മുഴുവൻ വെളുത്ത പഞ്ഞികെട്ടു കണക്കു റോഡുവക്കിലും മരച്ചില്ലകളിലും ഇപ്പൊഴും കിടപ്പാണു. കാറില്ലാത്തതുകൊണ്ടു പബ്ലിക്‌ ഗതാഗത്തെ ആശ്രയിച്ചുവേണം ഏകദേശം പത്തു ഇരുപതു കിലോമീറ്റർ ദൂരെയുള്ള പള്ളിയിലെത്താൻ. രണ്ടു ബസും ട്രെയിനും മാറി കയറി പള്ളിയിലെത്തി. പള്ളി മുഴുവനും നിറഞ്ഞു വെളുത്ത വർഗ്ഗക്കാർ. അവരുടെ കൂടെ 'സൻഡെയ്‌ ബെസ്റ്റ്‌ ഡ്രെസ്സും' ധരിച്ച്‌ വെളുത്ത കുഞ്ഞുങ്ങൾ .. കുട്ടികാലത്ത്‌ കണ്ട ക്രിസ്തുമസ്‌ കാർഡുകളിലെ പോലെ. ഒരു മൂലയിൽ മാറി നിന്നു കുർബാന കണ്ടു പുറത്തിറങ്ങി. പതുക്കെ ബസ്‌ സ്റ്റോപ്പിലേക്കു നടക്കുമ്പോൾ കാറുകൾ വരി വരിയായി പള്ളിമുറ്റത്തുനിന്നും റോഡിലേക്കിറങ്ങുന്നു.

വിജനമായ ബസ്‌ സ്റ്റോപ്പിൽ ചെന്നു തിരിച്ചു പോകാനുള്ള ബസിന്റെ സമയം നോക്കിയപ്പോഴാണു ചെറിയൊരു പ്രശ്നം! ഞായറാഴ്ചയായതുകൊണ്ടു അന്നു ബസുകളുടെ എണ്ണം കുറവാണു. അടുത്ത ബസിനു ഒരു മൂന്നു മണിക്ക്കൂറെങ്കിലും കഴിയണം. എന്തു ചെയ്യും? പുറത്താണെങ്കിൽ അസ്ഥികളെ തുളക്കുന്ന തണുപ്പ്‌. പള്ളിയുടെ ഉള്ളിൽ തന്നെ പോയി ഇരുന്നാലോ, അല്ലെങ്കിൽ പിന്നെ അൽപദൂരത്തുള്ള സുഹൃത്തിനെ വിളിക്കണം. അവൻ ഒരുങ്ങി ഇങ്ങെത്തുമ്പോഴെക്കും ചുരുങ്ങിയതു രണ്ടു മണിക്കൂറെങ്കിലും ആകും. അൽപനേരം എന്തു ചെയ്യണം എന്നാലോചിച്ച്‌ അവിടെ തന്നെ നിന്നു.

എന്റെ പരുങ്ങൽ കണ്ടിട്ടാണൊ എന്തൊ പള്ളിയിൽ നിന്നും ഇറങ്ങി മുന്നോട്ടു പോയ ഒരു കാർ റിവേഴ്സ്‌ ഗിയറിൽ വന്നു ബസ്‌ സ്റ്റൊപ്പിന്റെ മുന്നിൽ നിർത്തി, പാസഞ്ജർ സയിഡിലെ വിൻഡോ തുറന്നു ചൊദിച്ചു.
"എന്തു പറ്റി?"

ഉള്ളിലേക്കു നൊക്കി. എകദേശം സമപ്രായക്കാരനായ ഒരു കറുത്ത വർഗ്ഗക്കാരൻ. റ്റൈയ്യും കോട്ടുമെല്ലാമുൾപെടെ ഭംഗിയായ വസ്ത്രധാരണം.

"ഒന്നുമില്ല.. ഞാൻ ബസിനു വെയ്റ്റ്‌ ചെയ്യുകയാണു". വിക്കി വിക്കി മറുപടി നൽകി.

