മൂന്നൊ നാലോ ഇടങ്ങളിലായി പത്തു വർഷത്തോളം ഞാൻ നടത്തിയ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും വളരെയധികം ചിന്തിച്ച് ഞാൻ എത്തിചേർന്ന ഒരു നിഗമനമുണ്ടു. അതിങ്ങനെയാണു.
"സ്കൂളുകളിൽ ഏറ്റവും നല്ല ചുട്ട അടി അടിക്കുന്നതു കണക്കിന്റെ സാറുമാരാണു".
ഭൂമി മലയാളത്തിലെ ഭൂരിഭാഗം വിദ്യാർത്തികളും ഇതിനൊടു യോജിക്കും എന്നു തന്നെയാണു എന്റെ വിശ്വാസം. അതുപോലെ തന്നെ കണക്കിന്റെ സാറുമാർ സാധാരണ ഗതിയിൽ അരസികന്മരായിരിക്കും. ഇനിയിപ്പൊ അൽപസ്വൽപ രസികത്തം ഉണ്ടെങ്കിൽ തന്നെ അതൊന്നു പ്രകടിപ്പിക്കാൻ കണക്കുക്ലാസ്സിലെവിടെ നേരം? എന്റെ വിദ്യാഭ്യാസകാലത്ത് ഒരേ ഒരു കണക്കധ്യാപകനാണു ഒരിക്കലെങ്കിലും ഒരു കഥ പറയാനുള്ള സന്മനസ്സു കാണിച്ചതു. അഞ്ചാം ക്ലാസ്സിലാണെന്നു തോന്നുന്നു. ഒന്നാമത്തെ ദിവസം ക്ലാസിലേക്കു വന്നു ഇട്ടി സാറു ചോദിച്ചു.
"കണക്കു എന്താണു?". കുട്ടികളെല്ലം മുഖത്തോടു മുഖം നോക്കിയിരുന്നു.
എല്ലാരും തോറ്റു എന്നു ബോധ്യമായപ്പൊൾ സാറു തന്നെ പറഞ്ഞു.
"വീട്ടിൽ അമ്മ ദോശ ചുട്ടിട്ടു നിനക്കു ഒന്നും ചേട്ടനു രണ്ടും കൊടുത്തു എന്നു വിചാരിച്ചെ" നീയൊക്കെ എന്തു പറയും? ദേ.. ചെട്ടനു കൂടുതൽ കൊടുത്തു."
"അപ്പൊൾ അമ്മ പറയും.. കണക്കു പറയാതെ എണീറ്റു പോടാ.."
ഒന്നു വെളുക്കെ ചിരിച്ചു നിർത്തി സാറു പറഞ്ഞു.
"അതാണു കണക്കു".
ക്ലാസ്സിൽ പരിപൂർണ്ണ നിശബ്ദത.കുട്ടികൾ സാറിനെ തുറിച്ചു നോക്കി എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു ഞെളി പിരികൊണ്ടു.
**
സാറിൽ നിന്നു ആ വർഷം കേട്ട കഥകളുടെ എണ്ണം : 1
സാറിന്റെ കൈയിൽ നിന്നും ആ വർഷം കിട്ടിയ അടിയുടെ എണ്ണം : കണക്കില്ല.
No comments:
Post a Comment