Saturday, June 20, 2009

ലവ്‌ ഇൻ ദി ടൈം ഓഫ്‌ പീച്ച്‌


വർഷങ്ങൾക്കുശേഷമാണ്‌ ഒന്നു രണ്ടു വരികളുമായി പോളിന്റെ ഈമെയിൽ വന്നത്‌.

"ഡീയർ ഷാജു,

ഞാൻ ജൊർജിയായിലേക്കു മടങ്ങി പോന്നു. അൽഭുതം! എന്റെ പഴയ ഹൈസ്കൂൾ സ്വീറ്റ്‌-ഹാർട്ടിനെ അവിചാരിതമായി കണ്ടുമുട്ടി. ഏതാനും വർഷങ്ങളായി ഭർത്താവ്‌ മരിച്ച്‌ അവളും ഒറ്റക്കാണ്‌. മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!

അവിടെ നിങ്ങൾക്കെല്ലാവർക്കും സുഖം തന്നെയെന്ന് കരുതുന്നു. വല്ലപ്പോഴും ഈ വഴി വരുന്നെങ്കിൽ ഞങ്ങളെ സന്ദർശിക്കുക.

ടേക്‌ കേയർ,

പോൾ ജെയ്ംസ്‌ മാർറ്റിൻ"

--

ഏകദേശം ആറരയടിയിൽ മേലെ പൊക്കം കാണും ബിഗ്‌ പോളിന്‌. പൊക്കത്തിനെക്കാൾ ആദ്യം ശ്രദ്ധിക്കുക വണ്ണമാണ്‌. ബ്രിഹത്തായ ശരീരം! പ്രവാസത്തിലെ ആദ്യ ജോലി കിട്ടി ചെന്നു കയറിയത്‌ പോളിന്റെ ഗ്രൂപ്പിലായിരുന്നു. വലിയ ഒരു ഭീമന്റെ മുന്നിൽ ചെന്നുപെട്ട പേടിയായിരുന്നു ആദ്യം. പിന്നെ പിന്നെ മനസ്സിലായി വലിയ ശരീരത്തിന്റെ ഉള്ളിൽ സൗമ്യമായ ഒരു മനസ്സാണെന്ന്‌.ആർക്കും എന്തു സഹായത്തിനും പോളാണ്‌ എന്നും മുൻപിൽ.

ജൊർജിയയാണ്‌ പോളിന്റെ സ്വന്തസ്ഥലം. പീച്ച്‌ പഴങ്ങളുടെ സ്വന്തം നാട്‌. ജൊർജിയായിലെ ഭൂരിഭാഗം വഴികളുടെയും പേരിട്ടിരിക്കുന്നതു പോലും പീച്ചിനെ ചുറ്റിപറ്റിയാണത്രെ."പീച്ച്‌ സ്റ്റ്രീറ്റ്‌, പീച്ച്‌ റോഡ്‌,പീച്ച്‌ ലയ്ൻ,പീച്ച്‌ ബൊളിവാഡ്‌" അങ്ങനെ അങ്ങനെ.സാധാരണ ഗതിയിൽ തെക്കന്മാർക്ക്‌ - ജോർജിയ,അലബാമ തുടങ്ങിയ സ്ഥലത്തുനിന്നും വരുന്നവർക്ക്‌- വർണവിവേചനം കൂടുതലാണെന്നണ്‌ വെപ്പ്‌. പോളിന്റെ കാര്യം നേരെ തിരിച്ചായിരുന്നു. ടീമിൽ പുതിയതായി ജോയിൻ ചെയ്ത ഞങ്ങൾ രണ്ടു 'ബ്രവുണി" കളെ ആദ്യം സൗഹൃദത്തൊടെ സീകരിച്ചതു പോളായിരുന്നു. പുതിയ നാട്ടിലെ രീതികളൂം, ഓഫീസ്‌ കീഴ്‌വഴക്കങ്ങളും എന്തിനു് ബെയ്സ്ബോൾ കളിയുടെ നിയമങ്ങളും വരെ പറഞ്ഞു തന്നത്‌ പോളായിരുന്നു. ഒരു പക്ഷെ ലോകപരിചയമായിരുന്നിരിക്കാം മറ്റുള്ളവരോടു കാണിക്കുന്ന ഈ സൗമനസ്യത്തിനു കാരണം.