"ഓ ഇനി ഇപ്പോഴൊന്നും ബസുണ്ടെന്നു തോന്നുന്നില്ല. എവിടെയാണു താമസിക്കുന്നത്‌?"

സ്ഥലം പറഞ്ഞുകൊടുത്തു.

അയാൾ ഒരു നിമിഷം ആലോചിച്ചു.

"കമൊൺ ഇൻ. ഞാൻ കൊണ്ടു വിടാം."

ദൈവമെ.. എന്തു ചെയ്യും? പോകണൊ വേണ്ടയൊ..ഒരു വശത്ത്‌ തണുപ്പു സഹിക്കാൻ കഴിയുന്നില്ല. മറുവശത്ത്‌ ഒരു പരിചയമില്ലാത്ത ആളുടെ ലിഫ്റ്റ്‌ എങ്ങനെ വാങ്ങും? സുഹൃത്തിന്റെ ഉപദേശം വീണ്ടും വീണ്ടും ഓർമയിൽ വന്നു.

"സാരമില്ല.. ഞാൻ വെയ്റ്റ്‌ ചെയ്തോളാം"

"നോ.. ഇപ്പൊ ഭയങ്കര തണുപ്പാണു..നൂമോണിയ പിടിക്കാൻ ഇതു മതി.. കമോൺ.. സത്യത്തിൽ നിങ്ങൾ പള്ളിയിൽ നിൽക്കുന്നത്‌ ഞാൻ കണ്ടായിരുന്നു"

ആളെ ഒന്നു കൂടി നോക്കി. മാന്യന്റെ എല്ലാ ലക്ഷണവുമുണ്ടു. ഉള്ള ധൈര്യമെല്ലാം സംഭരിച്ചു കാറിൽ കയറി. അധികമൊന്നും മിണ്ടിയില്ല. ചൊദിച്ചതിനെല്ലാം എന്തൊക്കെയോ ഉത്തരം നൽകി ഒരു വിധം വീടെത്തിയപ്പോഴാണു ശ്വാസം നേരേ വീണത്‌. നന്ദി പറഞ്ഞു ഇറങ്ങാൻ നേരം ചൊദിച്ചു

"ഇവിടെ അടുത്തണോ താമസിക്കുന്നത്‌"

സ്ഥലം പറഞ്ഞു.

"ഓകെ സീ യൂ ലേറ്റർ ദെൻ.." തിരിച്ചു പോകുന്ന കാറിൽ നിന്നും അയാൾ കൈ വീശി.

കാർ കണ്മുന്നിൽ നിന്നും മറഞ്ഞപ്പോൾ ആലോചിച്ചു. അയാൾ പറഞ്ഞ സ്ഥലത്തേക്കു പള്ളിയിൽനിന്നും നേരെ എതിർദിശയിലേക്കല്ലെ പോകേണ്ടത്‌. അപ്പോൾ ഇയാൾ ഇത്ര ദൂരം വന്നത്‌ ഒരു പരിചയവുമില്ലാത്ത എന്നെ വീട്ടിൽ കൊണ്ടാക്കാൻ മാത്രമാണൊ? ആ സംശയം ഇന്നും ബാക്കി.

എങ്കിലും വർഷങ്ങൾക്കുമുൻപു വെളുത്ത മഞ്ഞു മൂടികിടന്ന ഒരു പ്രഭാതത്തിൽ കൈ വീശി കണ്മറഞ്ഞു പോയ ആ കറുത്ത മനുഷ്യൻ ഒരു സംശയം തീർത്തു.

"നന്മക്കും നല്ല മനുഷ്യർക്കും നിറം ഒന്നേയുള്ളൂ".

