Sunday, April 12, 2009

ഭാഷകൾ ഉണ്ടാകുന്നത്‌

"നിങ്ങൾ എന്തു പറഞ്ഞു ഇത്ര നേരം?" ഞാൻ ചോദിച്ചു.
"ഓ .. ഞങ്ങൾ ഓരോ ലോകകാര്യം പറഞ്ഞങ്ങനെ ഇരുന്നു". അമ്മയുടെ മറുപടി.

ഞാൻ അൽപനേരം കൂടി അമ്മയുടെ മുഖത്തു നോക്കി ഇനി എന്തെകിലും പറയുമോ എന്നറിയാൻ. ഒന്നുമില്ല.

സംഭവം ഇങ്ങനെയാണു.

നാട്ടിൽനിന്നും കുറച്ചു നാളത്തെക്കു കൂടെ നിൽക്കാൻ വന്നതായിരുന്നു അമ്മ. ഒരിക്കൽ കട കട ശബ്ദമുണ്ടാക്കുന്ന ബോട്ട്‌ കയറി വല്ലാർപ്പാടത്തു പോയതും, ഒരു വൈകുന്നെരം ഐലന്റ്‌ എക്സ്പ്രെസ്സ്‌ കയറി ബാംഗലൂരു പോയതുമൊഴിച്ചാൽ ത്രിശൂരു വിട്ടുള്ള ആദ്യത്തെ യാത്ര.

വന്ന സമയം അത്ര നല്ലതല്ലാതെ പോയി. അസ്തി തുളക്കുന്ന തണുപ്പുകാലം. എതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്മക്കു മടുത്തു. മലയാളമല്ലാതെ മറ്റു ഭാഷയൊന്നും വശമില്ലാത്തതിനാൽ മോനോടും മരുമോളോടുമല്ലാതേ ആരോടും മിണ്ടാനൊക്കില്ല. കാൽമുട്ടു വരെ മഞ്ഞു വീണു കിടക്കുന്നതുകൊണ്ടു പുറത്തിറങ്ങി നടക്കാനും ഒക്കില്ല. അങ്ങനെ, അമ്മയുടെ വിരസത മാറ്റാനാണു ഒരു ദിവസം ഷോപ്പിംഗ്‌ മാളിലേക്കിറങ്ങിയത്‌. പല നിറത്തിലുള്ള നിയോൺ വിളക്കുകളും തെളിച്ചു നീളത്തിൽ കിടക്കുന്ന കടകൾ. അൽപനേരം മാളിൽ നടന്നു കഴിഞ്ഞപ്പോൾ അമ്മക്കു കാൽ വേദന.

"ഞാനിവിടെ ഇരുന്നൊളാം. നിങ്ങൾ പോയി കറങ്ങി വാ"

മാളിന്റെ ഒരറ്റത്തു വിശ്രമിക്കാൻ നിരയായിട്ടിരുന്ന ബെഞ്ചുകളൊന്നിൽ അമ്മയെ ഇരുത്തി.

ഏകദേശം പത്തു പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞു കൈ നിറയെ ഷോപ്പിംഗ്‌ ബാഗുകളുമായി വരുമ്പോൾ അമ്മയതാ സമപ്രായക്കാരി ഒരു സ്ത്രീയോടു നല്ല നാടൻ ഭാഷയിൽ കൈയും കലാശവും കാണിച്ചു ഒരേ സംസാരം. ആ സ്ത്രീയും എന്തോ പറയുന്നു. ഏറെ നാളുകൾക്കു ശേഷം കണ്ടു മുട്ടിയ പഴയ ചങ്ങാതിമാരെ പോലെ രണ്ടു പേരും.

ഞങ്ങളെ കണ്ടപ്പോൾ അമ്മ പറഞ്ഞു.

"ദാ വരുന്നു എന്റെ മക്കൾ. എന്നാ.. പിന്നെ എവിടെങ്കിലും വച്ചു കാണാം"

"ജീ ഫിർ മിലേഗി!' ആ സ്ത്രീ.

ഹ്‌! ഒന്നു കൂടി തിരിഞ്ഞു നോക്കി.

എന്റെ ദൈവമെ ഇവരെന്തു ഭാഷയാണു? ഹിന്ദിയോ? ഇവരു പിന്നെ ഇത്ര നേരം അമ്മയുമായി എങ്ങനെ മിണ്ടി? എനിക്കും ഭാര്യക്കും ആശ്ചര്യം.ഷോപ്പിംഗ്‌ മാളിന്റെ ഇരമ്പലുകൾക്കിടയിൽ, ഒരു വിളക്കുകാലിനടിയിൽ ആശയവിനിമയത്തിനു വേണ്ടി ഉരുത്തിരിഞ്ഞതേതു ഭാഷ?

5 comments:

അരുണ്‍ കരിമുട്ടം said...

ആശയ വിനിമയത്തിന്‌ മലയാള ഭാഷ തന്നെ അറിയണമെന്ന് നിര്‍ബന്ധമില്ലല്ലോ?

ശ്രീ said...

ചിലപ്പോള്‍ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെയും കാര്യം ഗ്രഹിയ്ക്കാന്‍ കഴിയുമല്ലോ

Jayasree Lakshmy Kumar said...

പാവം അമ്മച്ചിമാർ. ഇഷ്ടപ്പെട്ടു പോസ്റ്റ്

Melethil said...

ഇഷ്ടപ്പെട്ടു , പിന്തുടരുന്നു

Shaju Joseph said...

അഭിപ്രായങ്ങള്‍ക്ക് നന്ദി!