"ഞാൻ പോകാത്ത ഭൂഖണ്ടങ്ങളില്ല. കാണാത്ത തരം മനുഷ്യരുമില്ല.". പത്തു പതിനെട്ടു വയസ്സിൽ ഹൈസ്കൂൾ വിദ്യഭ്യാസവും കഴിഞ്ഞു ആർമിയിൽ ഗണ്ണറായി ചെർന്നതാണ്‌ പോൾ. ആർമി ജീവിതത്തിനിടയിൽ കറങ്ങിയതാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും. സൗമ്യനായ ഈ "ജൊർജിയാ ബോയ്‌" ഒരു ഗണ്ണറായിരുന്നു എന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല.

"പോൾ ആരെയെങ്കിലും ഷൂട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ടോ?" ഒരിക്കൽ ചോദിച്ചു.
പോൾ ഒന്നു തുറിച്ചു നോക്കി. മറക്കാൻ ആഗ്രഹിക്കുന്ന എന്തൊ ഒന്ന്‌ ഓർമിപ്പിച്ച മട്ട്‌.

ആർമിയിൽനിന്ന്‌ വിട്ട്‌ ജോലി സംബന്ധമായി ചേക്കേറിയതാണ്‌ വർഷങ്ങളായി നഗരത്തിൽ. ഈ നഗരത്തിൽ വച്ചാണ്‌ കുട്ടികൾ ജനിച്ച്‌ വളർന്ന്‌ അവരവരുടെ സ്വകാര്യതകളിലേക്ക്‌ കൂടുമാറ്റം നടത്തിയത്‌. ഇവിടെ വച്ചുതന്നെയാണ്‌ സുഖങ്ങളിലും ദുഃഖങ്ങളിലും കൂടെയുണ്ടായിരുന്ന ഭാര്യ വിളിച്ചാൽ കേൾക്കാത്ത ഇനിയൊരു ലോകത്തേക്ക്‌ വിട വാങ്ങിയതും. എങ്കിലും വർഷമിത്രയായിട്ടും നഗരത്തിൽ ഇതുവരെ വീടൊന്നുമായില്ല പോളിന്‌. ചോദിച്ചാൽ പറയും.

"ഇവിടെയോ? ഇവിടെ ആരിരിക്കുന്നു? ഒരിക്കൽ ജോർജിയായ്ക്ക്‌ മടങ്ങിപോയി, അവിടെ പീച്ച്മരങ്ങളുടെ നടുക്ക്‌ ഞാൻ ഒരു വീടു വയ്ക്കും".

ഇവിടെ പോളീന്‌ ആരുമില്ലെന്ന് മനസ്സിലായത്‌ ഒരിക്കൽ ആശുപത്രിയിലായപ്പോഴാണ്‌. ആശുപത്രിയിൽ നാലഞ്ചുദിവസം കിടന്നിട്ടും ആകെ കാണാൻ ചെന്നത്‌ കൂടെ ജോലി ചെയ്യുന്ന ഞങ്ങൾ ഒന്നു രണ്ടു പേരു മാത്രം. പ്രായപൂർത്തിയായ പെണ്മക്കൾ രണ്ടുപേരും ദൂരനഗരങ്ങളിൽ നിന്നും ഫോൺ ചെയ്തു കടമ തീർത്തു. ആശുപത്രിയിലെ വെള്ളകിടക്കയിൽനിന്നു് പരസഹായം കൂടതെ എഴുന്നെൽക്കാൻ കഴിയാതെ പോൾ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. അതിനു കണ്ണീരിന്റെ നനവുണ്ടായിരുന്നോ?

ഒരെട്ടുമണിക്കൂർ ഡ്രൈവ്‌ ചെയ്താൽ ജൊർജിയയിൽ എത്തും. എങ്കിലും കൂടെയുണ്ടായിരുന്ന മൂന്നു നാലു വർഷങ്ങളിൽ ഒരിക്കൽപോലും പോൾ അവിടെ പോയതായി പറഞ്ഞതോർമയില്ല.