Sunday, May 10, 2009

അരവണ്ടി



റേഷൻ മണ്ണെണ്ണ വാങ്ങുക,അരിയും ഗോതമ്പും പൊടിപ്പിക്കുക, ഈസ്റ്ററിനോ ക്രിസ്തുമസിനൊ കള്ളു വാങ്ങാൻ പോകുക, ഇങ്ങനെയുള്ള അവസരങ്ങളിലായിരിക്കും മിക്കവാറും അരവണ്ടി (അരസൈക്കിൾ) വാടകക്കെടുക്കുക. ചുവന്ന നിറത്തിൽ സാധാരണ സൈക്കിളിന്റെ ഏകദേശം പകുതി വരും അരവണ്ടി. മുമ്പു പറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം വീട്ടിൽ നിന്നും ഏകദേശം ഒരു 15 മിനിറ്റ്‌ നടക്കണം. ഈ കഷ്ടപാട്‌ ഒഴിവാക്കാനാണു അരവണ്ടിയെടുക്കുന്നത്‌. ഈ സെറ്റപ്പിന്റെ ഒരു കുഴപ്പം, അരവണ്ടി വാടകക്കെടുക്കാൻ ഒരു ഇരുപതു മിനിറ്റ്‌ നേരെ എതിർ വശത്തേക്കു നടക്കണമെന്നതാണു. പോരാത്തതിനോ കള്ളും മണ്ണെണ്ണയും വാങ്ങാൻ പോകാൻ രണ്ടു പേരു വേണം താനും; ഒരാൾ സൈക്കിൾ ഓടിക്കാനും ഇനി ഒരാൾ മണ്ണെണ്ണക്കുപ്പിയുമായി പിന്നാലെ ഓടാനും! ഓടിക്കുന്ന പുള്ളി പുതിയതാണെങ്കിൽ പിറകെ ഓടുന്ന സഹായി ഇടക്കു ഒരു കൈ താങ്ങുകയും വേണം.

പയ്യൻസിനെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുകയാണു. വളരെ ബുദ്തിമുട്ടിയിട്ടാണു ട്രെയിനിംഗ്‌ വീൽ ഊരാൻ സമ്മതിച്ചത്‌. ബാലൻസ്‌ കിട്ടാൻ ഒരു കൈ പിടിച്ചു പിന്നാലെ ഓടുമ്പോഴാണു പഴയ അരവണ്ടിയെ കുറിച്കു ഓർമ്മ വന്നത്‌. പിൻപിൽ ഒരു കൈ താങ്ങിയവരെപറ്റി.

"ഹാന്റിലിൽ നോക്കാതെ ദൂരേക്കു നോക്കൂ.. ഇല്ലെങ്കിൽ താഴെ വീഴും."

പണ്ടു പഠിച്ച പാഠം ഒന്നോർമ്മിപ്പിച്ചു. റോഡിന്റെ ഒരു വശത്തായി നിരപ്പായി നീണ്ടുകിടക്കുന്ന നടപ്പാതയിലാണു പഠനം. പാതയുടെ ഇരുപുറവും ചെത്തി മിനുക്കിയിട്ടിരിക്കുന്ന പുല്ലുള്ളതുകൊണ്ടു വീണാലും ഒന്നും സംഭവിക്കില്ല. എങ്കിലും വേവലാതി. ഒറ്റക്കു ഓടിച്ചു പോകുന്ന വരെ കാണുമായിരിക്കും ഈ ആശങ്ക! അതൊ ജീവിതകാലം മുഴുവൻ കാണുമൊ?

ആദ്യമായി ഒറ്റക്കു സൈക്കിൾ ഓടിച്ച ദിവസം. പിന്നാലെ ഓടാൻ സഹായികളെ ആരും അന്നു കിട്ടിയില്ല. ഇടവഴിയിൽ വളവു തിരിഞ്ഞു ചെന്നപ്പൊൾ ദൂരെ നിന്നെ വരുന്നതു കണ്ടു, പരിചയമിലാത്ത ഒരു മുഖം. അൽപം പ്രായം ചെന്ന ഒരമ്മച്ചി. വഴിയിൽ ആളെ കണ്ടാൽ അപ്പോഴെ തുടങ്ങും അങ്കലാപ്പു. ഒഴിഞ്ഞു മാറി പോണം എന്നു കരുതി വെട്ടിച്ചു വെട്ടിച്ചു നെരെ സൈക്കിൾ കൊണ്ടു കയറ്റിയത്‌ അമ്മച്ചിയുടെ കാൽമുട്ടിൽ. മുള്ളുവേലിക്കിടയിൽ, വീണിടത്തു നിന്നും മുട്ടൻ ചീത്ത പറഞ്ഞു അവരു എഴുന്നേറ്റു വന്നപ്പോഴെക്കും സൈക്കിളുമായി ഓടി. പിന്നെ അറിഞ്ഞു.. ആരൊ അവരെ പറഞ്ഞു സമധാനിപ്പിച്ചു.. അത്‌ ഇന്ന ഇന്ന ഇടത്തെ പയ്യനാണെന്നു. അങ്ങനെ അപ്പനമ്മമാരുടെ ലേബലിൽ അന്നു രക്ഷപെട്ടു. താനേ പറക്കുന്നതുവരെ അവരുടേതാണല്ലൊ ലേബൽ!

പിറകിൽ നിന്നും പതുക്കെ കൈയ്യെടുത്തു നോക്കി. തന്നെ പോകുന്നുണ്ടു. ഇടത്തൊട്ടു അൽപം ചരിഞ്ഞാണു ചവിട്ടുന്നത്‌. അതു കുഴപ്പമില്ല. ശരിയായിക്കൊള്ളും. ഒരിക്കൽ ബാലൻസ്‌ ആയികഴിഞ്ഞാൽ പിന്നെ പിറകെ ഓടേണ്ട കാര്യമില്ല. കൈത്താങ്ങിന്റെ ആവശ്യവും വരില്ല.

"ഡാഡീ ..പിടിക്കണേ.."

"ആ ഡാഡി പിടിച്ചിട്ടുണ്ട്‌....നേരെ.. നേരേ നോക്കി പോ..പതുക്കെ" പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.

മനസ്സിൽ പറഞ്ഞതിങ്ങനെ..

"ഡാഡി എത്ര ദൂരം വേണമെങ്കിലും ഒരു കൈത്താങ്ങായി പിന്നാലെ ഓടാം. നീ എന്നും ഒരു കുഞ്ഞായി, ഈ കൊഞ്ചലും കുസ്രുതിത്തരങ്ങളുമായി ഇവിടെ ഇങ്ങനെ കുട്ടിവണ്ടിയുമോടിച്ചു നടക്കുകയാണെങ്കിൽ.. ഈ നിമിഷം ഒരു നിശ്ചലചിത്രം പൊലേ ഇങ്ങനെ എന്നും നിൽക്കുകയാണെങ്കിൽ.. പക്ഷെ ഡാഡി പിടി വിട്ടല്ലേ ഒക്കൂ .. നിനക്കു നിന്റേതായ വേഗത്തിൽ പോകാൻ."

Monday, April 27, 2009

പന്തുകളിയുടെ മനശാസ്ത്രങ്ങൾ



ഏറേ വർഷങ്ങൾക്കു മുമ്പ്‌ അപ്പനു അടിക്കാൻ കഴിയാതെ പോയ ഗോളുകൾ മോനെങ്കിലും അടിക്കട്ടെ എന്നുള്ള ഉള്ളിലിരിപ്പായിരിക്കാം കാരണം. ഏതായാലും സോക്കറിനു പ്രാക്റ്റിസു കൊടുക്കുന്ന സ്ഥലം തേടിപ്പിടിച്ചു പയ്യനെ കൊണ്ടു ചേർത്തു.