വർഷങ്ങൾ നാലഞ്ചു കടന്നുപോയി. ജോലി വിട്ട്‌ ഞാൻ ഇനിയൊരു കമ്പനിയിലേക്കു മാറി. വല്ലപ്പൊഴുമൊരിക്കൽ പോളിന്റെ ഇമെയിൽ വരും. പിന്നെ പിന്നെ അതും ഇല്ലാതായി.

--
ഈമെയിൽ ഒന്നുകൂടി വിശ്വാസം വരാതെ വായിച്ചുനോക്കി. "മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!" പോളിനെ ഞാൻ പരിചയപ്പെടുമ്പോൾ ഒരറുപതിനൊടടുത്തു പ്രായം കാണും. ഇന്നു, ഏകദേശം പത്തു വർഷങ്ങൾക്കുശേഷം.. എഴുപതാം വയസ്സിൽ ഒരു കല്യാണം! നോവലുകളിലും പത്രങ്ങളിലും വയസ്സന്മാരുടെ കല്യാണം പലകുറി വായിച്ചപ്പോഴും മനസ്സിൽ ഒരു ചെറിയ പുഞ്ചിരിയായിരുന്നു. ഇന്നു എന്തു വികാരമാണ്‌ തോന്നുന്നതെന്ന്‌ പറഞ്ഞുകൂടാ. ഒന്നറിയാൻ മാത്രം ആകാക്ഷ. അഞ്ചൊ ആറൊ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ ഹൈസ്കൂൾ കുട്ടികളെപ്പോലെ അവരുടെ കണ്ണുകളിൽ ഒരു പൂത്തിരി കത്തിയോ? നെഞ്ചിന്നുള്ളിൽ ഒരു വിറയലോടെ വാക്കുകൾ വീർപ്പുമുട്ടിയോ?

ഏതായാലും ജീവിതത്തിന്റെ പോക്കുവെയിലിൽ, അവിചാരിതമായി കണ്ടെത്തിയ പീച്ച്‌ മരങ്ങളുടെ മധുരതരമായ തണൽ ദീർഘ നാൾ നീണ്ടുനിൽക്കട്ടെ എന്നൊരാശംസ ..ഒരു പഴയ സുഹ്രുത്തിൽ നിന്നും!

6 comments:

പാവപ്പെട്ടവൻ said...

മനസ്സിനെ ചെറുപ്പത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമോ? അതെ... മനസ്സ്‌ എന്നും ചെറുപ്പം
ഇത് മനോഹരം

Melethil said...

തപ്തമാം ജീവിതസായന്തനത്തിലും
ദീപ്തമാമീയോര്‍മ്മകള്‍ എന്നെ നയിച്ചിടും

പോളിനും എഴുത്തിനും സല്യുട്ട്!

ബഷീർ said...

ആശംസകൾ... നല്ലൊരു കുറിപ്പ്..

ജീവിത സായാഹ്നത്തിലെങ്കിലും സ്നേഹ മനസ്സുകൾ ഒന്നായല്ലോ..

Shaju Joseph said...

പാവപ്പെട്ടവന്‍,Melethil,ബഷീര്‍,

എല്ലായ്പോഴും പോലെ പ്രോത്സാഹനങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി!

ശ്രീ said...

ആ സുഹൃത്തിന് എന്റെയും ആശംസകള്‍ നേരുന്നു...

പാവത്താൻ said...

"അഞ്ചൊ ആറൊ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ ഹൈസ്കൂൾ കുട്ടികളെപ്പോലെ അവരുടെ കണ്ണുകളിൽ ഒരു പൂത്തിരി കത്തിയോ? നെഞ്ചിന്നുള്ളിൽ ഒരു വിറയലോടെ വാക്കുകൾ വീർപ്പുമുട്ടിയോ?"
തീർച്ചയായുമുണ്ടാവും... വർഷങ്ങളല്ല ജന്മാന്തരങ്ങൾ കഴിഞ്ഞാലും യഥാർത്ത്‌ സ്നേഹത്തിന്റെ തീവ്രത കെടാതെ തന്നെ നിൽക്കും. ഒരിളം കാറ്റു മതി അതു നിറഞ്ഞു കത്താൻ.
മാർക്കേസ്‌ ഫാനാണല്ലേ? ആശംസകൾ