പളപളാ മിന്നുന്ന ജെർസ്സിയും, സോക്കർ ക്ലീറ്റ്സും, ഷിൻ ഗാർഡും എല്ലാം മുന്തിയതു തന്നെ വാങ്ങി. ഇനിയിപ്പോ അതിന്റെ പോരായ്മ കൊണ്ടു അടിക്കുന്ന ഗോളിന്റെ എണ്ണം കുറയണ്ട.

ആദ്യ ദിവസത്തെ പ്രാക്റ്റീസിനു, ഓഫീസിൽ നിന്നും അൽപം നേരത്തെ ഇറങ്ങി,സോക്കർ സാമഗ്രികളെല്ലാം ഫിറ്റ്‌ ചെയ്തു ക്രുത്യ സമയത്തു തന്നെ കൊണ്ടെത്തിച്ചു. ഏകദേശം ആറു ആറരയടി പൊക്കമുള്ള ആളാണു കോച്ച്‌. അൽപനേരം കാര്യങ്ങളെല്ലാം വിശദീകരിച്ചു, പന്ത്‌ തട്ടുന്ന പല വിധങ്ങൾ കാണിച്ചുകൊടുത്തു. പിന്നെ കുഞ്ഞുങ്ങളെ രണ്ടു റ്റീമായി തിരിച്ചു കളി തുടങ്ങി. എല്ലാരും പന്തിന്റെ പിറകേ തേനീച്ചക്കൂട്ടം പോലെ ഒരേ നെട്ടൊട്ടം. നമ്മുടെ ഭാവി ഗോളടി വീരൻ മാത്രം കളിക്കളത്തിന്റെ ഒരു വശം മാറി എല്ലാം നിരീക്ഷിച്ചു പടവലത്തിനു ഏറ്റം കുത്തിയ മട്ടു ഒരേ നിൽപ്പാണു. അടുത്ത കാലത്തൊന്നും മെയ്യനക്കാനുള്ള ഒരു ലക്ഷണവും കാണാനില്ല.

അൽപനേരം കളിക്കിടയിൽ എങ്ങനെയോ വഴി തെറ്റി പന്ത്‌ അതിലേ ഉരുണ്ടുവരവായി. മമ്മദ്‌ മലക്കുപോയില്ലേൽ മല ഇങ്ങൊട്ടു വരുമെന്ന പറഞ്ഞ പോലേ പന്ത്‌ പയ്യനെ തേടി നേരേ കാൽചുവട്ടിലേക്കു. ശരി, ഇപ്പൊഴെങ്കിലും കളി തുടങ്ങുമെന്നു കരുതി ആകാംക്ഷയോടെ നോക്കി. ഏതായാലും പുള്ളി പന്തൊന്നു തടുത്തിട്ടു! തടുത്ത പാടെ പാഞ്ഞു വരുന്നു എതിർ റ്റീമിലെ മറ്റൊരുവൻ. ഇതാ എടുത്തൊ എന്ന മട്ടിൽ, ദാനവീരനായ കർണന്റെ കണക്കു, നമ്മുടെ കക്ഷി വഴി മാറി നിന്നു മറ്റേ പയ്യനു സൗകര്യമാക്കി കൊടുത്തു. കളി അവസാനിക്കുമ്പോൾ പതിനഞ്ചു മിനിറ്റിനിടയിൽ പന്തു തൊട്ടതു ഒറ്റ തവണ!

വൈകിട്ടു അനുനയത്തിൽ ചോദിച്ചു. "മോനെ .. പന്തിന്റെ പിറകെ ഓടി ഓടി അടിക്കണ്ടെ? നിന്റെ കയ്യിൽ കിട്ടിയ പന്ത്‌ നീ മറ്റേ റ്റീമുകാരനു വിട്ടുകൊടുത്തതെന്തെ?"

ഉത്തരം റെഡിയായിരുന്നു.

"ഡാഡീ.. ഡാഡിയല്ലേ എപ്പോഴും പറയണതു എല്ലാം ഷെയർ ചെയ്യാൻ.. അതാണു ഞാൻ പന്തു കൊടുത്തതു."

ഒരു നിമിഷം ആലോചിച്ചു. തിരുത്തണോ വേണ്ടയോ?

Monday, April 20, 2009

ഉത്തരത്തിലിരിക്കുന്നത്‌..

പൊരിവെയിലത്തു വയലിൽ വിഷമിച്ചു കിളച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു മനുഷ്യൻ. പെട്ടെന്നു അയാളുടെ തൂമ്പാ എന്തോ ഒരു ലോഹകുടത്തിൽ ചെന്നു മുട്ടി. വളരെ പണിപെട്ടു തുറന്നുനോക്കിയപ്പ്പ്പോൾ കണ്ണഞ്ചിപ്പോയി! അമൂല്യമായ ഒരു നിധി! ചുറ്റും നോക്കി. ഭാഗ്യം! ആരും കണ്ടിട്ടില്ല. എന്തു ചെയ്യണം; അയാൾ അൽപനേരം ആലോചിച്ചു. തലയിൽ ഒരു ബുദ്ധി തെളിഞ്ഞു. ദൂരെ മാറി അൽപം മറഞ്ഞുകിടക്കുന്ന, അത്ര വേഗത്തിൽ ആർക്കും കണ്ണെത്താത്ത ഒരിടം അയാൾ കണ്ടെത്തി. തൂമ്പായെടുത്തു ആഴത്തിൽ അവിടെ ഒരു കുഴി കുഴിച്ചു. എന്നിട്ടു നിധിയവിടെ കുഴിച്ചിട്ടിട്ടു അടയാളത്തിനായി ഒരു ഉണക്കകമ്പെടുത്തു മേലെ നാട്ടി.

ബൈബിൾ പറയുന്നു. എന്നിട്ടു അയാൾ സന്തോഷത്തൊടെ പോയി തനിക്കുള്ളതെല്ലാം വിറ്റു കാശു സ്വരൂപിച്ച്‌, ആ വയൽ അതിന്റെ ഉടമസ്ഥനിൽ നിന്നും വാങ്ങി.

രണ്ടേ രണ്ടു വരികളിൽ കോറിയിട്ട വളരെ അർത്ഥവത്തായ ഒരു കൊച്ചു ഉപമയുടെ അൽപം വിസ്തരിച്ചുള്ള വിവരണമാണു മേലേയുള്ളത്‌.

നിധി ഒളിഞ്ഞിരിക്കുന്ന സ്ഥലം വാങ്ങാനായി ആ മനുഷ്യൻ തനിക്കുള്ളതെല്ലാം സന്തോഷത്തോടെ വിറ്റുകളഞ്ഞു. കഥ ദൈവരാജ്യത്തെ കുറിച്ചാണെങ്കിലും നിത്യജീവിതത്തിലെ പല നിധികളും ഇതുപോലെത്തന്നെയല്ലെ?

വില മതിക്കുന്നതും തീവ്രമായി ആഗ്രഹിക്കുന്നതുമായതു നേടാൻ മറ്റു പലതും വിറ്റുകളയേണ്ടതായി തീരും. നമ്മുടെ ആഗ്രഹങ്ങൾ പലതും സഫലീകരിക്കാതെ പോകുന്നെങ്കിൽ, അതിനു കാരണം ഒന്നുകിൽ അവയ്ക്കു തീക്ഷ്ണത പോരാ, അല്ലെങ്കിൽ അവ നേടാനായി മറ്റു പലതും നാം ഉപേക്ഷിക്കാൻ തയ്യാറല്ല എന്നുള്ളതാകാം.

പഴഞ്ചൊല്ല് പഠിപ്പിക്കുന്നതുപോലെ ഉത്തരത്തിലുള്ളതെടുക്കാൻ കക്ഷത്തിലുള്ള പലതും കളഞ്ഞേ ഒക്കൂ..